This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ജന്തുമനഃശാസ്ത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ജന്തുമനഃശാസ്ത്രം
Animal Psychology
മനുഷ്യനുള്‍പ്പെടെയുള്ള എല്ലാ ജന്തുക്കളുടെയും പെരുമാറ്റരീതികളില്‍ കാണപ്പെടുന്ന ഗുണാത്മകവും പരിമാണാത്മകവുമായ സാമ്യഭേദങ്ങളെക്കുറിച്ചു പഠിക്കുന്ന മനഃശാസ്ത്രശാഖ. മൃഗങ്ങളുടെ പെരുമാറ്റരീതികളുടെ പഠനത്തിനാണ് ഈ ശാസ്ത്രശാഖ കൂടുതല്‍ ഊന്നല്‍ നല്കുന്നത്. അതിസങ്കീര്‍ണമായ മനുഷ്യവ്യവഹാരം അപഗ്രഥിക്കുവാന്‍ മൃഗങ്ങളുടെ സ്വഭാവരീതികളെക്കുറിച്ചുള്ള അറിവ് സഹായകമാകും എന്ന വിശ്വാസമാണ് ഇതിനു നിദാനം. മനുഷ്യരില്‍ നടത്താന്‍ സാധിക്കാത്ത പല പരീക്ഷണങ്ങളും മൃഗങ്ങളില്‍ നടത്താന്‍ കഴിയും എന്നതും ഈ ശാസ്ത്രശാഖയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ചരിത്രപശ്ചാത്തലം
പുരാതനകാലത്തുതന്നെ മൃഗങ്ങളുടെ പെരുമാറ്റരീതികള്‍ ആളുകളില്‍ കൌതുകമുണര്‍ത്തിയിരുന്നു. അരിസ്റ്റോട്ടല്‍ (ബി.സി. 384-322), പ്ലിനി (എഡി. 23-79) തുടങ്ങിയ ചിന്തകര്‍ മൃഗങ്ങളുടെ പെരുമാറ്റരീതികളെക്കുറിച്ച് വിശദമായി പഠനം നടത്തിയിരുന്നു. 19-ാം ശതകത്തിന്റെ അവസാനത്തോടുകൂടിയാണ് മൃഗങ്ങളുടെ സ്വഭാവരീതികള്‍ ശാസ്ത്രീയമായി പഠിക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം ജന്തുമനഃശാസ്ത്ര പഠനത്തിന്റെ പ്രാധാന്യം വര്‍ധിപ്പിച്ചു.
മൃഗചേതനയെയും മനസ്സിനെയും കുറിച്ചുള്ള ഊഹങ്ങളും നിരീക്ഷണങ്ങളുമായിരുന്നു ആദ്യകാല ജന്തുമനഃശാസ്ത്ര പഠനത്തിലെ പ്രധാന വിഷയങ്ങള്‍. 1908-ല്‍ മാര്‍ഗരറ്റ് ഫ്ലോയ് വാഷ്ബേണ്‍ പ്രസിദ്ധീകരിച്ച ദി ആനിമല്‍ മൈന്‍ഡ് എന്ന ഗ്രന്ഥം ഈ രംഗത്തെ ആധികാരിക രേഖയായി വളരെക്കാലം നിലനിന്നിരുന്നു. വ്യവഹാരവാദം ശക്തിപ്രാപിച്ചതോടുകൂടി മൃഗമനസ്സുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കുറഞ്ഞു. 1894-ല്‍ സി.എല്‍. മോര്‍ഗന്‍ മൃഗങ്ങള്‍ക്ക് മാനവികത കല്പിക്കുന്ന പ്രവണതയെ എതിര്‍ത്തുകൊണ്ടു രംഗത്തുവന്നു. കേവല മാനസിക പ്രവര്‍ത്തനങ്ങള്‍ മാത്രം ആധാരമാക്കി വ്യാഖ്യാനിക്കാവുന്ന പ്രവൃത്തികള്‍ ഒരിക്കലും ഉയര്‍ന്ന മാനസിക പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി വ്യാഖ്യാനിക്കരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഈ സിദ്ധാന്തം 'മോര്‍ഗന്‍സ് കാനണ്‍' (Morgan's Canon) എന്ന പേരില്‍ അറിയപ്പെടുന്നു.
'ഇത്തോളജി' എന്നും 'കംപാരറ്റീവ് സൈക്കോളജി' അഥവാ താരതമ്യ മനഃശാസ്ത്രം എന്നും അറിയപ്പെടുന്ന രണ്ടു സമാന്തരശാഖകളിലൂടെയാണ് ജന്തുമനഃശാസ്ത്രം വികാസം പ്രാപിച്ചത്. സ്വാഭാവിക ചുറ്റുപാടുകളില്‍ മൃഗങ്ങളുടെ പെരുമാറ്റരീതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അടിസ്ഥാന തത്ത്വങ്ങള്‍ കണ്ടെത്തുന്നതിനുമാണ് ഇത്തോളജി പ്രാധാന്യം നല്കിയത്. യൂറോപ്പിലാണ് ഈ ശാസ്ത്രശാഖ വേരുറപ്പിച്ചത്. ചെറുപ്രാണികള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ എന്നിവയെക്കുറിച്ചായിരുന്നു കൂടുതല്‍ പഠനങ്ങള്‍ നടത്തിയിരുന്നത്. കോണ്‍റാഡ് ലോറന്‍സ് (Conrod Lorens), നിക്കോ റ്റിന്‍ബര്‍ഗന്‍ (Niko Tinbergen) എന്നീ ശാസ്ത്രജ്ഞര്‍ ഈ രംഗത്തെ പ്രമുഖരാണ്.
താരതമ്യ മനഃശാസ്ത്രം കൂടുതല്‍ പ്രചാരം നേടിയത് യു.എസ്സിലാണ്. പരീക്ഷണശാലയിലെ നിയന്ത്രിത ചുറ്റുപാടുകളില്‍ നടത്തുന്ന പഠനങ്ങളിലൂടെ ജന്തുവ്യവഹാരത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ കണ്ടെത്തുവാനായിരുന്നു താരതമ്യ മനഃശാസ്ത്രജ്ഞര്‍ ശ്രമിച്ചത്. സസ്തനികളില്‍, പ്രത്യേകിച്ച് ആല്‍ബിനോ എലികളിലായിരുന്നു പരീക്ഷണങ്ങള്‍ കൂടുതലായി നടത്തിയിരുന്നത്.
പ്രധാന ലക്ഷ്യങ്ങള്‍.
ജന്തുമനഃശാസ്ത്ര പഠനത്തിന് രണ്ടു പ്രധാന ലക്ഷ്യങ്ങളുണ്ട്. ജന്തുക്കളുടെ പെരുമാറ്റം നിയന്ത്രിക്കുന്ന അടിസ്ഥാനതത്ത്വങ്ങള്‍ ഏതൊക്കെയെന്നു കണ്ടെത്തുക, പരീക്ഷണശാലയിലും സ്വാഭാവിക പരിതഃസ്ഥിതിയിലുമുള്ള മൃഗങ്ങളുടെ പെരുമാറ്റരീതികള്‍ അവയുടെ പരിണാമക്ഷമത എങ്ങനെ വര്‍ധിപ്പിക്കുന്നു എന്നു മനസ്സിലാക്കുക. ജന്തുവ്യവഹാരത്തിന് ആസന്ന വിശദീകരണവും (proximate explanation) പരമവിശദീകരണവും (Ultimate explanation) നല്കുന്നതിനുവേണ്ടിയാണ് ജന്തുമനഃശാസ്ത്രജ്ഞന്മാര്‍ പ്രധാനമായും യത്നിക്കുന്നത്. ഒരു പ്രത്യേക പ്രവൃത്തി എങ്ങനെ സംഭവിക്കുന്നു എന്നും പരിസ്ഥിതിപരവും ശാരീരികവുമായ ചലാങ്കങ്ങള്‍ വ്യവഹാരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും വ്യക്തമാക്കുന്നതിനെ ആസന്നവിശദീകരണം എന്നു പറയുന്നു. ഒരു പ്രവൃത്തി എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും ഒരു ജന്തുവിന്റെ ആകെയുള്ള പരിണാമക്ഷമതയ്ക്ക് അത് എന്തു സംഭാവന നല്കുന്നുവെന്നും വ്യക്തമാക്കുന്നതിനെ പരമവിശദീകരണം എന്നു പറയുന്നു.
ജന്തുവ്യവഹാരം.
ഡൊണാള്‍ഡ് എ. ഡ്യുസ്ബറി എന്ന ജന്തു മനഃശാസ്ത്രജ്ഞന്‍ ജന്തുവ്യവഹാരത്തെ സാമൂഹ്യേതര വ്യവഹാരം എന്നും സാമൂഹ്യവ്യവഹാരം എന്നും രണ്ടായി തിരിച്ചിരിക്കുന്നു.
സാമൂഹ്യേതര വ്യവഹാരം.
ചാലകപ്രവര്‍ത്തനം, പ്രവര്‍ത്തനചക്രങ്ങള്‍, നിദ്ര, പാര്‍പ്പിടാന്വേഷണം, അഭിവിന്യാസം (orientation), ഭക്ഷണരീതി, താപനിയന്ത്രണം, വിസര്‍ജനം, കളി, അന്വേഷണാത്മക വ്യവഹാരം, പാലനപ്രവര്‍ത്തനം (maintenance behaviour), ആയുധോപയോഗം എന്നിവയെ സാമൂഹ്യേതര വ്യവഹാരത്തില്‍ ഉള്‍പ്പെടുത്താം.
ഓരോ വര്‍ഗത്തിനും തനതായ ചലനരീതികളുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളനുസരിച്ച് ഓരോ വര്‍ഗവും നടക്കുവാനോ പറക്കുവാനോ നീന്തുവാനോ പഠിക്കുന്നു. പ്രവര്‍ത്തന സമയത്തെ അടിസ്ഥാനമാക്കി ജന്തുക്കളെ മൂന്നായി തരംതിരിക്കാം. പകല്‍ കൂടുതല്‍ പ്രവര്‍ത്തനനിരതരാകുന്നവയെ ഡൈയര്‍ണല്‍ (diurnal) ജന്തുക്കള്‍ എന്നും രാത്രിയില്‍ പ്രവര്‍ത്തനനിരതരാകുന്നവയെ നൊക്റ്റര്‍ണല്‍ (nocturnal) ജന്തുക്കള്‍ എന്നും രാവിലെയും സന്ധ്യയ്ക്കും മാത്രം പ്രവര്‍ത്തനനിരതരാകുന്നവയെ ക്രെപസ്കുലര്‍ (crepusculor) ജന്തുക്കള്‍ എന്നും പറയുന്നു.
ഒരു ജന്തുവിന്റെ പ്രവര്‍ത്തനചക്രത്തിലെ ഏറ്റവും നിഷ്ക്രിയമായ ഘട്ടമാണ് നിദ്ര. മൃഗങ്ങളിലെ വ്യത്യസ്ത നിദ്രാരീതികളെക്കുറിച്ച് പഠിക്കുന്നതിനായി ഇ.ഇ.ജി. (EEG-electro encephalo graph) ഉപയോഗപ്പെടുത്തുന്നു. മസ്തിഷ്കത്തിലെ വൈദ്യുതിതരംഗങ്ങള്‍ മാപനം ചെയ്യുന്ന സംവിധാനമാണ് ഇ.ഇ.ജി. പേശീമുറുക്കം, നേത്രചലനം എന്നിവയില്‍ നിന്നും നിദ്രയെക്കുറിച്ചു വിവരം ശേഖരിക്കാവുന്നതാണ്. എല്ലാ സസ്തനികളുടെയും പ്രവര്‍ത്തനചക്രത്തില്‍ മൂന്ന് അവസ്ഥകളുള്ളതായി കാണുന്നു. ജാഗ്രതാവസ്ഥയില്‍ മൃഗങ്ങള്‍ പ്രവര്‍ത്തനനിരതരായിരിക്കുകയും, സാമാന്യ പേശിമുറുക്കവും നേത്രചലനങ്ങളും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ എടുക്കുന്ന ഇ.ഇ.ജി. ചിത്രങ്ങള്‍ കുറഞ്ഞ വൈദ്യുതി പ്രചോദകശക്തിയെയും (low voltage) ദ്രുതപ്രവര്‍ത്തനത്തെയും സൂചിപ്പിക്കുന്നു. നിദ്രയുടെ പ്രാരംഭഘട്ടമായ മന്ദതരംഗനിദ്ര (slow wave sleep)യില്‍ പേശിമുറുക്കം കുറയുകയും നേത്രചലനങ്ങള്‍ നിലയ്ക്കുകയും ചെയ്യുന്നു. ഈ സമയത്തുള്ള ഇ.ഇ.ജി. ചിത്രങ്ങള്‍ ഉയര്‍ന്ന വൈദ്യുതി പ്രചോദക ശക്തി (high voltage)യെയും മന്ദപ്രവര്‍ത്തനത്തെയും സൂചിപ്പിക്കുന്നു. നിദ്രയുടെ അന്ത്യഘട്ടത്തിന്, ദ്രുത നേത്രചലനനിദ്ര (rapid eye movement sleep) അഥവാ പാരഡോക്സിക്കല്‍ (paradoxical - വിരോധാഭാസം) നിദ്ര എന്നു പറയുന്നു. ഒരു ജന്തു ഗാഢനിദ്രയിലായിരിക്കുന്ന ഈ സമയത്ത് മസ്തിഷ്കം ജാഗ്രതാവസ്ഥയിലെന്നപോലെ പ്രവര്‍ത്തിക്കുന്നതിനാലാണ് ഈ പേര്‍ സിദ്ധിച്ചത്. ഈ ഘട്ടത്തില്‍ കുറഞ്ഞ പേശിമുറുക്കവും വര്‍ധിച്ച നേത്രചലനങ്ങളും കാണപ്പെടുന്നു. ഈ സമയത്തുള്ള ഇ.ഇ.ജി. ചിത്രങ്ങള്‍ കുറഞ്ഞ വൈദ്യുതി പ്രചോദകശക്തിയെയും ദ്രുതപ്രവര്‍ത്തനത്തെയും സൂചിപ്പിക്കുന്നു.
മിക്ക മൃഗങ്ങളും പാര്‍പ്പിടം അന്വേഷിച്ചു കണ്ടുപിടിക്കുകയോ നിര്‍മിക്കുകയോ ചെയ്യുന്നു. പക്ഷികളും മത്സ്യങ്ങളും മറ്റും കൂടുകള്‍ നിര്‍മിക്കുന്നത് കുഞ്ഞുങ്ങളെ വളര്‍ത്തുക എന്ന താത്കാലികാവശ്യം നിറവേറ്റാന്‍ മാത്രമാണ്. ഓരോ തവണയും കുഞ്ഞുങ്ങളെ പോറ്റുവാനായി ഇവ പുതിയ കൂടുകള്‍ നിര്‍മിക്കുന്നു. ചിമ്പാന്‍സികള്‍ ഓരോ രാത്രിയിലും ഉറങ്ങുവാന്‍ പുതിയ കൂടുകള്‍ നിര്‍മിക്കുന്നു. ബീവറുകള്‍ മാളങ്ങള്‍ നീണ്ടകാലം ഉപയോഗിക്കുന്നു.
ഓരോ ജന്തുവര്‍ഗത്തിനും തനതായ ഭക്ഷണരീതിയുണ്ട്. മൃഗങ്ങള്‍ സസ്യഭുക്കുകളോ മാംസഭുക്കുകളോ സര്‍വഭക്ഷകങ്ങളോ ആവാം. ചില വര്‍ഗങ്ങള്‍ക്ക് വളരെ പരിമിതമായ ഭക്ഷണക്രമങ്ങളുണ്ടാവാം. കോയല കരടികള്‍ക്ക് യൂക്കാലി ഇലകള്‍ മാത്രമാണ് ഭക്ഷണം. പല മൃഗങ്ങളും ഭക്ഷണം സുലഭമായി ലഭിക്കുന്ന കാലത്ത് അതു ശേഖരിച്ചു വയ്ക്കുകയും പിന്നീട് ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
താപനിയന്ത്രണം എല്ലാ മൃഗങ്ങളുടെയും നിലനില്പിന് അത്യന്താപേക്ഷിതമാണ്. അതികഠിനമായ ഉഷ്ണവും ശൈത്യവും ഒഴിവാക്കാന്‍ മിക്ക മൃഗങ്ങളും ശ്രദ്ധപുലര്‍ത്തുന്നു.
വ്യത്യസ്ത ജന്തുവര്‍ഗങ്ങള്‍ മലമൂത്രവിസര്‍ജനം നടത്തുന്ന രീതികളിലും വ്യത്യാസമുണ്ട്. സ്ഥിരമായി പാര്‍ക്കാന്‍ കൂടുകള്‍ നിര്‍മിക്കുന്ന ജന്തുക്കള്‍ കൂട് വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കുന്നു. കൂടിനു പുറത്ത് എവിടെയെങ്കിലുമാണ് ഈ വിസര്‍ജനം നടത്തുന്നത്. എന്നാല്‍ അലഞ്ഞുനടക്കുന്ന ജന്തുക്കള്‍ (ഉദാ. പ്രൈമേറ്റുകള്‍) എല്ലായിടത്തും വിസര്‍ജനം നടത്തും. ഒരു വര്‍ഗത്തിലെ അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനു സഹായിക്കുന്ന ഫെറമോണുകള്‍ എന്ന രാസവസ്തുക്കള്‍ മലത്തിലും മൂത്രത്തിലും ധാരാളമായി കാണപ്പെടുന്നു. മൃഗങ്ങള്‍ തങ്ങളുടെ പ്രവിശ്യയുടെ അതിര്‍ത്തി കുറിക്കുവാന്‍ വിസര്‍ജ്യവസ്തുക്കള്‍ ഉപയോഗപ്പെടുത്താറുണ്ട്.
സ്വന്തം ചുറ്റുപാടുകള്‍ പരിശോധിക്കുന്നതില്‍ ഏതാണ്ട് എല്ലാ മൃഗങ്ങളും താത്പര്യം കാണിക്കുന്നു. ചെറുപ്പത്തിലാണ് ഈ പ്രവണത കൂടുതലായി പ്രകടമാകുന്നത്. പല കശേരു മൃഗങ്ങളും പുതിയ വസ്തുക്കളില്‍ ആകൃഷ്ടരാവുകയും അവ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യാറുണ്ട്. ആദ്യമുണ്ടാകുന്ന ഭയം മാറുമ്പോഴാണ് അവ പരിശോധനയ്ക്ക് മുതിരുന്നത്. ഈ പരിശോധന ജന്തുവിനു പരിസരത്തെക്കുറിച്ച് അറിവു പകരുന്നു. ഭക്ഷണം കണ്ടെത്തുവാനും ആപദ്ഘട്ടങ്ങളില്‍ അഭയം തേടാവുന്ന സുരക്ഷിതസ്ഥാനങ്ങള്‍ ഏതൊക്കെയെന്നു മനസ്സിലാക്കുവാനും ഈ പരിശോധന ഉപകരിക്കുന്നു.
അന്വേഷണാത്മക വ്യവഹാരം പോലെതന്നെ കളി അഥവാ ക്രീഡയും മൃഗങ്ങളുടെ ബാല്യദശയിലാണ് കൂടുതല്‍ പ്രകടമാകുന്നത്. സാമാന്യ പെരുമാറ്റക്രമങ്ങളുടെ പുനഃസംവിധാനം, അതിശയോക്തീകരണം, ആവര്‍ത്തനം എന്നിവയെയാണ് കളി എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. കളി സാമൂഹ്യ വ്യവഹാരത്തിലും ഉള്‍പ്പെടുത്താവുന്നതാണ്.
ഇര തേടുവാനോ മറ്റു ലക്ഷ്യങ്ങള്‍ നേടുവാനോ ആയുധങ്ങള്‍ ഉപയോഗിക്കുന്ന ജന്തുവര്‍ഗങ്ങള്‍ നിരവധിയുണ്ട്. കടലിലെ നീര്‍നായ്ക്കള്‍ മുട്ട പൊട്ടിക്കുവാനായി പാറക്കഷണങ്ങള്‍ ഉപയോഗിക്കുന്നു. ഇലകള്‍ വെള്ളത്തില്‍ കുതിര്‍ത്തെടുത്തതിനുശേഷം പിഴിഞ്ഞ് വെള്ളം കുടിക്കുന്ന പതിവ് ചിമ്പാന്‍സികളുടെയിടയിലുണ്ട്.
മൃഗങ്ങളിലെ ദിശാബോധം ജന്തുമനഃശാസ്ത്രജ്ഞര്‍ക്ക് എന്നും താത്പര്യമുള്ള വിഷയമാണ്. ദേശാന്തരഗമനം നടത്തുന്ന പക്ഷികളുടെയും കടലാമകളുടെയും ദിശാബോധത്തിന്റെ ഉറവിടം കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരുന്നു. ബയോടെലിമെട്രി എന്ന നൂതന ശാസ്ത്രശാഖയില്‍ മൃഗങ്ങളുടെ ദേഹത്തു ഘടിപ്പിക്കാവുന്ന ചെറിയ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിക്കുന്നു. ജന്തുവിന്റെ ഓരോ ചലനത്തെക്കുറിച്ചും വിവരം ശേഖരിക്കുവാന്‍ ഇതുമൂലം സാധിക്കുന്നു.
സാമൂഹ്യവ്യവഹാരം.
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന പെരുമാറ്റരീതികള്‍ നിരവധിയാണ്. അവയില്‍ പ്രധാനപ്പെട്ടവ താഴെ സൂചിപ്പിക്കുന്നു.
ആശയവിനിമയം
ഒരു ജന്തുവിന്റെ സ്വാധീനം മറ്റൊരു ജന്തുവിന്റെ പെരുമാറ്റത്തില്‍ ദൃശ്യമാവുകയാണെങ്കില്‍ ഈ ജന്തുക്കള്‍ തമ്മില്‍ ആശയവിനിമയം നടന്നതായി കണക്കാക്കാം. ഇന്ദ്രിയങ്ങള്‍ വഴി സന്ദേശങ്ങള്‍ സ്വീകരിക്കുന്നതു മാത്രമാണ് ആശയവിനിമയത്തില്‍ ഉള്‍പ്പെടുന്നത്. ഇതുപ്രകാരം ഒരു ജന്തു മറ്റൊരു ജന്തുവിന്റെ ശബ്ദത്തിനോടു പ്രതികരിക്കുന്നത് ആശയവിനിമയമായി കണക്കാക്കുന്നു. എന്നാല്‍ ഒരു മൃഗം മറ്റൊരു മൃഗത്തെ പരിക്കേല്പിക്കുക വഴി അതിന്റെ പെരുമാറ്റത്തെ സ്വാധീനിക്കുന്നത് ആശയവിനിമയമായി കണക്കാക്കുന്നില്ല.
ആശയവിനിമയം പല രീതികളില്‍ നടക്കുന്നു. ദൃശ്യമാധ്യമത്തിലൂടെ ആശയവിനിമം നടത്തുന്ന ഒരു പ്രാണിയാണ് മിന്നാമിനുങ്ങ്. അവ രാത്രിയിലാണ് പ്രവര്‍ത്തനനിരതമാകുന്നത്. ആണുങ്ങള്‍ പറക്കുകയും ഇടയ്ക്കിടയ്ക്ക് പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പെണ്‍മിന്നാമിനുങ്ങുകള്‍ പറക്കാതെ നിലത്തുതന്നെ ഇരിക്കുകയും ആണ്‍മിന്നാമിനുങ്ങുകളുടെ സന്ദേശങ്ങള്‍ക്കു പ്രതികരിക്കുകയും ചെയ്യുന്നു. ഈ പരസ്പരപ്രവര്‍ത്തനം ഇണചേരലില്‍ അവസാനിക്കുന്നു. ഇണചേരലിനു മുന്നോടിയായി പക്ഷികള്‍ തമ്മില്‍ നടത്തുന്ന ആശയവിനിമയവും ദൃശ്യമാധ്യമത്തിലൂടെയാണ്. പക്ഷികള്‍, തവളകള്‍, ചീവീടുകള്‍ മുതലായ ജന്തുക്കള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ശ്രവ്യമാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയത്തിന് ഉദാഹരണങ്ങളാണ്. ചിമ്പാന്‍സികളും മറ്റു പല പ്രൈമേറ്റുകളും സ്പര്‍ശനത്തിലൂടെയും ആശയവിനിമയം നടത്താറുണ്ട്.
ചില ജന്തുക്കള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നു. ചെറുപ്രാണികളിലും സസ്തനികളിലും ഈ പ്രവണത കൂടുതലായി കാണപ്പെടുന്നു. ഒരേ വര്‍ഗത്തിലെ മൃഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനായി ഫെറമോണുകളും വ്യത്യസ്ത വര്‍ഗങ്ങളിലെ മൃഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനായി അലോമോണുകളുമാണ് ഉപയോഗിക്കുന്നത്.
മറ്റു മാധ്യമങ്ങളിലൂടെയും ചില ജന്തുവര്‍ഗങ്ങളില്‍ ആശയവിനിമയം നടക്കുന്നു. വവ്വാലുകളും ഡോള്‍ഫിനുകളും അള്‍ട്രാസോണിക് മാധ്യമങ്ങളും ചില മത്സ്യവര്‍ഗങ്ങള്‍ വൈദ്യുതമാധ്യമങ്ങളും പ്രയോജനപ്പെടുത്തുന്നു.
ഓരോ മാധ്യമത്തിലൂടെയുള്ള ആശയവിനിമയത്തിനും അതിന്റേതായ ഗുണവും ദോഷവുമുണ്ട്. രാസിക സന്ദേശങ്ങള്‍ ദീര്‍ഘദൂരം സഞ്ചരിക്കുന്നവയും രാത്രിയിലും ഉപയോഗിക്കുന്നവയുമാണ്. എന്നാല്‍ അവയ്ക്ക് പ്രസാരണവേഗത കുറവാണ്. ദൃശ്യ-ശ്രവ്യ സന്ദേശങ്ങള്‍ വേഗത്തില്‍ സഞ്ചരിക്കുന്നവയാണ്. രാത്രിയില്‍ ശ്രവ്യസന്ദേശങ്ങളാണ് ദൃശ്യസന്ദേശങ്ങളെക്കാള്‍ ഫലവത്താകുന്നത്.
കാള്‍ ഫൊണ്‍ ഫ്രിഷ് (Karl von Frisch) എന്ന ജന്തുമനഃശാസ്ത്രജ്ഞന്‍ തേനീച്ചകളുടെ 'നൃത്തഭാഷ' (dance language)യെക്കുറിച്ചു നടത്തിയ പഠനം മൃഗങ്ങളുടെ ആശയവിനിമയത്തെക്കുറിച്ചു നടന്ന പഠനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ധാരാളം ഭക്ഷണമുള്ള ഏതെങ്കിലും സ്ഥലം കണ്ടെത്തുന്ന ഒരു തേനീച്ച, തിരിച്ചു കൂട്ടില്‍ വന്നു മറ്റു തേനീച്ചകള്‍ക്ക് ആ സ്ഥലത്തെക്കുറിച്ചു വിവരം നല്കുന്നു. ഇതിനായി ഇവ അവലംബിക്കുന്ന ആശയവിനിമയമാര്‍ഗം നൃത്തമാണ്. ഭക്ഷണം നൂറുമീറ്റര്‍ ചുറ്റളവിനുള്ളിലാണെങ്കില്‍ വൃത്താകാരത്തിലുള്ള, അത്രയൊന്നും സങ്കീര്‍ണമല്ലാത്ത നൃത്തമാണ് വിനിമയമാര്‍ഗം. ദൂരെയുള്ള സ്ഥലങ്ങളെക്കുറിച്ച് വിവരം നല്കുവാന്‍ അവലംബിക്കുന്ന മാര്‍ഗത്തിന് വാഗ് നൃത്തം എന്നു പറയുന്നു. ലംബതലത്തില്‍ '8' ആകൃതിയിലാണ് അപ്പോള്‍ തേനീച്ച നൃത്തം ചെയ്യുന്നത്. ഭക്ഷണമുള്ള സ്ഥലം എത്ര ദൂരെയാണെന്നും ഏതു ദിശയിലാണെന്നും ഈ നൃത്തം സൂചിപ്പിക്കുന്നു.
ചിമ്പാന്‍സികളെ അംഗവിക്ഷേപങ്ങള്‍ ഉപയോഗിച്ചുള്ള ആശയവിനിമയം അഭ്യസിപ്പിക്കുവാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. മനുഷ്യഭാഷ മൃഗങ്ങള്‍ക്ക് അഭ്യസിക്കുവാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഗാര്‍ഡ്നര്‍ ആന്‍ഡ് ഗാര്‍ഡ്നര്‍ നടത്തിയ പരീക്ഷണം ഒരു പരിധിവരെ വിജയകരമായിരുന്നു. അവര്‍ വാഷോ (washoe) എന്നു പേരുള്ള ഒരു ചിമ്പാന്‍സിയെ അമേരിക്കന്‍ ആംഗ്യഭാഷ (American Sign Language) അഥവാ ആംസ്ലാന്‍ (Ameslan) അഭ്യസിപ്പിച്ചു. ആംസ്ലാന്‍ ഉപയോഗിച്ചു മാത്രമാണ് ഈ മൃഗത്തിനോട് ആശയവിനിമയം നടത്തിയിരുന്നത്. ആംസ്ലാനിലൂടെ ഉദ്ദേശം 160 വാക്കുകള്‍ വാഷോ പഠിച്ചു. രണ്ടോ മൂന്നോ വാക്കുകള്‍ ചേര്‍ത്ത് വാചകങ്ങള്‍ രൂപീകരിക്കുവാനും ആംസ്ലാന്‍ വശമുള്ള മറ്റു ചിമ്പാന്‍സികളോട് ആ ഭാഷയില്‍ ആശയവിനിമയം നടത്തുവാനും വാഷോയ്ക്കു സാധിച്ചു. സംസാരശേഷിയില്ലെങ്കിലും മനുഷ്യഭാഷ സ്വായത്തമാക്കുവാനുള്ള കഴിവ് ചിമ്പാന്‍സികള്‍ക്കുണ്ട് എന്നു തെളിഞ്ഞതായി പരീക്ഷകര്‍ അവകാശപ്പെട്ടു. എന്നാല്‍ വാഷോയുടെ പ്രകടനം സങ്കീര്‍ണമായ ഓപ്പറന്റ് വ്യവഹാരത്തിന് ഒരുദാഹരണം മാത്രമാണെന്ന് മറ്റു ചില ജന്തുമനഃശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനുഷ്യഭാഷ വശമാക്കാനുള്ള കഴിവ് മൃഗങ്ങള്‍ക്കുണ്ടോ എന്നു കണ്ടുപിടിക്കുവാന്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
ലൈംഗിക വ്യവഹാരം
ബീജസംയോഗത്തില്‍ അവസാനിക്കുന്ന എല്ലാ പരസ്പര പ്രവര്‍ത്തനത്തെയും ലൈംഗിക വ്യവഹാരത്തില്‍ ഉള്‍പ്പെടുത്താം. ബീജസംയോഗം ബാഹ്യമായോ ആന്തരികമായോ നടക്കാം. ചില ജന്തുക്കളില്‍ മൈഥുനത്തിലൂടെയും മറ്റു ചില ജന്തുക്കളില്‍ മൈഥുനം കൂടാതെയും ബീജസംയോഗം നടക്കുന്നു. ഭൂരിഭാഗം ജന്തുവര്‍ഗങ്ങളിലും ആണാണ് പെണ്ണിനെ ആകര്‍ഷിക്കുവാന്‍ മുന്‍കൈയെടുക്കുന്നത്. എന്നാല്‍ ചില നിശാശലഭങ്ങളില്‍ പെണ്‍വര്‍ഗം ഫെറമോണുകള്‍ ഉപയോഗിച്ച് ആണ്‍വര്‍ഗത്തെ ആകര്‍ഷിക്കുന്നു. പക്ഷികള്‍ ശബ്ദം ഉപയോഗിച്ചും ചില പ്രത്യേകരീതികളില്‍ പറന്നും ചില പ്രത്യേകനിറങ്ങള്‍ പ്രദര്‍ശിപ്പിച്ചും മറ്റുമാണ് ഇണയെ ആകര്‍ഷിക്കുന്നത്. ചെറുപ്രാണികളും സസ്തനജീവികളും ഫെറമോണുകള്‍ ഉപയോഗിക്കുന്നു. നിശാചരരായ മൃഗങ്ങള്‍ ശ്രവ്യമാധ്യമത്തിലൂടെയോ ഘ്രാണമാധ്യമത്തിലൂടെയോ ആണ് ഇണയെ ആകര്‍ഷിക്കുവാന്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഓസിപോഡ് സാറാടാന്‍ (ocypode saratan) എന്ന ഇനം ഞണ്ടുകളില്‍ ആണ്‍വര്‍ഗത്തില്‍പ്പെട്ടവ മാളമുണ്ടാക്കി അതില്‍ ഇറങ്ങിയിരിക്കുന്നു. മാളത്തിനടുത്തായി ഒരു പിരമിഡിന്റെ ആകൃതിയില്‍ മണ്ണ് കൂട്ടിയിടുന്നു. പെണ്‍ഞണ്ടിനു വളരെ ദൂരെ നിന്നുതന്നെ ദൃശ്യമാകുന്ന രീതിയിലാണ് ഈ പിരമിഡ് നിര്‍മിക്കുന്നത്. ഈ സന്ദേശത്തോട് പെണ്‍ഞണ്ടുകള്‍ പ്രതികരിക്കുമ്പോള്‍ ഇണചേരല്‍ നടക്കുന്നു.
നിരവധി ഘടകങ്ങള്‍ ലൈംഗികസ്വഭാവത്തെ നിയന്ത്രിക്കുന്നു. ഹോര്‍മോണുകള്‍ ഇതില്‍ പ്രധാനപങ്കു വഹിക്കുന്നു. 'ആന്‍ഡ്രോജനുകള്‍' (androgens) എന്ന പൊതു നാമത്താല്‍ അറിയപ്പെടുന്ന ചില ഹോര്‍മോണുകള്‍ ഗണ്യമായ തോതില്‍ രക്തത്തില്‍ കാണപ്പെടുമ്പോള്‍ മാത്രമേ അത് ലൈംഗികത പ്രകടിപ്പിക്കുകയുളളൂ. എന്നാല്‍ പെണ്ണില്‍ ലൈംഗികത പ്രകടമാക്കുവാന്‍ ഈസ്ട്രജന്‍, പ്രോജെസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകളുടെ വളരെ ചെറിയ അളവിലുള്ള സാന്നിധ്യം മതി. നാഡീവ്യൂഹത്തിന്റെ പല ഭാഗങ്ങളും ലൈംഗിക വ്യവഹാരം നിയന്ത്രിക്കുന്നതില്‍ പങ്കുവഹിക്കുന്നു. ഇതില്‍ പ്രധാനപങ്ക് സുഷുമ്നയിലെയും ഹൈപ്പോതലാമസിലെയും ചില ഭാഗങ്ങള്‍ക്കാണ്.
മാതൃ/പിതൃ നിര്‍വിശേഷസ്വഭാവം
കുഞ്ഞുക്കള്‍ ജനിക്കുന്നതിനു മുമ്പുതന്നെ ചില ജന്തുക്കള്‍ കുഞ്ഞുങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി പലതും ചെയ്യുന്നു. കൂടു കെട്ടുന്നതും ഭക്ഷണം സംഭരിക്കുന്നതും മറ്റും കുഞ്ഞുങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണ്. ഓരോ ജന്തുവര്‍ഗത്തിനും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിന് വ്യത്യസ്ത രീതികളുണ്ട്. ഒരു പ്രത്യേകയിനം വണ്ടുകളുടെ ഇടയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ഒരിക്കലും കാണുന്നില്ല. പെണ്‍വണ്ട് ഒരു മാളമുണ്ടാക്കി മുട്ടകള്‍ അതില്‍ നിക്ഷേപിക്കുന്നു. കുഞ്ഞുങ്ങള്‍ക്കുവേണ്ട ഭക്ഷണവും ഈ മാളത്തില്‍ കരുതുന്നു. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തുവരുമ്പോള്‍ തള്ള അവിടെ ഉണ്ടാവില്ല. എങ്കിലും കുഞ്ഞുങ്ങള്‍ക്കാവശ്യമായ സംരക്ഷണവും ഭക്ഷണവും ലഭിക്കുന്നു. തേനീച്ചകള്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന രീതി ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കുഞ്ഞുങ്ങളെ മുതിര്‍ന്ന തേനീച്ചകള്‍ ഇടയ്ക്ക് സന്ദര്‍ശിക്കുകയും അവയ്ക്കു വേണ്ട പരിലാളനം നല്കുകയും ചെയ്യുന്നു. ചില മത്സ്യങ്ങള്‍ ചെടിയിലും മറ്റു ചില മത്സ്യങ്ങള്‍ പൂഴിയിലും മുട്ട നിക്ഷേപിക്കുന്നു. തിലാപിയ ജനുസ്സിലെ മത്സ്യങ്ങള്‍ മുട്ടകള്‍ വായില്‍ കൊണ്ടുനടന്നു വിരിക്കുന്നു. ഏതാണ്ട് എല്ലാ പക്ഷികളും അടയിരുന്നാണ് മുട്ട വിരിയിക്കുന്നത്. എന്നാല്‍ കുയിലുകള്‍ മറ്റു പക്ഷികളുടെ കൂട്ടില്‍ മുട്ടയിടുകയാണ് പതിവ്. ചില പക്ഷിവര്‍ഗങ്ങളില്‍ ആണ്‍പക്ഷിയും പെണ്‍പക്ഷിയും മാറിമാറി അടയിരിക്കുന്നു.
സസ്തനികളില്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന്റെ കൂടുതല്‍ ചുമതല അമ്മമാര്‍ക്കാണ്. കുളമ്പുള്ള ചില മൃഗങ്ങള്‍, എലികള്‍ എന്നിവയില്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ആണ്‍വര്‍ഗം വലിയ പങ്കുവഹിക്കുന്നില്ല. ചില മാംസഭുക്കുകളിലും പ്രൈമേറ്റുകളിലും കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ആണ്‍വര്‍ഗം വലിയ പങ്ക് വഹിക്കുന്നില്ല. ചില മാംസഭുക്കുകളിലും പ്രൈമേറ്റുകളിലും കുഞ്ഞുങ്ങളുടെ സംരക്ഷണത്തില്‍ ആണ്‍വര്‍ഗം പ്രധാനപങ്ക് വഹിക്കുന്നു.
പല ഹോര്‍മോണുകളും മാതൃ-പിതൃനിര്‍വിശേഷ സ്വഭാവത്തെ നിയന്ത്രിക്കുന്നു. പെണ്‍പക്ഷികളില്‍ കൂടു കൂട്ടുന്നതിന് പ്രേരകമാകുന്നത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണും അടയിരിക്കലിനു പ്രേരകമാകുന്നത് പ്രൊജെസ്റ്ററോണ്‍ എന്ന ഹോര്‍മോണുമാണെന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്രനാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളും മാതൃ/പിതൃനിര്‍വിശേഷസ്വഭാവത്തെ നിയന്ത്രിക്കുന്നു.
മാതൃ/പിതൃനിര്‍വിശേഷസ്വഭാവം നിയന്ത്രിക്കുന്നതില്‍ പരിസ്ഥിതി ഘടകങ്ങളും സ്വാധീനം ചെലുത്തുന്നു. ബാഹ്യ ബീജസങ്കലനം നിലനില്ക്കുന്ന മത്സ്യവര്‍ഗങ്ങളില്‍ ആണ്‍ മത്സ്യങ്ങള്‍ക്കാണ് മുട്ടകളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണ ചുമതല കൂടുതലായുള്ളത്. ആന്തരബീജസങ്കലനം പതിവുള്ള മത്സ്യവര്‍ഗങ്ങളില്‍ പെണ്‍മത്സ്യങ്ങള്‍ക്കാണ് ശിശുസംരക്ഷണച്ചുമതല കൂടുതല്‍.
മാതൃ/പിതൃ നിര്‍വിശേഷ സ്വഭാവം കുഞ്ഞുങ്ങളുടെ നിലനില്പിനും ആരോഗ്യകരമായ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
ഏറ്റുമുട്ടല്‍ തന്ത്രങ്ങള്‍.
ഭീഷണി, ആക്രമണം, പ്രീണനം, പലായനം എന്നിവയാണ് ഏറ്റുമുട്ടല്‍ തന്ത്രങ്ങള്‍
ഭീഷണി
ഏറ്റുമുട്ടല്‍ സന്ദര്‍ഭങ്ങളില്‍ മൃഗങ്ങള്‍ പല്ലുവെളിയില്‍ കാണിക്കുക, അലറുക മുതലായ ചേഷ്ടകള്‍ കാണിക്കാറുണ്ട്. പല പാമ്പുകളും എതിരാളിയെ ഭീഷണിപ്പെടുത്തുവാനായി വാലിന്റെ അറ്റം വിറപ്പിക്കുകയും സീല്‍ക്കാരശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്നു. പരിക്കേല്ക്കാതെ തന്നെ എതിരാളിയെ അകറ്റിനിര്‍ത്തുവാന്‍ ഒരു പരിധിവരെ ഈ പ്രതികരണങ്ങള്‍ സഹായകമാകുന്നു. പക്ഷികള്‍ ചില പ്രത്യേകശബ്ദങ്ങളിലൂടെയാണ് എതിരാളിയെ ഭീഷണിപ്പെടുത്തുന്നത്. സ്വവര്‍ഗത്തിലെ എതിരാളികളെ മാത്രമല്ല, മറ്റു ജന്തുവര്‍ഗങ്ങളിലെ എതിരാളികളെയും അകറ്റുവാന്‍ ഭീഷണി ഉപകരിക്കുന്നു.
ആക്രമണം
ഭീഷണി ഫലവത്താകാതെ വരുന്ന സാഹചര്യത്തില്‍ ഒരു ജന്തു എതിരാളിയെ ആക്രമിക്കുന്നു. ആക്രമണം പ്രവിശ്യാസംരക്ഷണം ലാക്കാക്കിയോ ആത്മരക്ഷ ലാക്കാക്കിയോ ആകാം. പ്രവിശ്യാസംരക്ഷണ സംഘട്ടനങ്ങളില്‍ മൃഗങ്ങള്‍ക്ക് ഗുരുതരമായ പരിക്കേല്ക്കുന്നത് അപൂര്‍വമാണ്. എന്നാല്‍ ആത്മരക്ഷയ്ക്കായി പൊരുതുന്ന ഒരു മൃഗം ശത്രുവിനെ മാരകമായി മുറിവേല്പിക്കുവാന്‍ ശ്രമിക്കുന്നു. ഭയവും ശത്രു ഏല്പിക്കുന്ന മുറിവുകളുടെ വേദനയുമാണ് ഇതിനുകാരണം.
അക്രമാസക്തി ജന്മസിദ്ധഗുണമാണോ അതോ അനുഭവങ്ങളില്‍ നിന്നും ലഭിക്കുന്ന ഒരു ഗുണമാണോ എന്നത് മനസ്സിലാക്കുവാനായി നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പരീക്ഷണങ്ങള്‍ അധികവും സൂചിപ്പിക്കുന്നത് അക്രമാസക്തി ഒരു ജന്മസിദ്ധഗുണമെന്നാണ്. ഒരു ജന്തുവിന്റെ ജീവിതാനുഭവങ്ങളും സാഹചര്യങ്ങളും അത് പ്രകടിപ്പിക്കുന്ന അക്രമാസക്തിയെ നിയന്ത്രിക്കുന്നു. എല്ലാ സംഘട്ടനങ്ങളിലും വിജയം വരിച്ച ഒരു ജന്തു സംഘട്ടനങ്ങള്‍ക്കു മുന്‍കൈയെടുക്കുന്നു. പരാജയം ഏറ്റുവാങ്ങിയവ സംഘട്ടനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നു. ഇവിടെ ആദ്യത്തെ വിഭാഗത്തില്‍ അക്രമാസക്തി കൂടുതല്‍ ശക്തമാകുകയും രണ്ടാമത്തെ വിഭാഗത്തില്‍ ദുര്‍ബലമാകുകയും ചെയ്യുന്നു.
പലായനം
പ്രതികൂലമായ സ്ഥിതിവിശേഷങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ജന്തുക്കള്‍ ശ്രമിക്കുന്നു. ഇര തേടുന്ന മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ പോകാതിരിക്കുവാന്‍ ചെറിയ ജന്തുക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു. ഓരോ ജന്തുവര്‍ഗത്തിന്റെയും നിലനില്പിന് ഈ ഒഴിഞ്ഞുമാറല്‍ അത്യന്താപേക്ഷിതമാണ്. അതിനാല്‍ ഈ പെരുമാറ്റരീതി എല്ലാ വര്‍ഗങ്ങളിലും കാണപ്പെടുന്നു.
പലായന പ്രവണത ജന്തുക്കള്‍ക്കു ജന്മസിദ്ധമായ ഗുണമാണ്. അസുഖകരമായ അനുഭവങ്ങളില്‍ നിന്നും ഉണ്ടാകുന്ന അനുബന്ധനം (conditioning) മുഖേനയും മൃഗങ്ങളില്‍ പലായനപ്രവണത വേരുറപ്പിക്കുന്നു. ചില സാഹചര്യങ്ങളില്‍ സംഘട്ടനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ പഴുതു ലഭിച്ചാലും ജന്തുക്കള്‍ അതു ചെയ്യുന്നില്ല. തള്ളക്കോഴി ഒറ്റയ്ക്കാണെങ്കില്‍ കുറുക്കനെ കാണുമ്പോള്‍ പറന്നു രക്ഷപ്പെടാന്‍ ശ്രമിക്കും; കുഞ്ഞുങ്ങള്‍ കൂടെയുണ്ടെങ്കില്‍ കുറുക്കനെ ചെറുക്കാനും. സ്വന്തം കുഞ്ഞുങ്ങളെ ശത്രുവില്‍ നിന്നും രക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇതിനു കാരണം. കോഴികളില്‍ മാത്രമല്ല, എല്ലാ ജന്തുവര്‍ഗങ്ങളിലും ഈ പ്രവണത കാണപ്പെടുന്നു.
ഒഴിഞ്ഞുമാറല്‍ പെരുമാറ്റം മൃഗങ്ങള്‍ സ്വായത്തമാക്കുന്ന രീതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു സിദ്ധാന്തമാണ് വര്‍ഗ-വിശിഷ്ട പ്രതിരോധ പ്രതിപ്രവര്‍ത്തന സിദ്ധാന്തം (species-specific defence reaction theory). വര്‍ഗ-വിശിഷ്ടപ്രതിരോധ പ്രവണതകള്‍ക്ക് അനുരൂപമായ ഒഴിഞ്ഞുമാറല്‍ പ്രതികരണങ്ങള്‍ ജന്തുക്കള്‍ അനായാസം സ്വായത്തമാക്കും എന്ന് ഈ സിദ്ധാന്തം പറയുന്നു. വര്‍ഗ-വിശിഷ്ട പ്രതിരോധ പ്രവണതകള്‍ക്ക് അനുരൂപമല്ലാത്ത ഒഴിഞ്ഞുമാറല്‍ പ്രതികരണങ്ങള്‍ സ്വായത്തമാക്കുവാന്‍ കാലതാമസം നേരിടുന്നു എന്നും ഈ സിദ്ധാന്തം സൂചിപ്പിക്കുന്നു. ഒരു ഷോക്ക് ഒഴിവാക്കുവാനായി ചിറകുകള്‍ കുടയുക എന്ന പ്രതികരണം പ്രാവുകള്‍ വേഗത്തില്‍ പഠിക്കുന്നു. എന്നാല്‍ ഷോക്ക് ഒഴിവാക്കുവാനായി ഒരു പ്ളാസ്റ്റിക് തളികയില്‍ കൊത്തുക എന്ന പ്രതികരണം സ്വായത്തമാക്കുവാന്‍ വളരെയധികം താമസം വേണ്ടിവരുന്നു. ചിറക് കുടയുക എന്ന പ്രതികരണം പ്രാവുകളുടെ വര്‍ഗ-വിശിഷ്ട പ്രതിരോധ പ്രവണതയായ പറക്കലിന് അനുരൂപമായതിനാലാണ് അത് അനായാസം സ്വായത്തമാക്കപ്പെടുന്നത്.
പ്രീണനം
പലായനം അസാധ്യമോ ദോഷകരമോ ആയ സാഹചര്യങ്ങളില്‍ ഒരേ വര്‍ഗത്തിലെ രണ്ടംഗങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘട്ടനങ്ങള്‍ ഒഴിവാക്കുവാന്‍ പ്രീണന വ്യവഹാരം സഹായകമാകുന്നു. റിസാ ട്രൈഡാക്റ്റെല (Rissa tridactyla) എന്ന കടല്‍പ്പക്ഷിയുടെയിടയില്‍ പെണ്‍കിളികള്‍ ആണ്‍കിളിയുടെ ആക്രമണം ചെറുക്കുവാനായി പ്രീണനനയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ആണ്‍കിളി ആക്രമിക്കാന്‍ മുതിരുമ്പോള്‍ പെണ്‍കിളി തലതിരിക്കുകയും കൊക്ക് നെഞ്ചിലെ തൂവലുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയും ചെയ്യുന്നു. ഇത് ആക്രമണത്തെ തടുക്കുവാനുതകുന്നു. എതിരാളിയെ ലൈംഗികമായി ആകര്‍ഷിക്കാനുള്ള ശ്രമങ്ങളിലൂടെയും പ്രീണനം നടക്കാറുണ്ട്. രണ്ടു ജന്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം എതിരേല്ക്കാന്‍ ഉപയോഗിക്കുന്ന അംഗവിക്ഷേപങ്ങളിലും പ്രീണനപ്രവണത കാണപ്പെടുന്നു.
മൃഗങ്ങളുടെ ബുദ്ധിശക്തി
വ്യത്യസ്ത ജന്തുവര്‍ഗങ്ങളുടെ ബുദ്ധിശക്തിയിലും വ്യത്യാസമുണ്ട് എന്നാണ് പൊതുധാരണ. മൃഗങ്ങളുടെ പഠനശേഷി ആസ്പദമാക്കിയാണ് അവയുടെ ബുദ്ധിശക്തി സാധാരണയായി അളക്കുന്നത്. പഠനശേഷി മാപനം ചെയ്യുവാന്‍ വ്യത്യസ്തരീതികള്‍ അവലംബിക്കുന്നു. അമീബ പോലുള്ള ഏകകോശജീവികളില്‍ ബുദ്ധിശക്തിയെക്കുറിച്ച് ഗവേഷണം നടത്തുവാന്‍ പ്രയാസമാണ്. പ്ളാനേറിയം എന്ന ഒരുതരം പരന്ന പുഴുക്കളില്‍ വളരെയധികം ഗവേഷണം നടന്നിട്ടുണ്ട്. ജലപ്രതലത്തിലൂടെ നീങ്ങുന്ന ഒരു പ്ളാനേറിയന്‍ ഷോക്കേല്ക്കുമ്പോള്‍ ശരീരം തിരിക്കുകയോ ചുരുക്കുകയോ ചെയ്യുന്നു. ഷോക്ക് ഏല്ക്കുന്നതിനു തൊട്ടുമുമ്പ് ഒരു ലൈറ്റ് സ്ഥിരമായി കാണുകയാണെങ്കില്‍, പുഴു ക്രമേണ ഷോക്കിനോട് കാണിക്കുന്ന അതേ പ്രതികരണം പ്രകാശത്തോടും പ്രകടിപ്പിക്കുന്നു. ഇത് ക്ളാസ്സിക്കല്‍ അനുബന്ധന(classical conditioning)ത്തിന്റെ ദൃഷ്ടാന്തമാണ്. ഒച്ച്, മണ്ണിര, ഞണ്ട്, ചെറുപ്രാണികള്‍ എന്നിവയ്ക്കെല്ലാം ഗ്രാഹ്യശേഷിയുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
കാഴ്ചശക്തി കൂടുതലായി ഉപയോഗപ്പെടുത്തേണ്ട കൃത്യങ്ങള്‍ പഠിക്കാനുള്ള കഴിവ് കൂടുതല്‍ പ്രകടമാകുന്നത് പ്രൈമേറ്റുകളിലും പക്ഷികളിലുമാണ്. ഇവയുടെ കാഴ്ചശക്തി വളരെയധികം വികാസം പ്രാപിച്ചതിനാലാവാം ഇത്. ഘ്രാണശക്തി ഉപയോഗപ്പെടുത്തേണ്ട കൃത്യങ്ങള്‍ പഠിക്കാനുള്ള കഴിവ് എലികളില്‍ കൂടുതലായി കാണുന്നു. ഓരോ ജന്തുവിനും അതിന്റെ ജീവിതശൈലിക്ക് അനുയോജ്യമായ പഠനശേഷിയുണ്ട് എന്നതാണ് വ്യത്യസ്ത പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
ആധുനിക ഗവേഷണം
ജന്തുമനശ്ശാസ്ത്രത്തിലെ ആധുനിക ഗവേഷണ വിഷയങ്ങളില്‍ ചിലതാണ് മൃഗസാമൂഹ്യജീവശാസ്ത്രം, വ്യവഹാരജനിതകശാസ്ത്രം എന്നിവ.
മൃഗസാമൂഹ്യജീവശാസ്ത്രത്തില്‍ പരിണാമജീവശാസ്ത്രത്തിലെയും ജനസംഖ്യാ ജീവശാസ്ത്രത്തിലെയും സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് സാമൂഹ്യവ്യവഹാരം അപഗ്രഥിക്കുന്നു.
ഒരു ജന്തുവിന്റെ ജനിതകഘടന അതിന്റെ സ്വഭാവത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ചുളള പഠനമാണ് വ്യവഹാരജനിതകശാസ്ത്രം. ചിത്തപ്രകൃത, ലൈംഗികസ്വഭാവം, സാമൂഹ്യവ്യവഹാരം എന്നിവ നിയന്ത്രിക്കുന്നതില്‍ ജനിതകഘടന പ്രധാനപങ്കുവഹിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
മസ്തിഷ്ക പ്രവര്‍ത്തനങ്ങള്‍, ഹോര്‍മോണുകള്‍, മറ്റു രാസവസ്തുക്കള്‍ എന്നിവ സ്വഭാവത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിനെക്കുറിച്ച് ഗവേഷണം നടക്കുന്നു. വ്യത്യസ്ത വികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്നതും വ്യത്യസ്ത സ്വഭാവരീതികള്‍ നിയന്ത്രിക്കുന്നതും മസ്തിഷ്കത്തിലെ വ്യത്യസ്ത ഭാഗങ്ങളാണ്. മസ്തിഷ്കകേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനമാണ് ഹോര്‍മോണുകളുടേത്. ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ഒരു പരിധിവരെ ബാഹ്യചോദനകള്‍ നിയന്ത്രിക്കുന്നു.
സ്വഭാവത്തെ നിയന്ത്രിക്കുന്ന പരിസ്ഥിതി ഘടകങ്ങള്‍ ഏതെല്ലാമാണെന്ന് മനസ്സിലാക്കുന്നതിനായി ധാരാളം ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഒരു ജന്തുവിന്റെ വളര്‍ച്ചയുടെ പ്രത്യേകഘട്ടങ്ങളില്‍ പ്രത്യേക അനുഭവങ്ങള്‍ക്കുള്ള സംവേദനീയത വളരെ കൂടുതലാണ്. ഈ ഘട്ടങ്ങളെ 'നിര്‍ണായകഘട്ടങ്ങള്‍' (critical periods) എന്നു പറയുന്നു. പല ജന്തുക്കളിലും വ്യത്യസ്ത സ്വഭാവരീതികളുടെ വികാസത്തില്‍ നിര്‍ണായകഘട്ടങ്ങളുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചില ജന്തുക്കളില്‍ അങ്കനം (imprinting) എന്ന പ്രതിഭാസം കാണപ്പെടുന്നു. ജനനശേഷം ഒരു പ്രത്യേക സമയപരിധിക്കുള്ളില്‍ ആദ്യം കാണുന്ന വസ്തുവിനോടോ ജന്തുവിനോടോ ഗാഢമായ അടുപ്പം പ്രദര്‍ശിപ്പിക്കുന്ന ഒരു പ്രതിഭാസമാണിത്.