This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജീരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:27, 9 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജീരകം

Cumin seed

ഒരു കറിവ്യഞ്ജനം. ഫലത്തിനും സസ്യത്തിനും ജീരകം എന്ന സംജ്ഞയാണ് ഉപയോഗിക്കുന്നത്. ശാസ്ത്രനാമം: കുമിനം സിമിനം (Cuminum cyminum). അംബെല്ലിഫെറ (Umbelliferae) സസ്യകുടുംബത്തില്‍പ്പെടുന്നു. ഈ സസ്യം 15 സെ.മീറ്ററോളം ഉയരത്തില്‍ വളരും. ഉഷ്ണമേഖലാപ്രദേശങ്ങളിലും ഉപോഷ്ണമേഖലകളിലും മാത്രം കൃഷി ചെയ്തുവരുന്ന ഈ ഓഷധിയുടെ ജന്മദേശം ഈജിപ്താണെന്ന് കരുതപ്പെടുന്നു. തെക്കുകിഴക്കന്‍ യൂറോപ്പ്, ചൈന, പേര്‍ഷ്യ, അറേബ്യ, ഈജിപ്ത്, സിസിലി, ഉത്തരാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളമായി കൃഷി ചെയ്തുവരുന്നു. ഉത്തരാഫ്രിക്കയും സിസിലിയും ജീരകം കയറ്റുമതി ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്നു. ഭാരതത്തില്‍ ഉത്തര്‍പ്രദേശിലും പഞ്ചാബിലുമാണ് ജീരകം കൂടുതല്‍ കൃഷിചെയ്യുന്നത്. മലയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഭാരതത്തില്‍നിന്നും ജീരകം കയറ്റുമതി ചെയ്യുന്നുണ്ട്. മിശ്രവിളയായും തനിവിളയായും ഇത് കൃഷിചെയ്യാറുണ്ട്.

ജീരകം

ശാഖിതമായ ഇതിന്റെ തണ്ടുകള്‍ കോണീയമായിരിക്കും. തണ്ടിന്റെ ഉപരിഭാഗത്തുള്ള ഇലകള്‍ അവൃന്തീയവും നീണ്ട് നേര്‍ത്ത് ധാരാളം ഖണ്ഡങ്ങളോടുകൂടിയതുമാണ്. ചുവടുഭാഗത്തുള്ള ഇലകള്‍ നീണ്ട പത്രവൃന്തങ്ങളുള്ളതും മുകളിലത്തെ ഇലകളെക്കാള്‍ കുറച്ച് വിഭജിക്കപ്പെട്ടതുമാണ്. പര്‍ണവൃന്തം തണ്ടിനെ പൊതിഞ്ഞിരിക്കും. പൂങ്കുലയുടെ തണ്ട് നീളംകൂടിയതാണ്. പുഷ്പങ്ങള്‍ക്ക് വെള്ളയോ ഇളംചുവപ്പോ നിറമായിരിക്കും. പുഷ്പങ്ങളെ പൊതിഞ്ഞ് നേര്‍ത്ത സഹപത്രങ്ങളും കാണപ്പെടുന്നു.


സമുദ്രനിരപ്പില്‍നിന്ന് 2,000 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍ ഇത് കൃഷി ചെയ്യാം. മിതമായ കാലാവസ്ഥയാണ് അനുയോജ്യം. വളരെ ലോലമായ ഈ സസ്യത്തിന് മിതമായ കാലാവസ്ഥയിലും ജലസേചനം ആവശ്യമാണ്. ധാരാളം വളം ആവശ്യമായ ഈ സസ്യത്തിന് നീര്‍വാര്‍ച്ചയുള്ളതും ആഴമുള്ളതുമായ ലോം മണ്ണാണ് ഏറ്റവും അനുയോജ്യം.


ഇടവപ്പാതിക്ക് മുമ്പും തുലാവര്‍ഷത്തിന് ശേഷവുമുള്ള രണ്ട് തവണകളായിട്ടാണ് ജീരകം കൃഷി ചെയ്യുന്നത്; 90 ദിവസംകൊണ്ട് വിളവെടുക്കാം. ആദ്യവിള ഏപ്രില്‍-മേയ് മാസങ്ങളിലും രണ്ടാം വിള ഒക്ടോബര്‍ മാസത്തിലും ആരംഭിക്കുന്നു.


നിലം നന്നായി ഉഴുതുമറിച്ച് കട്ടയുടച്ച്, ചെറിയ തട്ടുകളാക്കിയശേഷം മണ്ണില്‍ കാലിവളം ചേര്‍ക്കുന്നു. ഹെക്ടറിന് 30-35 കിലോഗ്രാം വിത്ത് എന്ന തോതില്‍ ക്രമമായി വിതറിയശേഷം മണ്ണിളക്കി നിരപ്പാക്കണം. തുടര്‍ന്ന് നിലം നനച്ചുകൊടുക്കേണ്ടതാണ്. 5-6 ദിവസത്തിനുള്ളില്‍ വിത്തുകള്‍ മുളയ്ക്കും. രണ്ടുമാസം വളര്‍ച്ചയെത്തിയാല്‍ സസ്യങ്ങള്‍ പുഷ്പിക്കുന്നു. മൂന്നാഴ്ചയ്ക്കകം വിളവെടുക്കാം. സസ്യങ്ങള്‍ വേരോടെ പിഴുതെടുത്തു കുറച്ചുദിവസം കൂട്ടിയിട്ടശേഷം വെയിലത്ത് നിരത്തി ഉണക്കുന്നു. ഉണങ്ങിയ ചെടികള്‍ തറയിലിട്ട് കാലുകൊണ്ട് ചവിട്ടിമെതിച്ച് ജീരകം വേര്‍തിരിക്കുന്നു. 4-6 മി.മീ. നീളമുള്ള മെരികാര്‍പ് ആണ് ഫലം. ഇതിന് ചാരനിറമാണ്. അഞ്ച് അരികുകളോടുകൂടിയ ഫലത്തില്‍ ചെറുലോമങ്ങളുണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കള്‍ക്ക് രുചിയും മണവും നല്കാനും ആയുര്‍വേദ ഔഷധങ്ങളില്‍ ചേര്‍ക്കാനും ജീരകം ഉപയോഗിക്കുന്നു. മൃഗങ്ങള്‍ക്കുണ്ടാകുന്ന ചില രോഗങ്ങള്‍ക്കും ഇത് ഔഷധമായുപയോഗിക്കാറുണ്ട്. അജീര്‍ണം, അതിസാരം എന്നിവയുടെ ചികിത്സയ്ക്ക് ജീരകം ഉപയോഗിക്കുന്നുണ്ട്. ഏകദേശം 10 ശതമാനം യൌഗീകൃത തൈലവും നാല് ശതമാനത്തോളം ബാഷ്പശീലതൈലവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ജീരകത്തിലെ പ്രധാന രാസവസ്തു ക്യുമിനോള്‍ അഥവാ ക്യുമിക് ആല്‍ഡിഹൈഡ് ആണ്. ഇതാണ് തൈലങ്ങള്‍ക്കും ലഹരിസാധനങ്ങള്‍ക്കും സുഗന്ധമേകുന്നത്. പിണ്ണാക്കില്‍ 17.2 ശതമാനം പ്രോട്ടീനും 30 ശതമാനം കൊഴുപ്പും ഉള്ളതിനാല്‍ കാലിത്തീറ്റയായി ഉപയോഗിക്കുന്നു.


'ജീരകം തീഷ്ണമായുള്ള ഗന്ധവും നന്നുദീപനം


ഹൃദ്യം കോഷ്ണണ്വ തദ്വീര്‍യ്യം കഫ വാത ഹരം ലഘു'.


എന്നാണ് ജീരകത്തിന്റെ ഗുണത്തെപ്പറ്റി ഗുണപാഠത്തില്‍ പറഞ്ഞിരിക്കുന്നത്. നോ. ജീരകാരിഷ്ടം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B5%80%E0%B4%B0%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍