This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവന്ത്യാദിഗണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

19:24, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവന്ത്യാദിഗണം

ജീവന്തി [അടപൊതിയന്‍ (കൊതിയന്‍)] കിഴങ്ങ് ചേര്‍ത്ത് ആയുര്‍വേദവിധിപ്രകാരം തയ്യാറാക്കുന്ന പലതരം ഔഷധയോഗങ്ങള്‍ക്ക് മൊത്തത്തില്‍ പറയുന്ന പേര്. ഇത് കഷായമായും ചൂര്‍ണമായും ഘൃതമായും തൈലമായും മചണമായും തയ്യാറാക്കുന്നു. ഈ യോഗങ്ങളിലെല്ലാം പൊതുവില്‍ അടങ്ങിയിട്ടുള്ളത് അടപൊതിയന്‍ കിഴങ്ങ് മാത്രമാണ്. വിവിധ കല്പനകള്‍ക്ക് വിവിധോപയോഗമാണ് നിര്‍ദേശിച്ചിട്ടുള്ളത്. ജീവന്തിയുടെ ദൗര്‍ലഭ്യംമൂലം ജീവന്തി ചേര്‍ന്ന ഔഷധങ്ങള്‍ക്കെല്ലാം താരതമ്യേന വില കൂടുതലായിരിക്കും. അടുക്കളത്തോട്ടത്തിലും പൂച്ചട്ടിയിലും ഇത് കൃഷി ചെയ്യാം. പച്ചയായ ഔഷധം ഒടിച്ചാല്‍ അതില്‍നിന്നും പാല്‍ പോലുള്ള ഒരു ദ്രാവകം ഉണ്ടാകുന്നു. നേത്രരോഗത്തില്‍ പ്രത്യേകിച്ച് തിമിരത്തില്‍ ഇതിന്റെ ഉപയോഗം അദ്ഭുത ഫലമുണ്ടാക്കും. ഇതിന്റെ വംശത്തില്‍പ്പെട്ട കാരറ്റ് ഇതിന് പകരമായി ഉപയോഗിച്ചുവരുന്നുണ്ട്. ജീവകം 'എ' പ്രധാനമാകയാല്‍ ഇതിനെ ത്യജിക്കാനാവില്ല.

ജീവന്ത്യാദികഷായം. അടപൊതിയന്‍ കിഴങ്ങ്, ഇരുവേലി, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, കടുക്കാത്തോട്, ചിറ്റമൃത്, ആടലോടകത്തിന്‍ വേര്, നറുനീണ്ടിക്കിഴങ്ങ്, ചുക്ക്, ജീരകം, ഇരട്ടിമധുരം, മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, കയ്പന്‍ പടവലം, രാമച്ചം, വേപ്പ് ഇവ കഷായംവച്ച് തേന്‍, ശര്‍ക്കര ഇവ മേമ്പൊടി ചേര്‍ത്ത് സേവിക്കണം. വസൂരി ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

ജീവന്ത്യാദിചൂര്‍ണം. അടപൊതിയന്‍, മുത്തങ്ങാക്കിഴങ്ങ്, കൃഷ്ണതുളസിവേര്, ഇലവര്‍ങം, ചിറ്റേലം, പേരേലം, പുഷ്കരമൂലം, ചണ്ണക്കിഴങ്ങ്, കീഴാനെല്ലി, ഉരുക്കുഭസ്മം, ചെറുതേക്ക്, ചുക്ക്, ഇരുവേലി, കര്‍ക്കടകശൃംഗി, കച്ചോലം, തിപ്പലി, നാഗപ്പൂ, കാട്ടുകച്ചോലം-ഇവ ഉണക്കി ശീലപ്പൊടിയാക്കി ഇരട്ടി പഞ്ചസാര ചേര്‍ത്തെടുക്കണം. പാര്‍ശ്വവേദന, ജ്വരം, ശ്വാസവികാസം, ഇക്കിള്‍ ഇവയ്ക്ക് ഫലപ്രദം.

ജീവന്ത്യാദിഘൃതം (i). അടപൊതിയന്‍കിഴങ്ങ്, ഇരട്ടിമധുരം, മുന്തിരിങ്ങാപഴം, കുടകപ്പാലയരി, കച്ചോലം, പുഷ്കരമൂലം, കണ്ടകാരിച്ചുണ്ടവേര്, ഞെരിഞ്ഞില്‍, കുറുന്തോട്ടിവേര്, ആനക്കുറുന്തോട്ടിവേര്, കരിങ്കൂവളക്കിഴങ്ങ്, കീഴാനെല്ലി, ബ്രഹ്മി, കൊടിത്തൂവവേര്, തിപ്പലി എന്നിവ ചേര്‍ത്ത് ഘൃതമാക്കി തയ്യാറാക്കിയത്. രാജയക്ഷ്മാവില്‍ വിശിഷ്ടം.

ജീവന്ത്യാദിഘൃതം (ii). അടപൊതിയന്‍കിഴങ്ങ്, പാല്‍മുതക്കിന്‍ കിഴങ്ങ്, പുണ്ഡരികക്കരിമ്പ്, കാകോളി, ചെറുതിപ്പലി, പാച്ചോറ്റിതൊലി, ഇന്തുപ്പ്, ചതകുപ്പ, ഇരട്ടിമധുരം, മുന്തിരിങ്ങാപഴം, പഞ്ചസാര, ദേവതാരം, നെല്ലിക്കാത്തോട്, താന്നിക്കാത്തോട്, കടുക്കാത്തോട്-ഇവ ഘൃതമാക്കി ഉപയോഗിച്ചാല്‍ തിമിരരോഗം ശമിക്കും.

ജീവന്ത്യാദി തൈലം. അടപൊതിയന്‍കിഴങ്ങ് കഷായം വച്ചതില്‍ അടപൊതിയന്‍കിഴങ്ങ്, വെണ്‍കുറിഞ്ഞി, കരിക്കുറിഞ്ഞി, ഊരകത്തിന്‍വേര്, ശതാവരിക്കിഴങ്ങ്, ഇരട്ടിമധുരം, ഇവ കല്ക്കമാക്കി അരച്ചുചേര്‍ച്ച് ഇരുമ്പുപാത്രത്തില്‍ തന്നെ കാച്ചിയെടുത്ത് ഇരുമ്പുപാത്രത്തില്‍ത്തന്നെ സൂക്ഷിച്ച് ഉപയോഗിച്ചാല്‍ (നസ്യമായും ഉപയോഗിക്കാം) തിമിരം ശമിക്കും.

ജീവന്ത്യാദി മചണം. അടപൊതിയന്‍കഴിങ്ങ് ഫുവത്ത് (മഞ്ചെട്ടി), മരമഞ്ഞള്‍തൊലി, കമ്പില്ലകം, തുത്ത്, ചെഞ്ചല്യം, പൊന്മെഴുക്, എണ്ണ, നെയ്യ് എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നു. കാല്‍വിള്ളുന്നതിന് ഇത് ഏറ്റവും ഫലപ്രദമായ ഔഷധമാണ്.

(ഡോ. എന്‍.എസ്. നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍