This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനസംഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:05, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനസംഘം

ഇന്ത്യയില്‍ നിലനിന്നിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി. ഭാരതീയ ജനസംഘം എന്നാണ് മുഴുവന്‍പേര്. 1951-ല്‍ രൂപവത്കൃതമായ ഈ പാര്‍ട്ടി 1977-ല്‍ മറ്റു ചില രാഷ്ട്രീയ കക്ഷികളുമായി യോജിച്ച് ജനതാപാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെതിരായ പ്രബല പ്രതിപക്ഷ പാര്‍ട്ടിയായി ഇത് കുറേക്കാലം നിലനിന്നു. ആര്‍.എസ്.എസുമായി ബന്ധപ്പെടുത്തി പാര്‍ട്ടി വിമര്‍ശനവിധേയമായിട്ടുണ്ട്. ശ്യാമപ്രസാദ് മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ, അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ. അദ്വാനി തുടങ്ങിയ നേതാക്കള്‍ പാര്‍ട്ടിക്ക് വിവിധ കാലഘട്ടങ്ങളില്‍ നേതൃത്വം നല്കിയിട്ടുണ്ട്.

ജവാഹര്‍ലാല്‍ നെഹ്റു മന്ത്രിസഭയില്‍ അംഗമായിരിക്കെ, 1950 ഏ.-ല്‍ തത്സ്ഥാനം രാജിവച്ച ശ്യാമപ്രസാദ് മുഖര്‍ജിയാണ് ഭാരതീയ ജനസംഘം രൂപവത്കരിക്കുവാന്‍ മുന്‍കൈ എടുത്തത്. ഇദ്ദേഹം അതിനുമുമ്പ് ദീര്‍ഘകാലം ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. 1951 ജനു.-ല്‍ പഞ്ചാബ്, ഡല്‍ഹി മേഖലകളിലും തുടര്‍ന്നുള്ള മാസങ്ങളില്‍ പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒറീസ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഘം രൂപവത്കരിച്ചു. അതേവര്‍ഷം ഒക്ടോബറില്‍ പ്രാദേശിക ജനസംഘങ്ങള്‍ സംയോജിപ്പിച്ച് ജനസംഘം അഖിലേന്ത്യാതലത്തില്‍ നിലവില്‍ വന്നു. ശ്യാമപ്രസാദ് മുഖര്‍ജിയായിരുന്നു ജനസംഘത്തിന്റെ ആദ്യപ്രസിഡന്റ്. മുഖര്‍ജിയുടെ നേതൃത്വത്തില്‍ 1952-ഓടെ ജനസംഘം ഇന്ത്യയിലെ നാലു ദേശീയ പാര്‍ട്ടികളിലൊന്നായി വളര്‍ന്നു. ദീനദയാല്‍ ഉപാധ്യായ ദീര്‍ഘകാലം ജനസംഘത്തിന്റെ സെക്രട്ടറിയായിരുന്നിട്ടുണ്ട്.

ഭാരതത്തിന്റെ പൗരാണിക മഹത്ത്വത്തെ പാര്‍ട്ടി പ്രകീര്‍ത്തിച്ചിരുന്നു. ദേശീയ ഐക്യം, ഭരണകാര്യങ്ങളില്‍ ശേഷിയും സത്യസന്ധതയും, സമ്മിശ്രസമ്പദ്ഘടന, വിലനിലവാരം നിയന്ത്രിച്ചുനിര്‍ത്തല്‍, കൃഷിക്കു മുന്‍തൂക്കം, തൊഴിലില്ലായ്മാനിര്‍മാര്‍ജനം, വിദ്യാഭ്യാസ പരിഷ്കരണം, വിശ്വാസത്തിനും ആരാധനയ്ക്കും പൂര്‍ണസ്വാതന്ത്യ്രം, രാഷ്ട്രീയാധികാര വികേന്ദ്രീകരണം, ശക്തമായ കേന്ദ്രഗവണ്‍മെന്റ്, യാഥാര്‍ഥ്യബോധമുള്ളതും ഊര്‍ജസ്വലവും ശക്തവുമായ വിദേശനയം തുടങ്ങിയവ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളായി പ്രകടനപത്രികയിലൂടെയും മറ്റും പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്കു നേരെ പാകിസ്താനും ചൈനയും നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുടെ ചേരിചേരാനയത്തില്‍ മാറ്റം ആവശ്യമാണെന്ന് ജനസംഘം ആവശ്യപ്പെട്ടിരുന്നു.

ആദ്യകാലത്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പാര്‍ട്ടി പ്രബലമായത്. 1952-ലെ തിരഞ്ഞെടുപ്പില്‍ ജനസംഘത്തിന് ലോക്സഭയില്‍ മൂന്നു പ്രതിനിധികളുണ്ടായിരുന്നു. ഹിന്ദുമഹാസഭ, അകാലിദള്‍, ഗണതന്ത്രപരിഷത് (ഒറീസ) തുടങ്ങിയ കക്ഷികളെ ചേര്‍ത്ത് ജനസംഘം ലോക്സഭയില്‍ നാഷണല്‍ ഡെമോക്രാറ്റിക് ഗ്രൂപ്പ് ഉണ്ടാക്കി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളില്‍ ലോക്സഭയിലെ ജനസംഘത്തിന്റെ അംഗസംഖ്യ വര്‍ധിച്ചുവന്നു. 1967-ലെ തിരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി ഏറെ ശക്തമായത്. ഇക്കാലത്ത് സംസ്ഥാന നിയമസഭകളിലും ജനസംഘത്തിന് പ്രാതിനിധ്യമേറി. ചില സംസ്ഥാനങ്ങളില്‍ കൂട്ടുകക്ഷിഭരണത്തില്‍ ഭാഗഭാക്കാകുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വിപുലമാക്കാനുള്ള ശ്രമം ഇതോടെ സജീവമായി. 1967 ഡി.-ല്‍ പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനം കോഴിക്കോട്ടുവച്ചു നടന്നു. ഈ കാലഘട്ടത്തില്‍ കേരളത്തിലും പാര്‍ട്ടി ശക്തിപ്രാപിച്ചു തുടങ്ങിയിരുന്നു.

ജനസംഘത്തില്‍നിന്നും പല കാലങ്ങളിലായി ചില ഗ്രൂപ്പുകള്‍ ഭിന്നിച്ചുപോയിട്ടുണ്ട്. 1954-ല്‍ മൗലി ചന്ദ്ര ശര്‍മയുടെ നേതൃത്വത്തില്‍ ഒരു സംഘം പിരിഞ്ഞുപോയി. 1969-ലും 70-ലും പഞ്ചാബിലും 1972-ല്‍ ബിഹാറിലും ഓരോ വിഭാഗം ഭിന്നിച്ചു പാര്‍ട്ടിയില്‍ നിന്നും വിട്ടുപോയിട്ടുണ്ട്. 1973 മാ.-ല്‍ ജനസംഘത്തില്‍നിന്നും പുറത്താക്കപ്പെട്ട ബല്‍രാജ് മഥോക്ക് ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിമാറ്റിയിരുന്നു.

സ്വതന്ത്രാപാര്‍ട്ടിയുമായും സംഘടനാ കോണ്‍ഗ്രസ്സുമായും ജനസംഘം യോജിച്ചുപ്രവര്‍ത്തിച്ചിട്ടുണ്ട്. 1970-കളില്‍ ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയ സമീപനവുമായി ജനസംഘം യോജിച്ചു പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാടിസ്ഥാനത്തിലുണ്ടായ രാഷ്ട്രീയ ധ്രുവീകരണത്തില്‍ ജനസംഘവും പങ്കുചേര്‍ന്നു. അടിയന്തിരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടി രൂപവത്കരിക്കാന്‍ മറ്റു പാര്‍ട്ടികളൊടൊപ്പം ജനസംഘവും തയ്യാറായി. 1977-ല്‍ ജനസംഘം മറ്റുചില പാര്‍ട്ടിയുമായി ചേര്‍ന്ന് ജനതാപാര്‍ട്ടിയായി മാറി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9C%E0%B4%A8%E0%B4%B8%E0%B4%82%E0%B4%98%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍