This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജസ്റ്റിനിയന്‍ കോഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജസ്റ്റിനിയന്‍ കോഡ്
ബൈസാന്തിയന്‍ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റിനിയന്‍ I-ന്റെ ഭരണകാലത്തുണ്ടായ (527-565) നിയമങ്ങളുടെയും നിയമവ്യാഖ്യാനങ്ങളുടെയും സമാഹാരം. ഇതൊരു നവീന നിയമസംവിധാനമല്ല; നിലനിന്നിരുന്ന നിയമങ്ങള്‍ സമാഹരിച്ചതിനൊപ്പം നൂതനമായ പുതിയ ചില നിയമവ്യവസ്ഥകള്‍ രൂപപ്പെടുത്തുകയുമാണ് ജസ്റ്റിനിയന്‍ ചെയ്തത്. ജസ്റ്റിനിയന്‍ കോഡ് നാലായി വിഭജിക്കപ്പെട്ടിട്ടുണ്ട്: കോഡക്സ് കോണ്‍സ്റ്റിറ്റ്യൂഷനം (Codex constitutionum ), ഐജസ്ത ( Aigesta ), ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (Institutions), നോവല്ല കോണ്‍സ്റ്റിറ്റ്യൂഷനസ്റ്റ് പോസ്റ്റ് കോഡിസം (Novellae constitutionest post codicem).
527-ല്‍ ആണ് കോഡക്സ് കോണ്‍സ്റ്റിറ്റ്യൂഷന്റെ രചന ആരംഭിക്കുന്നത്. നിലവിലിരുന്ന നിയമങ്ങളുടെ ആവര്‍ത്തനമായിരുന്നില്ല ഇത്. മറിച്ച്, പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായ ഓര്‍ഡിനന്‍സുകളാണ്. 529-ല്‍ ഇതു പുറത്തുവന്നു.
ഒരു ജൂറിസ്റ്റ് ട്രൈബോണിയത്തിന്റെ കീഴില്‍ ജോലിയെടുത്ത 16 അഭിഭാഷകരുടെ അധ്വാനഫലമായാണ് ഐജസ്ത രൂപപ്പെട്ടത്. 530-നും 533-നുമിടയിലാണ് ഇതു രചിക്കപ്പെട്ടത്. പരമ്പരാഗതവും ആധികാരികവുമായിരുന്ന നീതിന്യായ സങ്കല്പങ്ങളില്‍ നിന്നും പ്രസക്തമായവ സ്വീകരിച്ചാണ് ഇതു തയ്യാറാക്കിയിട്ടുള്ളത്. ഇന്‍സ്റ്റിറ്റ്യൂഷന്‍സ് 531-ല്‍ പ്രസിദ്ധീകൃതമായി. ഒന്നാംവര്‍ഷ നിയമവിദ്യാര്‍ഥികള്‍ക്കുള്ള പ്രാഥമിക ഗ്രന്ഥത്തിന്റെ പരിഗണന മാത്രമേ ഇതിനുള്ളു. ജസ്റ്റിനിയന്‍ പുറപ്പെടുവിച്ച പുതിയ ഓര്‍ഡിനന്‍സുകളുടെ (534-565) സമാഹാരമാണ് നോവല്ല കോണ്‍സ്റ്റിറ്റ്യൂഷനസ്റ്റ് പോസ്റ്റ് കോഡിസം. നാലാമത്തെ ഗ്രന്ഥമൊഴികെ ബാക്കിയുള്ളവയുടെ മൂലം ലാറ്റിന്‍ഭാഷയിലാണ്. എന്നാല്‍ ഇവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുള്ളത് ഗ്രീക്കുഭാഷയിലാണ്. പശ്ചിമ റോമന്‍ പ്രവിശ്യകളില്‍ ഇവയ്ക്ക് ഔദ്യോഗികമായ ലാറ്റിന്‍ വിവര്‍ത്തനങ്ങളുമുണ്ടായി. നോ: ജസ്റ്റിനിയന്‍ I
(സുരേഷ്)