This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജസ്റ്റിന്‍ I (450 - 527)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജസ്റ്റിന്‍ I (450 - 527)
ബൈസാന്തിയന്‍ ചക്രവര്‍ത്തി. ഇലീറികമിലെ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു (450). പട്ടാളക്കാരനായി ജീവിതം തുടങ്ങിയ ഇദ്ദേഹം പിന്നീട് അനസ്തേസിയസ് ചക്രവര്‍ത്തിയുടെ കീഴില്‍ അംഗരക്ഷകസേനയുടെ അധിപനായി ഉയര്‍ന്നു. 518-ല്‍ അനസ്തേസിയസ് മരണമടഞ്ഞപ്പോള്‍ സൈന്യം ഇദ്ദേഹത്തെ ചക്രവര്‍ത്തിയായി അവരോധിച്ചു. മതത്തെയും ഈശ്വരനെയും നിന്ദിച്ച മോണോഫിസൈറ്റ് വിഭാഗക്കാരോട് ഇദ്ദേഹം കൈക്കൊണ്ട പ്രകോപനപരമായ സമീപനം മാര്‍പ്പാപ്പയെ സന്തുഷ്ടനാക്കി. ഭിന്നിച്ചു നിന്ന പൂര്‍വ പാശ്ചാത്യ സഭകള്‍ തമ്മില്‍ അഭിപ്രായസമന്വയം ഉരുത്തിരിയുന്നതിന് ഈ നടപടി വഴിയൊരുക്കി. എന്നാല്‍ സഭയുടെ അനിഷ്ടത്തിനു പാത്രമായ അരിയന്‍ വിഭാഗക്കാരോട് ഇദ്ദേഹം പുലര്‍ത്തിയ ശത്രുതാമനോഭാവം ഇറ്റലിയിലെ ഗോത്തുകളെ ചൊടിപ്പിച്ചു. അതിര്‍ത്തിയിലെ പേര്‍ഷ്യന്‍ ഭീഷണിയെ ഇദ്ദേഹം വിജയകരമായി നേരിട്ടു. നിരക്ഷരനായ ജസ്റ്റിന്‍ I ഭരണകാര്യങ്ങളില്‍ സഹോദരീപുത്രനായ ജസ്റ്റിനിയനെ ആശ്രയിച്ചിരുന്നു. 527 ആഗ. 1-ന് അന്തരിച്ചു. സഹചക്രവര്‍ത്തിയായി ഇദ്ദേഹം വാഴിച്ചിരുന്ന ജസ്റ്റിനിയനാണ് പിന്നീട് ചക്രവര്‍ത്തിയായത്.