This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജൂനഗഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:03, 12 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനഗഡ്

ഗുജറാത്ത് സംസ്ഥാനത്തിലുള്ള ഒരു ജില്ലയും അതിന്റെ ആസ്ഥാന നഗരവും. അറേബ്യന്‍ തീരത്തെ കത്തിയവാര്‍ ഉപദ്വീപിലുള്ള ഈ പ്രദേശം അഹമ്മദാബാദിന് 250 കി.മീ. തെക്കു പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. വ. രാജ്കോട്ട്- ജാംനഗര്‍ ജില്ലകളും ബാര്‍ദാകുന്നുകളുടെ ഭാഗങ്ങളും അതിര്‍വരമ്പിടുന്ന ജൂനഗഡിന്റെ കി. ഭാഗത്ത് അമ്റേലി ജില്ലയും തെക്കും പടിഞ്ഞാറും വശങ്ങളില്‍ അറേബ്യന്‍ സമുദ്രവുമാണ്. ജൂനഗഡ് ജില്ലയുടെ വിസ്തീര്‍ണം: 8831 ച.കി.മീ.; ജനസംഖ്യ: 2742291 (2011); പട്ടണത്തിലെ ജനസംഖ്യ: 320250 (2011). ഒരു പ്രധാന കാര്‍ഷിക-വാണിജ്യകേന്ദ്രമാണിത്.

പുരാതന രജപുത്രകോട്ടകളും ബുദ്ധമതഗുഹകളും ധാരാളമായുള്ള ഈ പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. 1475-ല്‍ സ്ഥാപിച്ചതാണ് ഇവിടത്തെ പ്രധാനകോട്ട. ബുദ്ധമത ഗുഹകളില്‍ ചിലത് അശോകന്റെ കാലത്തുതന്നെ ഉള്ളതാണ്. ഇതിഹാസകഥകളാല്‍ പ്രസിദ്ധമായ ഈ നഗരം ബുദ്ധ-ജൈനക്ഷേത്രങ്ങളെക്കൂടാതെ ഹിന്ദുമുസ്ലിം ദേവാലയങ്ങളാലും അനുഗൃഹീതമായിരിക്കുന്നു. ഇവിടത്തെ ഉപാര്‍കോട്ട് കോട്ട മധ്യകാലഘട്ടത്തിന്റെ ഒരു ശ്രദ്ധേയസ്മാരകമാണ്. ഇതിനടുത്തായി ആദി, കാദി എന്നു പേരുകളുള്ള രണ്ടു കിണറുകള്‍ കാണുന്നത് ഈ പേരിലുണ്ടായിരുന്ന രണ്ടു പെണ്‍കുട്ടികളുടെ സ്മരണ നിലനിര്‍ത്താനാണെന്നാണ് വിശ്വാസം.

പാലായിലുള്ള 14 അശോകശാസനങ്ങള്‍ കൊത്തിവച്ചിട്ടുള്ള പാറ (ബി.സി. 250)

ജൂനഗഡിന്റെ മുഖ്യസവിശേഷതയാണ് 'ഗിര്‍നാര്‍' കുന്നുകള്‍. 1097 മീ. വരെ ഉയരമുള്ള ഈ കുന്നുകളില്‍ ധാരാളം ക്ഷേത്രങ്ങളും ആരാധനാലയങ്ങളുമുണ്ട്. ഉപാര്‍കോട്ടില്‍ നിന്ന് ഗിര്‍നാര്‍ വരെയുള്ള പ്രദേശത്തും ധാരാളം പുരാതനക്ഷേത്രങ്ങള്‍ കാണാം. ഇവിടെ ബി.സി. 250 മുതല്ക്കുള്ളതെന്നു കരുതപ്പെടുന്ന ഒരു പാറയില്‍ പാലിയിലുള്ള 14 അശോകശാസനങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഇവ കൂടാതെ രുദ്രദാമന്റെയും (എ.ഡി. 150) സ്കന്ദഗുപ്തന്റെയും (എ.ഡി. 450) സംസ്കൃതത്തിലുള്ള ലിഖിതങ്ങളും കണ്ടെത്താം.

ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സിക്കുകാരും ജൈനരും ബുദ്ധമതക്കാരും അപൂര്‍വമായി മറ്റു മതസ്ഥരും ചേര്‍ന്ന ജനപഥത്തിന്റെ മുഖ്യഭാഷകള്‍ ഗുജറാത്തി, സിന്ധി, ഉര്‍ദു, ഹിന്ദി എന്നിവയാണ്.

ചരിത്രം. കത്തിയവാര്‍ (സൗരാഷ്ട്ര) മുനമ്പിലെ ഈ മുന്‍രാജ്യം 15-ാം ശ. വരെ രജപുത്രരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നീട് ഇത് മുഗള്‍ ഭരണത്തിന്‍ കീഴിലായി. 18-ാം ശ.-ത്തില്‍ മുഗള്‍ ഭരണത്തിന്റെ ശിഥിലീകരണകാലത്ത് ഷെര്‍ഖാന്‍ ബാബി ഇവിടെ സ്വതന്ത്രഭരണം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരായ നവാബുമാരായിരുന്നു പിന്നീട് ഇവിടത്തെ ഭരണാധികാരികള്‍. 1807-ല്‍ ജൂനഗഡ് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ കീഴിലായി. ഇവിടത്തെ ഭരണാധികാരികള്‍ ബ്രിട്ടീഷുകാരുമായി സൗഹൃദത്തിലായിരുന്നു. 1947-ല്‍ ഇവിടത്തെ മുസ്ലിം നവാബ് മൊഹബത്ഖാന്‍ ജൂനഗഡിനെ പാകിസ്താനോടു ചേര്‍ക്കാന്‍ ശ്രമിച്ചു. ജൂനഗഡിലെ ഒരു വിഭാഗം ഇതിനെതിരായിരുന്നു. ഇതോടെ ഇന്ത്യന്‍ സേന ജൂനഗഡില്‍ പ്രവേശിച്ചു. നവാബ് പാകിസ്താനിലേക്കു പലായനം ചെയ്തു. 1948-ല്‍ ഇവിടെ നടന്ന ജനഹിതപരിശോധനയില്‍ ഭൂരിപക്ഷവും ഇന്ത്യന്‍ യൂണിയനോടു ചേരുന്നതിനെ അനുകൂലിച്ചു. തുടര്‍ന്ന് ജൂനഗഡ് ഇന്ത്യയോടു ചേര്‍ത്തു. ജൂനഗഡും അടുത്തുള്ള മറ്റു നാട്ടുരാജ്യങ്ങളും ചേര്‍ത്ത് 1948 ഡിസംബറില്‍ കത്തിയവാഡ് ഐക്യസംസ്ഥാനം (സൗരാഷ്ട്ര) നിലവില്‍ വന്നു. 1956-ലെ സംസ്ഥാന പുനഃസംഘടനയിലാണ് ഇത് ബോംബെയുടെ ഭാഗമായിത്തീര്‍ന്നത്. 1960 മേയില്‍ നടന്ന സംസ്ഥാന പുനര്‍ വിഭജനത്തോടെ ജൂനഗഡ് ഗുജറാത്ത് സംസ്ഥാനത്തിന്റെ ഭാഗമായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%82%E0%B4%A8%E0%B4%97%E0%B4%A1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍