This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനതാ ദള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:35, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനതാ ദള്‍

ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടി. 1988-ന്റെ രണ്ടാം പകുതിയില്‍ രൂപവത്കൃതമായ ഈ പാര്‍ട്ടി സ്ഥാപിക്കുന്നതിനു മുന്‍കൈ എടുത്തത് മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും ആയിരുന്ന വി.പി. സിങ് ആണ്. വി.പി. സിങ് പിന്നീട് ജനതാ ദള്‍ ഭരണകാലത്ത് പ്രധാനമന്ത്രി ആയി. ഇന്ത്യയില്‍ കോണ്‍ഗ്രസ്സിതര ഗവണ്‍മെന്റിന് നേതൃത്വം നല്കാന്‍ ജനതാ ദളിനു കഴിഞ്ഞിട്ടുണ്ട്. ഈ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 1989-ല്‍ ദേശീയ മുന്നണി ഗവണ്‍മെന്റും 1996-ല്‍ ഐക്യമുന്നണി ഗവണ്‍മെന്റും കേന്ദ്രത്തില്‍ നിലവില്‍വന്നു. പൊതുവേ കോണ്‍ഗ്രസ്സി(ഐ)നെതിരായ രാഷ്ട്രീയ നിലപാടോടെയാണ് പാര്‍ട്ടി നിലവില്‍ വന്നത്.

ജനമോര്‍ച്ച, ലോക് ദള്‍, അസം ഗണ പരിഷത്, കോണ്‍ഗ്രസ് (എസ്), ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം എന്നീ കക്ഷികളുടെ നേതാക്കള്‍ 1988 ആഗ.-ല്‍ ന്യൂ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ദേശീയമുന്നണി രൂപവത്കരിക്കുവാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ജനമോര്‍ച്ച, ജനതാ പാര്‍ട്ടി, ലോക് ദള്‍ തുടങ്ങിയ കക്ഷികള്‍ ചേര്‍ന്ന് 1988 ഒ. 11-ന് ജനതാ ദള്‍ രൂപവത്കരിച്ചു. ഇതിന്റെ സ്ഥാപകസമ്മേളനം ബാംഗ്ളൂരില്‍ വച്ചാണ് നടന്നത്. വി.പി. സിങ്ങിനെ പാര്‍ട്ടിയുടെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുത്തു. 1989 ഫെ.-ല്‍ കര്‍ണാടകത്തിലെ ജനതാ പാര്‍ട്ടി ഗവണ്‍മെന്റ് ജനതാ ദള്‍ ഗവണ്‍മെന്റ് ആയി മാറി. ഏപ്രിലില്‍ ലോക്സഭയില്‍ പാര്‍ട്ടിക്ക് അംഗീകാരം ലഭിച്ചു.

സെക്കന്‍ഡറി തലംവരെ സൗജന്യ വിദ്യാഭ്യാസം, ഗ്രാമപ്രദേശങ്ങള്‍ക്ക് അര്‍ഹമായ വികസനം, തൊഴില്‍ ചെയ്യാനുള്ള അവകാശം മൗലികാവകാശമാക്കല്‍, ദേശീയ മിനിമം വേതന നയം, സ്ത്രീകള്‍ക്ക് 30 ശ.മാ. തൊഴില്‍ സംവരണം, പ്രാദേശിക ഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 30 ശ.മാ. സീറ്റ് സംവരണം, വിള ഇന്‍ഷ്വറന്‍സ് തുടങ്ങിയ പാര്‍ട്ടിയുടെ ലക്ഷ്യങ്ങളില്‍പ്പെടുന്നതായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ദേശീയ മുന്നണിക്ക് നേതൃത്വം നല്കി 1989-ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ജനതാ ദളിന് ലോക്സഭയില്‍ 141 അംഗങ്ങള്‍ ഉണ്ടായിരുന്നു. ലോക്സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായിരുന്നു ഇത്. ഏറ്റവും വലിയ കക്ഷിയായിരുന്ന കോണ്‍ഗ്രസ് (ഐ) മന്ത്രിസഭയുണ്ടാക്കാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ജനതാ ദള്‍ നേതാവായ വി.പി.സിങ് ദേശീയ മുന്നണി ഘടകകക്ഷികളെ ചേര്‍ത്ത് 1989 ഡി.-ല്‍ മന്ത്രിസഭ രൂപവത്കരിച്ചു. ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി.), ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പിന്തുണ ഈ ഗവണ്‍മെന്റിനുണ്ടായിരുന്നു. ഈ മന്ത്രിസഭ പതിനൊന്നുമാസം ഭരണം നടത്തി. മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കാന്‍ തീരുമാനിച്ചത് ഈ ഗവണ്‍മെന്റ് എടുത്ത ഒരു പ്രധാന തീരുമാനമാണ് (1990 ആഗ.). 1990 ന.-ല്‍ ഈ ഗവണ്‍മെന്റ് രാജിവച്ചു. നവംബറില്‍ത്തന്നെ ജനതാ ദളില്‍ പിളര്‍പ്പുണ്ടായി. ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഭിന്നിച്ചുപോയി.

1991-ലെ തിരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ ജനതാദളിന്റെ അംഗബലം കുറഞ്ഞു. 1992 ഫെ.-ല്‍ പാര്‍ട്ടിയില്‍ രണ്ടാമത്തെ പിളര്‍പ്പുണ്ടായി. അജിത് സിങ്ങിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ജനതാ ദളില്‍ നിന്നും ഭിന്നിച്ചുമാറി. വി.പി. സിങ്ങിന്റെയും എസ്.ആര്‍. ബൊമ്മൈയുടെയും നേതൃത്വത്തില്‍ തുടര്‍ന്ന ജനതാ ദളില്‍ 1994 ജൂണ്‍ 21-ന് വീണ്ടു പിളര്‍പ്പുണ്ടായി. 1996 മേയിലെ തിരഞ്ഞെടുപ്പില്‍ ലോക്സഭയില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബി.ജെ.പി. ഗവണ്‍മെന്റ് രൂപവത്കരിച്ചു. ബി.ജെ.പി. അധികാരത്തില്‍ തുടരുന്നതു തടയാന്‍ ജനതാ ദള്‍ നേതൃത്വത്തിലുള്ള മറ്റു പന്ത്രണ്ടുപാര്‍ട്ടികള്‍ ധഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി, ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി (മാര്‍ക്സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റു പാര്‍ട്ടി, ഫോര്‍വേഡ് ബ്ളോക്ക്, സമാജ്വാദി പാര്‍ട്ടി, ദ്രാവിഡ മുന്നേറ്റ കഴകം, തെലുഗുദേശം, തമിഴ് മാനില കോണ്‍ഗ്രസ്, അസം ഗണ പരിഷത്, ഇന്ദിരാ കോണ്‍ഗ്രസ് (തിവാരി), മധ്യപ്രദേശ് വികാസ് കോണ്‍ഗ്രസ്, കര്‍ണാടക കോണ്‍ഗ്രസ്പ ചേര്‍ന്ന് ഒരു മുന്നണിയുണ്ടാക്കി. കര്‍ണാട മുഖ്യമന്ത്രിയായിരുന്ന ജനതാ ദള്‍ നേതാവ് എച്ച്.ഡി. ദേവഗൌഡയെ മുന്നണിയുടെ നേതാവായി തിരഞ്ഞെടുത്തു. ബി.ജെ.പി. ഗവണ്‍മെന്റ് മേയ് 27-ന് പാര്‍ലമെന്റില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. തുടര്‍ന്ന് പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയുടെ അവസാനം മേയ് 28-ന് ഗവണ്‍മെന്റ് രാജിവച്ചു. 1996 ജൂണ്‍ 1-ന് ജനതാ ദള്‍ നേതൃത്വത്തിലുള്ള എച്ച്. ഡി. ദേവഗൌഡ പ്രധാനമന്ത്രിയായി ഐക്യമുന്നണി മന്ത്രിസഭ അധികാരമേറ്റു. ഐക്യമുന്നണി മന്ത്രിസഭയ്ക്ക് കോണ്‍ഗ്രസ് (ഐ) പിന്തുണ നല്കിയിരുന്നു. എന്നാല്‍ 1997 മാ. 30-നു ദേവഗൌഡ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചു. ഏ. 11-നുമുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് രാഷ്ട്രപതി ആവശ്യപ്പെട്ടു. വിശ്വാസപ്രമേയം പരാജയപ്പെട്ടതോടെ ദേവഗൌഡ രാജിവച്ചു. ഏ. 19-നു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദര്‍ കുമാര്‍ ഗുജ്റാള്‍ 22-നു കോണ്‍ഗ്രസ്സിന്റെ തന്നെ പിന്തുണയോടെ വിശ്വാസവോട്ട് നേടി. ജയിന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ രാജീവ്ഗാന്ധി വധത്തില്‍ ഡി.എം.കെ.യുടെ പങ്കിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഡി.എം.കെ.യെ ഗുജ്റാള്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ന. 20-ന് കോണ്‍ഗ്രസ് പ്രസ്താവിച്ചു. ഈ ആവശ്യത്തിന് ഗുജ്റാള്‍ വഴങ്ങാഞ്ഞതിന്റെ ഫലമായി ന. 28-ന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു. ഗുജ്റാള്‍ മന്ത്രിസഭ രാജിവച്ചു.

1997 ജൂല. 5-നു ജനതാ ദള്‍ പിളര്‍ന്നു. ജനതാ ദള്‍ അധ്യക്ഷനായിരുന്ന ലാലുപ്രസാദ് യാദവ് രാഷ്ട്രീയ ജനതാ ദള്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയതോടെ ശരദ് യാദവ് ജനതാ ദളിന്റെ അധ്യക്ഷനായി. 1999 ജൂല.-യില്‍ ജനതാ ദളില്‍ വീണ്ടും പിളര്‍പ്പുണ്ടായി. ശരദ് യാദവിന്റെ നേതൃത്വത്തില്‍ ജനതാ ദള്‍ (യുണൈറ്റഡ്), ദേവഗൌഡയുടെ നേതൃത്വത്തില്‍ ജനതാദള്‍ (സെക്കുലര്‍) എന്നിങ്ങനെ രണ്ടു വിഭാഗമായി. സെപ്.-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനതാ ദളിന്റെ തിരഞ്ഞെടുപ്പു ചിഹ്നം (ചക്രം) മരവിപ്പിച്ചു. പകരം ഗൌഡ പക്ഷത്തിന് 'ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനും' യാദവ് പക്ഷത്തിന് 'അസ്ത്ര'വും തിരഞ്ഞെടുപ്പു ചിഹ്നമായി ലഭിച്ചു. രണ്ടുവിഭാഗത്തിനും ദേശീയ കക്ഷിയായി താല്കാലിക അംഗീകരവും കിട്ടി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍