This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലോഢരോഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:45, 19 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലോഢരോഗങ്ങള്‍

Water borne diseases

രോഗാണുക്കളോ പരാന്ന ജീവികളോ ഉള്‍ക്കൊണ്ട് ജലം ആഹരിക്കുന്നതില്‍ നിന്നും ഉണ്ടാകുന്ന രോഗങ്ങള്‍. മലിനജലത്തില്‍ കുളിച്ചാലും രോഗബാധയുണ്ടാകാം.

കുടിവെള്ളം മലിനപ്പെടുന്നതുമൂലമുണ്ടാകുന്ന രോഗബാധ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. വൈറസുമൂലം ബാധിക്കുന്ന ഹെപ്പറ്റെറ്റിസ് A (ഒരുതരം മഞ്ഞപ്പിത്തം), വിവിധതരം വൈറസുകളും ബാക്റ്റീരിയകളും കാരണമായുണ്ടാകുന്ന വയറിളക്കരോഗങ്ങള്‍, റ്റൈഫോയിഡ്, കോളറ, അമീബിയാസിസ് തുടങ്ങിയവയും വിരബാധയും ജലോഢരോഗങ്ങളില്‍പ്പെടുന്നു.

ജലവിതരണ സ്രോതസ്സുകളായ നദി, തടാകം, ജലസംഭരണികള്‍, കിണര്‍, കുളം എന്നിവയില്‍ രോഗാണുക്കള്‍ ഉള്‍ക്കൊണ്ട വിസര്‍ജ്യവസ്തുക്കള്‍ കലരുന്നതുമൂലമാണ് ജലം മലിനപ്പെടുന്നത്. ശരിയായി സംസ്കരിക്കാത്ത മാലിന്യവസ്തുക്കള്‍ ജലത്തില്‍ കലരുകയോ വിസര്‍ജ്യവസ്തുക്കള്‍ നേരിട്ടു പതിക്കുകയോ ചെയ്തേക്കാം. ജലവിതരണക്കുഴലുകളില്‍ വിള്ളലോ ചോര്‍ച്ചയോ സംഭവിച്ചാല്‍ ഓടയിലെ മലിനജലം കുടിവെള്ളത്തിലേക്കു കലരുന്നതാണ്. ഭൂമികുലുക്കം, വെള്ളപ്പൊക്കം തുടങ്ങിയ വിപത്തുകള്‍ മൂലം കുടിവെള്ളം മലിനമാകാറുണ്ട്. കുറ്റമറ്റ ജലവിതരണ സമ്പ്രദായങ്ങളും മാലിന്യസംസ്കരണ സങ്കേതങ്ങളുമുള്ള വികസിതരാജ്യങ്ങളില്‍ ജലോഢരോഗങ്ങള്‍ താരതമ്യേന കുറവാണ്. വികസ്വരരാഷ്ട്രങ്ങളിലും അവികസിത രാഷ്ട്രങ്ങളിലും ജലോഢരോഗങ്ങള്‍ ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. വെള്ളം തിളപ്പിച്ചശേഷം ഉപയോഗിക്കുകയാണ് രോഗപ്രതിരോധത്തിനുള്ള ചെലവുകുറഞ്ഞ നടപടി.

ജലാശയങ്ങളില്‍ നീന്തിക്കുളിക്കുന്നതുമൂലം രണ്ടുതരത്തില്‍ രോഗബാധയുണ്ടാകാം. നീന്തല്‍വേളയില്‍ വെള്ളം ഉള്ളില്‍ച്ചെന്നാല്‍ വെള്ളത്തിലൂടെ പകരുന്ന ഏതു രോഗവും ബാധിച്ചേക്കാം. ജലത്തിലെ ചില സൂക്ഷ്മാണുക്കള്‍ ചെവിയില്‍ കടന്ന് 'ഒട്ടൈറ്റിസ് എക്സ്റ്റേണാ' എന്ന കര്‍ണരോഗം ഉണ്ടാകാം. ചെവിക്കുള്ളില്‍ കടന്ന വെള്ള നന്നായി കുടഞ്ഞുകളഞ്ഞാല്‍ ഒരു പരിധിവരെ ഈ രോഗത്തില്‍ നിന്നും രക്ഷപ്പെടാം.

എലിയുടെ മൂത്രം വെള്ളത്തില്‍ കലരുന്നതുമൂലമുണ്ടാകുന്ന 'ലെപ്റ്റോ സ്പൈറോസിസ്' (എലിപ്പനി) എന്ന രോഗം ആറ്റില്‍ മീന്‍ പിടിക്കുന്നവരെയും കനാലുകളിലെ പണികളിലും മാലിന്യസംസ്കരണജോലികളില്‍ ഏര്‍പ്പെടുന്നവരെയും ബാധിക്കാറുണ്ട്. തൊലി തുരന്നു കയറുന്ന ഒരു തരം കൃമി (ഫ്ളൂക്)കളുടെ ഉപദ്രവം നദിയിലും കുളത്തിലും കുളിക്കുന്നവരെ ബാധിക്കാറുണ്ട്.

ചില മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതു മൂലവും രോഗബാധയുണ്ടാകാം. മലിനജലത്തില്‍ നിന്നും പിടിച്ചെടുക്കുന്ന ഞണ്ട്, കക്ക തുടങ്ങിയവയുടെ ശരീരത്തില്‍ ധാരാളം സൂക്ഷ്മാണുക്കള്‍ ഉള്‍ക്കൊണ്ടിരിക്കും. ഇവ വൃത്തിയാക്കി പാകം ചെയ്തില്ലെങ്കില്‍ മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ ബാധിക്കാം.

ബഹുനില കെട്ടിടങ്ങളിലെ ജലവിതരണ സമ്പ്രദായത്തിലെ അപാകതകള്‍മൂലം ഒരു പ്രത്യേകതരം നുമോണിയ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഷവറുകളില്‍ നിന്നും ചിലതരം എയര്‍കണ്ടീഷറുകളില്‍ നിന്നും അണുബാധയുള്ള ജലാംശം ശ്വാസത്തിലൂടെ കലര്‍ന്നാണ് ഈ അസുഖം ബാധിക്കുക. നോ: അതിസാരം; കോളറ; ജലശുദ്ധീകരണം; ഭക്ഷ്യവിഷബാധ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍