This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധികാരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:03, 2 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.67.45 (സംവാദം)

അധികാരി

മുന്‍കാലങ്ങളില്‍ മലബാറിലെ റവന്യൂ ഭരണത്തിന്റെ ഘടകമായ 'അംശ'ത്തിന്റെ മേലധികാരി. ദേശവാഴികളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനശക്തിയുണ്ടായിരുന്നവരാണ് അധികാരികള്‍. 'ഹോബളി' (ജില്ലയുടെ ഭാഗം - കന്നഡ) സമ്പ്രദായം നിര്‍ത്തലാക്കിയതോടെ 'അംശം' നിലവില്‍ വന്നു. എ.ഡി. 1822-23 കാലത്ത് സ്പെഷ്യല്‍ കമ്മീഷണറായിരുന്ന എച്ച്.എസ്. ഗ്രീമേയാണ് 'ഹോബളി' സമ്പ്രദായം നിര്‍ത്തലാക്കി 'അംശം' സമ്പ്രദായം രൂപവത്കരിച്ചത്. പലദേശങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് അംശങ്ങള്‍ രൂപവത്കരിക്കുകയും ഓരോ അംശത്തിന്റെയും ഭരണച്ചുമതലകള്‍ നിര്‍വഹിക്കാന്‍ അധികാരികളെ നിയമിക്കുകയും ചെയ്തു. 2212 ദേശങ്ങള്‍ സംയോജിപ്പിച്ച് 429 അംശങ്ങളാക്കി. മുന്‍പുണ്ടായിരുന്ന ദേശവാഴികളെ അധികാരികളാക്കി നിയമിച്ചിരുന്നു. ജാമ്യപത്രങ്ങള്‍ തയ്യാറാക്കുന്നത് അധികാരികളായിരുന്നുവെന്നത് മലബാറിലെ ഒരു പ്രത്യേകതയാണ്. 1889-ലെ ഗ്രാമക്കോടതി നിയമം അനുസരിച്ച് വ്യവഹാരഹേതു 20 രൂപയില്‍ കുറവുള്ള പെറ്റികേസുകള്‍ വിചാരണ ചെയ്യുന്നതിന് അവര്‍ക്ക് അധികാരമുണ്ടായിരുന്നു.


'അംശം', 'പകുതി', 'പ്രവൃത്തി' എന്നീ റവന്യൂ ഘടകങ്ങളുടെ പര്യായമായും 'അധികാരം' എന്ന പദം ഉപയോഗിച്ചിരുന്നു. അധികാരി 'അധികാര'ത്തിലെ കരംപിരിവിനും മറ്റും ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. ഇവരെ പ്രാദേശികമായി പാര്‍വത്യകാര്‍, മണിയക്കാരന്‍ എന്നെല്ലാം പറഞ്ഞുവന്നു. 1956-ല്‍ കേരള സംസ്ഥാനം നിലവില്‍ വന്നതോടുകൂടി 'അധികാരി' എന്ന ഉദ്യോഗം നിയമനിര്‍മാണംമൂലം ഇല്ലാതാവുകയും തത്സ്ഥാനത്ത് 'വില്ലേജ് ഓഫീസര്‍' (ഢശഹഹമഴല ഛളളശരലൃ) എന്ന തസ്തിക നിലവില്‍ വരികയും ചെയ്തു.


ഒരു റവന്യൂ ഘടകം എന്ന അര്‍ഥത്തില്‍ തിരുവിതാംകൂര്‍ പ്രദേശത്തും 'അധികാരം' എന്ന പദം പ്രയോഗത്തിലുണ്ടായിരുന്നു. ടി.കെ. വേലുപ്പിള്ളയുടെ (തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍) 'ആറ്റിങ്ങല്‍ ഇടക്കോട്ട് അധികാരം രണ്ടിലും നിലവും പുരയിടം വകയില്‍' എന്നും (1940) മറ്റൊരു സര്‍ക്കാര്‍ വിളംബരത്തില്‍ 'അതത് പ്രവൃത്തി അധികാരം കേള്‍വികളിലും മണ്ടപത്തും വാതുക്കല്‍കളിലും ഇരിക്കുന്ന പാര്‍വത്യകാരന്മാര്‍' എന്നും കാണുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A7%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍