This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയ്സിങ് II (ഭ.കാ. 1699 - 1743)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:01, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജയ്സിങ് II (ഭ.കാ. 1699 - 1743)

രാജസ്ഥാനിലെ അംബര്‍ രാജ്യം ഭരിച്ചിരുന്ന രജപുത്ര രാജാവ്. 'പിങ്ക് സിറ്റി' എന്നു വിശേഷിപ്പിക്കപ്പെടുന്ന ജയ്പൂര്‍ നഗരം രൂപകല്പന ചെയ്തു സ്ഥാപിച്ചത് ഇദ്ദേഹമാണ്.

മിഴ്സാ രാജാ ജയ്സിങ്ങിന്റെ പുത്രനായ രാംസിങ്ങിന്റെ പൗത്രനായിരുന്നു ജയ്സിങ് II. കച്ച്വാഹ രജപുത്രവംശജനായ ജയ്സിങ് 13-ാം വയസ്സില്‍ അംബറിലെ രാജാവായി അവരോധിക്കപ്പെട്ടു. 1727-ല്‍ ഇദ്ദേഹം തന്റെ ആസ്ഥാനം അംബറില്‍ നിന്നും താന്‍ സ്ഥാപിച്ച നഗരമായ ജയ്പൂരിലേക്കു മാറ്റി. യോദ്ധാവ്, ഭരണാധികാരി, ശാസ്ത്രസ്നേഹി, ജ്യോതിശ്ശാസ്ത്രജ്ഞന്‍, വാസ്തുശില്പി എന്നീ നിലകളില്‍ ഇദ്ദേഹം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. പൊതുജീവിതത്തിന്റെ എല്ലാ തലങ്ങളിലും തിളങ്ങിനിന്ന ഇദ്ദേഹത്തെ അറംഗസീബ് 'രാജാ' എന്ന ബഹുമതി നല്കി ആദരിച്ചു. അറംഗസീബിന്റെ മരണത്തെ തുടര്‍ന്നുണ്ടായ അധികാര മത്സരത്തില്‍ ജയ്സിങ്, ചക്രവര്‍ത്തിയുടെ രണ്ടാമത്തെ പുത്രനായ അസംഷായെ പിന്തുണച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ സഹോദരനായ വിജയ്സിങ് പിന്തുണച്ചത് ചക്രവര്‍ത്തിയുടെ മൂത്തപുത്രനായ ബഹാദൂര്‍ഷായെയാണ്. അധികാരമത്സരത്തില്‍ ജയിച്ചത് ബഹാദൂര്‍ഷാ ആണ്. ജയ്സിങ്ങും വിജയ്സിങ്ങും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ ഒടുവില്‍ ജയ്പൂരിനു വേണ്ടിയുള്ള അവകാശത്തര്‍ക്കങ്ങളോളം ചെന്നെത്തി. ഇവരുടെ പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഇടപെടേണ്ടി വന്ന ബഹാദൂര്‍ഷാ തന്റെ വിശ്വസ്തനായ അലി ഖാനെ അവിടത്തെ ഫൌജ്ദാറായി നിയമിച്ചു. 1708-ല്‍ ബഹാദൂര്‍ഷായുടെ ഡക്കാണ്‍ പര്യടനവേളയില്‍ ജയ്സിങ് അലി ഖാനെ യുദ്ധത്തില്‍ വധിച്ച് തന്റെ പ്രവിശ്യ തിരിച്ചു പിടിച്ചു.

മുഗള്‍ ചക്രവര്‍ത്തിമാരുമായി നല്ല സൗഹൃദം പുലര്‍ത്തിപ്പോന്ന രജപുത്രരാജാവായിരുന്നു ജയ്സിങ്. ബഹുമുഖ പ്രതിഭയായ ഇദ്ദേഹത്തെ മുഗളര്‍ സര്‍വഥാ ആദരിച്ചിരുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഫാറൂഭ് ഷിയാര്‍ ഇദ്ദേഹത്തിന് 'ധീരജ് രാജാ' എന്ന ബഹുമതി നല്കി. ജയ്സിങ്ങിന് 'സാവായ്' എന്ന ബഹുമതി സമ്മാനിച്ച മുഗള്‍ ചക്രവര്‍ത്തി മുഹമ്മദ് ഷാ ഇദ്ദേഹത്തെ മാള്‍വയുടെ ഗവര്‍ണറായി നിയമിച്ചു.

ജ്യോതിശ്ശാസ്ത്രത്തില്‍ അതീവ തത്പരനായിരുന്ന ജയ്സിങ് പാശ്ചാത്യനാടുകളില്‍ ജ്യോതിശ്ശാസ്ത്രം കൈവരിച്ച പുരോഗതി അന്വേഷിക്കാനായി പഠനസംഘത്തെ അവിടേക്ക് അയയ്ക്കുകയുണ്ടായി. ശാസ്ത്രകുതുകിയായ ഇദ്ദേഹം ജയ്പൂര്‍, ഡല്‍ഹി, ബനാറസ്, മഥുര എന്നിവിടങ്ങളില്‍ നക്ഷത്രബംഗ്ളാവുകള്‍ സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ സിജ് മുഹമ്മദ് ഷാഹി എന്ന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥം പ്രഖ്യാതമാണ്. 1743-ല്‍ അന്തരിച്ചു. നോ: ജയ്്പൂര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍