This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:55, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജാതകം

ഒരു സംഭവസമയത്തെ ഗ്രഹനില നിര്‍ണയിച്ച് അതിന്റെ ഭൂത-വര്‍ത്തമാന-ഭാവി ഫലങ്ങളെ വിവരിക്കുന്ന ജ്യോതിഷക്കുറിപ്പ്. സംസ്കൃതത്തിലും ഹിന്ദിയിലും 'കുണ്ഡലി' എന്നും ഇംഗ്ലീഷില്‍ 'ഹൊറൊസ്കോപ്' എന്നും ഇത് അറിയപ്പെടുന്നു.

ശിശുവിന്റെ ജനനം, ഗൃഹനിര്‍മാണത്തിനുള്ള ശിലാസ്ഥാപനം, യാത്ര പുറപ്പെടല്‍, വ്യാപാരം ആരംഭിക്കല്‍ തുടങ്ങിയ എല്ലാറ്റിനും അതിന്റേതായ ഒരു ജാതകം ഉണ്ടായിരിക്കും. എന്നാല്‍ സാധാരണയായി ജാതകം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മനുഷ്യശിശുവിന്റെ ജനനസമയത്തേക്കുള്ളതോ ഒരു വ്യക്തി ജ്യോതിഷി(ദൈവജ്ഞന്‍)യോട് തന്നെ സംബന്ധിച്ച ഒരു കാര്യം ചോദിക്കുന്ന സമയത്തേക്കുള്ളതോ (പൃഛാസമയം) ആയ ഗ്രഹസ്ഥിതിവിവരണമാണ്.

ജാതകരേഖയിലെ ത്രികാലജ്ഞാനസിദ്ധാന്തങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് നവഗ്രഹങ്ങള്‍, ചന്ദ്രന്‍, മറ്റു ഗ്രഹങ്ങള്‍, ഗ്രഹങ്ങളുടെ ഗതിസ്വഭാവം, ഗ്രഹഭ്രമണപഥം (Zodiac), ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന 27 നക്ഷത്രമേഖലകള്‍ (Stellar constellations), മറ്റു പല ശാക്തിക കേന്ദ്രങ്ങള്‍ (Sensitive points) എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഒരു നിശ്ചിത സ്ഥലത്ത്, ഒരു നിശ്ചിത സമയത്ത് നടക്കുന്ന സംഭവങ്ങളുടെ ഭൂത-വര്‍ത്തമാന-ഭാവി ഫലങ്ങള്‍ ഇന്ന തരത്തിലേ ആകൂ എന്ന് ജ്യോതിഷസിദ്ധാന്തങ്ങള്‍ പ്രവചിക്കുന്നു.

രചനാരീതി (technique of preparation) അനുസരിച്ച് ജാതകത്തിന് രണ്ടു ഭാഗങ്ങളുണ്ട്: (I) ഗ്രഹസ്ഥിതി (II) ഫലവിവരണം. ഗ്രഹസ്ഥിതിവിവരണത്തെ 'തലക്കുറി' എന്നും പറയാറുണ്ട്. തലക്കുറി ഭാഗം മുഴുവന്‍ ഗണിതക്രിയ ചെയ്തു തയ്യാറാക്കേണ്ടതാണ്. ജാതകന്റെ ജനനസ്ഥലം, ജനനസമയം എന്നിവയെ അടിസ്ഥാനമാക്കി ഈ ഗണിതക്രിയകള്‍ ചെയ്യുന്നു.

തലക്കുറിയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും:

1. ജാതകന്റെ ജനനസമയം, അഥവാ ഭാവിഫലം അറിയണമെന്നാഗ്രഹിക്കുന്ന സംഗതി നടക്കുന്ന സമയം, അഥവാ ഏതെങ്കിലും വിഷയം അറിയാനായി വ്യക്തി ജ്യോത്സ്യനെ സമീപിച്ച് സംസാരിച്ചുതുടങ്ങുന്ന സമയം.

2. വ്യക്തിയുടെ ജാതകമാണെങ്കില്‍ വ്യക്തി ജനിച്ചതോ മറ്റു വല്ല കാര്യവുമാണെങ്കില്‍ ആ സംഗതി നടന്നതോ നടക്കാന്‍ പോകുന്നതോ ആയ ഭൂപ്രദേശത്തിന്റെ പേരും ആ പ്രദേശത്തിന്റെ അക്ഷാംശരേഖാംശങ്ങളും.

3. മുന്‍ വിവരിച്ച ജനനസമയത്തിന്റെയും ജനന സ്ഥലത്തിന്റെയും അടിസ്ഥാനത്തില്‍ ജ്യോത്സ്യന്‍ ഗണിതകക്രിയകള്‍ ചെയ്തു കണക്കാക്കിയെടുക്കുന്ന വിഷയങ്ങള്‍ ഇവയാണ്:

(i) ഗ്രഹസ്ഥിതി

(ii) നക്ഷത്രം (ചന്ദ്രന്റെ നക്ഷത്രസ്ഥിതി)

(iii) പഞ്ചാംഗവിഷയങ്ങള്‍

(iv) ലഗ്നാദി ദ്വാദശഭാവങ്ങള്‍

(v) ഗുളികാദ്യുപഗ്രഹസ്ഥിതി

(vi) ഷോഡശവര്‍ഗം

(vii) അഷ്ടകവര്‍ഗം

(viii) ഗര്‍ഭശിഷ്ടദശ

ഉദാഹരണമായി തമിഴ്നാട്ടില്‍ തിരുവാരൂര്‍ എന്ന പ്രദേശത്ത് 13-6-1934 ഉച്ചയ്ക്ക് 2.34-ന് (I.S.T) നടന്ന ഒരു ജനനത്തിനു തയ്യാറാക്കിയ ജാതകത്തിന്റെ തലക്കുറി ഇനി കൊടുക്കുന്നു:

ജനനസ്ഥലം - തിരുവാരൂര്‍ (തമിഴ്നാട്)

അക്ഷാംശരേഖാംശം - 10o 44' N; 79o 46' E

ജനനസമയം - 2.34 pm (I.S.T.)

തീയതി - 1361934 A.D.

           31101109 M.E.
  

ആഴ്ച - ബുധന്‍

നക്ഷത്രം - തിരുവാതിര

തിഥി - പ്രഥമ

കരണം - പുഴു

നിത്യയോഗം - ഗണ്ഡം

ഗര്‍ഭശിഷ്ടരാഹുദശ - 9 വര്‍ഷം 4 മാസം 10 ദിവസം

1. ഗ്രഹസ്ഥിതി-സാമാന്യരൂപം. സാധാരണയായി ഒരു സ്ഥൂലഗ്രഹസ്ഥിതിയാണ് തയ്യാറാക്കുന്നത് (ചിത്രം Ia). ശാസ്ത്രദൃഷ്ട്യാ ഇത് അപൂര്‍ണവും അവ്യക്തവും അപര്യാപ്തവുമാണ്. ഈ ഗ്രഹസ്ഥിതിയുടെതന്നെ ശാസ്ത്രസമ്മതവും പൂര്‍ണവുമായ രൂപം പിന്നീട് ചേര്‍ത്തിരിക്കുന്നു; ചിത്രം (II). ഒരേ ഗ്രഹസ്ഥിതിതന്നെ ഭാരതത്തിലെ ചില സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ട്. അവയുടെ ചില മാതൃകകളും ചേര്‍ത്തിരിക്കുന്നു.

ജാതകത്തില്‍ പറഞ്ഞിട്ടുള്ള വിഷയങ്ങളെ ഇപ്രകാരം വിവരിക്കാം.

ജനനസമയം. സൂക്ഷ്മമായ ജാതകരചനയ്ക്ക് ആവശ്യമായ മുഖ്യഘടകം കൃത്യമായ ജനനസമയമാണ്. ജനനസമയത്തെ അടിസ്ഥാനമാക്കിയാണ് ജാതകത്തിലെ മുഖ്യഘടകമായ ലഗ്നം കണക്കാക്കുന്നത്. ജാതകരചനയ്ക്കു സഹായകമായ ജനനസമയം നിശ്ചയിക്കുന്നതിനെപ്പറ്റി വ്യക്തമായ ധാരണയില്ല. താഴെക്കൊടുത്തിരിക്കുന്ന ഘട്ടങ്ങളില്‍ ഏതെങ്കിലും ഒന്നിനെയാണ് പ്രസവസമയമായി പറഞ്ഞുവരുന്നത്.

1. ഗര്‍ഭജല സ്രവണാരംഭസമയം

2. ശിശുശിരോദര്‍ശന സമയം

3. ശിശുഭൂസ്പര്‍ശന സമയം (പ്രസവശുശ്രൂഷ ചെയ്യുന്നവര്‍ ശിശുവിനെ ഗര്‍ഭപാത്രത്തില്‍ നിന്ന് എടുക്കുന്ന സമയം)

4. ശിശു പ്രഥമശ്വാസം എടുക്കുന്ന സമയം

5. ശിശു ആദ്യമായി കരയുന്ന സമയം

6. ഗര്‍ഭനാളഛേദന സമയം

7. ഗര്‍ഭാധാന സമയം-സ്ത്രീ പുരുഷസംയോഗസമയത്തു നടക്കുന്ന ബീജാണ്ഡസംയോജന സമയം.

സ്ത്രീ പുരുഷ സംയോഗ സമയമാണ് ജാതകരചനയ്ക്ക് ഏറ്റവും ഉത്തമം. ഇത് അറിയാന്‍ ബുദ്ധിമുട്ടായതുകൊണ്ട് മറ്റ് 6 സമയങ്ങള്‍ ജനനസമയങ്ങളായി കണക്കാക്കപ്പെടുന്നു. ഇവയില്‍ത്തന്നെ ഗര്‍ഭനാളഛേദന സമയമാണ് ഏറ്റവും ഉപയുക്തം. ഈ സമയത്താണ് മാതാവില്‍നിന്നു വേര്‍പെട്ട് ശിശുവിന്റെ സ്വന്തം നിലനില്പ് തുടങ്ങുന്നത്. ഷോഡശസംസ്കാരങ്ങളിലും ഗര്‍ഭനാളഛേദനം കഴിഞ്ഞിട്ടാണ് ജാതകകര്‍മം ചെയ്യാന്‍ അനുശാസിച്ചിട്ടുള്ളത്.

ജനനസമയം കൊടുക്കുന്നതില്‍ ചെറിയ വ്യത്യാസം വന്നാലും അത് ശുദ്ധി ചെയ്യാന്‍ ജ്യോത്സ്യനറിയാം. ഇതിന് ലഗ്നശുദ്ധി (rectification of birth time) എന്നു പറയുന്നു.

ജനനപ്രദേശം. ജനനസമയംപോലെ തന്നെ പ്രധാനമാണ് ജാതകന്‍ ജനിക്കുന്നതോ പ്രശ്നവിഷയമായ സംഭവം നടക്കുന്നതോ ആയ പ്രദേശത്തിന്റെ പേരും അതിന്റെ അക്ഷാംശ രേഖാംശ വിവരണവും.

സൂര്യനുചുറ്റും ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഭൂമിയുടെ ഒരു ഭാഗമാണ് ജനനപ്രദേശവും. ശിശുജനനം നടക്കുന്ന സമയത്ത് ഈ പ്രദേശവും കിഴക്കെ ചക്രവാളത്തെ സ്പര്‍ശിച്ച് മുന്നോട്ടുപോകുന്നു. ശിശുവും ആ പ്രദേശം വഴിയായി സ്വയം കിഴക്കെ ചക്രവാളത്തെ സ്പര്‍ശിച്ചുകൊണ്ട് ഈ ബ്രഹ്മാണ്ഡത്തിലെ ഒരംശമായി ജീവിതം ആരംഭിക്കുന്നു. ബ്രഹ്മാണ്ഡത്തിന്റെ ( Macrocosm) സൂക്ഷ്മാംശമായ പിണ്ഡാണ്ഡം (microcosm) ബ്രഹ്മാണ്ഡത്തില്‍ പ്രവേശിക്കുന്ന സമയമാണ് ലഗ്നം. ശിശു ജനിക്കുന്ന പ്രദേശം (ഭൂഭാഗം) ഗ്രഹസഞ്ചാരമാര്‍ഗത്തില്‍ (zodiac) ഏതു രാശിയില്‍ ഏത് അംശത്തില്‍ (degree) ഏതു കലയില്‍ (minute) നില്ക്കുന്നു എന്നു സൂചിപ്പിക്കുന്നതാണ് ലഗ്നം. ലഗ്നം എന്നത് സംഗതി നടക്കുന്ന ഭുപ്രദേശമാണ്. ലഗ്നം എന്ന വാക്കിന് അര്‍ഥം 'ഒരു പ്രദേശത്തു തട്ടുന്നത്' എന്നാണ്.

ഒരേ സമയത്തുള്ള ജനനങ്ങളാണെങ്കിലും ഭൂപ്രദേശത്തിന്റെ അക്ഷാംശരേഖാംശങ്ങള്‍ മാറുന്നതിനനുസരിച്ച് അവയുടെ ലഗ്നങ്ങള്‍ മാറും. ലഗ്നത്തിന്റെ സൂക്ഷ്മത ജനനപ്രദേശത്തിന്റെ സൂക്ഷ്മതയെ ആശ്രയിച്ചിരിക്കുന്നു.

ഗ്രഹസ്ഥിതി വിവരണം. ഗ്രഹസ്ഥിതി അടയാളപ്പെടുത്തുന്നത് രാശിചക്രത്തിലാണ്. 12 അറകളോടു കൂടിയ സമചതുരമാണ് രാശിചക്രം. ഗ്രഹസഞ്ചാരമാര്‍ഗത്തിന്റെയും നക്ഷത്രമേഖലയുടെയും പ്രതീകാത്മക ചിത്രമാണ് രാശിചക്രം. രാശിചക്രത്തിലെ അറകളില്‍ ര, ച, കു, ബു, ഗു, ശു, മ, സ, ശി, മാ, ല എന്നിങ്ങനെ 11 അക്ഷരങ്ങള്‍ എഴുതിയിരിക്കുന്നു. ജനനസമയത്ത് പ്രസ്തുത അക്ഷരങ്ങള്‍ സൂചിപ്പിക്കുന്ന ഗ്രഹങ്ങള്‍ പ്രസ്തുത രാശിയെ സ്പര്‍ശിച്ചിട്ടു കടന്നുപോയി എന്നാണ് സൂചിപ്പിക്കുന്നത്.

രാശിചക്രത്തെ 12 രാശികളായും 27 നക്ഷത്രമേഖലകളായും വിഭജിച്ചിരിക്കുന്നു. ഒരു രാശി 30 ഡിഗ്രിയും ഒരു നക്ഷത്ര മേഖല 13 ഡിഗ്രി 20 മിനിറ്റും ആണ്. രാശികളില്‍ക്കൂടിയും നക്ഷത്രമേഖലകളില്‍ക്കൂടിയും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ വേഗതയ്ക്കു വ്യത്യാസമുള്ളതുകൊണ്ട് ഒരു ശിശുജനനമോ മറ്റേതെങ്കിലും സംഭവമോ നടക്കുന്ന സമയത്ത് ഗ്രഹങ്ങള്‍ പല രാശികളെയും പല നക്ഷത്രമേഖലകളെയും സ്പര്‍ശിച്ചിട്ടു കടന്നുപോകും.

ഒരു സംഭവം നടക്കുമ്പോള്‍, ഗ്രഹങ്ങള്‍ മുന്‍ വിവരിച്ച രീതിയില്‍ ഏതെങ്കിലും ഒരു രാശിയിലെ ഒരു ഡിഗ്രി-മിനിറ്റ്-സെക്കന്‍ഡ് ബിന്ദുവിനെ സ്പര്‍ശിച്ചിട്ടു പോകും. അത് ആ രാശിക്കകത്തുവരുന്ന നക്ഷത്രമേഖലകൂടിയായിരിക്കും. ഗ്രഹങ്ങള്‍ സ്പര്‍ശിച്ചു പോകുന്ന ഈ ബിന്ദുവിനെ ഗ്രഹസ്ഫുടം എന്നു പറയുന്നു. ലഗ്നം സ്പര്‍ശിക്കുന്ന ബിന്ദു ലഗ്നസ്ഫുടവും. ജനനസമയത്ത് 10 ഗ്രഹങ്ങളും ലഗ്നവും സ്പര്‍ശിക്കുന്നതുകൊണ്ട് ജാതകത്തില്‍ 11 ഗ്രഹസ്ഫുടങ്ങളുണ്ടാകുന്നു.

ഗ്രഹങ്ങള്‍ നിരന്തരം ഗതിശീലങ്ങളാണെങ്കിലും ഓരോ ദിവസവും രാവിലെ 5.30-ന് ഏതു രാശിയില്‍ ഏതു ഡിഗ്രി മിനിറ്റുകളെ സ്പര്‍ശിക്കുന്നു എന്നു കാണിക്കുന്ന പട്ടികകളുള്ള എഫമറിസുകളും (Ephemeris) പഞ്ചാംഗങ്ങളും ഉണ്ട്. ശിശു ജനിക്കുന്ന ആണ്ട്, മാസം, തീയതികള്‍ക്ക് എഫമറിസില്‍ നോക്കിയാല്‍ ഗ്രഹം ഏതു രാശിയിലും ഭാഗത്തിലും കലയിലും നക്ഷത്രമേഖലയിലും നില്ക്കുന്നു എന്നു മനസ്സിലാകും. ഇങ്ങനെ കിട്ടുന്ന രാശിഭാഗകലകളെ രാശിചക്രത്തില്‍ ആ ഗ്രഹത്തിനു നേരെ എഴുതണം. ഈ രാശിഭാഗകലകളെ ഗ്രഹസ്ഫുടം എന്നും ലഗ്നസ്ഫുടം എന്നും പറയുന്നു.

മുന്‍പു കൊടുത്തിരിക്കുന്ന രാശിചക്രത്തില്‍ അടയാളപ്പെടുത്തിയ ഗ്രഹങ്ങളുടെ സ്ഫുടങ്ങള്‍ താഴെപ്പറയും പ്രകാരമാണ് (സ്ഫുടമില്ലാത്ത ഗ്രഹത്തിന്റെ പേരു മാത്രം രാശിചക്രത്തില്‍ എഴുതുന്നത് അപൂര്‍ണമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ).

മുകളില്‍പ്പറഞ്ഞ സ്ഫുടങ്ങളെ രാശിചക്രത്തില്‍ പകര്‍ത്തുമ്പോള്‍ താഴെ കാണുന്നവിധം ഗ്രഹസ്ഥിതി ലഭിക്കും.

നക്ഷത്രവും ശിഷ്ടദശയും. ഒരു തലക്കുറിയില്‍ ജാതകന്റെ നക്ഷത്രവും ശിഷ്ടദശയും കൊടുത്തിരിക്കും. ജ്യോതിഷത്തില്‍ നക്ഷത്രം എന്ന സംജ്ഞകൊണ്ട് ഉദ്ദേശിക്കുന്നത് നക്ഷത്രമേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയമാണ്. ആകെ 27 നക്ഷത്രമേഖലകളുണ്ട്. ഒരു നക്ഷത്രമേഖലയുടെ അളവ് 13o 20' ആണ്. ഒരു നക്ഷത്രം സ്ഥിതിചെയ്യുന്ന മേഖലയില്‍ ചന്ദ്രന്‍ സഞ്ചരിക്കുന്ന കാലത്തിന് ആ നക്ഷത്രത്തിന്റെ പേരു കൊടുത്തിരിക്കുന്നു. ഉദാ. അശ്വതി നക്ഷത്രം നില്ക്കുന്ന മേഖലയില്‍ (0o -13o 20') ചന്ദ്രന്‍ സഞ്ചരിക്കുന്ന സമയത്തെ അശ്വതി നക്ഷത്രം എന്നു പറയുന്നു.

ഓരോ നക്ഷത്രമേഖലയുടെ പേരും അളവും അത് ഏതു രാശിയില്‍ വരുന്നു എന്ന വിവരവും രാശ്യധിപന്‍, നക്ഷത്രാധിപന്‍ എന്നിവയുടെ വിവരങ്ങളും മുന്‍പട്ടികയില്‍ കൊടുത്തിട്ടുണ്ട്.

ശിഷ്ടദശ. ജ്യോതിഷത്തില്‍ മനുഷ്യായുസ്സ് 120 വര്‍ഷമായി നിശ്ചയിച്ച് അതിനെ 9 ഗ്രഹങ്ങളുടെ ദശകളായി വിഭജിച്ചിരിക്കുന്നു. ഇതിനെ വിംശോത്തരി ദശാപദ്ധതി എന്നു പറയുന്നു. ഒരാള്‍ ജനിക്കുമ്പോള്‍ ഏതു ദശ നടക്കുന്നു എന്നു നിശ്ചയിക്കുന്നത് ജനിക്കുന്ന നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ്.

ഓരോ നക്ഷത്രവും സൂചിപ്പിക്കുന്ന ദശയും ദശാനാഥനായ ഗ്രഹവും ആ ഗ്രഹത്തിന്റെ ദശാവര്‍ഷവും ഒരു പട്ടികയായി ചേര്‍ത്തിരിക്കുന്നു.

ജനനസമയത്ത് ചന്ദ്രന്‍ ഒരു നക്ഷത്രമേഖലയില്‍ എത്ര ദൂരം സഞ്ചരിച്ചു കഴിഞ്ഞുവോ അതിന്റെ അനുപാതത്തില്‍ ആ നക്ഷത്രദശ കഴിഞ്ഞുപോയതായി കണക്കാക്കി ബാക്കി ദശയെ ഗര്‍ഭശിഷ്ട ദശയായി കണക്കാക്കുന്നു. തുടര്‍ന്നുള്ള ഗ്രഹദശകളെ തുടര്‍ച്ചയായി കണക്കാക്കുന്നു.

ഉദാഹരണ ജാതകത്തില്‍ ശിഷ്ട രാഹുദശ 9 വ. 4 മാ. 10 ദി. ചന്ദ്രന്‍ നില്ക്കുന്നത് അഥവാ സഞ്ചരിച്ചുകഴിഞ്ഞത് രാഹുനക്ഷത്രമായ തിരുവാതിരയില്‍ 6ഛ 24'(തിരുവാതിര നക്ഷത്രമേഖലയുടെ ദൈര്‍ഘ്യം 13o 20'. ഇതിന് രാഹുദശ 18 വര്‍ഷം. 13o 20'6o 24' = 6o 56'). 13o 20'ന് 18 വര്‍ഷമായാല്‍ 6o 56'-ന് 9 വ. 4 മാ. 10 ദി. തുടര്‍ന്ന് ഗുരുദശ 16 വ., ശനി ദശ 19 വ., ബുധദശ 17 വ., കേതു ദശ 7 വ., ശുക്രദശ 20 വ.

ലഗ്നാദി ദ്വാദശഭാവങ്ങള്‍. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതാനുഭവങ്ങളെ ജ്യോതിഷത്തില്‍ ഭാവങ്ങള്‍ എന്നു പേരു നല്കി 1-ാം ഭാവം, 2-ാം ഭാവം, ...., 12-ാം ഭാവം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. ഈ 12 ഭാവങ്ങളെയും രാശിചക്രത്തില്‍ നിന്ന് മനസ്സിലാക്കാം. 'ലഗ്നം' എന്ന രാശി 1-ാം ഭാവം; തുടര്‍ന്ന് 2 മുതല്‍ 12 വരെയുള്ള ഭാവങ്ങള്‍. രാശിചക്രത്തില്‍ ഒരു ഭാവം ഏതു രാശിയില്‍ വരുന്നുവോ ആ രാശിയില്‍ ഏതെങ്കിലും ഗ്രഹം നില്ക്കുകയാണെങ്കില്‍ ആ ഭാവം ആ ഗ്രഹവുമായി ബന്ധപ്പെടുന്നു.

ഉദാഹരണ ജാതകത്തില്‍ ലഗ്നം തുലാം. 2-ാം ഭാവം വൃശ്ചികം, 3 ധനു, 4 മകരം, 5 കുംഭം, 6 മീനം, 7 മേടം, 8 ഇടവം, 9 മിഥുനം, 10 കര്‍ക്കിടകം, 11 ചിങ്ങം, 12 കന്നി (ജാതകത്തിലെ അറകളില്‍ മുകളില്‍ കൊടുത്തിരിക്കുന്ന സംഖ്യ ശ്രദ്ധിക്കുക). ഇതനുസരിച്ച് സര്‍പ്പന്‍ (രാഹു) 4-ാം ഭാവവുമായും ശനി (മന്ദന്‍) 5-ാം ഭാവവുമായും ശുക്രന്‍ 7-ാം ഭാവവുമായും കുജനും രവിയും 8-ാം ഭാവവുമായും ചന്ദ്രനും ബുധനും 9-ാം ഭാവവുമായും, ശിഖി (കേതു) 10-ാം ഭാവവുമായും മാന്ദി (ഗുളികന്‍) 11-ാം ഭാവവുമായും ഗുരു (വ്യാഴം) 12-ാം ഭാവവുമായും ബന്ധപ്പെടുന്നു.

ഉദാഹരണ ജാതകത്തിലെ ഗ്രഹങ്ങളുടെ രാശിബന്ധവും ഭാവബന്ധവും താഴെ കൊടുക്കുന്നു. ഇത് സാമാന്യബന്ധമാണ്. വിശേഷബന്ധങ്ങള്‍ പ്രാമാണിക ഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാം.

ഗ്രഹസ്ഥിതിയില്‍ നിന്ന് ഷോഡശവര്‍ഗം, അഷ്ടകവര്‍ഗം, ഗ്രഹയോഗം, ഗ്രഹദൃഷ്ടി, ഷട്ബലം, ദശാപഹാരഛിദ്രങ്ങള്‍, രാജയോഗങ്ങള്‍, ആയുര്‍യോഗങ്ങള്‍, ഭാവാധിപത്യം, മരണം എന്നിങ്ങനെ മറ്റനവധി കാര്യങ്ങളും കണക്കാക്കിയെടുക്കാം.

2. ഫലവിവരണം. ഗ്രഹസ്ഥിതി, ഭാവസ്ഥിതി, ഭാവാധിപത്യം, രാശിസ്ഥിതി, നക്ഷത്രസ്ഥിതി ഇവ കണക്കാക്കിയിട്ട് അവയുടെ ബന്ധപ്പെടലില്‍ നിന്നാണ് ജാതകഫലം കണക്കാക്കുന്നത്.

ഗ്രഹങ്ങള്‍ പൊതുവേ സ്വതന്ത്രമായി സൂചിപ്പിക്കുന്ന ധര്‍മങ്ങള്‍ (ഇവയെ കാരകധര്‍മങ്ങള്‍ എന്നു പറയുന്നു), ഗ്രഹങ്ങള്‍ ഒരു രാശിയില്‍ മറ്റു ഗ്രഹങ്ങളുമായി യോഗം ചെയ്യുമ്പോള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍, ഗ്രഹങ്ങള്‍ രാശികളില്‍ നില്ക്കുമ്പോള്‍ സൂചിപ്പിക്കുന്ന ഫലങ്ങള്‍, ഗ്രഹങ്ങളുടെ ദൃഷ്ടികൊണ്ടു സൂചിപ്പിക്കപ്പെടുന്ന ഫലങ്ങള്‍, ഗ്രഹങ്ങളുടെ ഭാവാധിപത്യമനുസരിച്ചുള്ള ഫലങ്ങള്‍, ഗ്രഹങ്ങള്‍ ഭാവങ്ങളില്‍ നില്ക്കുമ്പോഴുള്ള ഫലങ്ങള്‍, ഗ്രഹങ്ങള്‍ ഭാവങ്ങളെ നോക്കുമ്പോഴുള്ള ഫലങ്ങള്‍, ഗ്രഹഷോഡശ വര്‍ഗസ്ഥിതി ഫലങ്ങള്‍, അഷ്ടകവര്‍ഗഫലങ്ങള്‍, ഗ്രഹദശാഫലങ്ങള്‍, നക്ഷത്രസ്ഥിതിഗ്രഹഫലങ്ങള്‍, ഗ്രഹഗോചരഫലങ്ങള്‍, വക്രഗ്രഹഫലങ്ങള്‍ എന്നിവ വിശദമായി വിശകലനം ചെയ്താണ് ജ്യോത്സ്യന്‍ ജാതകന്റെ ഭൂത-വര്‍ത്തമാന-ഭാവി ഫലങ്ങള്‍ ജാതകത്തില്‍ കുറിക്കുന്നത്.

അവനവനില്‍ അന്തര്‍ലീനങ്ങളായ കഴിവുകളും കുറവുകളും അവ അനുഭവപ്പെടാവുന്ന സമയങ്ങളും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ജാതകം സഹായിക്കുന്നു എന്ന് അതില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നു. നോ. ഗ്രഹനില, ജ്യോതിഷം

(പ്രൊഫ. എന്‍.ഇ. മുത്തുസ്വാമി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍