This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാലിക അന്തഃകലാ വ്യൂഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:37, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജാലിക അന്തഃകലാ വ്യൂഹം

Reticulo-endothelial system

ജന്തുശരീരത്തിലെ പ്രതിരോധ പ്രക്രിയയുമായി ബന്ധപ്പെട്ട ഭക്ഷാണുക്കള്‍ (Phagocytes) ഉള്‍ക്കൊള്ളുന്ന ഒരു കൂട്ടം കോശങ്ങള്‍. ജാലിക അന്തഃതലീയവ്യൂഹം, ജാലിക കോശാവരണ വ്യവസ്ഥ എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. അസ്കോഫ് എന്ന ശാസ്ത്രജ്ഞനാണ് ഇതിനും 'റെറ്റികുലോ എന്‍ഡോഥീലിയല്‍ സിസ്റ്റം' എന്നു നാമകരണം ചെയ്തത്. ഈ കലാ വ്യൂഹത്തിലെ കോശങ്ങള്‍ ലസികാഗ്രന്ഥി, പ്ലീഹ, അസ്ഥിമജ്ജ തുടങ്ങിയ അവയവങ്ങളില്‍ വലപോലെ വ്യാപിച്ചുകിടക്കുന്നു.

ശരീരത്തിലെ രക്തത്തില്‍ അരുണാണുക്കളെ അപേക്ഷിച്ച് ശ്വേതാണുക്കളുടെ എണ്ണം വളരെ കുറവാണെങ്കിലും ഏതെങ്കിലും സൂക്ഷ്മാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ശ്വേതാണുക്കളുടെ എണ്ണം വളരെപ്പെട്ടെന്നു വര്‍ധിക്കുകയും രോഗാണുക്കളായ സൂക്ഷ്മജീവികളെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. രക്തത്തില്‍ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ഭക്ഷാണുക്കള്‍ക്കു മാത്രമല്ല ലസികാഗ്രന്ഥി, പ്ലീഹ, അസ്ഥിമജ്ജ തുടങ്ങിയ അവയവങ്ങളില്‍ കാണുന്ന ജാലിക കലാവ്യൂഹത്തിലെ കോശങ്ങള്‍ക്കും 'ഫാഗോസൈറ്റോസിസ്' എന്ന പ്രവര്‍ത്തനത്തിലേര്‍പ്പെടുവാനും പ്രതിരോധശക്തി പ്രദാനം ചെയ്യുവാനും കഴിവുണ്ട്. ഇത്തരം കോശങ്ങളെ ഹിസ്റ്റിയോസൈറ്റുകള്‍ എന്നു വിളിക്കുന്നു.

സാധാരണയായി ശരീരത്തിലെ കോശങ്ങള്‍ എല്ലാം തന്നെ പ്രത്യേക തരത്തിലുള്ള ധര്‍മങ്ങള്‍ക്കായി വിശേഷവത്കരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഈ കലാവ്യൂഹത്തിലെ കോശങ്ങള്‍ പ്രാരംഭ വളര്‍ച്ചാഘട്ടത്തില്‍ തന്നെ നിലനില്ക്കുന്നതിനാല്‍ പ്രത്യേക ധര്‍മങ്ങള്‍ക്കായി വേര്‍തിരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഈ കോശങ്ങള്‍ക്കു യഥേഷ്ടം വലുപ്പവും രൂപവും മാറ്റാന്‍ കഴിയുമെന്നു മാത്രമല്ല. ഏതുകാലത്തും മറ്റേതെങ്കിലും കലയിലെ കോശങ്ങളായി രൂപാന്തരം പ്രാപിക്കുവാനും കഴിയും. വിവിധ ശരീരകലകളില്‍ കാണുന്ന ഈ കലാവ്യൂഹത്തിലെ കോശങ്ങളെ പരിസഞ്ചരണത്തെ അടിസ്ഥാനമാക്കി രണ്ടായി തരം തിരിച്ചിട്ടുണ്ട്.

1. നിശ്ചല(സ്ഥിത)കോശങ്ങള്‍ (Fixed cells). ഹിസ്റ്റിയോ സൈറ്റുകള്‍, ജാലികാ കോശങ്ങള്‍, അന്തഃതലീയകോശങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍മനിരതമായ ഹിസ്റ്റിയോ സൈറ്റുകളെ രക്ത പരിസഞ്ചരണ വ്യൂഹത്തിലെയോ ലസികാ പരിസഞ്ചരണ വ്യൂഹത്തിലെയോ പ്രത്യേകമായ ചില ജാലികാ കോശാവരണ ഭാഗങ്ങളില്‍ കാണാം. കൂടാതെ സന്ധാനകലയിലും കലയിലെ വിടവുകളിലും ഹിസ്റ്റിയോസൈറ്റുകള്‍ ഉണ്ട്. ഇവ നിശ്ചലകോശങ്ങള്‍ എന്നാണറിയപ്പെടുന്നതെങ്കിലും വീക്കമോ (inflammation) മറ്റു പ്രചോദനമോകൊണ്ട് ഇതു പ്രവര്‍ത്തനക്ഷമമാകുകയും സഞ്ചരിക്കുകയും ചെയ്യും. ജാലിക കോശങ്ങള്‍ പ്ലീഹ, ലസികാഗ്രന്ഥി, അസ്ഥിമജ്ജ എന്നീ അവയവങ്ങളില്‍ കാണപ്പെടുന്നു. താരതമ്യേന വലുപ്പമുള്ള ഈ കോശങ്ങള്‍ ധാരാളം ശാഖോപശാഖകളായി പിരിഞ്ഞ് ഒരു വലപോലെ അന്യോന്യം ബന്ധപ്പെട്ടു കിടക്കുന്നു. ഇവയും അനുയോജ്യമായ പ്രചോദനം ലഭിക്കുമ്പോള്‍ ചലനാവസ്ഥ പ്രാപിക്കും.

അന്തഃതലീയ കോശങ്ങളാണു നിശ്ചലകോശങ്ങളിലെ മറ്റൊരംഗം. ഇതു പ്ലീഹയിലെ രക്തക്കുഴലുകളുടെ സ്തരങ്ങളില്‍ പാളികളായി കാണുന്നു. അസ്ഥിമജ്ജയിലെ വീനസ് തടാകങ്ങളിലും പീയൂഷഗ്രന്ഥിയുടെ രക്തലോമികളിലും ഈ കോശങ്ങള്‍ കാണാം. കരളിലെ രക്തലോമികളില്‍ പാളികളായി ആവരണം ചെയ്തു കാണപ്പെടുന്ന വലുപ്പമുള്ള പരന്ന നക്ഷത്രാകൃതിയുള്ള അന്തഃതലീയകോശങ്ങളെ കുപ്ഫെര്‍ കോശങ്ങള്‍ എന്നു പറയുന്നു. കേന്ദ്രനാഡീവ്യൂഹത്തിലെ മൈക്രോഗ്ളിയ എന്ന ചെറിയ കോശങ്ങളും ഈ വിഭാഗത്തില്‍പ്പെടുന്നു.

2. സഞ്ചരിക്കുന്ന കോശങ്ങള്‍ (Wandering cells). സഞ്ചാര സ്വഭാവമുള്ള ഹിസ്റ്റിയോസൈറ്റുകള്‍ വിവിധ ശരീരകലകളിലെ വിടവുകളിലും പ്ലീഹ, അസ്ഥിമജ്ജ, ലസികാഗ്രന്ഥി തുടങ്ങിയ ആന്തരാവയവങ്ങളിലെ രക്തധമനികളിലും കാണപ്പെടുന്നു. വലുപ്പക്കൂടുതല്‍ കാരണം ഈ കോശങ്ങളെ മാക്രോഫേജുകള്‍ (macrophages) എന്നും പറയാറുണ്ട്. ചിലപ്പോള്‍ ഇവയില്‍ ഒന്നിലധികം കോശകേന്ദ്രം (nucleus) കാണാറുണ്ട്. സാധാരണയായി രക്തത്തില്‍ കാണുന്ന ഏകകോശകേന്ദ്രമുള്ള മോണോസൈറ്റുകളും പൊതുവേ കലകളില്‍ സ്ഥിതി ചെയ്യുന്നതും എന്നാല്‍ രക്താര്‍ബുദം പോലെയുള്ള രോഗാവസ്ഥയില്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വൈദേശിക (foreign cells) കോശങ്ങളും സഞ്ചരിക്കുന്ന കോശവിഭാഗത്തില്‍ ഉള്‍പ്പെടുന്നു.

പ്രധാന ധര്‍മങ്ങള്‍. ശരീരത്തിനു പ്രതിരോധ ശക്തി നല്കുകയാണു ജാലിക അന്തഃകലാവ്യൂഹത്തിന്റെ പ്രധാന ധര്‍മം. ജന്തുശരീരത്തിന്റെ പ്രതിരോധ പ്രതികരണം (immune response) ഈ കോശങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈദേശിക വസ്തുക്കളെ സ്വന്തം ജൈവ വസ്തുക്കളില്‍ നിന്നും തിരിച്ചറിയുവാനുള്ള ജീവപരമായ കഴിവും തിരിച്ചറിയുന്ന വസ്തുക്കളെ നിര്‍വീര്യമാക്കുവാനോ, പരിത്യജിക്കുവാനോ ഉതകുന്ന വിധത്തിലുള്ള പ്രതികരണവുമാണ് ജന്തുക്കളുടെ പ്രതിരോധശക്തികൊണ്ടര്‍ഥമാക്കുന്നത്. 'ഫാഗോസൈറ്റോസിസ്' എന്ന പ്രക്രിയയാല്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വൈദേശിക പദാര്‍ഥങ്ങളെയും പരാദങ്ങളെയും (parasites) ബാക്റ്റീരിയ തുടങ്ങിയ സൂക്ഷ്മാണുക്കളെയും കോശസ്തരങ്ങളാല്‍ അന്തര്‍വലയം ചെയ്തു നിര്‍മാര്‍ജനം ചെയ്യുന്നു.

പ്രതിവസ്തുക്കളെ (antibodies) ശരീരത്തില്‍ ഉത്പാദിപ്പിക്കുകയാണ് പ്രതിരോധത്തിനുവേണ്ടി ഈ കലാവ്യൂഹം ചെയ്യുന്ന മറ്റൊരു പ്രവൃത്തി. വളരെ സങ്കീര്‍ണമായ ഘടനാവിശേഷം ഉള്ളതും ഇമ്യൂണോഗ്ളോബുലിന്‍ എന്നറിയപ്പെടുന്നതും ആയ പ്രത്യേകതരം പ്രോട്ടീനുകളാണ് പ്രതിവസ്തുക്കള്‍. ഏതെങ്കിലും ഒരു പരദ്രവ്യം അഥവാ വൈദേശിക വസ്തു (foreign body) ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനടുത്തുള്ള മുഴപോലുള്ള ലസികാ ഗ്രന്ഥിയില്‍ ഇതിനു പ്രതിവിഷമുള്ള ഒരു രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നു. ഇതാണ് പ്രതിവസ്തുക്കള്‍. പരദ്രവ്യവും പ്രതിവസ്തുക്കളും തമ്മില്‍ പ്രവര്‍ത്തിച്ച് ഒരു സംയുക്തമുണ്ടാകുന്നു. ഇതിനെ ശരീരത്തില്‍ നിന്നും മാറ്റുന്നത് ജാലിക അന്തഃകലാവ്യൂഹമാണ്.

ലസികാണുക്കള്‍ ഉത്പാദിപ്പിക്കുക; മോണോസൈറ്റുകള്‍ ഉത്പാദിപ്പിക്കുക; പ്രവര്‍ത്തനക്ഷമമല്ലാത്ത പ്രായം ചെന്ന ശോണാണുക്കളെയും ശ്വേതാണുക്കളെയും ജീര്‍ണിച്ചതും ഉപയോഗശൂന്യവുമായ മറ്റു പദാര്‍ഥങ്ങളെയും നിര്‍മാര്‍ജനം ചെയ്യുക തുടങ്ങിയവയും ഈ കലാവ്യൂഹത്തിന്റെ ധര്‍മങ്ങളില്‍പ്പെടുന്നു. ലിപിഡുകള്‍, കൊളസ്റ്റിറോള്‍, ഇരുമ്പ് തുടങ്ങിയവ സംഭരിച്ചു വയ്ക്കുന്നതും ഈ കോശങ്ങളിലാണ്. സന്ധാനകലയിലെ ഫൈബ്രോബ്ലാസ്റ്റുപോലുള്ള കോശങ്ങളായി രൂപാന്തരം പ്രാപിക്കാനും ഈ കലാവ്യൂഹത്തിലെ കോശങ്ങള്‍ക്കു കഴിയും.

(ഡോ. ഡി. വിത്സന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍