This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജാതി
Nutmeg
മിറിസ്റ്റിക്കേസി (Myristicaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഔഷധവൃക്ഷം. ശാസ്ത്രനാമം: മിറിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica fragrance). ഔഷധമായുപയോഗിക്കുന്ന ജാതിക്കയും ജാതിപത്രികയും ഈ വൃക്ഷത്തില്‍ നിന്നു ലഭിക്കുന്നു. മിറിസ്റ്റിക്ക ജീനസില്‍ 80-ലധികം സ്പീഷീസുണ്ട്. ഔഷധമെന്ന നിലയില്‍ ജാതിക്കയും ജാതിപത്രിയും ബി.സി. ഒന്നാം ശ. മുതലേ പ്രസിദ്ധമായിരുന്നു. ആയുര്‍വേദാചാര്യന്മാരായിരുന്ന ചരകന്റെയും സുശ്രുതന്റെയും ഗ്രന്ഥങ്ങളില്‍ ഇവയുടെ ഔഷധഗുണങ്ങളെയും ഉപയോഗങ്ങളെയും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വാഗ്ഭടന്‍ അഷ്ടാംഗഹൃദയത്തില്‍ ജാതിക്കയും ജാതിപത്രിയും മറ്റും അനേകം രോഗങ്ങള്‍ക്ക് ഔഷധമായി പറയുന്നുണ്ട്. മാര്‍ക്കോപോളോയുടെ യാത്രാവിവരണങ്ങളില്‍ മലബാറിലെ ജാതി, ഏലം തുടങ്ങിയ സുഗന്ധവിളകളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ജാതിയുടെ ജന്മദേശം മലാക്കാദ്വീപുകളാണെന്നും മലബാര്‍ തീരമാണെന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്.
ഭാരതത്തില്‍ കേരളത്തിലും തമിഴ്നാട്ടിലെ ഊട്ടി, കുറ്റാലം, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിലും മാത്രമേ ജാതി കൃഷി ചെയ്യുന്നുള്ളു. മലയ, ശ്രീലങ്ക, മഡഗാസ്കര്‍, സാന്‍സിബാര്‍, വെസ്റ്റിന്‍ഡീസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും വന്‍തോതില്‍ ജാതി കൃഷി ചെയ്യുന്നുണ്ട്. പൂഴിമണലും ചതുപ്പുനിലങ്ങളുമൊഴിച്ചുള്ള കേരളത്തിലെ മിക്കയിടങ്ങളും ജാതിക്കൃഷിക്കനിയോജ്യമാണ്. നദീതീരങ്ങളും വയലോരങ്ങളും ആണ് ഇതിന്റെ കൃഷിക്ക് ഏറ്റവും അനുയോജ്യം. പണ്ടുമുതലേ നമ്മുടെ വനങ്ങളില്‍ വളര്‍ന്നിരിക്കുന്ന ജാതിയുടെ കായ്കള്‍ മഴവെള്ളപ്പാച്ചിലില്‍ ഒഴുകിയിറങ്ങി നദീതീരങ്ങളിലടിഞ്ഞ് സ്വയം മുളച്ചു വളര്‍ന്നിട്ടുള്ളവയാണ് ഇന്നു നദീതീരങ്ങളില്‍ വളരുന്ന പ്രായമായ ജാതിമരങ്ങളെല്ലാം തന്നെ. ആയിരം മീറ്ററിലധികം ഉയരമുള്ള പ്രദേശങ്ങളില്‍ ജാതി നന്നായി വളരുന്നില്ല.
വിത്തുപാകി മുളപ്പിച്ചു തൈകള്‍ ഉണ്ടാക്കിയാണ് ജാതി കൃഷി ചെയ്യുന്നത്. വിളഞ്ഞുപാകമായ കായ്കള്‍ പുറന്തോടു പൊട്ടി വിത്തുകളോടൊപ്പം തന്നെ മരത്തില്‍നിന്നു താഴെ വീഴുന്നു. ഇവ ശേഖരിച്ചു പുറത്തെ കട്ടിയുള്ള തൊണ്ടും ജാതിപത്രിയും മാറ്റിയശേഷമാണ് വിത്തുകള്‍ പാകുന്നത്. തോടുപൊട്ടിയ കായ്കള്‍ മരത്തില്‍ നിന്നു ശേഖരിച്ചും പാകാറുണ്ട്. എന്നാല്‍ വെയിലില്‍ ഉണങ്ങി കുടുങ്ങുന്ന വിത്തുകള്‍ പാകിയാല്‍ മുളയ്ക്കുകയില്ല. പാകാനുള്ള വിത്തുകള്‍ ചട്ടിയിലോ കുട്ടയിലോ നനവുള്ള മണ്ണിട്ടു പുതപ്പിച്ചു വയ്ക്കണം. മണ്ണിന്റെ ഈര്‍പ്പം കുറഞ്ഞു വിത്തുകള്‍ ഉണങ്ങിപ്പോകാതിരിക്കാന്‍ ഇടയ്ക്കിടെ നനച്ചുകൊടുക്കണം. വിത്തുകള്‍ക്ക് ഉണക്കു തട്ടിയാല്‍ വിത്തിനുള്ളിലുള്ള മൃദുവായ ബീജശീര്‍ഷത്തിനു കേടു സംഭവിക്കുകയും വിത്തുകള്‍ മുളയ്ക്കാതിരിക്കുകയും ചെയ്യുന്നു. ശരിയായി വിളഞ്ഞു പാകമായ വിത്തിന്റെ പുറന്തോടിനു നല്ല കറുപ്പു നിറമായിരിക്കും. മൂപ്പ് എത്താത്ത വിത്തിന്റെ പുറന്തോടിനു വെള്ളയോ ഇളം കറുപ്പോ നിറമായിരിക്കും. നല്ല മിനുക്കും വിത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ കറുപ്പുനിറവുമുള്ള മുഴുവന്‍ വിത്തുകളാണ് പാകാന്‍ അനുയോജ്യം.
ഉയര്‍ന്ന വാരങ്ങളുണ്ടാക്കി പൊടിമണ്ണു വിരിച്ച് 15-20 സെ.മീ. അകലത്തില്‍ ചെറു കുഴികളുണ്ടാക്കി ഓരോ വിത്തു പാകിയ ശേഷം പൊടിമണ്ണിട്ട് അവ മൂടുന്നു. പച്ചില വിരിച്ചോ പന്തലിട്ടോ തണല്‍ നല്കാം. വാരങ്ങളില്‍ ദിവസവും ജലസേചനം നടത്തണം. രണ്ടു മാസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും. വെയിലും അധികം ഈര്‍പ്പവും താങ്ങാനുള്ള കെല്പ് ചെറു തൈകള്‍ക്കില്ല. തൈകള്‍ വളരെ സാവധാനത്തിലേ വളരുകയുള്ളു. തൈകളെ കൊടും വെയിലില്‍ നിന്നു രക്ഷിക്കാന്‍ പന്തലിടണം. ആറുമാസം പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാം. കാലവര്‍ഷാരംഭത്തോടെ തൈകള്‍ പറിച്ചുനടുന്നു. ഏതാനും വര്‍ഷങ്ങളോളം തൈകളുടെ വളര്‍ച്ച വളരെ സാവധാനത്തിലായിരിക്കും. ഒരു വര്‍ഷം പ്രായമാകുമ്പോഴേക്കും ധാരാളം ശാഖകളുണ്ടാവും. ജാതിമരം സു. 20 മീ. ഉയരത്തില്‍ വളരും. ഇലകള്‍ക്ക് കടും പച്ചനിറവും തിളക്കവുമുണ്ട്. അഗ്രം കൂര്‍ത്തിരിക്കും. ഇലയുടെ ഉപരിതലത്തില്‍ ധാരാളം എണ്ണഗ്രന്ഥികളുണ്ടായിരിക്കും. ജാതിക്ക് ആണ്‍ വൃക്ഷങ്ങളും പെണ്‍ വൃക്ഷങ്ങളുമുണ്ട്. രണ്ടും പുഷ്പിക്കുമെങ്കിലും പെണ്‍ വൃക്ഷങ്ങളിലെ ഫലങ്ങളുണ്ടാകാറുള്ളു. സാധാരണ ആണ്‍ വൃക്ഷങ്ങളില്‍ ആണ്‍ പുഷ്പങ്ങളും പെണ്‍ വൃക്ഷങ്ങളില്‍ പെണ്‍ പുഷ്പങ്ങളുമാണുണ്ടാവുക. ചിലയവസരങ്ങളില്‍ ഒരേ വൃക്ഷത്തില്‍ത്തന്നെ ആണ്‍ പുഷ്പങ്ങളും പെണ്‍പുഷ്പങ്ങളും ഉണ്ടാകാറുണ്ട്. പെണ്‍വൃക്ഷങ്ങളിലാണ് കായ്കളുണ്ടാകുന്നതെങ്കിലും കായ്ക്കുവാന്‍ ആണ്‍ വൃക്ഷത്തിന്റെ സാമീപ്യം അത്യാവശ്യമാണ്. ആണ്‍ വൃക്ഷങ്ങളിലെ പുഷ്പങ്ങളില്‍ നിന്ന് പരാഗണം നടത്തിയാലേ കായ്കളുണ്ടാവുകയുള്ളു. പരാഗണം അധികവും തേനീച്ചകള്‍ മൂലമാണ് നടക്കുന്നത്. ഇലയുടെ കക്ഷ്യങ്ങളിലും മൂപ്പെത്തിയ ശാഖകളിലും പുഷ്പങ്ങളുണ്ടാകാറുണ്ട്. ഇളം മഞ്ഞനിറമുള്ള പുഷ്പങ്ങളുടെ ഇതളുകള്‍ കട്ടികൂടിയതും എരിവു രസമുള്ളതുമാണ്. എണ്ണത്തില്‍ കുറവായ പെണ്‍ പുഷ്പങ്ങള്‍ക്ക് ആണ്‍ പുഷ്പങ്ങളെക്കാള്‍ വലുപ്പം കൂടുതലായിരിക്കും.
ജാതിത്തൈകള്‍ നട്ട് അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ പുഷ്പിച്ചു തുടങ്ങും. പത്തുവര്‍ഷം വളര്‍ച്ചയെത്തിയ ശേഷമേ ശരിയായ വിളവു ലഭിക്കുകയുള്ളൂ. വളരെക്കാലത്തേക്ക് ആദായം കിട്ടുന്ന ഈ വൃക്ഷത്തില്‍ ഡിസംബര്‍-മേയ് മാസങ്ങളിലാണ് ജാതിക്ക കൂടുതലായി ഉണ്ടാകുന്നത്. എല്ലാ സമയത്തും ജാതിയില്‍ കുറച്ചു ഫലങ്ങള്‍ കാണും. ഫലങ്ങള്‍ വിളഞ്ഞു പൊട്ടാന്‍ ആറുമാസം മതി. വിളഞ്ഞ ഇളം മഞ്ഞനിറമുള്ള ജാതിക്കായ്ക്ക് വലിയൊരു ചെറുനാരങ്ങയുടെ വലുപ്പമുണ്ടായിരിക്കും. ജാതിക്കായുടെ മധ്യഭാഗത്തായി നെടുകെ മുറിച്ചതുപോലെ ഒരു വരിപ്പുണ്ട്. കായ്കള്‍ വിളയുമ്പോള്‍ ഈ പാടുള്ള ഭാഗം രണ്ടായി പിളര്‍ന്ന് അകന്ന് വിത്തും ജാതിപത്രിയും പുറത്തുവരുന്നു. സു. ഒരു സെ.മീ. കനമുള്ള പുറന്തോടിന് മാര്‍ദവവും എരിവു രസവുമുണ്ട്. കറുപ്പു നിറവും പുന്നക്കായുടെ വലുപ്പവുമുള്ള ജാതിവിത്തിന്റെ മൃദുവായ പരിപ്പിനെ പൊതിഞ്ഞു സംരക്ഷിക്കാന്‍ കട്ടിയുള്ള പുറന്തോടുമുണ്ട്. ഈ തോടിനെ ആവരണം ചെയ്തിരിക്കുന്ന കൈവിരലുകള്‍പോലെ കടുംചുവപ്പുനിറത്തില്‍ കാണപ്പെടുന്ന മൃദുവായ ഭാഗമാണ് ജാതിപത്രി. ജാതിപത്രി വിത്തിന്റെ മൂന്നാം അധ്യാവരണം രൂപാന്തരപ്പെട്ടുണ്ടായിട്ടുള്ളതാണ്. ജാതിപത്രി തോടിനു പുറമേ ബലമായി പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഇത് മാറ്റിക്കഴിയുമ്പോള്‍ തോടിനുപുറമേ ആഴത്തിലുള്ള പാടുകള്‍ അവശേഷിക്കും. ജാതിപത്രി വിത്തിന്റെ പുറന്തോടിനു ചുവട്ടില്‍ നിന്നുദ്ഭവിച്ച് നാലു വശത്തുനിന്നും വിത്തിനെ ആവരണം ചെയ്തിരിക്കുന്നു. ജാതിക്കായുടെ ഏറ്റവും വില കൂടിയ ഭാഗം ജാതിപത്രിയാണ്. പത്രി കേടുകൂടാതെ ഒറ്റ ഇതളായി ഇളക്കിയെടുത്ത് വെയിലത്ത് ഉണക്കുന്നു. വിത്തിന് നല്ല സുഗന്ധവും എരിവുരസവും എണ്ണയും ഉണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ വിത്ത് തോടിനകം നിറഞ്ഞിരിക്കും. വെയിലും ചൂടും തട്ടുമ്പോള്‍ വിത്ത് ചുരുങ്ങി ഇളകിവരും. വിത്തിനെ പുറന്തോടിനോടു പിടിപ്പിച്ചിട്ടുള്ളത് വിത്തിന്റെ ചുവട്ടിലുള്ള ഒരു നേരിയ ഏറില്‍ കൊണ്ടു മാത്രമാണ്. ചൂടു തട്ടുമ്പോള്‍ വിത്ത് ചുരുങ്ങുകയും ഏറില്‍ പൊട്ടിപ്പോകുകയും ചെയ്യുന്നതുകൊണ്ടാണ് ഉണങ്ങുമ്പോള്‍ ജാതിക്ക കുടുങ്ങുന്നത്.
ജാതി പുഷ്പിക്കുന്നതിനു മുമ്പുതന്നെ ആണ്‍ വൃക്ഷങ്ങളെയും പെണ്‍ വൃക്ഷങ്ങളെയും ചില സാമാന്യലക്ഷണങ്ങള്‍ കൊണ്ടു തിരിച്ചറിയാന്‍ കഴിയും. നീളം കൂടിയ വിത്തുകളില്‍ നിന്ന് ആണ്‍ ജാതിയും ഉരുണ്ട് ചുവടു ശരിക്കു പരന്ന വിത്തുകളില്‍ നിന്ന് പെണ്‍ ജാതിയും ഉണ്ടാകുന്നു. വീതി കൂടിയ കുറിയ ഇലകളും ഇലകളില്‍ അധികം വളവില്ലാതെ സമാന്തരമായിപ്പോകുന്ന സിരകളും പെണ്‍ വൃക്ഷങ്ങളുടെ പ്രത്യേകതയാണ്. ആണ്‍ വൃക്ഷങ്ങളുടെ ഇലകളിലെ സിരകള്‍ വളഞ്ഞ് അഗ്രഭാഗത്ത് ഒന്നിച്ചു ചേര്‍ന്നിരിക്കുന്നു. വീതി കുറഞ്ഞ് നീളം കൂടിയ ധാരാളം ഇലകളും ശാഖകളും ആണ്‍ വൃക്ഷങ്ങളുടെ സവിശേഷതയാണ്. ആണ്‍ വൃക്ഷത്തിന്റെ ശാഖകള്‍ മേല്പോട്ടു വളരുന്നവയാണ്. പെണ്‍വൃക്ഷങ്ങളില്‍ നന്നേ ചുവട്ടില്‍ നിന്നു ശാഖകള്‍ ഉണ്ടായി പടര്‍ന്നു പന്തലിച്ചു വളരുന്നു. ഈ വ്യത്യാസമനുസരിച്ചു ജാതിക്കായുടെ വലുപ്പം, നിറം, ആകൃതി, ഇലകളുടെ വലുപ്പം, ജാതിപത്രിയുടെ വലുപ്പം, ഗുണം എന്നിവയെല്ലാം വ്യത്യസ്തമായിരിക്കും. ജാതിവൃക്ഷങ്ങളില്‍ ആണ്‍-പെണ്‍ വൃക്ഷങ്ങളെ പുഷ്പാവസ്ഥയിലേ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നുള്ളൂ. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമാണു പതിവയ്ക്കല്‍. പെണ്‍വൃക്ഷത്തിന്റെ ചെറിയ തണ്ടുകള്‍ പതിവച്ചെടുക്കുന്ന തൈകള്‍ പെണ്‍തൈകള്‍ തന്നെ ആയിരിക്കുമെന്നു മാത്രമല്ല അവ വളരെ വേഗം പുഷ്പിക്കുകയും ചെയ്യും. ജാതിത്തൈകള്‍ ഒട്ടിച്ചെടുത്ത് ഒട്ടുതൈകളും ഉണ്ടാക്കാം. വലിയ ആണ്‍ജാതി വൃക്ഷങ്ങളുടെ തായ്ത്തടിയില്‍ ഒരു വശം ചേര്‍ത്ത് ഒട്ടിക്കല്‍ രീതിയില്‍ പെണ്‍ വൃക്ഷത്തിന്റെ ചെറുകമ്പുകള്‍ ഒട്ടിച്ചശേഷം അതു പിടിച്ചു കഴിയുമ്പോള്‍ ഒട്ടിപ്പിനു മുകളിലുള്ള ഭാഗം മുറിച്ചു നീക്കി ഒട്ടിച്ചു ചേര്‍ത്ത കമ്പു മാത്രം വളരാന്‍ അനുവദിക്കുന്നു. അങ്ങനെ ആണ്‍ വൃക്ഷത്തെ പെണ്‍ വൃക്ഷമാക്കാനും കഴിയും.
കരിംപൂപ്പ്, തണ്ടുണക്കം, കായ്പൊഴിച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ ജാതിയെ ബാധിക്കും. ബോര്‍ഡോ മിശ്രിതമോ മറ്റേതെങ്കിലും താമ്ര കുമിള്‍സംഹാരിയോ തളിച്ചു രോഗങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. തടിതീനി വണ്ട്, ഇലതീനി വണ്ട്, വേരു തീനിപ്പുഴുക്കള്‍ തുടങ്ങിയ കീടങ്ങളും ചിതല്‍, ചുവന്ന ഉറുമ്പ് തുടങ്ങിയവയും ജാതികൃഷിക്കു നാശമുണ്ടാക്കാറുണ്ട്.
ജാതിക്കായുടെ എല്ലാ ഭാഗങ്ങളും ഉപയോഗ യോഗ്യമാണ്. ഇളം ജാതിക്കായ്കള്‍ ഉപ്പിലിടാന്‍ ഉപയോഗിക്കുന്നു. കായ്കളുടെ മാംസളമായ പുറന്തോടുകൊണ്ട് ചമ്മന്തിയും ജാമും ജെല്ലിയും ഉണ്ടാക്കാം. ജാതിപത്രി നാലോ അഞ്ചോ ദിവസം വെയിലില്‍ ഉണക്കി സൂക്ഷിക്കുന്നു. ഉണങ്ങിയ ജാതിപത്രിക്കു മഞ്ഞ കലര്‍ന്ന ഇളം ചുവപ്പു നിറമായിരിക്കും. വായു ശുദ്ധീകരണത്തിനായി പുകയ്ക്കാന്‍ ജാതിപത്രി ഉപയോഗിച്ചു വരുന്നു. മദ്യങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവയ്ക്കു രുചി വര്‍ധിപ്പിക്കുവാനും വെറ്റില മുറുക്കുമ്പോള്‍ കൂടെ ചേര്‍ക്കാനും ജാതിപത്രി ഒരു വിശിഷ്ട വസ്തുവാണ്. പുറന്തോടും പത്രിയും മാറ്റിയശേഷം കുറേ ദിവസം വെയിലില്‍ ഉണക്കി കായുടെ പുറന്തൊണ്ടും കട്ടിയുള്ള അകത്തെ തോടും പൊട്ടിച്ചു കഴിഞ്ഞാല്‍ കിട്ടുന്നത് ജാതിക്കായുടെ വിത്താണ്. ഉണങ്ങിയ വിത്തില്‍ നിന്ന് ഔഷധപ്രാധാന്യമുള്ള ഒരിനം എണ്ണ ലഭിക്കും. ഈ എണ്ണയാണ് ജാതിക്കായുടെ ഗുണത്തിനും മണത്തിനും കാരണം. എണ്ണ, കുഴമ്പ്, ഗുളികകള്‍ തുടങ്ങി പലതരം മരുന്നുകളുടെയും ഒരു അത്യാവശ്യഘടകമാണ് ജാതിക്ക. വില്പനയ്ക്കു പറ്റാത്ത കേടുവന്ന ഉണങ്ങിയ ജാതിവിത്തുകള്‍ സംഭരിച്ച് പൊടിച്ചു ചൂടാക്കി മര്‍ദം ചെലുത്തി ഉണ്ടാക്കിയെടുക്കുന്നതാണ് ജാതിവെണ്ണ. ഇതു തണുക്കുമ്പോള്‍ ഓറഞ്ചുനിറത്തിലുള്ള കട്ടിയായ പദാര്‍ഥമാകുന്നു. സോപ്പു കഷണങ്ങള്‍പോലെ ഇതിനെ മുറിച്ചെടുത്ത് ഇലകള്‍ കൊണ്ടു പൊതിഞ്ഞു വിപണികളിലെത്തിക്കുന്നു. വിദേശങ്ങളില്‍ സോപ്പുണ്ടാക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. മാംസപേശികള്‍ക്കുണ്ടാകുന്ന വേദന, വാതം മുതലായവയ്ക്ക് ഇത് വളരെ ഫലപ്രദമായ ഔഷധമാണ്.