This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജാമിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജാമിങ്
Jamming
റേഡിയോ തരംഗങ്ങളുടെ അഭിഗ്രഹണത്തെ നിര്‍ബന്ധരീത്യാ തടസ്സപ്പെടുത്തുന്ന പ്രക്രിയ. ജാമിങ്ങിനെ രണ്ടായി തരംതിരിക്കാം: (i) റേഡിയോ പ്രക്ഷേപണത്തിന്റെയോ ടെലിവിഷന്‍ സംപ്രേഷണത്തിന്റെയോ അഭിഗ്രഹണത്തെ തടസ്സപ്പെടുത്തുവാനായി നടത്തുന്ന 'ബ്രോഡ്കാസ്റ്റ് ജാമിങ്'. (ii) സൈനിക ആവശ്യങ്ങള്‍ക്കായി, ശത്രുരാജ്യങ്ങളുടെ റേഡിയോ വാര്‍ത്താവിനിമയ സംവിധാനം, റഡാര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുവാന്‍ വേണ്ടി ചെയ്യുന്ന 'മിലിട്ടറി ജാമിങ്'.
ജാം ചെയ്യേണ്ട സിഗ്നലുകളെ അപേക്ഷിച്ച് വളരെ ശക്തിയേറിയ റേഡിയോ തരംഗങ്ങള്‍ പ്രേഷണം ചെയ്ത് റേഡിയോ തരംഗങ്ങളും സിഗ്നലുകളും തമ്മില്‍ ധ്വംസക വ്യതികരണം (destructive interference) സൃഷ്ടിക്കുക എന്നതാണ് ജാമിങ്ങിന്റെ അടിസ്ഥാന തത്ത്വം.
I. ബ്രോഡ്കാസ്റ്റ് ജാമിങ്. രണ്ടാം ലോകയുദ്ധാരംഭത്തോടെയാണ് ഇതു പ്രചാരത്തില്‍ വന്നത്. ദേശീയ നയത്തിന്റെ ഭാഗമായി ഏതു ഭരണകൂടവും ശത്രുരാജ്യങ്ങളുടെ വാര്‍ത്തകള്‍ തങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്നത് തടയുന്നതിനുവേണ്ടി ശത്രു രാജ്യത്തിന്റെ റേഡിയോ പ്രക്ഷേപണത്തെയും ടെലിവിഷന്‍ സംപ്രേഷണത്തെയും തടസ്സപ്പെടുത്താറുണ്ട്.
അഭിഗ്രഹണം തടസ്സപ്പെടുത്തേണ്ട ദിശയിലേക്കു ശക്തിയേറിയ പ്രേഷകങ്ങളുപയോഗിച്ചു തടസ്സപ്പെടുത്തേണ്ട പ്രക്ഷേപണത്തിന്റെ അതേ ആവൃത്തിയില്‍ രവമോഡുലനം ചെയ്ത ശക്തിയേറിയ റേഡിയോ തരംഗങ്ങള്‍ പ്രേഷണം ചെയ്യുന്നു. ഈ രണ്ടു തരംഗങ്ങള്‍ തമ്മിലുള്ള ധ്വംസക വ്യതികരണംമൂലം ആ പ്രദേശത്തെ അഭിഗ്രഹണം തടസ്സപ്പെടുന്നു. ജാമിങ് തടയാനായി പ്രക്ഷേപണ നിലയങ്ങള്‍ തങ്ങളുടെ പ്രക്ഷേപണത്തിന്റെ ആവൃത്തിയില്‍ മാറ്റം വരുത്തുകയോ ഒരേ സന്ദേശം വിവിധ ആവൃത്തികളില്‍ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്നു. പ്രേഷിത തരംഗങ്ങളുടെ ആവൃത്തിയിലും ഇതിനനുസൃതമായ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ ജാമിങ് തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കൂ. പ്രേഷണ ആവൃത്തിയില്‍ പെട്ടെന്നു മാറ്റം വരുത്താന്‍ സാധിക്കുന്ന തരത്തിലുള്ള ഹൈ പവര്‍ പ്രേഷകങ്ങളാണ് ജാമിങ്ങിനു ഉപയോഗിക്കുന്നത്. ജാം ചെയ്യേണ്ട പ്രക്ഷേപണത്തിന്റെ ആവൃത്തി നിശ്ചയമില്ലെങ്കില്‍ പ്രേഷണത്തിന്റെ ആവൃത്തി ക്രമമായി വ്യത്യാസപ്പെടുത്തി ജാമിങ്ങിനനുയോജ്യമായ ആവൃത്തി കണ്ടെത്താവുന്നതുമാണ്.
ബ്രോഡ്കാസ്റ്റ് ജാമിങ് കൊണ്ടു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും കഴിയും. രണ്ടാം ലോകയുദ്ധകാലത്ത് ഊര്‍ജോപഭോഗം കുറയ്ക്കുവാന്‍ വേണ്ടി ജര്‍മന്‍ റേഡിയോ നിലയങ്ങള്‍ തങ്ങളുടെ പ്രക്ഷേപണം നിര്‍ത്തിവയ്ക്കുന്ന വേളകളില്‍ ബി.ബി.സി. നിലയം ജര്‍മന്‍ നിലയം പ്രേക്ഷപണം ചെയ്തിരുന്ന അതേ ആവൃത്തിയില്‍ പ്രക്ഷേപണം നടത്തി യാതൊരു തെറ്റിദ്ധാരണയ്ക്കും ഇട നല്കാതെ ജര്‍മന്‍ ജനതയ്ക്കിടയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നത് ഇതിനുദാഹരണമാണ്.
II. മിലിട്ടറി ജാമിങ്. സൈനിക ആവശ്യങ്ങള്‍ക്കായി ചെയ്യുന്ന ആക്ടീവ് ഇ.സി.എമ്മിന്റെ (Electromagnetic countermeasure) ഭാഗമായാണ് മിലിട്ടറി ജാമിങ് നടത്തുന്നത്. തുടക്കത്തില്‍ ഇ.സി.എം. എന്നതിന് 'ഇലക്ട്രോണിക് കൗണ്ടര്‍മെഷര്‍' എന്നായിരുന്നു വിവക്ഷ. എന്നാല്‍ ഇന്ന് 'ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്ര'ത്തിന്റെ വ്യാപ്തിയില്‍ വരുന്ന എല്ലാവിധ റേഡിയോ തരംഗങ്ങളെയും 'കൗണ്ടര്‍മെഷര്‍' നടത്തുവാനായി പ്രയോജനപ്പെടുത്തുന്നു. സ്വയം ഊര്‍ജോത്പാദന ശേഷിയുള്ളവയാണ് 'ആക്ടീവ്' ഇ.സി.എം. ഉപകരണങ്ങള്‍ ഉദാ. മിലിട്ടറി ജാമിങ് ഉപകരണങ്ങള്‍.
ശത്രുക്കളുടെ ഇലക്ട്രോമാഗ്നെറ്റിക് സെന്‍സറുകളെ നിര്‍വീര്യമാക്കുക, രവ ജാമിങ് നടത്തുക, ശത്രുവിന്റെ റഡാറിലേക്ക് 'പള്‍സ്-ഡിലേ' (ടൈം-ഡിലേ) ചെയ്ത സിഗ്നലുകള്‍ പ്രേഷണം ചെയ്യുക എന്നിവയൊക്കെ മിലിട്ടറി ജാമിങ്ങില്‍ പെടുന്നു. പ്രധാന ജാമിങ് രീതികള്‍ ഇവയാണ്.
1. രവ ജാമിങ് (Noise jamming). പ്രേഷകങ്ങള്‍ വഴി രവ മോഡുലനം ചെയ്ത ശക്തിയേറിയ റേഡിയോ തരംഗങ്ങള്‍ പ്രേഷണം ചെയ്താണ് രവ ജാമിങ് സൃഷ്ടിക്കുന്നത്. മോഡുലനം ചെയ്യാന്‍ 'വൈറ്റ് നോയിസ്' ഉപയോഗിക്കുകയും പ്രേഷിത റേഡിയോ തരംഗത്തിന്റെ ആവൃത്തി ജാം ചെയ്യേണ്ട സിഗ്നലിന്റെ ആവൃത്തിക്കു തുല്യവുമാണെങ്കില്‍ ജാമിങ് പ്രക്രിയയെ 'വൈറ്റ് നോയിസ് ജാമിങ്' (സ്പോട്ട് ജാമിങ്) എന്നു പറയുന്നു. അതേ സമയം പ്രേഷിത തരംഗത്തിന്റെ വാഹക ആവൃത്തിക്ക് ചാക്രികമായ മാറ്റം വരുത്തിക്കൊണ്ട് ശത്രുവിന്റെ റഡാര്‍ സിഗ്നലുകളെ 'മാസ്ക്' (mask) ചെയ്യുന്ന തരത്തിലുള്ള പള്‍സുകള്‍ സൃഷ്ടിച്ച് ജാമിങ് നടത്തുന്നതിന് 'സ്വീപ്-ത്രൂ ജാമിങ്' (ബാറിജ് ജാമിങ് - barrage jamming) എന്നു പറയുന്നു. ഊര്‍ജോപഭോഗം കണക്കാക്കിയാല്‍ സ്വീപ്-ത്രൂ ജാമിങ്ങാണ് കൂടുതല്‍ ലാഭകരം.
തന്റെ റഡാര്‍ സിഗ്നലുകള്‍ ജാം ചെയ്യപ്പെടുകയാണെന്ന് പ്രതിയോഗിക്കു മനസ്സിലാക്കാം എന്നതാണ് രവ ജാമിങ്ങിന്റെ അപാകത. പ്രക്ഷേപണ ആവൃത്തിയില്‍ പെട്ടെന്ന് മാറ്റം വരുത്തിയും ഒരേ സന്ദേശം വിവിധ ആവൃത്തികളില്‍ പ്രക്ഷേപണം ചെയ്തും പ്രതിയോഗിക്ക് രവ ജാമിങ് തടയാം. അനവധി രവങ്ങള്‍ കൂടിക്കുഴഞ്ഞ സാഹചര്യങ്ങളിലും പ്രതിയോഗിയുടെ പ്രതികരണ സമയം (reaction time) കുറവായ സന്ദര്‍ഭങ്ങളിലും രവ ജാമിങ് ഫലപ്രദമാണ്.
2. ഡിസെപ്ഷന്‍ ജാമിങ് (Deception Jamming). ശത്രുക്കളെയും അവരുടെ പ്രേഷണ സംവിധാനത്തെയും തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന് പല മാര്‍ഗങ്ങളുണ്ട്.
റഡാറില്‍ നിന്ന് പ്രേഷണം ചെയ്യുന്ന റേഡിയോ സിഗ്നലുകള്‍ ലക്ഷ്യത്തില്‍ തട്ടി തിരികെ റഡാറിലേക്കു വരുന്ന സമയം കണക്കാക്കിയാണ് പ്രതിയോഗി താന്‍ ആക്രമിക്കാനുദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്കുള്ള അകലം കണ്ടുപിടിക്കുന്നത്. ഇവിടെയാണ് ജാമിങ്ങിന്റെ പ്രസക്തി. ശത്രുവിന്റെ റഡാറില്‍ നിന്നെത്തുന്ന സിഗ്നലുകളെ ഇ.സി.എം. റിസീവര്‍ പിടിച്ചെടുത്ത് ആ സിഗ്നലുകളെ ഒരു 'ഡിലേ-ലൈനില്‍' കൂടി കടത്തിവിട്ടശേഷം സിഗ്നലിന്റെ തീവ്രത വര്‍ധിപ്പിച്ച് ശത്രുവിന്റെ റഡാറിലേക്കു തിരിച്ചയയ്ക്കുന്നു. ഡിലേ-ലൈനില്‍ സംഭവിച്ച സമയ നഷ്ടം ശത്രു അറിയാത്തതിനാല്‍ ശത്രുവിന്റെ റഡാര്‍ കണക്കാക്കുന്ന ലക്ഷ്യത്തിലേക്കുള്ള അകലം, യഥാര്‍ഥത്തിലുള്ള അകലത്തില്‍ നിന്നും വ്യത്യസ്തമായിരിക്കും.
സിഗ്നലുകളെ ഇങ്ങനെ തിരിച്ചയയ്ക്കുമ്പോള്‍ അവയോടൊപ്പം സിഗ്നലിന്റെ അതേ ആവൃത്തിയിലുള്ള അനവധി 'വ്യാജ സ്പന്ദങ്ങള്‍' കൂടി (false pulse) അയയ്ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ യഥാര്‍ഥ സിഗ്നലിന്റെ 'പ്രതിധ്വനി' (echo) തടഞ്ഞു വയ്ക്കുകയോ (blackout) വ്യാജ സിഗ്നലുകളുടെ തീവ്രത പ്രതിധ്വനിയെ അപേക്ഷിച്ച് ഉയര്‍ത്തുകയോ ചെയ്തിരിക്കും. ഇക്കാരണങ്ങളാല്‍ ശത്രുവിന്റെ റഡാറില്‍ തെളിയുന്ന ചിത്രം ചിന്താക്കുഴപ്പം സൃഷ്ടിക്കുന്ന ഒന്നായിരിക്കും. പ്രതിധ്വനി തടയപ്പെട്ടതാണെങ്കില്‍ ലക്ഷ്യസ്ഥാനം തന്നെ അറിയാനാവില്ല. വ്യാജ സിഗ്നലുകളുടെ തീവ്രത ഉയര്‍ന്നതാണെങ്കില്‍, തീവ്രത കുറഞ്ഞ യഥാര്‍ഥ പ്രതിധ്വനി, രവം (noise) മൂലം ഉണ്ടായതാണെന്നു കരുതി തള്ളിക്കളയാനാണ് സാധ്യത. മാത്രമല്ല, വ്യാജ സ്പന്ദങ്ങള്‍ ഓരോന്നും പ്രത്യേകം ലക്ഷ്യസ്ഥാനത്തുനിന്നും വരുന്നതാണെന്ന തെറ്റിദ്ധാരണയും സൃഷ്ടിക്കപ്പെടുന്നു. അങ്ങിനെ ശത്രുവിന്റെ റഡാറിന്റെ കാര്യക്ഷമത തന്നെ നഷ്ടപ്പെടുന്നു.
ഒരു 'ഡിസെപ്ഷന്‍ ജാമിങ് വ്യൂഹ'ത്തില്‍ (deception jamming system) ഉണ്ടായിരിക്കേണ്ട പ്രധാന ഉപകരണങ്ങള്‍ ഇവയാണ്:
(i) ശത്രുവിന്റെ റഡാറിലുണ്ടായ കുഴപ്പത്തിനു കാരണം, ജാമിങ് അല്ല മറിച്ച് ഏതോ യന്ത്രത്തകരാറാണെന്നു തോന്നത്തക്ക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജാമറുകള്‍.
(ii) 'ഡേറ്റാ ലിങ്ക് കമ്യൂണിക്കേഷന്‍' സംവിധാനം ഉപയോഗിച്ച്, ശത്രു പ്രേഷണം ചെയ്യുന്ന സന്ദേശങ്ങളില്‍ അവനറിയാത്ത വിധത്തില്‍ തെറ്റായ അക്കങ്ങള്‍ തിരുകിക്കയറ്റുവാന്‍ ശേഷിയുള്ള, ഒരു 'സ്വചല ഡേറ്റാ ലിങ്ക് കമ്യൂണിക്കേഷന്‍ ജാമര്‍' (automatic data link communication jammer).
(iii) തങ്ങളുടെ റേഡിയോ വാര്‍ത്താവിനിമയ സംവിധാനം തകരാറിലാകാന്‍ കാരണം പ്രതികൂല കാലാവസ്ഥയാണെന്ന് ശത്രുവിന് തോന്നത്തക്കവിധം കാര്യങ്ങള്‍ നിര്‍വഹിക്കുന്ന 'ഹൈഫ്രീക്വന്‍സി ജാമിങ്' ഉപകരണങ്ങള്‍.
(iv) ശത്രുവിന്റെ റഡാറില്‍ നിന്നുംവരുന്ന റേഡിയോ തരംഗങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചശേഷം അവയെ റഡാറിലേക്കു തന്നെ തിരിച്ചു പ്രതിഫലിപ്പിക്കുന്ന 'ആക്ടീവ്-റിട്രോ-റിഫ്ളക്റ്റീവ് ചാഫ്'.
(v) ട്രാക്കിങ് റഡാറിന്റെ ഭീഷണിയില്‍ നിന്നും രക്ഷപ്പെടാനായി വിവിധ ആവൃത്തി ബാന്‍ഡുകളില്‍ 'ഫാള്‍സ് ടാര്‍ഗറ്റ് റിട്ടേണ്‍സ്' പ്രേഷണം ചെയ്യുന്ന ഇ.സി.എം. ഡിസെപ്ഷന്‍ ഉപകരണങ്ങള്‍.
പവര്‍ മാനേജ്മെന്റ് (power management) കംപ്യൂട്ടറിന്റെ സഹായത്തോടെ ജാമിങ് ട്രാന്‍സ്മിറ്ററുകളെ പ്രവര്‍ത്തനക്ഷമമാക്കുന്ന പ്രക്രിയയാണിത്. പ്രതിയോഗിയുടെ ഉപകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ഭീഷണി (threat) സിഗ്നലുകളെ തിരിച്ചറിയുവാന്‍ സഹായിക്കുന്ന 'സെറ്റ്-ഓണ്‍' റിസീവര്‍ ആണ് ഭീഷണി സിഗ്നലുകളെ വിലയിരുത്തി അവയെ ജാം ചെയ്യേണ്ട പ്രേഷണ ആവൃത്തി നിശ്ചയിക്കുന്നത്. പലപ്പോഴും ഈ ഭീഷണി സിഗ്നലുകളെ കംപ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള 'ത്രെറ്റ് ലൈബ്രറി ഡേറ്റ'യുമായി (threat library data) താരതമ്യം ചെയ്തശേഷമാണ് പ്രതികരണ മാര്‍ഗങ്ങള്‍ നിശ്ചയിക്കുന്നത്. ഭീഷണികള്‍ക്കു നല്കേണ്ട മുന്‍ഗണനയും ഈ ഘട്ടത്തില്‍ നിശ്ചയിക്കുന്നു. കംപ്യൂട്ടര്‍ ആണ് ജാമിങ് ട്രാന്‍സ്മിറ്ററുകളെ പ്രവര്‍ത്തനക്ഷമമാക്കുന്നത്. പ്രേഷണം ഇടയ്ക്കിടയ്ക്കു നിര്‍ത്തിവച്ച് പ്രതിയോഗിയുടെ സിഗ്നലുകളെ അപഗ്രഥനം ചെയ്ത് ജാമിങ്ങിന്റെ ഫലപ്രാപ്തി വിലയിരുത്താറുമുണ്ട്. ഒരു സങ്കേതം നിഷ്ഫലമാണെന്നു കണ്ടാല്‍ കംപ്യൂട്ടര്‍ മറ്റൊന്നു സ്വീകരിക്കും. ചില ഇ.സി.എം. സംവിധാനങ്ങളില്‍ പ്രതിയോഗിയുടെ ഇ.സി.എം. സംവിധാനത്തിന്റെ പ്രവര്‍ത്തനം കൂടി കണക്കിലെടുത്ത് 'റിയല്‍-ടൈമി'ലാണ് താരതമ്യ പഠനം നടത്തുന്നത്.
3. ആക്ടീവ് ചാഫ് (Active chaff). ശത്രുവിന്റെ റഡാറില്‍ പെടാതിരിക്കാന്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഇലക്ട്രോണിക് മറയോ, ഇന്‍ഫ്രാറെഡ് ഹോമിങ് ആയുധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ അന്തരീക്ഷത്തില്‍ വിന്യസിക്കപ്പെടുന്ന വ്യാജ ലക്ഷ്യസ്ഥാനമോ ആണ് ചാഫ്. ചാഫ് (chaff) എന്ന അമേരിക്കന്‍ സംജ്ഞയ്ക്കു സമാനമാണ് ബ്രിട്ടീഷ് സംജ്ഞയായ 'വിന്‍ഡോ'യും (window) ജര്‍മന്‍ സംജ്ഞയായ 'ദുപ്പലും' (duppel). പാസീവ് ഇ.സി.എമ്മി.ന്റെ ഭാഗമാണ് ചാഫ്.
മറിച്ച്, ആക്ടീവ് ഇ.സി.എമ്മി.ന്റെ സവിശേഷതകളുള്ള ഒന്നാണ് ആക്ടീവ് ചാഫ്. പുനര്‍-വികിരണ (re-radiation) ശേഷിയുള്ളതിനാല്‍ ഇത് ജാമിങ്ങിനായി ഉപയോഗിച്ചുവരുന്നു.
'ടണല്‍ ഡയോഡ് പ്രവര്‍ധകം' ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറിയ 'സോളിഡ്സ്റ്റേറ്റ് റിപ്പീറ്റര്‍' ആക്ടീവ് ചാഫിനുദാഹരണമാണ്. ജാമിങ് വേണ്ടിവരുമ്പോള്‍ ഒരു വിമാനത്തില്‍ നിന്ന് ആക്ടീവ് ചാഫിനെ അന്തരീക്ഷത്തില്‍ വിന്യസിപ്പിക്കുന്നു. ശത്രുവിന്റെ റഡാറില്‍ നിന്നും വരുന്ന, തീവ്രത കുറഞ്ഞതും സൂക്ഷ്മവുമായ റേഡിയോ തരംഗങ്ങളെ, ആക്ടീവ് ചാഫ് പിടിച്ചെടുത്ത് അവയെ ശത്രുവിന്റെ റഡാറിലേക്ക് തന്നെ പുനര്‍-വികിരണം ചെയ്ത് ജാമിങ് സൃഷ്ടിക്കുന്നു.
4. ഡിസ്പോസബിള്‍ ജാമര്‍ (Disposable Jammer). ആവശ്യാനുസരണം അന്തരീക്ഷത്തില്‍ വിന്യസിപ്പിക്കാവുന്നതും ഉപയോഗശേഷം ഉപേക്ഷിക്കാവുന്നതുമായ ജാമിങ് ഉപകരണങ്ങളാണിവ. യുദ്ധസമയത്താണ് ഇവ ഏറെ പ്രയോജനപ്പെടുന്നത്. ആവശ്യമുള്ളപ്പോള്‍ 'ചാഫ് ഡിസ്പെന്‍സറില്‍' നിന്നു പുറത്തേക്കു വിക്ഷേപിക്കപ്പെടുന്ന ഇവ ശത്രുവിന്റെ റഡാറുകള്‍ തങ്ങളെ കണ്ടെത്തുന്നതിനു മുമ്പുതന്നെ ജാമിങ് തരംഗങ്ങള്‍ പ്രേഷണം ചെയ്ത് റഡാറുകളെ നിര്‍വീര്യമാക്കുന്നു.
ഡിസ്പോസബിള്‍ ജാമറുകള്‍ക്കുള്ള മറ്റൊരുദാഹരണമാണ് യുദ്ധവിമാനങ്ങളില്‍ നിന്നും ആയുധങ്ങള്‍ പ്രയോഗിക്കുന്നതിനു തൊട്ടു മുന്‍പായി റോക്കറ്റുപയോഗിച്ചു വിക്ഷേപിക്കപ്പെടുന്ന പ്രികഴ്സര്‍ ഡിക്കോയ്ക്കുള്ളില്‍ (rocket-fired precussor decoys) വിവിധ ആവൃത്തി ബാന്‍ഡുകളില്‍ ട്യൂണ്‍ ചെയ്തു വച്ചിരിക്കുന്ന ജാമിങ് ഉപകരണങ്ങള്‍. ശത്രുവിന്റെ റഡാറുകളെ ജാം ചെയ്ത് സുരക്ഷിതവും സുഗമവുമായ ആയുധപ്രയോഗം ഉറപ്പുവരുത്തുകയാണ് ഇവയുടെ ലക്ഷ്യം.
വലിയ യുദ്ധക്കപ്പലുകള്‍, വിമാനവാഹിനികള്‍ തുടങ്ങിയവയെ ശത്രുക്കള്‍ അയയ്ക്കുന്ന റഡാര്‍ നിയന്ത്രിത ക്രൂസ് മിസൈലുകളില്‍ നിന്നും രക്ഷിക്കാനും ഈ ജാമറുകള്‍ ഉപയോഗിച്ചുവരുന്നു. മിസൈല്‍ വിക്ഷേപിക്കുന്നതിന് തൊട്ടുമുന്‍പ് അതിനെ ലക്ഷ്യത്തിലേക്കു നയിച്ചുകൊണ്ടു പോകാനായി 'ഗൈഡിങ് റഡാര്‍' ഒരു സിഗ്നല്‍ പ്രേഷണം ചെയ്തു തുടങ്ങുന്നു. ഈ സിഗ്നല്‍ യുദ്ധക്കപ്പലിലോ വിമാനവാഹിനിയിലോ ഉള്ള 'മിസൈല്‍ സീക്കറി'ല്‍ ലഭിച്ചാലുടന്‍ ഇ.സി.എം. ഉപകരണങ്ങള്‍ പ്രവര്‍ത്തനനിരതമാകുന്നു. തുടര്‍ന്ന് കപ്പലിന്റെയോ വിമാനവാഹിനിയുടെയോ സ്ഥാനത്തെ തെറ്റായ രീതിയില്‍ സൂചിപ്പിക്കുന്ന ഒരു ഇലക്ട്രോണിക് ഗോസ്റ്റ് ഇമേജ് (false electronic ghost image) കപ്പലില്‍ നിന്നും ദൂരെ മാറി സുരക്ഷിതമായൊരു സ്ഥാനത്തു പതിപ്പിക്കുന്നു. ഈഗോസ്റ്റ് ഇമേജിലേക്കു ഗൈഡിങ് റഡാറില്‍ നിന്നു പ്രേഷണം ചെയ്യപ്പെടുന്ന സിഗ്നല്‍ ആകര്‍ഷിക്കപ്പെടുന്നതുമൂലം മിസൈല്‍ അതിന്റെ യഥാര്‍ഥ ലക്ഷ്യത്തിലേക്കു പോകാതെ കടലിലുള്ള ഈഗോസ്റ്റ് ഇമേജില്‍ വന്നു പതിക്കുന്നു. ഇങ്ങനെ യുദ്ധക്കപ്പല്‍ അപകടം തരണം ചെയ്യുന്നു.
III. പരിമിതികള്‍. ആധുനിക പ്രതിരോധ വ്യൂഹത്തിന്റെ (defensive system) പ്രധാന ഘടകങ്ങളായ ഇ.സി.എം., ഇ.സി.സി.എം. (ഇലക്ട്രോമാഗ്നെറ്റിക് കൗണ്ടര്‍-കൗണ്ടര്‍മെഷേഴ്സ്) ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടിവരുന്ന ചെലവ് ഭാരിച്ചതാണ്. കരയിലോ കപ്പലിലോ യുദ്ധവിമാനത്തിലോ ആണ് ഇവ സ്ഥാപിക്കേണ്ടതെങ്കില്‍ സ്ഥലപരിമിതി പ്രശ്നമാകുന്നില്ല. മറിച്ച് ഇവ ഒരു മിസൈലിലാണ് സ്ഥാപിക്കേണ്ടതെങ്കില്‍ സ്ഥലപരിമിതി ഒരു പ്രശ്നം തന്നെയാണ്. മിസൈലുകളില്‍ ഇത്തരം ഉപകരണങ്ങള്‍ അധികം സ്ഥാപിക്കാറില്ല. പകരം മിസൈലില്‍ നിന്നു വിവിധ ആവൃത്തിയില്‍ ട്യൂണ്‍ ചെയ്യപ്പെട്ട 'സോളിഡ്സ്റ്റേറ്റ് ജാമറുകള്‍' ഇടയ്ക്കിടെ വിക്ഷേപിച്ചുകൊണ്ടിരിക്കും. ഇവയാണ് ജാമിങ് സൃഷ്ടിക്കുന്നത്.