This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിസ്ഥാനപദങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അടിസ്ഥാനപദങ്ങള്‍
Basic Vocabulary
ഒരു ഭാഷയില്‍ സാമാന്യവ്യവഹാരത്തിനു പ്രയോജനപ്പെടുന്ന പദസമൂഹം. നിത്യവ്യവഹാരത്തിന് അവശ്യം വേണ്ടുന്ന പദങ്ങളെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. ഏതെങ്കിലും ഒരു ഭാഷയിലെ അടിസ്ഥാനപദങ്ങള്‍ പഠിച്ചുകഴിഞ്ഞാല്‍, ആ ഭാഷ സാമാന്യമായി കൈകാര്യം ചെയ്യുവാന്‍ പ്രയാസം വരില്ല. ഭവനനിര്‍മാണത്തില്‍ അസ്തിവാരത്തിനുള്ളത്രയും പ്രാധാന്യം ഒരു ഭാഷയെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപദങ്ങള്‍ക്കുമുണ്ട്.
ഏതെങ്കിലും ഒരു ഭാഷ അഭ്യസിക്കുവാന്‍ ഒരുമ്പെടുമ്പോള്‍, വ്യാകരണകാര്യങ്ങളോടൊപ്പം അടിസ്ഥാനപദങ്ങള്‍ പഠിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്. സാധാരണയായി മാതൃഭാഷയിലെ അടിസ്ഥാനപദങ്ങള്‍ രണ്ടു വയസിനു മുന്‍പുതന്നെ പഠിച്ചുതുടങ്ങുവാന്‍ സാധിക്കുന്നു. പക്ഷേ, അന്യഭാഷാഭ്യസനം കുറച്ചുകൂടി മുതിര്‍ന്നതിനുശേഷമേ സാധിക്കൂ. തന്‍മൂലം, ഒരു വ്യക്തിക്ക് അഭ്യസിക്കാവുന്ന അടിസ്ഥാനപദങ്ങളുടെ എണ്ണത്തില്‍ വ്യത്യാസം വരുന്നു.
ഒരു ഭാഷയുടെ വ്യവഹാരത്തിന്, ഏറ്റവും അധികം പ്രാവശ്യം പ്രയോഗിക്കപ്പെടുന്ന പദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം വന്നുചേരുന്നു. ഇത്തരം പദങ്ങള്‍ ആ ഭാഷയുടെ ആധാരപദങ്ങളായി കരുതപ്പെടുന്നു.
ഒരു ഭാഷയുടെ ശബ്ദസമ്പത്ത് അതിലെ അടിസ്ഥാന പദങ്ങളുടെ സംഖ്യയില്‍നിന്ന് ഏകദേശം ഊഹിക്കാവുന്നതാണ്. ഇത്തരം പദങ്ങളെപ്പറ്റിയുള്ള പഠനങ്ങള്‍ പല പാശ്ചാത്യ ഭാഷാശാസ്ത്രജ്ഞന്‍മാരും നടത്തിയിട്ടുണ്ട്. തോണ്‍ഡൈക്ക്, ഗോഡ്ഫ്രെ ഡെവി, റവ. ജെ.സി.കീനിങ് തുടങ്ങിയ പണ്ഡിതന്‍മാര്‍ ഇംഗ്ളീഷ് ഭാഷയിലെ അടിസ്ഥാനപദങ്ങളെപ്പറ്റി വിശദാധ്യയനം നടത്തിയിട്ടുണ്ട്. ഈ മാതൃകയില്‍ ഡോ. ധീരേന്ദ്രവര്‍മ, ഡോ. കെ.സി. ഭാട്ടിയ എന്നിവര്‍ ഹിന്ദിയിലെ അടിസ്ഥാനപദങ്ങളെപ്പറ്റി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഈ വിഷയം അടിസ്ഥാനമാക്കി ശാസ്ത്രീയപഠനങ്ങള്‍ മലയാളത്തില്‍ വേണ്ടത്ര ഇതുവരെ ഉണ്ടായിട്ടില്ല.