This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജനകീയാസൂത്രണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:34, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജനകീയാസൂത്രണം

സാമ്പത്തികാസൂത്രണത്തിലും പദ്ധതികളുടെ നടത്തിപ്പിലും ജനങ്ങള്‍ക്കു പങ്കാളിത്തം നല്കുന്ന അധികാരവികേന്ദ്രീകരണപ്രസ്ഥാനം. 'അധികാരം ജനങ്ങളിലേക്ക്' എന്നതാണ് ജനകീയാസൂത്രണത്തിന്റെ പ്രമാണസൂക്തം.

ആമുഖം. വികേന്ദ്രീകൃതാസൂത്രണമെന്ന ആശയം താരതമ്യേന ആധുനികമാണ്. സാമ്പത്തികാസൂത്രണത്തിന് മുന്‍കൈ എടുത്തത് സോവിയറ്റ് യൂണിയനായിരുന്നു (1928). മൗദ്സെ ദുങ്ങിന്റെ ഭരണകാലത്ത് ജനകീയ ചൈനയില്‍ നിലവില്‍ വന്ന കമ്യൂണുകളും വികേന്ദ്രീകൃതാസൂത്രണത്തെ ഫലപ്രദമായി നടപ്പിലാക്കി. ഭാരതത്തില്‍ ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ ആശയത്തില്‍ നിന്ന് ഉത്തേജനമുള്‍ക്കൊണ്ടാണ് അടിത്തട്ടില്‍ നിന്നുള്ള ആസൂത്രണമെന്ന ആശയം ഉരുത്തിരിഞ്ഞത്. അടിത്തട്ടില്‍ നിന്നുയരുന്ന സ്വാതന്ത്യ്രം മാത്രമേ സാര്‍ഥകമാവുകയുള്ളു എന്ന് ഗാന്ധിജി അടിയുറച്ചു വിശ്വസിച്ചിരുന്നു. ഓരോ ഗ്രാമവും ആഭ്യന്തരകാര്യങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സ്വതന്ത്രപരമാധികാര ഘടകമായിരിക്കണമെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചു.

വികേന്ദ്രീകൃത ആസൂത്രണവും ഒന്‍പതാം പദ്ധതിയും. എട്ടു പഞ്ചവത്സരപദ്ധതികളുടെ ഫലമായി സാമ്പത്തിക സാമൂഹികരംഗങ്ങളില്‍ ഇന്ത്യയ്ക്ക് ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു. എങ്കിലും ദാരിദ്യ്രം, തൊഴിലില്ലായ്മ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹൃതമായില്ല. പഞ്ചവത്സരപദ്ധതികളുടെ വിജയത്തിന് അനിവാര്യമായ സാമൂഹിക പശ്ചാത്തലമൊരുക്കുന്നതില്‍ വന്ന വീഴ്ചയാണ് അതിന്റെ ഒരു കാരണം. ഇന്ത്യയിലെ ആസൂത്രണം വളരെ കേന്ദ്രീകൃത സ്വഭാവത്തോടുകൂടിയ ഒന്നായിരുന്നു എന്നതാണ് മറ്റൊരു കാരണം. പലപ്പോഴും വിവിധ വകുപ്പുകളുടെ പരസ്പരബന്ധമില്ലാത്തതും ഏകോപിതമല്ലാത്തതുമായ പദ്ധതികളായി ആസൂത്രണം അധഃപതിച്ചു. തദ്ദേശവിഭവങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനുപകരം വകുപ്പു പ്രമാണിത്തമായിത്തീര്‍ന്നു ആസൂത്രണം. മാത്രമല്ല, ഉദ്യോഗസ്ഥമേധാവിത്വവും കൊടികുത്തിവാണു. ആസൂത്രണം സംബന്ധിച്ച തീരുമാനങ്ങളിലോ നടത്തിപ്പിലോ ജനങ്ങള്‍ക്ക് ഒരു പങ്കുമില്ലായിരുന്നു. വിഭവപരിമിതി പരിഗണിക്കാതെ ഒരേസമയം ഒട്ടനവധി പദ്ധതികള്‍ ഏറ്റെടുക്കുകയും ചെയ്തു. വികേന്ദ്രീകൃത ആസൂത്രണം നടപ്പാക്കുകയാണ് ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം. ഓരോ പ്രദേശത്തെയും ഭൂപ്രകൃതിയുടെ സാധ്യതകളും ജനങ്ങളുടെ ആവശ്യങ്ങളും കണക്കിലെടുത്ത് പരിപാടികള്‍ ആവിഷ്കരിക്കാന്‍ വികേന്ദ്രീകൃത പ്രാദേശികാസൂത്രണം കൊണ്ടുമാത്രമേ കഴിയൂ. പ്രാദേശികാടിസ്ഥാനത്തില്‍ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ വിവിധ മേഖലകളുടെ പരസ്പരബന്ധം മനസ്സിലാക്കുന്നതിനും അവ സമന്വയിപ്പിച്ച സംയോജിത വികസനപരിപാടികള്‍ നടപ്പിലാക്കുന്നതിനും കഴിയും. സംഭാവനകളിലൂടെയോ സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെയോ വികസനത്തിനാവശ്യമായ പ്രാദേശിക വിഭവ സമാഹരണം നടത്താം.

ഇന്ത്യന്‍ ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികള്‍ വികേന്ദ്രീകൃത ആസൂത്രണത്തിന്റെ ശംഖധ്വനിയാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാധികാരവും സ്വാശ്രയത്വവും സാമ്പത്തികശേഷിയും ബഹുജനസമ്പര്‍ക്കവും ഉറപ്പുവരുത്തിക്കൊണ്ട് അവയെ സജീവമാക്കുവാന്‍ സഹായകമായ നിയമനിര്‍മാണങ്ങള്‍ നടന്നു. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തിലാദ്യമായി അധികാരങ്ങള്‍ താഴെത്തട്ടിലേക്കു വിന്യസിച്ചുകൊണ്ട് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്കിക്കൊണ്ടുള്ള നിയമങ്ങള്‍ക്ക് ഭരണഘടനയുടെ കത, കതഅ ഭാഗങ്ങളില്‍ സ്ഥാനവും ലഭിച്ചു. 74-ാം ഭരണഘടനാഭേദഗതി 1993 ഏ. 24 മുതല്‍ പ്രാബല്യത്തില്‍ വന്നു. 73-ാം ഭേദഗതി 1993 ജൂണ്‍ 1 മുതല്‍ക്കും. കേരളത്തില്‍ വികേന്ദ്രീകൃത ജനകീയാസൂത്രണം വിഭാവനം ചെയ്യുന്നതാണ് 1994 ഏ. 23-ന് നിലവില്‍ വന്ന കേരള പഞ്ചായത്തുരാജ് നിയമം. എല്ലാ സംസ്ഥാനങ്ങളിലും ത്രിതലപഞ്ചായത്തുരാജ് സംവിധാനം, ഓരോ ഗ്രാമത്തിലും അതിലെ മുഴുവന്‍ സമ്മതിദായകരും ഉള്‍ക്കൊണ്ട ഗ്രാമസഭ തുടങ്ങിയ വിപ്ലവാത്മകമായ പരിവര്‍ത്തനങ്ങളാണ് ഈ ഭേദഗതികളിലൂടെ സാധ്യമായത്. എല്ലാറ്റിനുമുപരി ആസൂത്രണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഒരു കര്‍ത്തവ്യമായി നിര്‍വചിക്കപ്പെട്ടു. ആസൂത്രണകമ്മിഷന്‍ പോലും ഒരു ഭരണഘടനാസൃഷ്ടി അല്ലാത്തപ്പോള്‍ ജില്ലാ ആസൂത്രണസമിതികള്‍ ഭരണഘടനാദത്തമാണ് എന്നത് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രസക്തിയിലേക്കു വിരലൂന്നുന്നു.

ജനകീയാസൂത്രണം കേരളത്തില്‍. ജനകീയാസൂത്രണത്തിലെ പ്രഖ്യാപിത ലക്ഷ്യം സമയബന്ധിതമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഒന്‍പതാം പഞ്ചവത്സരപദ്ധതിക്കു രൂപം നല്കുക എന്നതായിരുന്നു. ഔദ്യോഗികമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്കു ലഭ്യമല്ലാത്ത വിദഗ്ധരെയും ഉദ്യോഗസ്ഥരെയും അനൌപചാരികമായി അവയ്ക്കുറപ്പാക്കുക, സന്നദ്ധപ്രവര്‍ത്തകരെയും ബഹുജനങ്ങളെയും ജനപ്രതിനിധികള്‍ക്കു പിന്നില്‍ അണിനിരത്തുക, ഇപ്രകാരം രൂപംകൊള്ളുന്ന ആസൂത്രണ വികേന്ദ്രീകരണത്തിനായുള്ള ബഹുജന പ്രസ്ഥാനത്തിലൂടെ അധികാരവികേന്ദ്രീകരണത്തിനുള്ള പ്രതിബന്ധങ്ങളെ തകര്‍ക്കുക എന്നിവയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യത്തോടെ 1996 ജൂല. 14-നു ചേര്‍ന്ന സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ യോഗം ഒന്‍പതാം പദ്ധതി ജനകീയപദ്ധതി എന്ന പേരില്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ഒരു സമീപനരേഖ അംഗീകരിക്കുകയുണ്ടായി. ഈ നിര്‍ദേശങ്ങള്‍ കേരളസര്‍ക്കാര്‍ അംഗീകരിക്കുകയും ജനകീയപ്രസ്ഥാനത്തിനു രൂപം നല്കുകയും ചെയ്തു. സ്ത്രീകള്‍, ബഹുജനസംഘടനകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ചും പ്രചാരണപ്രവര്‍ത്തനങ്ങളെക്കുറിച്ചും ആസൂത്രണ സങ്കേതങ്ങളെക്കുറിച്ചും മാര്‍ഗനിര്‍ദേശങ്ങള്‍ കരുപ്പിടിപ്പിക്കുകയുണ്ടായി.

ജനാധിപത്യവികേന്ദ്രീകൃതാസൂത്രണത്തിന്റെ ആണിക്കല്ലാണ് ഗ്രാമസഭകള്‍. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം ഗ്രാമസഭകളും നഗരസഭാവാര്‍ഡ് കണ്‍വെന്‍ഷനുകളും വിളിച്ചുചേര്‍ക്കലായിരുന്നു. അതതു പ്രദേശത്തെ വികസനപ്രശ്നങ്ങള്‍ തിട്ടപ്പെടുത്തുകയും സാധ്യമായ പരിഹാര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയുമായിരുന്നു കണ്‍വെന്‍ഷനുകളില്‍ ചെയ്തത്. കൃഷി, ജലസേചനം, മത്സ്യബന്ധനം, മൃഗപരിപാലനം, വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, പരിസരശുചിത്വം, വ്യവസായം, റോഡുകള്‍, ഊര്‍ജം, ഭവനനിര്‍മാണം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, സംസ്കാരം, വനിതാക്ഷേമം, സഹകരണമേഖല, പട്ടികജാതി, പട്ടികവര്‍ഗം, വിഭവസമാഹരണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് ഉപസഭകളായി തിരിഞ്ഞുള്ള ചര്‍ച്ചകളിലൂടെയാണ് ഗ്രാമസഭകള്‍ ജനകീയാസൂത്രണത്തിനു തുടക്കംകുറിച്ചത്.

പതിനയ്യായിരത്തോളം വാര്‍ഡ്-ഗ്രാമസഭകളിലായി മുപ്പത് ലക്ഷത്തോളം ജനങ്ങള്‍ ജനകീയാസൂത്രണവുമായി നേരിട്ട് ബന്ധപ്പെട്ടു. അടുത്തഘട്ടം വികസന സെമിനാറുകളായിരുന്നു. ഗ്രാമസഭകളില്‍ നിന്നുള്ള നിര്‍ദേശങ്ങളുടെയും വിവിധസര്‍ക്കാര്‍ ആഫീസുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പഞ്ചായത്തിലെ ഒരു വിദഗ്ധസംഘം തയ്യാറാക്കുന്ന വികസന റിപ്പോര്‍ട്ടുകള്‍ ഗ്രാമസഭയിലെ ഓരോ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന പ്രതിനിധികള്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, മറ്റു വിദഗ്ധര്‍ തുടങ്ങി ഇരുന്നൂറ്റി അമ്പതോളം പേര്‍വീതം പങ്കെടുക്കുന്ന സെമിനാറുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. കേരളമാകെ പതിനായിരത്തോളം വിദഗ്ധര്‍ സന്നദ്ധ സേവനത്തിനായി മുന്നോട്ടുവന്നു.

പഞ്ചായത്തുതല സെമിനാര്‍ സമഗ്ര വികസന റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചതോടെ പദ്ധതി നടത്തിപ്പിനുള്ള കളമൊരുങ്ങി. ഇതിനുവേണ്ട കര്‍മസമിതികളെ തിരഞ്ഞെടുത്തുകൊണ്ടാണ് വികസനസെമിനാര്‍ സമാപിച്ചത്. വികസനസെമിനാര്‍ അംഗീകരിച്ച നിര്‍ദേശങ്ങളെ പഞ്ചവത്സരപദ്ധതി രേഖയില്‍ ഉള്‍പ്പെടുത്താന്‍ പാകത്തില്‍ പ്രോജക്ടുകളായി എഴുതിത്തയ്യാറാക്കുക എന്നതായിരുന്നു കര്‍മസമിതികളുടെ ജോലി. ഇത്തരത്തില്‍ തയ്യാറാക്കപ്പെട്ട ഒരു ലക്ഷം പ്രോജക്ടുകള്‍ ഇപ്പോള്‍ നിര്‍വഹണഘട്ടത്തിലാണ്. 1997-98 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ മൊത്തം പദ്ധതിയടങ്കലിന്റെ 36 ശ.മാ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി മാറ്റിവച്ചു. ഈ പദ്ധതിക്കാലത്ത് ആറായിരം കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ഓരോ ഗ്രാമപഞ്ചായത്തും 45 ലക്ഷം രൂപയോളം ഈ വര്‍ഷം ഗ്രാന്റായി ലഭിച്ചു. ഈ ഗ്രാന്റിനു പുറമേ സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന മറ്റു പദ്ധതികള്‍, ബാങ്കുവായ്പ, ജനങ്ങളുടെ സന്നദ്ധസേവനവും സംഭാവനയും എന്നിവ തങ്ങളുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ ശരിയായ ഒരു തദ്ദേശ നേതൃത്വത്തിനു കഴിയും. ഉദ്യോഗസ്ഥരെയും വിദഗ്ധരെയും സന്നദ്ധപ്രവര്‍ത്തകരെയും തദ്ദേശഭരണ സമിതിയുടെ കീഴില്‍ അനൌപചാരികമായി അണിനിരത്തി ഭരണഘടന അനുശാസിക്കുന്നതുപോലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ ആസൂത്രണാധികാരം ഒന്‍പതാം പദ്ധതിക്കാലത്തുതന്നെ പ്രാവര്‍ത്തികമാക്കുകയും ഭരണത്തില്‍ ജനപങ്കാളിത്തം പരമാവധി ഉറപ്പുവരുത്തുകയുമാണ് അധികാരവികേന്ദ്രീകൃത ജനകീയാസൂത്രണത്തിന്റെ ലക്ഷ്യം.

കേരളത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സെന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ 1997 സെപ്.-ല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. താഴെത്തട്ടിലെ പൊളിച്ചെഴുത്തിനനുസൃതമായി മുകള്‍ത്തട്ടും മാറുമ്പോള്‍ അര്‍ഥവത്തായ ജനാധിപത്യസമൂഹം ഉരുത്തിരിയും. കേരളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികേന്ദ്രീകൃത ജനകീയാസൂത്രണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും അവികസിത-വികസ്വര രാഷ്ട്രങ്ങള്‍ക്കും മാതൃകയായിരിക്കും. നോ. ആസൂത്രണം; പഞ്ചായത്തുരാജ്; പഞ്ചവത്സര പദ്ധതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍