This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജാമ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:33, 14 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജാമ്യം

Bail

കുറ്റം ആരോപിക്കപ്പെട്ട പ്രതി അധികൃതര്‍ ആവശ്യപ്പെടുമ്പോള്‍ വിചാരണ നേരിടാനും ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അനുഭവിക്കുന്നതിനും ഹാജരായിക്കൊള്ളാം എന്ന ഉറപ്പില്‍ തടങ്കലില്‍ നിന്നു വിട്ടു നില്ക്കുന്നതിനായി സ്വത്തായോ ആളായോ കൊടുക്കുന്ന ഈട്.

കുറ്റവാളികളുടെ തെറ്റായ പ്രവൃത്തികളില്‍ നിന്നും സമൂഹത്തിനു സംരക്ഷണം ആവശ്യമാണ്. എന്നാല്‍ ഒരാളില്‍ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റം തെളിയുന്നതുവരെ അയാള്‍ നിരപരാധിയെന്നു കരുതപ്പെടുന്നു. നിരപരാധികള്‍ക്ക് സമൂഹത്തിന്റെ സംരക്ഷണം ആവശ്യമാണെന്ന അടിസ്ഥാനത്തിലാണ് ജാമ്യ വ്യവസ്ഥയുണ്ടായത്. ജാമ്യം നല്കല്‍ ഒരു പതിവു നടപടിയായും ജാമ്യം നിഷേധിക്കല്‍ പതിവു വിട്ടുള്ള നടപടിയായും കരുതപ്പെടുന്നു.

അവശര്‍ക്കും മാനസിക രോഗികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സംരക്ഷണം ഉറപ്പു ചെയ്തിട്ടുണ്ട്. മിക്ക രാഷ്ട്രങ്ങളും വ്യക്തി സ്വാതന്ത്ര്യത്തെ മൌലികാവകാശമായി അംഗീകരിക്കുന്നു. ഈ വ്യക്തിസ്വാതന്ത്ര്യമാണ് ജാമ്യ സങ്കല്പങ്ങളുടെ ആധാരശില. നിമയത്തിന്റെ വഴികളിലൂടെ മാത്രമേ ആവശ്യമായി വരുന്നപക്ഷം ഒരാളിന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ പാടുള്ളൂ എന്നാണ് നിയമം. ഭരണകൂടത്തിനും കുറ്റവാളികള്‍ക്കും ഒരുപോലെ നീതി ലഭിക്കുന്ന തരത്തിലാണ് നീതി നിര്‍വഹണം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

ജാമ്യം പ്രധാനമായും രണ്ടുതരമുണ്ട്: (1) ജാമ്യം ലഭിക്കാനര്‍ഹതയുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ചത്. (2) ജാമ്യം ലഭിക്കാനര്‍ഹതയില്ലാത്ത കുറ്റകൃത്യങ്ങളില്‍പ്പെട്ടവരെ സംബന്ധിച്ചത്.

ക്രമിനല്‍ നടപടി നിയമത്തിലെ മുപ്പത്തിമൂന്നാമത്തെ അധ്യായത്തില്‍ ജാമ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു. ഇതില്‍ 436 മുതല്‍ 439 വരെയുള്ള വകുപ്പുകള്‍ ജാമ്യം കൊടുക്കാവുന്നതും കൊടുക്കാന്‍ പാടില്ലാത്തതുമായ കുറ്റകൃത്യങ്ങളെപ്പറ്റിയും ജാമ്യം നല്കല്‍ സംബന്ധിച്ച വിവിധ കോടതികളുടെ അധികാര പരിധികളെപ്പറ്റിയും വിവരിക്കുന്നു. ക്രിമിനല്‍ നടപടി നിയമത്തിലെ ഒന്നാം പട്ടിക 5-ാം കോളത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളില്‍ ജാമ്യം കൊടുക്കാവുന്നതും കൊടുക്കാന്‍ പാടില്ലാത്തതുമായ വകുപ്പുകള്‍ വേര്‍തിരിച്ചിട്ടുണ്ട്. 436-ാം വകുപ്പനുസരിച്ച് ജാമ്യം കൊടുക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ള കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്കു ജാമ്യം ഒരു അവകാശമെന്ന നിലയില്‍ സമീപിക്കാം. ജാമ്യം കൊടുക്കാന്‍ പാടില്ലാത്ത കുറ്റകൃത്യങ്ങളില്‍പ്പെട്ടവര്‍ക്ക് ജാമ്യം ഒരവകാശമെന്ന നിലയില്‍ സമീപിക്കാവുന്നതല്ല. കുറ്റാരോപിതരായി വരുന്നവരെ ജയിലിലയയ്ക്കുന്നതിനുപകരം ജാമ്യത്തില്‍ വിടുക എന്നതായിരിക്കണം കോടതികളുടെ പൊതു സമീപനം.

കുറ്റകൃത്യത്തിന്റെ സ്വഭാവം, ഗൌരവം, പ്രതിയുടെ പ്രത്യേക സാഹചര്യങ്ങള്‍, തെളിവിന്റെ സ്വഭാവം, വിചാരണയ്ക്ക് പ്രതിയെ ലഭിക്കുന്നതിനുള്ള സാധ്യത, പ്രതിയുടെ സ്ഥാനം, സ്വഭാവം, സാമ്പത്തിക ശേഷി, പൂര്‍വകാല ക്രിമിനല്‍ ചരിത്രം, ഉത്തരവാദിത്തമുള്ള ആളുകള്‍ അയാളുടെ വിശ്വാസ്യതയ്ക്കു നല്കുന്ന ഉറപ്പ്, ശിക്ഷ ലഭിച്ചേക്കാമെന്നതിന്റെ സാധ്യത, സാക്ഷികളെ സ്വാധീനിച്ചേക്കുമോയെന്ന കാര്യം, വിശാലമായ പൊതുതാത്പര്യം ആവശ്യമായ മറ്റു കാര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജാമ്യം അനുവദിക്കാന്‍ പാടില്ലാത്ത കുറ്റം ആരോപിക്കപ്പെട്ട പ്രതികള്‍ക്കുവേണ്ടിയുള്ള ജാമ്യാപേക്ഷയിന്മേല്‍ തീരുമാനമെടുക്കുന്നത്. ഓരോ കേസിന്റെയും സ്വഭാവവും മറ്റും പരിശോധിച്ചാണ് ജാമ്യം കൊടുക്കുന്നതും നിഷേധിക്കുന്നതും. ഈ വക കാര്യങ്ങള്‍ തീരുമാനിക്കുന്നത് ക്രിമിനല്‍ നടപടി നിയമത്തിലെ 437-439-ാം വകുപ്പുകള്‍ പ്രകാരമാണ്.

ക്രിമിനല്‍ നടപടി നിയമത്തിലെ 438-ാം വകുപ്പിലാണ് മുന്‍കൂര്‍ ജാമ്യം വ്യവസ്ഥയുള്ളത്. ജാമ്യം നല്കാന്‍ പാടില്ലാത്ത വകുപ്പില്‍പ്പെട്ട കുറ്റകൃത്യമാരോപിക്കപ്പെട്ട് ഒരാള്‍ അറസ്റ്റു ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന പക്ഷം അയാള്‍ക്ക് ഹൈക്കോടതിയിലോ സെഷന്‍സ് കോടതിയിലോ മുന്‍കൂര്‍ ജാമ്യത്തിനപേക്ഷിക്കാം. ഇപ്രകാരം ജാമ്യം അനുവദിക്കുന്നത് ഒഴിവാക്കാനാകാത്തതും പ്രത്യേകമായുള്ളതുമായ സാഹചര്യങ്ങളിലായിരിക്കണമെന്നാണ് വ്യവസ്ഥ. മരണശിക്ഷ, ജീവപര്യന്തം തടവ് തുടങ്ങിയ ശിക്ഷകള്‍ വിധിക്കുന്ന കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവര്‍ക്ക് ഈ വകുപ്പു പ്രകാരം സാധാരണഗതിയില്‍ ജാമ്യം നല്കാറില്ല. അധികാരത്തിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെ അഴിമതിയെ സംബന്ധിച്ചും സാമ്പത്തിക കുറ്റങ്ങളെ സംബന്ധിച്ചും ഉള്ള കേസുകളിലും ഈ വകുപ്പു പ്രകാരം ജാമ്യം നല്കാറില്ല. സ്ത്രീധന മരണങ്ങളെ സംബന്ധിച്ചുള്ള കേസുകളിലും സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാറില്ല. കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ടവര്‍ക്ക് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അപ്പീലിനോടൊപ്പം ജാമ്യത്തിനും അപേക്ഷിക്കാവുന്നതാണ്. ഹൈക്കോടതിയില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് ജാമ്യം നല്കാവുന്ന വകുപ്പുകളില്‍ ജാമ്യത്തില്‍ നില്ക്കുന്നവരുടെ ജാമ്യം റദ്ദു ചെയ്യാവുന്നതാണ്. അങ്ങനെ ജാമ്യം റദ്ദു ചെയ്യുമ്പോള്‍ ആയത് ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമായി കരുതാവുന്നതല്ലെന്നാണ് നിലവിലുള്ള ഉത്തരവുകള്‍ കാണിക്കുന്നത്.

ജാമ്യം നല്കാന്‍ പാടില്ലാത്ത വകുപ്പുകളില്‍പ്പെട്ട് ജാമ്യത്തില്‍ നില്ക്കുന്നവരുടെ ജാമ്യവും ക്രിമിനല്‍ നടപടി നിയമത്തിലെ 437 (V), 439 വകുപ്പുകള്‍ പ്രകാരം മജിസ്ട്രേറ്റിനോ സെഷന്‍സ് കോടതിക്കോ ഹൈക്കോടതിക്കോ റദ്ദു ചെയ്യാവുന്നതാണ്. കേസ് രജിസ്റ്റര്‍ ചെയ്തശേഷം ചില വകുപ്പുകളില്‍പ്പെട്ട കേസുകളില്‍ 60 ദിവസത്തിനകവും കൊലപാതക കേസ് തുടങ്ങിയ കൂടുതല്‍ ഗുരുതരമായ കുറ്റങ്ങള്‍ക്കുള്ള കേസുകളില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഹാജരാക്കിയിട്ടില്ലെങ്കില്‍ ഒരു അവകാശമെന്ന നിലയില്‍ പ്രതിക്ക് ജാമ്യം അവകാശപ്പെടാവുന്നതാണ്. പ്രത്യേകമായുള്ള ചില നിയമങ്ങളിലും ജാമ്യം നല്കുന്നത് സംബന്ധിച്ച് വ്യവസ്ഥകളുണ്ട്.

പണമിടപാടുകളില്‍ അധമര്‍ണന്‍ കടം വാങ്ങിയ മുതല്‍ മടക്കി ക്കൊടുക്കുന്നതിന് ഉറപ്പായി മറ്റു വ്യക്തികള്‍ ചെയ്യുന്ന ഉടമ്പടിക്കും ജാമ്യം (security) എന്നു പറയുന്നു. ഈടായി അധമര്‍ണന്‍ സ്വന്തം വസ്തുവകകളും നല്കാറുണ്ട്. പണം കടം വാങ്ങല്‍, സാധനങ്ങള്‍ തവണവ്യവസ്ഥകളില്‍ വാങ്ങല്‍, ചിട്ടിപ്പണം വാങ്ങല്‍ എന്നിവയ്ക്ക് വ്യക്തികളുടെയും വസ്തുക്കളുടെയും ജാമ്യം ആവശ്യമായി വരുന്നു. മിക്കവാറും എല്ലാത്തരം ഇടപാടുകളിലും ഉറപ്പിലേക്കായി ജാമ്യക്കാര്‍ വേണ്ടിവരുന്നു. കടം വാങ്ങുന്ന ആളിനെപ്പോലെ തന്നെ ജാമ്യക്കാരനും കടബാധ്യത തീര്‍ക്കാന്‍ ബാധ്യസ്ഥനാകുന്നു. നിയമാനുസൃതമായ ഇടപാടുകളില്‍ ഉണ്ടാകുന്ന നഷ്ടം നികത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരെ സംബന്ധിച്ചും ഇടപാടുകളില്‍ ഉറപ്പുകള്‍ നല്ക്ന്നതു സംബന്ധിച്ചും ഇന്ത്യന്‍ കോണ്‍ട്രാക്റ്റ് ആക്റ്റില്‍ വ്യവസ്ഥകള്‍ ഉണ്ട്. അധ്യായം 8-ല്‍ 124 മുതല്‍ 147 വരെയുള്ള വകുപ്പുകളില്‍ ഇത് പ്രതിപാദിച്ചിരിക്കുന്നു. ഒരു കരാറില്‍ വാക്കുകൊടുത്ത ആളിന്റെ വാക്കു പാലിക്കാതെ വന്നാലുണ്ടാകുന്ന നഷ്ടം പരിഹരിച്ചുകൊള്ളാമെന്ന് ഒരാള്‍ ഏല്ക്കുമ്പോള്‍, അയാള്‍ അതു സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അതുപോലെ തന്നെ ഒരാള്‍ കരാറു പാലിക്കാതെ വരുമ്പോള്‍ അയാള്‍ക്കു വേണ്ടി ഉറപ്പു നല്കിയ ആളും അതിന്റെ ഉത്തരവാദിയാകുന്നു. ഇപ്രകാരമുള്ള ഉത്തരവാദിത്തം വാക്കാലോ രേഖാരൂപത്തിലോ ഏറ്റെടുക്കാവുന്നതാണ്. മുഖ്യ കടക്കാരന്റെ കടത്തെ സംബന്ധിച്ചെന്ന പോലെ തന്നെ ജാമ്യക്കാരന്റെ കടബാധ്യതയെ സംബന്ധിച്ചും പൂര്‍ണമായ തെളിവുകള്‍ വേണ്ടതാണ്. തുടര്‍ച്ചയായുള്ള ഇടപാടുകള്‍ക്ക് ഉറപ്പു നല്കുന്നതിനും വ്യവസ്ഥയുണ്ട്. അപ്രകാരമുള്ള ഉറപ്പുകള്‍ എതിര്‍ഭാഗത്തിനു നോട്ടീസ് നല്കി പിന്‍വലിക്കാവുന്നതാണ്.

ഒരേപോലത്തെ ഇടപാടുകളിലുള്ള കക്ഷികള്‍ക്കു പരസ്പരം ജാമ്യം നില്ക്കാനും നിയമം അനുവദിക്കുന്നു. തുക ഈടാക്കുന്നതിലേക്കു നടപടി എടുക്കുമ്പോള്‍ പ്രധാന ഇടപാടുകാരനില്‍ നിന്നോ ജാമ്യക്കാരനില്‍ നിന്നോ കൂട്ടായോ വെവ്വേറെയോ ഈടാക്കുന്നതിന് വ്യവസ്ഥയുണ്ട്. ഒരു ജാമ്യക്കാരനെ ഒഴിവാക്കിയാല്‍ കൂട്ടു ജാമ്യക്കാരന്റെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല. എന്നാല്‍ ജാമ്യക്കാരന്‍ കടം വീട്ടുകയാണെങ്കില്‍ പ്രധാന കടക്കാരനില്‍ നിന്നും അടച്ച തുകയും പലിശയും ഈടാക്കാന്‍ ജാമ്യക്കാരന് അവകാശമുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുടെ വക വസ്തുക്കള്‍ രക്ഷാകര്‍ത്താവെന്ന നിലയില്‍ ചുമതലയുള്ള ആള്‍ വില്ക്കുമ്പോള്‍ ഇടപാടിന്റെ സുരക്ഷിതത്വത്തിനുവേണ്ടി വസ്തുക്കള്‍ ജാമ്യമായി ആവശ്യപ്പെടാറുണ്ട്. യഥാര്‍ഥ ഉടമസ്ഥന്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ പ്രസ്തുത വിലയാധാരത്തെ ചോദ്യം ചെയ്യുകയാണെങ്കില്‍ ജാമ്യവസ്തുവില്‍ നിന്നും വസ്തു വാങ്ങിയ ആളിന്റെ നഷ്ടം ഈടാക്കിയെടുക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. പണം വായ്പ നല്കുന്നതിന് ബാങ്കുകളും ചിട്ടിപ്പണം നല്കുന്നതിന് ചിട്ടിമുന്നാളനും തക്കതായ ജാമ്യം ആവശ്യപ്പെടുന്നു. പണം തിരികെ കിട്ടുന്നതിലേക്കുള്ള ഉറപ്പിലേക്കാണ് ജാമ്യക്കാരെ ആവശ്യപ്പെടുന്നത്. ഇപ്രകാരമുള്ള ഇടപാടുകള്‍ സംബന്ധിച്ചുണ്ടാകുന്ന കേസുകള്‍ സിവില്‍ കോടതികളാണ് കൈകാര്യം ചെയ്യുന്നത്.

(അഡ്വ. മഞ്ഞിപ്പുഴ നടരാജന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍