This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭിഷേകനാടകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:20, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഭിഷേകനാടകം

രാമായണത്തെ അവലംബിച്ചു രചിച്ചിട്ടുള്ള സംസ്കൃതനാടകം. ഭാസകവിയാണ് ഇതിന്റെ കര്‍ത്താവെന്ന് വിശ്വസിക്കപ്പെടുന്നു. 1917-ല്‍ ഡോ. ടി. ഗണപതിശാസ്ത്രികള്‍ തിരുവനന്തപുരം സംസ്കൃത ഗ്രന്ഥാവലിയിലൂടെ ആദ്യമായി പ്രകാശിപ്പിച്ച ഭാസനാടകചക്രത്തില്‍ ഉള്‍പ്പെട്ട പതിമൂന്ന് നാടകങ്ങളില്‍ ഒന്നായിട്ടാണ് ഇത് ആദ്യം വെളിച്ചം കണ്ടത്.

ഇതിന്റെ കര്‍ത്തൃത്വത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായൈക്യമില്ല. പല നിരൂപകരുടെയും അഭിപ്രായത്തില്‍ കാളിദാസനുപോലും സമാദരണീയനായിരുന്ന ഭാസന്‍ തന്നെയാണ് ഇതിന്റെ രചയിതാവ്. കേരളീയനെന്ന് വിശ്വസിക്കപ്പെടുന്ന ശക്തിഭദ്രകവിയുടെ ആശ്ചര്യചൂഡാമണിയോട് ഇതിന് വളരെയധികം സാദൃശ്യമുള്ളതിനാല്‍ ഇതിന്റെ കര്‍ത്തൃത്വം ശക്തിഭദ്രനില്‍ മറ്റു ചിലര്‍ ആരോപിക്കുന്നു. അഭിഷേകനാടകത്തിന്റെ കൈയെഴുത്തു പ്രതികള്‍ മിക്കതും പ്രാചീന മലയാള ലിപികളില്‍ എഴുതപ്പെട്ടവയാകയാലും, അവ ലഭ്യമായത് തിരുവിതാംകൂര്‍ പ്രദേശത്തുനിന്നാകയാലും, പ്രതിമാനാടകം, ആശ്ചര്യചൂഡാമണി എന്നിവയോടൊന്നിച്ചല്ലാതെ അഭിഷേകനാടകത്തിന്റെ കൈയെഴുത്തുപ്രതികള്‍ ലഭിക്കാനില്ലായ്കയാലും ഇവ മൂന്നും ശക്തിഭദ്രന്റെ രചനകളാണെന്നാണ് അവരുടെ വാദം.

ഭാസനാടകങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള പ്രാകൃതത്തിന്റെ സ്വഭാവം, പ്രയോഗവിശേഷങ്ങള്‍, വര്‍ണനാരീതി മുതലായവയുടെ തെളിവിന്മേല്‍ അവയുടെ കാലം എ.ഡി. ഒന്നാം ശ.-ത്തിലാണെന്ന് മിക്കവാറും തീര്‍ച്ചയായിട്ടുണ്ട്.

കഥാഘടന. ഭാസന്റേതെന്ന് കരുതപ്പെടുന്ന പ്രതിമാനാടകം പോലെ അഭിഷേകനാടകവും രാമന്റെ കഥയെ ആശ്രയിച്ചുള്ളതാണ്. രാമായണത്തിലെ അയോധ്യാകാണ്ഡവും ആരണ്യകാണ്ഡവുമാണ് പ്രതിമാനാടകത്തിന്റെ അടിത്തറ. അടുത്ത മൂന്ന് (കിഷ്കിന്ധാ-സുന്ദര-യുദ്ധ) കാണ്ഡങ്ങളിലെ കഥയാണ് അഭിഷേകനാടകത്തിന് വിഷയമായിട്ടുള്ളത്. സീതയെ വീണ്ടെടുത്തു തിരിച്ചുവരുന്ന ശ്രീരാമന്റെ രാജ്യാഭിഷേകത്തോടുകൂടി അവസാനിക്കുന്ന കഥയായതുകൊണ്ടാണ് ഇതിന് അഭിഷേകനാടകം എന്നു പേരിട്ടിരിക്കുന്നത്. രാജ്യവും ഭാര്യയും കൈവിട്ടുപോയിരുന്ന രാമസുഗ്രീവന്മാര്‍ പരസ്പരോപകാരത്തിനു പ്രതിജ്ഞാബദ്ധരാകുന്നതു മുതല്‍ ശ്രീരാമാഭിഷേകംവരെയുള്ള കഥയുള്‍ക്കൊള്ളുന്ന ഈ നാടകം ഏഴ് അങ്കങ്ങളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു.

വീരം ആണ് ഇതിലെ അങ്ഗിയായ രസം. ദാനം, ദയ, യുദ്ധം, ധര്‍മം എന്നു നാലു വിഭാഗങ്ങള്‍ വീരത്തിനുണ്ട്. അവയില്‍ യുദ്ധവീരമാണ് ഈ നാടകത്തിലെ നായകനായ ശ്രീരാമന്‍ പ്രദര്‍ശിപ്പിക്കുന്നത്.

പാണിനിയുടെ വ്യാകരണനിയമങ്ങള്‍ക്കു വഴങ്ങാത്ത ശബ്ദപ്രയോഗങ്ങള്‍ ഇതിലുണ്ട്. അതുപോലെതന്നെ ഭരതന്റെ നാട്യശാസ്ത്രത്തില്‍ 'രംഗപ്രയോഗാനര്‍ഹം' എന്നു വിധിച്ചിട്ടുള്ള വധം (ബാലിവധം) രംഗത്ത് അവതരിപ്പിക്കുന്നു. ഇക്കാരണങ്ങളാല്‍ ചിലര്‍ ഭാസനെ ഒരു മുനിയുടെ നിലവാരത്തിലേക്കുയര്‍ത്തുകയും ഭരതന്റെയും പാണിനിയുടെയും പ്രാക്കാലീനനായി കരുതുകയും ചെയ്തുപോരുന്നു. ലളിതമായ സംഭാഷണരീതിയും രംഗാവതരണയോഗ്യമായ കഥാസന്ദര്‍ഭങ്ങളുംകൊണ്ട് നല്ലൊരു നാടകത്തിന്റെ പദവി ഇതിനു ലഭിച്ചിട്ടുണ്ട്. നോ: ദശരൂപകങ്ങള്‍, ഭാസന്‍, ഭാസനാടകചക്രം

(പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ പാണാവള്ളി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍