This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജയചന്ദ്രന്‍, ടി.എന്‍. (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:20, 8 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ജയചന്ദ്രന്‍, ടി.എന്‍. (1936 - )

ഉദ്യോഗസ്ഥപ്രമുഖനും എഴുത്തുകാരനും. 1936 ജൂണ്‍ 22-നു ടി.കെ. നാരായണന്റെയും ശാരദയുടെയും മകനായി തൃശൂരില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബി.എ. ഓണേഴ്സ് ഒന്നാം ക്ലാസില്‍ ഒന്നാം റാങ്കോടെ ജയിച്ചു. 1956-ല്‍ തൃശൂര്‍ ശ്രീ കേരളവര്‍മ കോളജില്‍ അധ്യാപകനായി. ആ വര്‍ഷം ഡി.-ല്‍ ഡെപ്യൂട്ടികളക്ടറായി നിയമനം ലഭിച്ചു. ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പബ്ളിക് അഡ്മിനിസ്ട്രേഷനില്‍ നിന്ന് മാസ്റ്റേഴ്സ് ഡിപ്ളോമയും കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡെവലപ്മെന്റ് സ്റ്റഡീസില്‍ ഡിപ്ളോമയും ജയചന്ദ്രന്‍ നേടിയിട്ടുണ്ട്. 1967-ല്‍ ഐ.എ.എസ്. ലഭിച്ചു. കോട്ടയം ജില്ലാ കളക്ടര്‍, മുഖ്യമന്ത്രി സി. അച്യുതമേനോന്റെ പ്രൈവറ്റ് സെക്രട്ടറി (1969-72), വ്യവസായ ഡയറക്ടര്‍, സഹകരണ രജിസ്ട്രാര്‍, കൃഷിവകുപ്പുസെക്രട്ടറി, ഉന്നതവിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുസെക്രട്ടറിയും കമ്മിഷണറും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജയചന്ദ്രന്‍ 1994-ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ (1981-83), കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ (1983-87), ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സാഹിത്യനിരൂപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ജയചന്ദ്രന്‍ നര്‍മലേഖനങ്ങളും എഴുതാറുണ്ട്. കഥയുടെ പിന്നിലെ കഥ, നോവലിസ്റ്റിന്റെ ശില്പശാല, നോവലുകള്‍ക്കിടയില്‍, നോവലുകളും നോവലുകളും മുതലായവയാണ് മുഖ്യകൃതികള്‍.

ജപ്പാന്‍, കൊറിയ, യു.കെ., ജര്‍മനി, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. ജയചന്ദ്രന്‍ സംസ്ഥാന പിന്നോക്ക സമുദായ കമ്മിഷന്‍ മെംബറാണ് (1997).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍