This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജയദേവകവി (12-ാം ശ.)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ജയദേവകവി (12-ാം ശ.)
സംസ്കൃത കവി. ഗീതഗോവിന്ദം എന്ന വിഖ്യാത കാവ്യത്തിന്റെ കര്‍ത്താവ്. പൗരാണികരായ ഭാരതീയ കവികളില്‍ വിശ്വപ്രസിദ്ധി നേടിയ അവസാനത്തെ കവി ഇദ്ദേഹമാണ്.
ജയദേവകവിയുടെ ജീവിതകാലം 12-ാം ശ.-ന്റെ ഉത്തരപാദം ആണെന്നു കരുതപ്പെടുന്നു. ജീവചരിത്ര വസ്തുതകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നഭാജിയുടെ ഭക്തമാലയിലും വനമാലി ദാസന്റെ ജയദേവതീര്‍ഥത്തിലും നിരവധി ജനകീയ പഴങ്കഥകളിലും ആയി അവ വ്യാപിച്ചുകിടക്കുന്നു. ഗീതഗോവിന്ദത്തിലെ പരാമര്‍ശത്തെ ഉപജീവിച്ച് കേന്ദുലി (കെന്ദുബില്യ) എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചതെന്ന് അനുമാനിക്കുന്നു. ഈ സ്ഥലം എവിടെയാണെന്നതിനെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ബംഗാളിലെ വൈഷ്ണവ മതപണ്ഡിതനായ ഹരേകൃഷ്ണ മഹോപാധ്യായയും കൂട്ടരും ഇത് പശ്ചിമ ബംഗാളിലെ ബീര്‍ഭം ജില്ലയിലാണെന്നു വാദിക്കുന്നു. അവര്‍ ഇതിന് ഉപോദ്ബലകമായി ആ സ്ഥലത്തു മാഘസംക്രമത്തിനു നടത്താറുള്ള ജയദേവമേള ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. കേദാരനാഥമഹാപത്ര തുടങ്ങിയ പണ്ഡിതന്മാര്‍ ഈ സ്ഥലം ഒറീസയിലെ പുരി ജില്ലയിലാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ബിഹാറിലെ തിര്‍ഹത് ജില്ലയിലാണ് കേന്ദുലി എന്ന വാദവും നിലനില്ക്കുന്നു. പൂര്‍വേന്ത്യയിലെ ഒരു പ്രദേശമാണ് കേന്ദുലി എന്ന നിഗമനം ഏറെക്കുറെ സ്വീകാര്യമാണ്. ജയദേവന്‍ വംഗദേശീയനാണെന്ന വാദത്തിനാണ് കൂടുതല്‍ പ്രചാരം. അവിടത്തെ അവസാനത്തെ ഹിന്ദു രാജാവായിരുന്ന ലക്ഷ്മണസേനന്റെ ആസ്ഥാനകവികളില്‍ ഒരാളായിരുന്നു ഇദ്ദേഹമെന്നും വ്യാപകമായി വിശ്വസിച്ചുപോരുന്നു. പിതാവ് ഭോജദേവനും അമ്മ രമാദേവിയുമാണെന്ന സൂചന ഗീതഗോവിന്ദത്തിലുണ്ട്. നര്‍ത്തകിയായ പദ്മാവതിയാണ് ഭാര്യയെന്ന പരാമര്‍ശവും അതില്‍ക്കാണാം. ഭാര്യയുടെ പേര് രോഹിണിയെന്നു മറ്റൊരിടത്ത് സൂചിപ്പിച്ചു കാണുന്നു. ജഗന്നാഥക്ഷേത്ര(പുരി)ത്തില്‍ ജയദേവന്‍ ഗീതഗോവിന്ദം ആലപിച്ചിരുന്നുവെന്നും പദ്മാവതി അതിനൊത്തു നൃത്തം ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു.
ഗീതഗോവിന്ദത്തിനു പുറമെ, മൂന്നു കൃതികള്‍ കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ടാവാമെന്നു സുനീതികുമാര്‍ ചാറ്റര്‍ജി അനുമാനിക്കുന്നുണ്ട്. ശ്രീധരദാസന്റെ (13-ാം ശ.) സദുക്തികര്‍ണാമൃതത്തില്‍ ജയദേവകവിയുടെതായി ഉദ്ധരിച്ചിട്ടുള്ള 31 ശ്ളോകങ്ങളാണ് ഈ അനുമാനത്തിനാധാരം. അതില്‍ 5 എണ്ണം ഗീതഗോവിന്ദത്തിലേതാണ്. ഗീതഗോവിന്ദം കൃഷ്ണ ഭക്തിയുടെ അടിത്തറയില്‍ വിരചിക്കപ്പെട്ടതാണെങ്കിലും മുഖ്യരസം ശൃംഗാരമാണ്. എന്നാല്‍ സദുക്തികര്‍ണാമൃതത്തിലുള്ള മറ്റ് 26 ശ്ളോകങ്ങളില്‍ ഇതര രസങ്ങളായ വീരം, രൌദ്രം, അദ്ഭുതം, ശാന്തം എന്നിവ കാണാം. പ്രേമകാമങ്ങള്‍ക്കപ്പുറത്ത് വ്യാപിച്ചുകിടക്കുന്ന ജയദേവകവിയുടെ കവന താത്പര്യങ്ങളെ ഇത് ഉദാഹരിക്കുന്നു. പ്രതിപാദ്യങ്ങളെ മുന്‍നിര്‍ത്തി ഇദ്ദേഹം ആദ്യകാലത്ത് സ്മാര്‍ത്തനോ ശൈവബ്രാഹ്മണനോ ആയിരുന്നുവെന്നും പിന്നീട് വൈഷ്ണവരിലെ ഗൌഡീയ അഥവാ നവദ്വീപ വിഭാഗം ശക്തിപ്പെട്ടപ്പോള്‍ വൈഷ്ണവ കവിയും യോഗിയുമായി മാറിയതായിരിക്കും എന്നും അനുമാനിക്കുന്നു. നോ. ജയദേവ ഗീതഗോവിന്ദം