This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛാഗോസ് ദ്വീപസമൂഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:54, 3 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഛാഗോസ് ദ്വീപസമൂഹം

Chagos Archipelago

ഇന്ത്യാ സമുദ്രത്തിലെ ഒരു ദ്വീപസമൂഹം. സമുദ്രത്തില്‍ പകുതി മുങ്ങിക്കിടക്കുന്ന 'അടോലു'കളാണ് ഇവ. മാലദ്വീപുകളില്‍ നിന്ന് സു. 500 കി.മീ. തെക്കുമാറി സ്ഥിതിചെയ്യുന്ന ഛാഗോസ് ദ്വീപുകള്‍ ബ്രിട്ടീഷ് അധീനതയിലാണ്. മുമ്പ് മൌറീഷ്യസിന്റെ ആശ്രിത രാജ്യമായിരുന്ന ഈ ദ്വീപസമൂഹം 1965-ല്‍ രൂപീകൃതമായ 'ബ്രിട്ടീഷ് ഇന്ത്യന്‍ ഓഷന്‍ ടെറിറ്ററി' എന്ന കോളനിക്ക് കൈമാറ്റം ചെയ്യപ്പെട്ടു.

ഡീഗോ ഗാര്‍സിയ, പീറോസ് ബാഹ്നോസ്, സാലമോണ്‍, ത്രീബ്രദേഴ്സ്, സിക്സ് ഐലന്‍ഡ്സ് എന്നിവ ഈ ദ്വീപസമൂഹത്തിലെ പ്രധാന പവിഴദ്വീപുകളാണ് (coral atolls). ത്രീ ബ്രദേഴ്സ്, സിക്സ് ഐലന്‍ഡ്സ് എന്നിവ ആള്‍പ്പാര്‍പ്പുള്ളവയല്ല.

വൃത്താകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഛാഗോസ് ദ്വീപസമൂഹം മാലദ്വീപുകളുമായി 483 കി.മീ. വീതിയുള്ള ഒരു ചാനല്‍ വഴി ബന്ധപ്പെട്ടിരിക്കുന്നു. ദ്വീപസമൂഹത്തിന്റെ മൊത്തം വിസ്തീര്‍ണം 56.13 ച.കി.മീറ്ററാണ്.

ഛാഗോസ് ദ്വീപസമൂഹത്തിലെ പ്രധാനവും ഏറ്റവും വലുതു(32.5 ച.കി.മീ.)മായ ദ്വീപാണ് ഡീഗോ ഗാര്‍സിയ. ദ്വീപസമൂഹത്തില്‍ നിന്ന് 160 കി.മീ. തെക്കുകിഴക്കു മാറിയുള്ള ഈ ദ്വീപ് 7° 13.5'-7° 26.5' തെക്ക് അക്ഷാംശങ്ങള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. 72° 24' കിഴക്കു രേഖാംശം ഇതിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ഡീഗോ ഗാര്‍സിയയുടെ പ്രത്യേകാകൃതിയില്‍ നിന്നു രൂപം കൊണ്ടിട്ടുള്ള തടാകം ഇതിനെ നല്ലൊരു തുറമുഖമാക്കാന്‍ സഹായിച്ചിരിക്കുന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഈ ദ്വീപ് ബ്രിട്ടീഷ് വ്യോമസേനാത്താവളമായിരുന്നു. 1965-ല്‍ ഇത് ബ്രിട്ടീഷ്-അമേരിക്കന്‍ പ്രതിരോധത്താവളമായി. 1975 ജൂലായില്‍ അമേരിക്കന്‍ നാവികത്താവളത്തിന്റെയും പുതിയ വിമാനത്താവളത്തിന്റെയും തുറമുഖത്തിന്റെയും വികസനം സെനറ്റ് അംഗീകരിച്ചു.

1786-ല്‍ ലഫ്റ്റനന്റ് ആര്‍ച്ചിബാള്‍ഡ് ബ്ലേര്‍ തന്റെ സംഘാംഗങ്ങളോടൊപ്പം ഈ ദ്വീപുകളില്‍ സര്‍വേ നടത്തി. പല ദ്വീപുകളും ജനവാസമില്ലാത്തവയാണ്. ജനങ്ങളില്‍ ഒരു വിഭാഗം നീഗ്രോ വംശജരാകുന്നു. പന്നി, കോഴി എന്നിവയാണ് ദ്വീപുവാസികളുടെ പ്രധാന വളര്‍ത്തുമൃഗങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍