This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയ്കര്‍, എം.ആര്‍. (1873 - 1959)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജയ്കര്‍, എം.ആര്‍. (1873 - 1959)
ഇന്ത്യയിലെ പ്രശസ്തനായ ഒരു ന്യായാധിപനും രാഷ്ട്രീയ നേതാവും. പൂര്‍ണമായ പേര് മുകുന്ദ രാമറാവു ജയ്കര്‍. 1873 ന. 13-ന് മുംബൈയിലെ ഒരു ഇടത്തരം ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു. പിതാവ് രാമറാവു, മാതാവ് സേനാബായ്. ബാല്യത്തില്‍ത്തന്നെ പിതാവ് അന്തരിച്ചതിനാല്‍ മുത്തച്ഛന്‍ വി.ജെ. കീര്‍ത്തികറിന്റെ സംരക്ഷണയിലാണ് ജയ്കര്‍ വളര്‍ന്നത്. മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ ഹൈസ്കൂളിലും സെന്റ് സേവിയേഴ്സ് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1897-ല്‍ എം.എ. ബിരുദവും 1902-ല്‍ നിയമ ബിരുദവും നേടി.
1905-ല്‍ ഇംഗ്ലണ്ടില്‍ അഭിഭാഷകവൃത്തി ആരംഭിച്ച ജയ്കര്‍ അതേവര്‍ഷം തന്നെ മുംബൈയിലേക്കു മടങ്ങുകയും അവിടെ അഭിഭാഷകവൃത്തി തുടരുകയും ചെയ്തു. 1907-ല്‍ ബോംബെ ലാ സ്കൂളില്‍ പ്രൊഫസറായി നിയമിതനായ ജയ്കര്‍ 1912-ല്‍ തത്സ്ഥാനം രാജിവച്ചു. തന്റെ ജൂനിയറായ ഒരു ഇംഗ്ലീഷുകാരനെ പ്രിന്‍സിപ്പലായി നിയമിച്ചതായിരുന്നു കാരണം.
തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായ ജയ്കര്‍ 1923-ല്‍ ബോംബെ ലെജിശ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി. 1925-ല്‍ തത്സ്ഥാനം രാജിവച്ചു. 1926 മുതല്‍ 30 വരെ കേന്ദ്ര ലെജിശ്ലേറ്റീവ് അസംബ്ലി അംഗമായി പ്രവര്‍ത്തിച്ചു. ലണ്ടനില്‍ നടന്ന വട്ടമേശ സമ്മേളനങ്ങളിലും (1927-30) ഇന്ത്യയുടെ ഭരണപരിഷ്കാരങ്ങള്‍ക്കുവേണ്ടിയുള്ള കമ്മിറ്റികളിലും (1930-34) ഇദ്ദേഹം പങ്കെടുത്തിരുന്നു. 1937-ല്‍ ജയ്കര്‍ ഫെഡറല്‍ കോടതി ജഡ്ജിയായി നിയമിതനായി. 1939 ജനു. മുതല്‍ 42 മാ. വരെ ഇദ്ദേഹം പ്രിവി കൗണ്‍സില്‍ അംഗമായിരുന്നു. ഭരണഘടനാ സമിതിയിലും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. 1947-ല്‍ അംഗത്വം രാജിവച്ചു. ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ജയ്കര്‍ പൂനാ സര്‍വകലാശാല വൈസ് ചാന്‍സലര്‍ (1948-56) ആയും സേവനം അനുഷ്ഠിച്ചു. സംഗീതം, സാഹിത്യം, നാടകം തുടങ്ങിയ രംഗങ്ങളിലും ജയ്കര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനവും ധനസഹായവും നല്കിയിരുന്ന ഇദ്ദേഹം അക്കാലത്തെ ഒരു മികച്ച സാമൂഹിക പ്രവര്‍ത്തകന്‍ എന്ന ഖ്യാതി നേടിയിരുന്നു. 1959 മാ. 10-ന് മുംബൈയില്‍ അന്തരിച്ചു.