This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയരാമന്‍, ലാല്‍ഗുഡി (1930 - 2013)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:22, 8 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജയരാമന്‍, ലാല്‍ഗുഡി (1930 - 2013)

വയലിനിസ്റ്റും സംഗീതജ്ഞനും. ത്യാഗരാജ സ്വാമികളുടെ ശിഷ്യനായ രാമയ്യരുടെ പൗത്രന്‍ ലാല്‍ഗുഡി ഗോപാലയ്യരുടെ പുത്രനായി 1930 സെപ്. 17-നു ജനിച്ചു. ഇദ്ദേഹത്തിന്റെ പിതാമഹന്‍ വാലടി രാധാകൃഷ്ണന്‍ മൈസൂര്‍ രാജസദസ്സിലെ ആസ്ഥാന വിദ്വാനായിരുന്നു. പിതാവിന്റെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിച്ച ജയരാമന്‍ 12-ാമത്തെ വയസ്സില്‍ അരങ്ങേറ്റം നടത്തി. കച്ചേരികളില്‍ തനിയായും അകമ്പടിയായും വയലിന്‍ വായിക്കുന്നതില്‍ വൈദഗ്ധ്യം നേടി. ശ്രുതിയിലും താളത്തിലും സന്തുലിതപ്രതിഭയുള്ള ഇദ്ദേഹം ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി വയലിന്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്. നല്ലൊരു ഗാനരചയിതാവു കൂടിയായ ലാല്‍ഗുഡി നിരവധി കീര്‍ത്തനങ്ങളും തില്ലാനകളും രചിച്ചിട്ടുണ്ട്. ആറു വ്യത്യസ്ത രാഗങ്ങളില്‍ ഇദ്ദേഹം രചിച്ച തില്ലാനകള്‍ പ്രശസ്തങ്ങളാണ്. ഇവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മ്യൂസിക് ആല്‍ബം പുറത്തിറങ്ങിയിട്ടുണ്ട്.

നിരവധി ബഹുമതികള്‍ ലാല്‍ഗുഡിയെ തേടിയെത്തി. തിരുപ്പതി തിരുമല ദേവസ്ഥാനം ഇദ്ദേഹത്തെ ആസ്ഥാനവിദ്വാനായി അംഗീകരിച്ചു. 1972-ല്‍ പദ്മശ്രീ ബഹുമതിയും 1978-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈ മാമണി ബിരുദവും ഇദ്ദേഹത്തിനു ലഭിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കര്‍ണാടക സര്‍ക്കാരിന്റെ സംഗീത രത്നാകരം ബഹുമതി എന്നിവയും ലഭിച്ചിട്ടുണ്ട്. 73 രാഷ്ട്രങ്ങളില്‍ നിന്നുള്ള സംഗീത വിദ്വാന്മാരുടെ ഒരു പ്രകടനം 1980-ല്‍ വിയന്നയില്‍ നടന്നപ്പോള്‍ അതില്‍ ഒന്നാം സ്ഥാനക്കാരനായി തെരഞ്ഞെടുത്തത് ലാല്‍ഗുഡിയെയാണ്. ഈ ബഹുമതിയോടുള്ള ആദരസൂചകമായി സോവയിറ്റ് യൂണിയന്‍, യു.എസ്. തുടങ്ങി മിക്ക ലോകരാഷ്ട്രങ്ങളും സന്ദര്‍ശിക്കാനും അവിടെയൊക്കെ കച്ചേരികള്‍ നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞു. ക്ലീവ്ലന്‍ഡില്‍ (യു.എസ്.) 1997-ല്‍ ഇദ്ദേഹം അവതരിപ്പിച്ച 'ജയജയദേവി' എന്ന സംഗീത ഓപ്പറ അത്യധികം പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. ലാല്‍ഗുഡിയുടെ ഭാര്യ രാജലക്ഷ്മിയും മക്കളായ ജി.ജി.ആര്‍. കൃഷ്ണനും വിജയലക്ഷ്മിയും വയലിന്‍ വിദഗ്ധരാണ്. ലാല്‍ഗുഡി കുടുംബം ഒന്നിച്ചു കച്ചേരികള്‍ നടത്താറുണ്ട്. ഇദ്ദേഹം 2013 ഏപ്രില്‍ 22-ന് ചെന്നൈയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍