This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജെല്ലി മത്സ്യങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജെല്ലി മത്സ്യങ്ങള്‍
Jelly Fishes
പൂര്‍ണമായും സമുദ്രജലത്തില്‍ ജീവിക്കുന്ന സ്കിഫോസോവ (Scy-phosoa)ഗ്രൂപ്പിലെ സീലന്ററേറ്റുകള്‍ (Coelenterates). ശരീരത്തിന്റെ സിംഹഭാഗവും ജെല്ലിപോലുള്ള ഒരു പദാര്‍ഥം കൊണ്ടു നിര്‍മിച്ചിരിക്കുന്നതിനാലാണ് ഇവ ജെല്ലി മത്സ്യങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ജലജീവിയാണെന്നതൊഴിച്ചാല്‍ ഇവയ്ക്കു മത്സ്യവുമായി യാതൊരു സാമ്യവുമില്ല. ചിലതരം കലകളാല്‍ നിര്‍മിതമായ ഇവയുടെ ശരീരത്തില്‍ പരിണാമം പ്രാപിച്ച അവയവ വ്യൂഹങ്ങളോ രക്തമോ ഇല്ല. ശരീരത്തിന് കുടയുടെ ആകൃതിയാണ്. ജലപ്രവാഹത്തില്‍ സ്വതന്ത്രമായി ഒഴുകിനടക്കുന്ന ഇവയ്ക്കു വായില്‍ വെള്ളമെടുത്തു പുറത്തേക്കു പായിച്ചുകൊണ്ട് ജലോപരിതലത്തിലേക്കു പൊന്താന്‍ കഴിയും. ഇത് അപരിഷ്കൃതമായ ഒരു തരം ജലചാലകത്വ(hydro propulsion)സംവിധാനമാണ്. പോളിപ്പ്, മെഡൂസ എന്നീ രണ്ടു ജീവിതദശകളാണ് ഇവയ്ക്കുള്ളത്. ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചു ജീവിക്കുന്ന ഇവയുടെ പോളിപ്പുദശ താരതമ്യേന ഹ്രസ്വമാണ്. എന്നാല്‍ മെഡൂസ ഇവയുടെ പ്രബലമായ ജീവിതദശയാണ്. പോളിപ്പുകള്‍ മുകുളനം (budding) വഴിയാണ് മെഡൂസകളെ ഉത്പാദിപ്പിക്കുന്നത്. ശരീരത്തിന്റെ ബാഹ്യപാളിക്കും ആന്തരികപാളിക്കും ഇടയില്‍ കാണുന്ന മധ്യശ്ലേഷധര(Mesogloea)ത്തില്‍ കോശങ്ങള്‍ കാണാം. കുടയുടെ ആകൃതിയുള്ള ഇവയുടെ ശരീരത്തിന്റെ അരിക് പാളി(Iobes)കളായി വിഭജിച്ചിരിക്കുന്നു. ഇത്തരം പാളികളില്‍ സ്പര്‍ശനേന്ദ്രി(Rhopalia)യങ്ങളുണ്ട്.
മെഡൂസകള്‍ ഏകലിംഗജീവികളാണ്. ശരീരത്തിന്റെ ഉള്‍വശത്തായി (Gonads)നാലു ജനനേന്ദ്രിയങ്ങള്‍ കാണപ്പെടുന്നു. സമുദ്രതീരത്തു സര്‍വസാധാരണമായി കാണുന്ന ജെല്ലി മത്സ്യങ്ങളില്‍ 5 ഗണത്തില്‍പ്പെടുന്ന 200-ഓളം വര്‍ഗങ്ങള്‍ (species) ഉണ്ട്.
ഓര്‍ഡര്‍ 1. സ്റ്റാറോമെഡൂസെ(Stauromedusae) (ലൂസര്‍നേരിടേ-Lucernaridae). കുടയുടെ ആകൃതിയിലുള്ള ശരീരത്തിന്റെ ബാഹ്യഭാഗത്തു കാണുന്ന ഞെട്ടു(peduncle)പയോഗിച്ചാണ് ഇവ ഏതെങ്കിലും പ്രതലത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നത്. ഇവയ്ക്കു സ്പര്‍ശനേന്ദ്രിയങ്ങള്‍ ഇല്ല. ലൈംഗികതയില്ലാത്ത ഇവയുടെ 'സ്കിഫിസ്റ്റോമ' (scyphistoma) ദശ മുകുളനം വഴിയാണ് മെഡൂസകള്‍ക്കു രൂപം നല്‍കുന്നത്.
ഓര്‍ഡര്‍ 2. ക്യൂബോമെഡൂസെ (Cubomeduase) (കാരിബ്ഡിടാ-Carybdeida). ഇവയുടെ ശരീരത്തിന് ഒരു ചതുരക്കട്ട(cube)യുടെ ആകൃതിയാണുള്ളത്. ബെല്ലിന്റെ അരിക് അകത്തേക്ക് അല്പം വളഞ്ഞ് ഒരു കപട വിച്ഛേദം (false velum) ആയി പരിണമിച്ചിരിക്കുന്നു. ലാപ്പറ്റുകളില്‍ നാല് അന്തര്‍ അരീയഗ്രാഹികളോ (inter radial tentecles) ഗ്രാഹി കുടങ്ങളോ കാണാം. ഇവയ്ക്ക് നാല് പെര്‍-റേഡിയല്‍ (per-radial) ഗ്രാഹികളുണ്ട്.
ഓര്‍ഡര്‍ 3. കൊറൊനേറ്റേ (Coronatae). ഇവയുടെ മെഡൂസകള്‍ സ്വതന്ത്രമായി ഒഴുകി നടക്കുന്നവയാണ്. കുടയുടെ ആകൃതിയിലുള്ള ഈ മെഡൂസകളുടെ ശരീരത്തിന്റെ മധ്യഭാഗത്തിനു ചുറ്റുമായി അല്പം കുഴിഞ്ഞ ചെറിയ ചാലുപോലുള്ള ഭാഗമാണ് കൊറോണറി പൊഴി (coronary groove) ബെല്ലിന്റെ അരിക് 16 പാളികളായി വിഭജിച്ചിരിക്കുന്നു. ഇവയുടെ ലാപ്പറ്റുകളില്‍ ഗ്രാഹികളും നാലു മുതല്‍ 32 വരെ ഗ്രാഹി കുടങ്ങളും കാണാം.
ഓര്‍ഡര്‍ 4. സിമിയോസ്റ്റോമിയെ (Semaeostomeae-Discomedusae). ഈ വിഭാഗത്തിലെ മെഡൂസകള്‍ക്ക് പരന്ന പാത്രം പോലെയുള്ള ബെല്‍ ആകൃതിയാണുള്ളത്. ഇവയ്ക്ക് കൊറോണറി പൊഴി ഇല്ല. എന്നാല്‍ ചതുരാകൃതിയിലുള്ള വായ്ഭാഗത്തിന്റെ നാലുമൂലകളില്‍ നിന്നും നീണ്ടു നില്ക്കുന്ന ഹസ്തങ്ങള്‍ (ഓറല്‍ ലോബുകള്‍) ഉണ്ട്. ഈ ലോബുകളുടെ അരിക് തൊങ്ങല്‍ പിടിപ്പിച്ചപോലെയാണ് കാണപ്പെടുന്നത്. ബെല്ലിന്റെ അരികില്‍നിന്ന് താഴേക്കു നീണ്ടു നില്ക്കുന്ന പൊള്ളയായ ഗ്രാഹികളും 8 മുതല്‍ 16 വരെ ഗ്രാഹികുടങ്ങളും ഇവയില്‍ കാണാറുണ്ട്.
ഓര്‍ഡര്‍ 5. റിസോസ്റ്റോമിയെ(Rhizostomeae). ഈ ഗണത്തില്‍പ്പെട്ട ജെല്ലി മത്സ്യങ്ങളുടെ ബെല്ലിന്റെ അരികില്‍ ഗ്രാഹികള്‍ കാണാനാകില്ല. എന്നാല്‍ എട്ടോ അതിലധികമോ ഗ്രാഹികുടങ്ങള്‍ ഈ ഭാഗത്തു കാണാനാകും. ഈ വിഭാഗത്തില്‍പ്പെട്ട ജെല്ലി മത്സ്യങ്ങള്‍ക്ക് കേന്ദ്രീകൃത 'വായ്'ഭാഗം ഇല്ലെങ്കിലും എട്ടു വലിയ ശാഖകളുള്ള മുഖഹസ്തങ്ങള്‍ (oral arms) ഉണ്ട്. ഓരോ ഹസ്തത്തിന്റെയും അരികില്‍ ചോര്‍പ്പ് (funnel) ആകൃതിയിലുള്ള ധാരാളം 'വായ'കള്‍ കാണാം.
1. അറിലിയ അറിറ്റ(Aurelia aurita). തീരക്കടലില്‍ സാധാരണ കാണപ്പെടാറുള്ള ഒരിനം ജെല്ലി മത്സ്യമാണിത്. ഉഷ്ണമേഖലാ കടലുകളിലും സമശീതോഷ്ണമേഖലാ കടലുകളിലും ഇവയെ ധാരാളമായി കണ്ടു വരുന്നു. ഇവ ഒറ്റയ്ക്കോ കൂട്ടമായോ ജലോപരിതലത്തില്‍ ഒഴുകി നടക്കുകയോ ബെല്ലാകൃതിയുള്ള ശരീരത്തിന്റെ സങ്കോചവികാസങ്ങളുടെ ഫലമായി മെല്ലെ ചലിക്കുകയോ ചെയ്യും. ചിലപ്പോഴൊക്കെ ഇവ ശക്തിയായ കാറ്റില്‍പ്പെട്ട് തീരത്ത് അടിഞ്ഞുകൂടാറുണ്ട്. അരണ്ട വെളിച്ചത്തില്‍ കൂടുതല്‍ ഊര്‍ജസ്വലരായി കാണുന്ന അറിലിയ വിവിധതരം ഉത്തേജനങ്ങളോടു പ്രതികരിക്കാറുണ്ട്. കോപ്പിപ്പോടുകള്‍ (copepods) പോലുള്ള ചെറുജീവികളെ ഭക്ഷിക്കുന്ന ഇവ മാംസഭുക്കുകളാണ്. ഇവയുടെ പോളിപ്പുകള്‍ വളരെ ചെറുതും 5 മീറ്ററോളം വലുപ്പമുള്ളവയുമാണ്. വലുപ്പവ്യത്യാസമൊഴിച്ചാല്‍ അറിലിയയ്ക്ക് ഒബീലിയ മെഡൂസ(obelia medusa)യുടെ ആകൃതിയുമായി വളരെയേറെ സാമ്യമുണ്ട്. കുടയുടെ ആകൃതിയിലുള്ള ഇതിന്റെ ശരീരം നാലു തുല്യഭാഗങ്ങളായി വിഭജിക്കാവുന്നതാണ് (Tetramerous symmetry). ബെല്ലിന്റെ വ്യാസം 7.5 - 30 സെ.മീ. വരെയാണ്. എന്നാല്‍ 60 സെ.മീ. വരെ ബെല്‍വ്യാസമുള്ള അറിലിയകളും വിരളമായുണ്ട്. സുതാര്യമായ ഇവയുടെ ശരീരത്തിനു നീലിമകലര്‍ന്ന വെള്ളനിറമാണുള്ളത്. മധ്യശ്ലേഷധര പാളി രശ്മികളെ പ്രതിഫലിപ്പിക്കുന്നു. ശരീരോപരിതലത്തിലൂടെ വ്യക്തമായി കാണാവുന്ന ഇവയുടെ ഗൊണാഡുകള്‍ക്ക് (gonads) ചുവപ്പോ ഇളം ചുവപ്പോ നിറമായിരിക്കും. ഇവ ബാഹ്യ ചര്‍മകലയില്‍ (ectoderm) നിന്നാണുദ്ഭവിക്കുന്നത്.
നതമധ്യാകൃതി(concave)യിലുള്ള ബെല്ലിന്റെ കേന്ദ്രത്തില്‍ നിന്നും താഴേക്കു നീണ്ടുനില്ക്കുന്ന വളരെ ചെറിയ ഒരവയവമാണ് മാനുബ്രിയം (manubrium). ഇതിന്റെ അഗ്രത്തിലാണ് സമചതുരാകൃതിയിലുള്ള വായ കാണപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വായ് ഹസ്തങ്ങളും കാണാം. ഗൊണാഡുകള്‍ക്കു തൊട്ടു താഴെയായി ബെല്ലിന്റെ ഉള്‍ഭാഗത്തു നാലു ചെറിയ അറകളും അവയുടെ സുഷിരങ്ങളുമുണ്ട്. ഇവ ഉത്പാദന ഗര്‍ത്തങ്ങള്‍ (Sub genetal pits) എന്നറിയപ്പെടുന്നു. ഇവയ്ക്ക് പ്രത്യുത്പാദനവുമായി യാതൊരു ബന്ധവുമില്ല.
2. ക്യാരിബ്ഡിയ(Charybdea). ക്യൂബോ മെഡൂസെ വര്‍ഗത്തില്‍പ്പെട്ട ഉറച്ച ശരീരമുള്ള ഒരിനം ജെല്ലി മത്സ്യമാണിത്. ചതുരക്കട്ടയുടെ ആകൃതിയിലുള്ള ഇവ 'കടല്‍ കടന്നല്‍' (Sea wasp) എന്നറിയപ്പെടുന്നു. ഇതിന്റെ ബെല്ലിന് 2-23 സെ.മീ. വരെ ഉയരമുണ്ടാകാറുണ്ട്. ശരീരത്തിന്റെ നാലുകോണുകളില്‍ കാണുന്ന നീണ്ട ഗ്രാഹികളുടെ ചുവടുഭാഗം ഒരു ജലാറ്റിന്‍ നിര്‍മിത പാളിപോലെ വിസ്തൃതമായി കാണപ്പെടുന്നു. ഈ ഭാഗം പിഡാലിയ (pedalia) അഥവാ ലാപ്പെറ്റ് എന്നറിയപ്പെടുന്നു. ഇവയുടെ ഗ്രാഹികള്‍ക്കിടയില്‍ നാലു ഗ്രാഹികുടങ്ങള്‍ കാണാം. ബെല്ലിന്റെ അരിക് ഒരു കപടവീലമായി മാറിയിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്യാസ്ട്രോ ഡെര്‍മല്‍ (Gastro dermal) കനാലുകള്‍ കാണാന്‍ കഴിയും. സദാ ഭക്ഷണപ്രിയരായ ഇവയെ ആഴം കുറഞ്ഞ ഉഷ്ണമേഖലാ കടല്‍പ്രദേശത്താണ് സാധാരണയായി കാണപ്പെടാറുള്ളത്.
3. പെലാജിയ(Pelagia).. താരതമ്യേന വലുപ്പം കൂടിയ അര്‍ധഗോളാകൃതിയിലുള്ള മെഡൂസയാണിത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ള ആമാശയഭിത്തിയില്‍ നിന്നു ബെല്ലിന്റെ അരികിലേക്ക് നീളുന്ന അരീയ ആമാശയ കോഷ്ഠങ്ങള്‍ (radial gastric pouches) ഉണ്ടെങ്കിലും ഇവയ്ക്കു വൃത്താകൃതിയിലുള്ള കനാലുകള്‍ (ring canals) ഇല്ല. ഇവയ്ക്ക് നീണ്ട വായ് ഹസ്തങ്ങളുണ്ട്. ബെല്ലിന്റെ അരിക് 15 പാളികളായി പിരിഞ്ഞിട്ടുണ്ടെങ്കിലും ഒന്നിടവിട്ടുമാത്രം കാണുന്ന എട്ട് ഗ്രാഹികുടങ്ങളാണുള്ളത്. ശരീരത്തിനു പുറത്ത് ചെറുപൊട്ടുകള്‍ പോലെയോ മുഴകള്‍ പോലെയോ ഉള്ള ഭാഗങ്ങള്‍ കാണാന്‍ കഴിയും. നേരിട്ട് വികാസം പ്രാപിക്കുന്ന ഇവയുടെ പ്ളാനുല ലാര്‍വ 'ഇഫൈറ'യായോ 'മെഡൂസ'യായോ പരിണമിക്കുന്നു. പെലാജിയ നിലോറ്റിക്ക (pelagia nelotica) എന്ന ഇനം രാത്രിയില്‍ പ്രകാശം പുറപ്പെടുവിക്കുന്നതിനാല്‍ തിളക്കമാര്‍ന്നവയായിരിക്കും.
4. സയനിയ(Cyanea). ചുവപ്പുനിറമോ മുന്തിരിച്ചാറിന്റെ നിറമോ ഉള്ള ഒരിനം വലിയ ജെല്ലി മത്സ്യമാണിത്. യു.എസിന്റെ തീരക്കടലിലും ധ്രുവപ്രദേശത്തും പ്രത്യേകിച്ച് ആര്‍ട്ടിക് കടലിലും ഇവയെ ധാരാളമായി കണ്ടുവരുന്നു. സൂര്യ ജെല്ലി (sunjelly) എന്നറിയപ്പെടുന്ന സയനിയ കാപ്പിലാറ്റ (cyanea capilatta)യാണ് കശേരുക്കള്‍ ഇല്ലാത്ത ഏറ്റവും വലിയ ജീവി. സാധാരണയായി 10-50 സെ.മീ. ആണ് ഇവയുടെ ബെല്ലിന്റെ വ്യാസം. എന്നാല്‍ ചില ജെല്ലി മത്സ്യങ്ങള്‍ക്കു 2 മീ. വരെ വ്യാസവും 36 മീറ്ററോളം നീളവുമുള്ള ഗ്രാഹികള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത്ലാന്തിക് സമുദ്രതീരത്തും പസിഫിക് സമുദ്രതീരത്തും കാണപ്പെടുന്ന ഇവ കടലില്‍ കുളിക്കുന്നവര്‍ക്ക് ഒരു പേടിസ്വപ്നമാണ്. ഇതിന്റെ മുള്ളുകൊണ്ടുള്ള കുത്ത് മാരകമാണ്. ഇവയുടെ ബെല്ലിന്റെ അരിക് എട്ടു ലാപ്പറ്റുകളായി തിരിച്ചിരിക്കുന്നു. ആകെ എട്ട് സ്പര്‍ശനേന്ദ്രിയങ്ങള്‍ കാണാം. വായയുടെ കോണുകളില്‍ വലുപ്പമുള്ള നീണ്ട നാലു ഹസ്തങ്ങള്‍ കാണപ്പെടുന്നു.
5. കാസിയോപിയ(Cassiopea). സുപ്രസിദ്ധമായ ഈ ജെല്ലി മത്സ്യത്തെ യു.എസ്. ശാസ്ത്രജ്ഞര്‍ പരീക്ഷണങ്ങള്‍ക്കു വ്യാപകമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വതവേ മടിയന്മാരായ ഇവ ആഴം കുറഞ്ഞ കടലിലോ ചെളിപ്രദേശത്തോ കണ്ടല്‍ക്കാടുകളിലോ ബെല്ലിന്റെ ഉള്‍ഭാഗം മുകളിലേക്കാക്കി അലസമായി കിടക്കാറുണ്ട്. 8-16 വരെ വായ് ഹസ്തങ്ങളുള്ള ഇവയുടെ നാല് വായ് ഹസ്തങ്ങളോരോന്നും നാലായി വിഭജിച്ചിരിക്കുന്നു. നാല് ഉപ ഉത്പാദന ഗര്‍ത്തങ്ങളും ശാഖോപശാഖകളായി പിരിഞ്ഞിട്ടുള്ള നിരവധി അരീയ ചാലുകളും ഇവയില്‍ കാണാവുന്നതാണ്. ബെല്ലിന്റെ സങ്കോച വികാസങ്ങളുടെ ഫലമായി സമീപത്തെത്തുന്ന പ്ളവങ്ങളെ ഇവ ഭക്ഷണമാക്കാറുണ്ട്.
തലമുറകളുടെ ആവര്‍ത്തനം(Alternation of generations). ജെല്ലി മത്സ്യങ്ങളുടെ ജീവിതചക്രത്തെപ്പറ്റി രണ്ടു വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലവിലുണ്ട്. ഒരു രീതിപ്രകാരം ഇവയുടെ വളര്‍ച്ചാദശകള്‍ തലമുറകളുടെ ആവര്‍ത്തനത്തിനുദാഹരണമാണ്. സ്വതന്ത്രമായ മെഡൂസദശ, അണ്ഡവും ശുക്ളവും ഉത്പാദിപ്പിക്കുന്ന ലൈംഗിക പ്രത്യുത്പാദന രീതിയെ സൂചിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബീജസങ്കലനത്തിനുശേഷം അണ്ഡം വികാസം പ്രാപിച്ച് സ്വതന്ത്രമായി ഒഴുകി നടക്കുന്ന പ്ലാനുല (planula) എന്ന ലാര്‍വദശ കൈവരിക്കുന്നു. അനന്തരം ഇത് 'സ്കിഫിസ്റ്റോമ' (Scyphistoma) എന്നറിയപ്പെടുന്ന പോളിപ്പായി രൂപാന്തരപ്പെടുന്നു. പോളിപ്പാകട്ടെ അലൈംഗികമായ ജീവിതദശയെ സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. ഇവ മുകുളനം വഴി ഉത്പാദിപ്പിക്കുന്ന ഇഫൈറ (ephyra) ലാര്‍വ രൂപപരിണാമം സംഭവിച്ച് ജെല്ലി മത്സ്യങ്ങളായിത്തീരുകയും പൂര്‍ണവളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു.
യഥാര്‍ഥ തലമുറകളുടെ ആവര്‍ത്തനം ജെല്ലി മത്സ്യങ്ങളില്‍ സംഭവിക്കുന്നില്ലെന്നാണ് രണ്ടാമത്തെ വാദം. ഉദാ. ജെല്ലി മത്സ്യങ്ങളുടെ വര്‍ഗത്തില്‍പ്പെട്ട ഒബീലിയയുടെ പോളിപ്പുകള്‍ ഒരു കോളനി രൂപത്തിലാണ് കാണപ്പെടുന്നത്. ഇവ മുകുളനം വഴി മെഡൂസകളെ ഉത്പാദിപ്പിക്കുമ്പോള്‍ പോളിപ്പിന് നേരിട്ട് രൂപപരിണാമം സംഭവിച്ച് മെഡൂസകളായിത്തീരുന്ന ചിലയിനങ്ങളുമുണ്ട്. എന്നാല്‍ ഒറിലിയയെ സംബന്ധിച്ചിടത്തോളം പോളിപ്പ് ദശയിലുള്ള സ്കിഫിസ്റ്റോമയുടെ ഒരു ഖണ്ഡത്തിനു രൂപരിണാമം സംഭവിച്ചാണ് മെഡൂസയായി മാറുന്നത്. ഒറിലയയ്ക്ക് പ്രകടമായ മെഡൂസദശയും ഹ്രസ്വമായ പോളിപ്പ്ദശയും ഉള്ളപ്പോള്‍ 'ഒബീലിയ'യില്‍ ഇവ രണ്ടും നേരെ തിരിഞ്ഞാണു കാണപ്പെടുന്നത്. ഇപ്രകാരം ഒറിലിയയുടെ ജീവിതചക്രം ലളിതമായ ഒരു തുടര്‍പ്രക്രിയയാണ്. എന്നാല്‍ സ്കിഫിസ്റ്റോമയുടെ ഗുണനം മൂലം സങ്കീര്‍ണവും ദീര്‍ഘവുമാക്കപ്പെട്ട രൂപപരിണാമത്തിന്റെ ഫലമായാണ് മെഡൂസകള്‍ ആവിര്‍ഭവിക്കുന്നത്.
(ഡോ. പി. മധുസൂദനന്‍പിള്ള)