This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഝാ, എല്‍.കെ. (1913 - 88)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഝാ, എല്‍.കെ. (1913 - 88)
പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ഭരണ തന്ത്രജ്ഞനും മുന്‍ ജമ്മു-കാശ്മീര്‍ ഗവര്‍ണറും. 1913 ന. 22-ന് ബിഹാറിലെ ഭഗല്‍പ്പൂരില്‍ ലക്ഷ്മികാന്ത് ഝാ ജനിച്ചു. കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ലോകപ്രശസ്തരായ കെയ്ന്‍സ്, റോബര്‍ട്ട്സണ്‍, പിഗു എന്നിവര്‍ ഝായുടെ അധ്യാപകരായിരുന്നു. 1936-ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസി(ഐ.സി.എസ്.)ല്‍ പ്രവേശിച്ച ഝാ ചീഫ് കണ്‍ട്രോളര്‍ ഒഫ് ഇംപോര്‍ട്ട്സ് ആന്‍ഡ് എക്സ്പോര്‍ട്ട്സ്; ഹെവി ഇന്‍ഡസ്ട്രീസ്, ഇക്കണോമിക് അഫയേഴ്സ് തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1967-70-ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായും 1970-73-ല്‍ യു.എസ്സിലെ ഇന്ത്യന്‍ അംബാസഡറായും നിയമിതനായി. പ്രധാനമന്ത്രിമാരായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവരുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പല അന്താരാഷ്ട്ര സമിതികളിലും ഝാ അംഗമായിരുന്നു. ഗാട്ട് ചെയര്‍മാന്‍, അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഗവര്‍ണര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. അവികസത രാജ്യങ്ങളുടെ വ്യവസായവത്കരണം ത്വരിതപ്പെടുത്തുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കന്‍ കോമണ്‍വെല്‍ത്ത് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് ഇദ്ദഹം തിരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്ര വികസന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച വില്ലിബ്രാന്റിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര കമ്മിഷനില്‍ അംഗമായും ഝാ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജമ്മു-കാശ്മീര്‍ ഗവര്‍ണറായിരുന്ന (1973-81) ഝായെ കാശ്മീര്‍ സര്‍കലാശാല ഡി.ലിറ്റ്. ബിരുദം നല്കി ആദരിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ഭരണ നിര്‍വഹണ പരിഷ്കാരങ്ങള്‍ക്കുള്ള കമ്മിഷന്‍ ചെയര്‍ മാന്‍ എന്ന നിലയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
മിസ്റ്റര്‍ റെഡ് ടേപ്പ് എന്ന ഗ്രന്ഥത്തില്‍ ഝാ ഇന്ത്യന്‍ ബ്യൂറോക്രസിയെ സൂക്ഷ്മവിശകലനത്തിനു വിധേയമാക്കുന്നുണ്ട്. സാമ്പത്തിക രംഗത്തെ പരിഷ്കാരങ്ങള്‍ വിജയിക്കണമെങ്കില്‍, ബ്യൂറോക്രസി അടിസ്ഥാനപരമായി ഉടച്ചുവാര്‍ക്കണമെന്ന ഇദ്ദേഹത്തിന്റെ നിര്‍ദേശം ശ്രദ്ധേയമാണ്. ഇക്കണോമിക് ഡെവലപ്പ്മെന്റ് എന്‍ഡ്സ് ആന്‍ഡ് മീന്‍സ്, ഷോര്‍ട്ടേജസ് ആന്‍ഡ് ഹൈ പ്രൈസസ്; ദ് വേ ഔട്ട്, ഇക്കണോമിക് സ്ട്രാറ്റജി ഫോര്‍ ദി എയ്റ്റീസ്: ദ് നോര്‍ത്ത് സൗത്ത് ഡിബേറ്റ് തുടങ്ങിയവ ഝായുടെ ധനതത്ത്വസംബന്ധമായ കൃതികളാണ്. 1986-ല്‍ ബിഹാറില്‍ നിന്ന് ഇദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1988-ല്‍ അന്തരിച്ചു.