This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജീന്‍ ക്രിസ്റ്റോഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജീന്‍ ക്രിസ്റ്റോഫ്
റൊമേന്‍ റോളാങ് രചിച്ച 10 വാല്യങ്ങളുള്ള ഫ്രഞ്ചു നോവല്‍. 1904-നും 12-നുമിടയ്ക്ക് പ്രസിദ്ധീകൃതമായ ഈ കൃതി ലോകമെമ്പാടുമുള്ള പീഡിതര്‍ക്കായി, തിന്മകള്‍ക്കെതിരെ പൊരുതുന്ന സ്വതന്ത്രാത്മാവുകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഒരു സര്‍ഗാത്മക കലാകാരന്റെ മാനസികവും സാമൂഹികവുമായ വ്യക്തിത്വത്തെ വിശകലനം ചെയ്യുന്ന മനഃശാസ്ത്ര നോവലാണിത്. സോര്‍ബോണ്‍ സര്‍വകലാശാലയില്‍ സംഗീത ചരിത്ര പ്രൊഫസറായിരുന്ന റോളാങ്ങിന്റെ രചനകളില്‍ സംഗീതജ്ഞാനം ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബീഥോവന്റെ ജീവചരിത്രം രചിച്ച (1903) നോവലിസ്റ്റിന് ബീഥോവന്റെയും ഗൊയ്ഥെയുടെയുമൊക്കെ മാതൃകയിലുള്ള ഒരു നായകനെ കഥാപാത്രമാക്കി നോവലെഴുതുക എളുപ്പമായിരുന്നു. ജര്‍മന്‍ ഗാനരചയിതാവായിരുന്ന ജീന്‍ ക്രിസ്റ്റോഫ് ക്രാഫ്റ്റിന്റെ ജീവിതം ഇതിവൃത്തമാക്കി രചിച്ച ഈ നോവല്‍ റോളാങ്ങിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം (1915) നേടികൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
19-ശ.-ന്റെ അവസാനവും 20-ാം ശ.-ന്റെ ആദ്യവും ഫ്രാന്‍സിലും ജര്‍മനിയിലുമായാണ് കഥ നടക്കുന്നത്. മദ്യപാനിയായ ഒരു ദരിദ്രഗായകന്റെ മകനായി ജനിച്ച ജീന്‍, കുടുംബം പോറ്റാനായി നന്നേ ചെറുപ്പത്തില്‍ ഗായകനും തുടര്‍ന്ന് ഗാനരചയിതാവും ആകുന്നു. ഗാനരചനകളിലെ മാമൂലുകളെ അവഗണിച്ചുകൊണ്ടുള്ള ക്രിസ്റ്റോഫിന്റെ രചനാരീതി വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. യൗവന കാലത്തെ വിഫലമായ പല പ്രണയബന്ധങ്ങളും അയാളുടെ ജീവിതം നിരാശാപൂര്‍ണമാക്കി. ഒരു അടിപിടിയെത്തുടര്‍ന്ന് പോലീസിനെ വെട്ടിച്ച് പാരിസിലേക്കോടിപ്പോയ ക്രിസ്റ്റോഫിന്റെ ജീവിതരീതിയോ ഗാനങ്ങളോ അവിടെയും സ്വീകാര്യമായില്ല. എന്നാല്‍ കവിയായിരുന്ന ഒലീവിയറുമായി ഉണ്ടായിരുന്ന ആത്മബന്ധം ക്രിസ്റ്റോഫിനെ ഫ്രഞ്ചു ജീവിതവും സംസ്കാരവുമായി അടുപ്പിച്ചു. പതുക്കെപ്പതുക്കെ ക്രിസ്റ്റോഫിന്റെ ഗാനങ്ങള്‍ പാരിസിലെ ജനങ്ങള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങി. പക്ഷേ വിധി അയാളെ അവിടെയും സ്വൈര്യമായി ജീവിക്കാന്‍ അനുവദിച്ചില്ല. ഒരു മേയ് ദിനത്തില്‍ ഉണ്ടായ തൊഴിലാളി-പട്ടാള സംഘട്ടനത്തില്‍ ഒലീവിയര്‍ മരിക്കുകയും ക്രിസ്റ്റോഫ് ഒരു പടയാളിയെ കൊന്ന് പാരിസില്‍ നിന്നും ഓടിപ്പോവുകയും ചെയ്തു. കഥാവസാനം അയാള്‍ പാരിസില്‍ തന്നെ തിരിച്ചെത്തുന്നുണ്ട്. അവിടെ എല്ലാവരുടെയും ആദരവും അംഗീകാരവും നേടി വന്ദ്യവയോധികനായി ജീവിച്ചു. മരണസമയത്തെ ഉന്മാദാവസ്ഥയില്‍ സ്വന്തം ഗാനരചനയ്ക്ക് ഓര്‍ക്കെസ്ട്ര നയിക്കുകയാണ് താനെന്ന തോന്നലില്‍ ലോകത്തോടു വിടപറയുന്നു.
ഭാവനയുടെ ലോകത്തില്‍ വിഹരിക്കുന്ന ഒരുവനില്‍ എന്തെല്ലാം വൈരുധ്യങ്ങളും ഭാവപ്പകര്‍ച്ചകളും ഉണ്ടാവാമെന്നും വിഭിന്ന വ്യക്തിത്വങ്ങള്‍ സമ്മേളിക്കുന്ന സര്‍ഗപ്രതിഭകളുടെ ജീവിതത്തില്‍ വൈഷമ്യങ്ങളുടെയും ആനന്ദമുഹൂര്‍ത്തങ്ങളുടെയും അപൂര്‍വസംഗമം സാധ്യമാണെന്നും ചിത്രീകരിക്കുകയാണ് ഈ കൃതിയിലൂടെ റോളാങ് ചെയ്യുന്നത്. സൗന്ദര്യത്തെയും സത്യത്തെയും സ്നേഹത്തെയും സാക്ഷാത്കരിച്ചു സമന്വയിക്കുന്ന മനുഷ്യാത്മാവിന്റെ വികാസമാണ് ഇതിലെ മുഖ്യ പ്രമേയം.
(വി.കെ. സരസ്വതി)