This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയ്സിങ് I (? - 1667)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജയ്സിങ് I (? - 1667)
അംബറിലെ രാജാവ്. കച്ച്വാഹ രജപുത്രവംശജനായ ഇദ്ദേഹം 'മിഴ്സാ രാജാ' എന്ന പേരിലും അറിയപ്പെട്ടു. ഡക്കാനില്‍ മുഗളന്മാര്ക്കു ഭീഷണിയായി മാറിയ ശിവജിയെ നേരിടാന്‍ ജയ്സിങ്ങിനെയാണ് അറംഗസീബ് നിയോഗിച്ചത്. ശിവജിക്കു ചുറ്റും ഒരു ശത്രുവലയം സൃഷ്ടിച്ചുകൊണ്ട് ജയ്സിങ് പുരന്ധര്കോട്ട ഉപരോധിച്ചു. പ്രതിരോധം തുടര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പരിഗണിച്ച് ശിവജി 1665 ജൂണ്‍ 22-ന് ജയ്സിങ്ങുമായി ഉടമ്പടി ഉണ്ടാക്കി. ഇതാണ് പ്രശസ്തമായ പുരന്ധര്‍ ഉടമ്പടി. ഇതുപ്രകാരം മുഗള്‍ ചക്രവര്‍ത്തിയുടെ സാമന്തനാകാന്‍ സമ്മതിച്ച ശിവജി, തുടര്‍ന്ന് ബിജാപ്പൂരിനെതിരെയുള്ള യുദ്ധത്തില്‍ മുഗളന്മാരുടെ പക്ഷത്തു ചേര്‍ന്നു. ജയ്സിങ്ങിന്റെ ദീര്‍ഘവീക്ഷണത്തിനും നയതന്ത്രജ്ഞതയ്ക്കുമുള്ള അംഗീകാരമായിരുന്നു പുരന്ധര്‍ ഉടമ്പടി. ബിജാപ്പൂര്‍, ഗോല്‍ക്കൊണ്ട എന്നീ രാജ്യങ്ങളെ മുഗള്‍ കൊടിക്കീഴില്‍ കൊണ്ടു വരുന്നതിനായി ഒരു മുഗള്‍ മറാഠാസഖ്യം കരുപ്പിടിപ്പിക്കുക എന്നതായിരുന്നു ജയ്സിങ്ങിന്റെ ലക്ഷ്യം. ഇതിനു മുന്നോടിയായി അറംഗസീബിനെ സന്ദര്‍ശിക്കുവാന്‍ ശിവജിയെ ഇദ്ദേഹം പ്രേരിപ്പിച്ചു. എന്നാല്‍ ഹിന്ദുക്കളുമായുള്ള ഏതൊരുവിധ സഖ്യത്തെയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ച അറംഗസീബിന് ഈ നയതന്ത്രജ്ഞത സ്വീകാര്യമായില്ല. ഇതിനിടെ ബിജാപ്പൂരിനെതിരെയുള്ള ജയ്സിങ്ങിന്റെ സൈനികനീക്കം പരാജയപ്പെട്ടു. യുദ്ധപരാജയത്തില്‍ ക്ഷുഭിതനായ അറംഗസീബ് ജയ്സിങ്ങിനെ ഡക്കാനില്‍ നിന്നു തിരികെ വിളിച്ചു. ഡല്‍ഹിയിലേക്കു യാത്ര ചെയ്യവേ 1667-ല്‍ ജയ്സിങ് മരണമടഞ്ഞു. പുത്രനായ കീരത്സിങ് പിതാവിനെ വിഷം കൊടുത്തു കൊല്ലുകയാണുണ്ടായത്. അറംഗസീബിന്റെ പ്രേരണ മൂലമാണ് കീരത് ഈ ഹീനകൃത്യത്തിനു മുതിര്‍ന്നത് എന്നു കരുതപ്പെടുന്നു. താന്‍ പിന്തുടര്ന്നു പോന്ന മതഭ്രാന്തിനും സങ്കുചിത വിശ്വാസങ്ങള്‍ക്കും ജയ്സിങ് വിഘ്നം സൃഷ്ടിച്ചേക്കും എന്ന ആശങ്കയാണ് ജയ്സിങ്ങിന്റെ അന്ത്യത്തിനായി പ്രയത്നിക്കാന്‍ അറംഗസീബിനെ പ്രേരിപ്പിച്ചത്. ധീരനായ ഈ യോദ്ധാവിന്റെ മരണത്തില്‍ അറംഗസീബ് പരസ്യമായി സന്തോഷം പ്രകടിപ്പിച്ചു എന്നാണ് ചരിത്രം.