This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീവകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:58, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജീവകന്‍

ബി.സി. ആറാം ശതകത്തില്‍ ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രഗല്ഭനായ ഭിഷഗ്വരന്‍. ഇദ്ദേഹം ശ്രീബുദ്ധന്റെ വൈദ്യനായിരുന്നു. രാജാബിംബിസാരനു നീചജാതി സ്ത്രീയിലുണ്ടായ പുത്രനാണ് ജീവകന്‍ എന്നും പറയപ്പെടുന്നുണ്ട്. ആത്രേയഭിക്ഷു ആയിരുന്നു ജീവകന്റെ ഗുരു. ഏതാണ്ട് ഏഴുവര്‍ഷക്കാലം തക്ഷശിലയില്‍ താമസിച്ച് അന്നത്തെ ഏറ്റവും ഉയര്‍ന്ന വൈദ്യവിദ്യാഭ്യാസംനേടി. ശാസ്ത്രപരവും പ്രായോഗികവുമായ പ്രാവണ്യം നേടിയ ശേഷം മഗധസാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് രോഗശുശ്രൂഷ ചെയ്തിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്. പിന്നീട് രാജാബിംബിസാരന്റെ കൊട്ടാരം വൈദ്യനായി ചുമതലയേറ്റു. ബിംബിസാരന്റെ മരണാനന്തരം അദ്ദേഹത്തിന്റെ പുത്രനായ അജാതശത്രുവിന്റെ ഭിഷഗ്വരനായും സേവനമനുഷ്ഠിച്ചു. അജാതശത്രുവിന്റെ നിര്‍ദേശപ്രകാരമാണ് ശ്രീബുദ്ധന്റെ ചികിത്സകനായത്. ഇക്കാലത്ത് പ്രാന്തപ്രദേശങ്ങളായ ചൈന, തിബത്ത് എന്നിവിടങ്ങളിലും ജീവകന്റെ പ്രശസ്തി വ്യാപിച്ചിരുന്നു. മഹോദരം, നേത്രരോഗം, അര്‍ദിതം എന്നീ രോഗങ്ങളുടെ ചികിത്സയില്‍ ഇദ്ദേഹം പ്രാഗല്ഭ്യം നേടിയിരുന്നു. രാജാ ബിംബിസാരന്റെ തലയിലുണ്ടായിരുന്ന ഒരു മുഴ ഇദ്ദേഹം ശസ്ത്രക്രിയകൊണ്ട് നീക്കം ചെയ്തതായി പറയപ്പെടുന്നു. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയകളും ജീവകന്‍ ചെയ്തിരുന്നു. ശ്രീബുദ്ധനെ സ്ഥിരമായി അലട്ടിയിരുന്ന മലബന്ധം ഇദ്ദേഹം സുഖപ്പെടുത്തിയത് പ്രത്യേകം തയ്യാറാക്കിയ ഔഷധചൂര്‍ണം മണപ്പിച്ചാണെന്ന് പറയപ്പെടുന്നു. 'കൗമാരഭൃത്യതന്ത്ര'മെന്ന അഷ്ടാംഗവിഭാഗത്തിലും ജീവകന്‍ പ്രാമാണികനായിരുന്നു. ജീവിതാവസാനകാലത്ത് ജീവകന്‍ ബുദ്ധമതം സ്വീകരിച്ചതായി വിശ്വസിക്കപ്പെടുന്നു. ജീവകതന്ത്രം എന്ന പേരോടുകൂടിയ കൗമാരഭൃത്യതന്ത്രത്തില്‍ സ്ത്രീകള്‍ക്ക് പൊതുവേയും ഗര്‍ഭിണികള്‍ക്കും പ്രസവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായും ഉണ്ടാകുന്ന വിവിധ രോഗങ്ങളുടെ നിദാനലക്ഷണചികിത്സകളെപ്പറ്റി സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ജീവകതന്ത്രം ഇന്ന് ലഭ്യമല്ല. സിലോണ്‍, ചൈന, തിബത്ത് എന്നിവിടങ്ങളില്‍ കൗമാര്യഭൃത്യം പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. വൃദ്ധജീവകതന്ത്രമെന്ന പേരില്‍ ഇന്ന് ലഭ്യമായ കാശ്യപസംഹിത കൗമാരഭൃത്യപ്രധാനമാണെങ്കിലും കാശ്യപനും ജീവകനും ഒരാള്‍ തന്നെയോ എന്ന സംശയം ദൂരീകരിച്ചിട്ടില്ല.

(ഡോ. എന്‍.എസ്. നാരായണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%80%E0%B4%B5%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍