This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജര്‍മന്‍ കലയും വാസ്തുവിദ്യയും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജര്‍മന്‍ കലയും വാസ്തുവിദ്യയും
അഞ്ചാം ശതകത്തില്‍ ജര്‍മനിയില്‍ കുടിയേറിയ ട്യൂട്ടോണിക് ഗോത്രത്തിലെ ലോഹപ്പണിക്കാര്‍ സ്വര്‍ണത്തിലും വെങ്കലത്തിലും നിര്‍മിച്ച ആഭരണങ്ങളാണ് ജര്‍മന്‍ കലയ്ക്ക് തുടക്കംകുറിച്ചത്. കരോലിംഗിയന്‍ കാലത്തെ (751-814) വാസ്തുവിദ്യയും ശില്പ-ചിത്രരചനകളും ജര്‍മന്‍ കലയുടെ വികസനത്തിന് വഴിയൊരുക്കി. റോമാസാമ്രാജ്യവുമായുള്ള സമ്പര്‍ക്കത്തിലൂടെ ഷാര്ലമേന്റെ കാലത്ത് ഫ്രാങ്കുകള്‍ രാജകീയ-ക്രിസ്തീയ ആശയങ്ങളുമായി പൊരുത്തമുള്ള ഒരു കലാസംസ്കാരത്തിന് രൂപംനല്കി. രാജകൊട്ടാരങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും വേണ്ടിയായിരുന്നു കലാസൃഷ്ടികള്‍ നടത്തിയിരുന്നത്. കരോലിങ്ഗിയന്‍ സാമ്രാജ്യത്തിന്റെ വിഭജനത്തോടെ ജര്‍മന്‍-ഫ്രഞ്ച് സംസ്കാരങ്ങള്‍ വ്യതിരിക്തമായി. ഓട്ടോമന്‍ വംശം അധികാരത്തിലെത്തിയതോടെയാണ് തനത് ജര്‍മന്‍ കലയുടെ തുടക്കം. ഇക്കാലത്തെ പ്രമുഖ വാസ്തുവിദ്യാരചന ഹിദെ ഷൈമില്‍ 1000-ത്തില്‍ നിര്‍മിച്ച സെന്റ് മൈക്കല്‍ ദേവാലയമാണ്. ഇതിന്റെ രൂപകല്പന അടുത്ത രണ്ട് ശതകക്കാലത്ത് മധ്യയൂറോപ്പിലെ ദേവാലയ നിര്‍മാണങ്ങള്‍ക്ക് പ്രചോദനമായി. ഇതിന്റെ നിര്‍മാണച്ചുമതല വഹിച്ച സെന്റ് ബെണ്വാഡ് ബിഷപ്പുതന്നെയാണോ രൂപകല്പന നടത്തിയതെന്ന് അറിയില്ല. ഈ ബിഷപ്പുതന്നെ ഈ ദേവാലയത്തിലെ ക്രിസ്തുവിന്റെ വെങ്കലശില്പവും 4.5 മീ. ഉയരമുള്ള, ബൈബിള്‍ രംഗങ്ങള്‍ കൊത്തിയ വാതായനങ്ങളും നിര്‍മിക്കുന്നതിനും നേതൃത്വം കൊടുത്തിരുന്നു. റിഷെനൗ, ബാംബോര്ഗ് ഫുള്‍ഡ, മൈന്‍സ്, ട്രീര്‍ എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ ഓട്ടോമന്‍ കാലത്തു നിര്‍മിക്കപ്പെട്ട സ്വര്‍ണപ്പണികളും ദന്തശില്പങ്ങളും കൊളോണ്‍ ദേവാലയത്തിലെ തടിക്കുരിശില്‍ ആലേഖനം ചെയ്തിട്ടുള്ള യേശുവിന്റെ പീഡിതരൂപവും അക്കാലത്തെ കലാചാതുരിക്ക് നിദര്‍ശങ്ങളാണ്. ഹസ്തലിഖിത ഗ്രന്ഥങ്ങളിലെ അലങ്കരണങ്ങളുടെ കാര്യത്തിലും ചിത്രരചനാവൈഭവം പ്രകടമായിരുന്നു.
ജര്‍മന്‍ റോമനെസ്ക് കാലഘട്ട(1050-1250)ത്തില്‍ ഫ്രഞ്ചു സ്വാധീനം വര്‍ധിക്കുകയുണ്ടായി. ഫ്രഞ്ച് ഗോഥിക് ശൈലി അനുകരിച്ചുകൊണ്ടുള്ള കലാരചനകള്ക്കായിരുന്നു പ്രാമുഖ്യം. ഇക്കാലത്ത് ദേവാലയങ്ങളോടൊപ്പം നഗരങ്ങളും കലാരചനകളുടെ വികസനത്തിനു മുന്‍കൈയെടുത്തു. സ്പേയെര്, മൈന്‍സ്, വേംസ്, ബാംബെര്‍ഗ് എന്നിവിടങ്ങളിലെ ദേവാലയങ്ങളിലെ വളവുമച്ചുകളും കൂറ്റന്‍ ഗോപുരങ്ങളും പൂമുഖങ്ങളും ശ്രദ്ധേയങ്ങളാണ്. ഇക്കാലത്ത് പ്രാദേശിക കലാശൈലികളും ഉരുത്തിരിഞ്ഞു. കൊളോണിലെ സെന്റ് മേരി ദേവാലയത്തിലെ കല്‍പ്പണികള്‍, ലുബെക്കിലെ ദേവാലയത്തിലെ ഇഷ്ടികശൈലി എന്നിവ പ്രസിദ്ധങ്ങളായിരുന്നു. ഹന്‍സിയാറ്റിക് ലീഗിലെ വണിക്കുകള്ക്കുവേണ്ടിയും ട്യൂട്ടോണിക് പ്രഭുക്കള്ക്കുവേണ്ടിയും ബാക്ക്്സ്റ്റൈന് ഗോഥിക് എന്ന പേരില്‍ ഇഷ്ടിക കൊണ്ടുള്ള ഒരു വാസ്തുവിദ്യാശൈലി തന്നെ രൂപംകൊണ്ടു. റോമനെസ്ക് കാലഘട്ടം ശില്പവിദ്യ, ലോഹപ്പണി, ദന്തശില്പ നിര്‍മിതി എന്നിവയുടെ കാര്യത്തില്‍ സമ്പന്നമായിരുന്നു. ഇക്കാലത്തെ വെങ്കല ശില്പങ്ങളായ വെര്‍ഡെന്‍ ക്രൂശാരോഹണം (1080), ബ്രണ്‍സ്വിക് സിംഹം (1160), ബാംബെര്‍ഗ് ദേവാലയത്തിലെ ആള്‍രൂപങ്ങള്‍ എന്നിവ പ്രശസ്തങ്ങളാണ്.
ഗോഥിക് കാലഘട്ടമായപ്പോഴേക്ക് (1250-1500) ജര്‍മന്‍ കല ഫ്രഞ്ചു ഗോഥിക്കിന്റെയും ബര്‍ഗണ്ടി, അവിഞ്ഞോണ്, ഇറ്റലി, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലെ കലാശൈലികളുടെയും സ്വാധീനതയ്ക്കു വിധേയമായി. എന്നാല്‍ 1400 ആയതോടെ ജര്‍മനിയില്‍ ഒരു തനതു ഗോഥിക് ശൈലി രൂപംകൊണ്ടു. ഇതിനു തെളിവാണ് മാര്‍ബര്‍ഗിലെ സെന്റ് എലിസബത്ത് ദേവാലയം, സ്റ്റ്രാസ്ബര്ഗിലെയും കൊളോണിലെയും ദേവാലയങ്ങള്‍ എന്നിവ. ജര്‍മനിയില്‍ സോണ്ടെര് ഗോഥിക് എന്ന വാസ്തുവിദ്യാശൈലി തന്നെ ഉരുത്തിരിഞ്ഞു. ഇതിനുദാഹരണങ്ങളാണ് ഹോളിക്രോസ് ദേവാലയം (ഷ്വേബിഷ്ഗ്മുണ്ട് 1351-ല്‍ പണിയാരംഭിച്ചു), സെന്റ് ജോര്‍ജ് ദേവാലയം (ഡിങ്കെല്സ്ബ്യൂള്, 1448-ല്‍ പണിയാരംഭിച്ചു) എന്നിവ. ശില്പകലയിലും പുതിയ പരീക്ഷണങ്ങള്‍ക്ക് ജര്‍മന്‍ കലാകാരന്മാര് തയ്യാറായി. വൈറ്റ് സ്റ്റോസ് ക്രാകോവില്‍ നിര്‍മിച്ച 12 മീ. ഉയരമുള്ള അള്‍ത്താര (1477), റോത്തന്‍ ബര്‍ഗ് (1499), ക്രെഗ്ലിങ്ഗെന് (1505) എന്നിവിടങ്ങളില്‍ ട്വില്മന് റീമെന്ഷ് നൈഡെര് രൂപകല്പന ചെയ്ത അള്‍ത്താരകള്‍ എന്നിവ ശ്രദ്ധേയങ്ങളാണ്.
13-ാം ശ.-ല്‍ ഫ്രഞ്ചു ശൈലി അനുകരിച്ചും ചിത്രരചനകള്‍ നടന്നിരുന്നു. 14-ാം ശ. ആയതോടെ ഫ്ളോറന്റൈന്, സീയെനിസ്, ഫ്ളെമിഷ് ശൈലികളുടെ സ്വാധീനം പ്രകടമായി. ചിത്രരചനയില്‍ ബൊഹീമിയ അന്താരാഷ്ട്ര ഗോഥിക് ശൈലിയുടെ കേന്ദ്രമായി മാറി. 'കൊളോണ്‍ സ്കൂള്‍' എന്നു ഒരു പുതിയ പ്രസ്ഥാനത്തിനു തന്നെ അതുവഴി തെളിച്ചു. സ്റ്റെഫാന്‍ ലോക്നെര്‍ ആണ് ഇതിനു നേതൃത്വം നല്‍കിയത്. ഇതില്‍ നിന്നു വ്യത്യസ്തമാണ് കോണ്‍റാഡ് വിറ്റ്സിന്റെ രചനകള്‍. 15-ാം ശ.-ല്‍ എന്‍ഗ്രേവിങ് സങ്കേതം പ്രചാരത്തിലായി. മൈക്കല്‍ വോള്ഗെമുട്ടിന്റെ വിഡ്കട്ടുകളും മാര്ട്ടിന് ഷൊണ്ഗൌവറിന്റെ എന്ഗ്രേവിങ്ങുകളുമാണ് പില്ക്കാലത്ത് ആല്‍ബ്രെഷ്ട് ഡ്യൂററുടെ രചനകള്‍ക്കു പ്രചോദനമായത്.
നവോത്ഥാന കാലമായപ്പോഴേക്കും (1500-1600) ജര്‍മന്‍ കലാരംഗത്തിനു നവജീവന്‍ ഉണ്ടായി. ഇറ്റാലിയന്‍ നവോത്ഥാന ശൈലിയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായിരുന്നു ഇക്കാലത്തെ വാസ്തുവിദ്യാരചനകള് (ഉദാ. ഹൈദെല്ബര്ഗ് കാസില്‍, അഗ്ന്ബര്ഗ് സിറ്റി ഹാള്‍ എന്നിവ). ഡ്യൂററും പീറ്റര്‍ വിഷറും ശില്പകലാരംഗത്ത് തങ്ങളുടെ പ്രതിഭ വ്യക്തമാക്കി (ഇന്‍സ് ബ്രൂക്കിലെ മാക്സ്മിലിയന് ക-ന്റെ ശവകുടീരം). ഇക്കാലത്ത് ലോകപ്രശസ്തി നേടിയ മൂന്നു ചിത്രകാരന്മാരാണ് ഡ്യൂററും ഹന്‍സ് ഹോള്ബൈനും മത്തിയാസ് ഗ്രൂണെവള്ഡും. ഹോള്‍ ബൈന്റെ ഡാന്‍സ് ഒഫ് ഡെത്ത്, ആല്‍ഫബെറ്റ് ഒഫ് ഡെത്ത്, ഗ്രൂണെവള്ഡിന്റെ എസെന് ഹൈം അള്‍ട്ടര്‍ പീസ് (1513) എന്നീ രചനകള്‍ ലോകപ്രശസ്തി നേടി. ഗ്രൂണെവള്ഡിന്റെ രചനകള്‍ പില്ക്കാലത്ത് ആല്‍ബ്രെഷ്ട് ആള്ട്ട്ഡോര്ഫെറും വോള്‍ഫ് ഹ്യൂബെറും ഉള്‍ക്കൊള്ളുന്ന ഡാന്യൂബ് സ്കൂളിനു വഴി തെളിച്ചു. ലൂഥറിന്റെ മതചിന്തകള്‍ക്കു കലാരൂപം കൊടുത്ത ചിത്രകാരനാണ് ലുകാസ് ക്രാനാക്. മുപ്പതു വര്ഷയുദ്ധം കലാവികസനത്തിന് വിഘാതമായിരുന്നു.
1600-1750 കാലത്ത് ഇറ്റാലിയന്‍ ബരോക് ശൈലിയും ഫ്രഞ്ച് റൊക്കൊകോ ശൈലിയും ജര്‍മന്‍ കലാരംഗത്തെ സ്വാധീനിച്ചു. ഇക്കാലത്തു പ്രശസ്തി നേടിയ വാസ്തുശില്പികള് യൊഹാന്‍ ബെണ്‍ഹാര്‍ഡ് ഫിഷെര് ഫൊണ്‍ എര്ലാഹ്, യൊഹാന്‍ ലൂകാസ് ഫൊണ്‍ ഹില്‍ഡെബ്രാന്‍ഡ് എന്നിവരായിരുന്നു. ഇവരുടെ സ്വാധീനം ബള്‍ട്ട് ഹാസര്‍ നോയ്മന്, ഡൊമെനിക്സ് സിമ്മര്‍മന്‍ എന്നിവരുടെ വാസ്തുവിദ്യാരചനകളില് പ്രകടമായിക്കാണാം.
ഇക്കാലത്ത് ദേവാലയങ്ങളോടൊപ്പം കൊട്ടാരങ്ങളും ഉയര്‍ന്നു. നോയ്മന് രൂപകല്പന ചെയ്ത വുര്‍സ്ബര്‍ഗ് കൊട്ടാരം, മത്തൌസ് ഡാനിയല്‍ പൊപ്പെല്മന് രൂപകല്പന ചെയ്ത ഡ്രെഡ്ഡെന് കൊട്ടാരം, ജോസഫ് ആന്റണ്‍ ജെന്‍ഷ് സംവിധാനം ചെയ്ത ലിഡ്വിഗ്സ് ബര്‍ഗ് കൊട്ടാരം എന്നിവ ഇക്കൂട്ടത്തില്‍ പ്രസിദ്ധങ്ങളാണ്. ഫ്രഡറിക്കിന്റെ ഭരണകാലത്ത് പ്രഷ്യ പ്രമുഖ വാസ്തുവിദ്യാകേന്ദ്രമായി ഉയര്‍ന്നു. ഇക്കാലത്ത് ഫ്രന്‍സ് ഇഗ്നസ് ഗുന്തര്‍ ശില്പകലയിലും ഫ്രന്‍സ് ആന്റണ്‍ മൗല്ബര്ഷ് ചിത്രകലയിലും പ്രശസ്തി നേടി. ജര്‍മന്‍ കലാചാതുരിക്കു വിധേയമായ മറ്റൊരു മാധ്യമമാണ് പോഴ്സലിന്‍. യൊഹാന്‍ യൊയാകിം കേന്ഡ്ലെര് പോഴ്സലിന്‍ കൊണ്ട് അദ്ഭുതങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ്. ഇദ്ദേഹത്തിന്റെ മൈസെന്‍ പോഴ്സലിന്‍ ലോകപ്രശസ്തി നേടി. ബരോക്, റൊക്കൊകോ ശൈലികളോടു വിമുഖത കാട്ടിക്കൊണ്ട് നിയോക്ലാസ്സിക് റൊമാന്റിക് കലാകാരന്മാര് രംഗപ്രവേശം ചെയ്ത 1750-1850 കാലഘട്ടത്തില്‍ മാതൃകകള്‍ക്കായി തിരിഞ്ഞത് ക്ലാസ്സിക്കല്‍ ഗ്രീസിലേക്കും റോമിലേക്കുമായിരുന്നു. ജര്‍മന്‍ കലാചിത്രകാരനായ ജെ.ജെ. വിങ്കെല്മന്റെ സിദ്ധാന്തങ്ങള്‍ ഇവര്‍ക്ക് പ്രചോദനമേകി. ഗോയ്ഥെ, ഷില്ലെര്‍, കാന്റ്, ഹെഗല്‍ എന്നിവരുടെ ആശയങ്ങള്‍ ഇവരെ സ്വാധീനിക്കുകയും ചെയ്തു. വാസ്തുശില്പികള് വിവിധ ശൈലികളില്‍ മ്യൂസിയങ്ങളും ലൈബ്രറികളും തിയെറ്ററുകളും നിര്‍മിച്ചു. ഇക്കൂട്ടത്തില്‍ ശ്രദ്ധേയര്‍ കാള്‍ ഫ്രീഡ്റിഹ് ഷിങ്കെലും ലിയോ ഫൊണ്‍ ക്ളെന്സെയും ആയിരുന്നു. ഇക്കാലത്തു പ്രശസ്തി നേടിയ ശില്പി യൊഹാന്‍ ഹോട്ട്ഫ്രീഡ് ഷാഡോ ആയിരുന്നു. നിരവധി ചിത്രരചനകള്‍ ഇക്കാലത്തുണ്ടായി. ആന്റണ്‍ റാഫേല്‍ മെങ്ഗ്സ് (പര്‍ണാസസ്, 1761), യൊഹാന്‍ ഫ്രീഡ്റിഹ് ഓവെര്ബെക്ക്, കാള്‍ ഫിലിപ്പ് ഫോര്‍, പീറ്റര്‍ ഫൊണ്‍ കൊര്‍ണേലിയുസ്, ഫിലിപ്പ് ഓട്ടോ റിങ്ഗെ, കാസ്പര്‍ ഡേവിഡ് ഫ്രീഡ്റിഹ് എന്നിവരാണ് ശ്രദ്ധേയരായ ചിത്രകാരന്മാര്.
20 -ാം ശ.-ന്റെ ആദ്യ ദശകങ്ങളില്‍ ജര്‍മനിയില്‍ കലയെയും സമൂഹത്തെയും ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി ഉദയം ചെയ്തതാണ് ബൗഹൗസ് സ്കൂള്‍. നാസി ഭരണം കലാരംഗത്തിന്റെ വികസനത്തിനും വിഘാതമായി. രണ്ടാം ലോകയുദ്ധാനന്തരം കലാരംഗത്തിനു വീണ്ടും ഉണര്‍വുണ്ടായി. 1900-ത്തില്‍ റൊമാന്റിസിസത്തില്‍ നിന്നും അകന്ന ജര്‍മന്‍ വാസ്തുശില്പികള് 'യുഗെന്റ് സ്റ്റീല്‍' എന്ന പുതിയ കലാരൂപത്തിനു തുടക്കമിട്ടു. പീറ്റെര് ബേറെന്സ് (എ.ഇ.ജി. ടെര്‍ബൈന്‍ ഫാക്ടറി-ബര്‍ലിന്‍) വാള്‍ട്ടര്‍ ഗ്രോപിയസ് (ഫാഗസ് ഫാക്ടറി, ആല്ഫെല്ഡ്), ലുഡ്വിഗ്മീസ് ഫാന്‍ ദെര്‍ റോഹെ (ബാര്‍സിലോണാ എക്സിബിഷനിലെ ജര്‍മന്‍ പവിലിയന്, 1929) എന്നിവരാണ് 20-ാം ശ.-ല്‍ പ്രശസ്തരായ ജര്‍മന്‍ വാസ്തുവിദ്യാ വിദഗ്ധര്‍. ഗ്രോപിയസ് 1919-ല്‍ സ്ഥാപിച്ച ഈ ബൗ ഹൗസ് സ്കൂളില്‍ കലയും സാങ്കേതികതയും സമന്വയിപ്പിച്ചിരുന്നു. പാള്‍ ക്ലീ, കാന്ഡിന്സികി ല്യോണെല് ഫൈനിംഗെര്‍, ജോസെഫ് ആല്‍ബെര്‍ എന്നിവര്‍ ബൗ ഹൗസിലെ അധ്യാപകരായിരുന്നു.
1859-നും 1900-ത്തിനും ഇടയ്ക്കുള്ള കാലത്ത് ചിത്രകലാരംഗത്ത് ഫ്രഞ്ചുസ്വാധീനം വളരെ കൂടുതലായിരുന്നു. ആന്സെല്മ് ഫോയെര്ബാഹിന്റെ നിയോക്ലാസ്സിസവും വില്‍ഹെല്‍മ് ലൈബ്ലിന്റെ റിയലിസവും മാക്സ് ലൈബര്മന്റെ ഇംപ്രഷനിസവും അഡോള്‍ഫ് ഫൊണ്‍ മെന്ഡെലിന്റെ റിയലിസവും ഇക്കാലത്ത് പ്രകടമായിരുന്നുവെന്നു കാണാം. 20-ാം ശ.-ല്‍ ഇംപ്രഷനിസവും ഫൌവിസവും ക്യൂബിസവും ജര്‍മന്‍ ചിത്രകലയെ സ്വാധീനിച്ചു. ഇതിന്റെ ഫലമായി ഒരു പുതിയ ജര്‍മന്‍ കലാശൈലി രൂപം കൊണ്ടു-എക്സ്പ്രഷനിസം. രണ്ടു പ്രസ്ഥാനങ്ങള്‍ ഇതിലുണ്ടായി. എണ്‍സ്റ്റ് ലുഡ്വിഗ് കിര്ഷ്നെറും (രചന: ദ സ്റ്റ്രീറ്റ്, 1913) എമിന് നോള്ഡെയും ഉള്‍ക്കൊള്ളുന്ന ബ്രൂക്കെയും (Bridge, 1905) കാന്‍ഡിന്‍സ്കി, ഫ്രാന്സ്മാര്ക്, ക്ലീ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ബ്ളൌവെ റൈറ്റെറും (Blue Rider, 1911). മറ്റു പ്രമുഖ എക്സ്പ്രഷനിസ്റ്റ് ചിത്രകാരന്മാര് ഒസ്കാര്‍, കൊകോഷ്ക, ആല്‍ഫ്രഡ് ക്യൂബിന് എന്നിവരാണ്. ജര്‍മനിയിലെ ആധുനികശില്പികളില് ഒരാള്‍ ദാരുശില്പ വിദഗ്ധനായ എണ്‍സ്റ്റ് ബര്ലാഹ് ആണ്. എക്സ്പ്രഷനിസ്റ്റ് വാസ്തു ശില്പികളില് ബ്രൂണോടൌട്ടും എറിക് മെല്ഡന്സോണും ഉള്‍പ്പെടുന്നു. എക്സ്പ്രഷനിസ്റ്റ് വികാരമാണ് ദ കാബിനെറ്റ് ഒഫ് ഡോക്ടര്‍ കലിഗാരി എന്ന ചലച്ചിത്രത്തിനു പ്രചോദനമായത്. എക്സ്പ്രഷനിസത്തോടു വിമുഖത കാട്ടുന്ന ചിത്രകാരന്മാരുമുണ്ട്.
ആധുനികരുടെ കൂട്ടത്തില്‍പ്പെടുന്ന കലാകാരന്മാരാണ് ഗെയൊര്ഗ്രോസ്, കേതെകോള്വിറ്റസ്, നോയിലെ സാഹ്ലിഷ് കൈറ്റ് (new objectivity) ചിത്രകാരന്മാരായ ഓട്ടോഡിക്സ്, മാക്സ്ബെക്ക്മന് എന്നിവര്‍. ദാദായിസം, സര്റിയലിസം എന്നീ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരാണ് മാക്സ് എണ്‍സ്റ്റ്, ഹന്‍സ് ആര്പ്, കുര്‍ട്ട് ഷ്വിറ്റേഴ്സ് എന്നിവര്‍. എക്സ്പ്രഷനിസ്റ്റുകളായ കാന്ഡിന് സ്കിയും ക്ലീയും ബൗ ഹൗസില്‍ ചേര്‍ന്നു.