This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജമിനി പദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:13, 7 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജമിനി പദ്ധതി

ബഹിരാകാശഗവേഷണത്തിനായി യു.എസ്. 1960-കളില്‍ നടപ്പാക്കിയ അപ്പോളോ പദ്ധതിയുടെ രണ്ടാം ഘട്ടം. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്. 'ജമിനി' എന്ന വാക്കിന് ലത്തീന്‍ഭാഷയില്‍ ഇരട്ട എന്നാണര്‍ഥം. രണ്ടു ബഹിരാകാശയാത്രികരെ കൊണ്ടുപോകാന്‍ തക്ക സജ്ജീകരണങ്ങളോടെ രൂപകല്പന ചെയ്തവയായിരുന്നു ജമിനി വാഹനങ്ങള്‍. 1960-ല്‍ നാഷണല്‍ എയ്റോനോട്ടിക്കല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ (NASA) രൂപം നല്കിയ 'മെര്‍ക്കുറി പദ്ധതി'യിലൂടെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം 1965 മാ. 23-ന് രണ്ടു ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ജമിനി-3-ന്റെ വിക്ഷേപണത്തോടെ ജമിനി പദ്ധതിക്ക് തുടക്കം കുറിച്ചു. 1966 ന. 15-ന് ജമിനി-12 തിരിച്ചിറങ്ങിയതോടെ ഈ പദ്ധതി അവസാനിച്ചു. മൊത്തം 16 ബഹിരാകാശയാത്രകള്‍ അടങ്ങിയ രണ്ടു പദ്ധതികളും അഞ്ചര വര്‍ഷം കൊണ്ടു പൂര്‍ത്തിയായി. ഇവയില്‍ 10 ബഹിരാകാശയാത്രകളിലും മനുഷ്യര്‍ യാത്രികരായിരുന്നു.

രൂപകല്പനയില്‍ മെര്‍ക്കുറി വാഹനങ്ങളെക്കാള്‍ വലുപ്പവും സങ്കീര്‍ണതയും കൂടിയവയായിരുന്നു ജമിനി വാഹനങ്ങള്‍. ഈ ബഹിരാകാശ ഗവേഷണ പദ്ധതികൊണ്ട് വിവിധയിനം പഠനങ്ങള്‍ ഉദ്ദേശിക്കപ്പെട്ടിരുന്നു. ദൈര്‍ഘ്യമേറിയ ബഹിരാകാശയാത്രയിലെ 'ഭാരമില്ലായ്മ'യോടും പേടകത്തിലെ ഇടുങ്ങിയ പരിതസ്ഥിതികളോടും യാത്രികരുടെ പ്രതികരണം; ചാന്ദ്രയാത്രയ്ക്കാവശ്യമായ ഡോക്കിങ് ടെക്നിക്കുകള്‍, അവയ്ക്കനുയോജ്യമായി യാത്രികര്‍ക്കു നല്കേണ്ട പരിശീലനം; ബയോ മെഡിക്കല്‍ പരീക്ഷണങ്ങള്‍ എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. ഏകദേശം 41 കോടി ഡോളര്‍ ചെലവഴിച്ച ജമിനി പദ്ധതി നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ലക്ഷ്യങ്ങളെല്ലാം കൈവരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍