This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഛര്‍ദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:52, 3 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഛര്‍ദി

ആമാശയത്തിലുള്ള വസ്തുക്കള്‍ വായിലൂടെ ശക്തിയായി പുറന്തള്ളുന്ന അനൈച്ഛികവൃത്തി. വിളര്‍ച്ച, വിയര്‍പ്പ്, ഉമിനീരൊഴുക്ക്, ഹൃദയമിടിപ്പ് മന്ദീഭവിക്കല്‍, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഛര്‍ദിക്കു തൊട്ടുമുമ്പ് സാധാരണ അനുഭവപ്പെടുന്നു.

മസ്തിഷ്കകാണ്ഡത്തിലെ ഛര്‍ദികേന്ദ്രം ഉത്തേജിതമാകുമ്പോഴാണ് ഛര്‍ദി ഉണ്ടാകുന്നത്. മസ്തിഷ്കത്തിന്റെ മുന്‍പാളിക്കോ ദഹനേന്ദ്രിയത്തിനോ ആന്തരകര്‍ണത്തിന്റെ സന്തുലിതാവസ്ഥയ്ക്കോ വൈഷമ്യങ്ങളോ തകരാറോ ഉണ്ടായാല്‍ ഉത്തേജിതമാവാനുള്ള സന്ദേശം ഛര്‍ദികേന്ദ്രത്തിലെത്തുന്നു. രക്തത്തില്‍ വിഷാംശമോ മറ്റ് അനാശാസ്യവസ്തുക്കളോ കലര്‍ന്നാല്‍ ഛര്‍ദികേന്ദ്രം സ്വയം ഉത്തേജിതമാവാറുണ്ട്. ഉത്തേജിതമായാലുടന്‍ ഛര്‍ദികേന്ദ്രത്തില്‍നിന്നും പ്രാചീരത്തിലേക്കു നിര്‍ദേശമെത്തും. ഉടന്‍ പ്രാചീരം ഉദരപേശിയെയും ആമാശയഭിത്തിയെയും ശക്തിയായി അമര്‍ത്തും. അതേസമയം ആമാശയത്തിന്റെ അടിഭാഗത്തിനും കുടലിന്റെ ആദ്യഭാഗത്തിനും മധ്യേയുള്ള അന്ധനാള-അവരോധിനി (Pyloric Sphincter) അടയുകയും ആമാശയത്തിന്റെ മുകള്‍ ഭാഗത്തിനും അന്നനാളിക്കും ഇടയിലുള്ള ഭാഗം അയയുകയും ചെയ്യും. അതോടെ ആമാശയത്തിലെ വസ്തുക്കള്‍ അന്നനാളത്തിലൂടെ മുകളിലേക്കു തള്ളപ്പെടുന്നു. ഈ വസ്തുക്കള്‍ ശ്വസനനാളിയില്‍ കടന്ന് ശ്വാസതടസ്സം ഉണ്ടാകാതാരിക്കാനുള്ള മുന്‍കരുതലായി ശ്വാസനാളത്തിന്റെ മുകള്‍ഭാഗം (കുരല്‍വള) ഉപജിഹ്വ അടയ്ക്കുന്നു.

കാരണങ്ങള്‍. ആഹാരമോ മദ്യമോ അമിതമായി കഴിക്കുന്നത് ഛര്‍ദിക്കു കാരണമാകാം. പല ഔഷധങ്ങളുടെയും പാര്‍ശ്വഫലമായും അനസ്തീസ്യ സ്വീകരിച്ചതിനെ തുടര്‍ന്നും ഛര്‍ദി അനുഭവപ്പെടാറുണ്ട്. ആമാശയത്തിനോ കുടലിനോ നേരിടുന്ന വൈഷമ്യങ്ങളും ഛര്‍ദിക്കു കാരണമാകാം. ഉദാഹരണമായി കുടല്‍വ്രണം, കുടലില്‍ ട്യൂമര്‍ പോലുള്ള വളര്‍ച്ച, ഗാസ്ട്രോ എന്ററൈറ്റിസ്, ഭക്ഷ്യവിഷബാധ, അപ്പെന്‍ഡിസൈറ്റിസ് എന്നീ അവസ്ഥകള്‍ ഛര്‍ദിയുണ്ടാക്കുന്നു. കരള്‍, അഗ്ന്യാശയം, പിത്താശയം തുടങ്ങി പചനേന്ദ്രിയവുമായി ബന്ധപ്പെട്ട അവയവങ്ങള്‍ക്കു നീര്‍വീക്കമുണ്ടാകുന്നത് മറ്റൊരു കാരണമാണ്. തലയോട്ടിയില്‍ സമ്മര്‍ദം വര്‍ധിച്ചാല്‍ അതിശക്തമായ ഛര്‍ദി പെട്ടെന്നാരംഭിക്കുന്നു. ഓക്കാനം പോലുള്ള ആരംഭലക്ഷണങ്ങള്‍ ഈ സമയത്തുണ്ടാകുന്നില്ല. എന്‍കെഫലൈറ്റിസ്, ഹൈഡ്രോകെഫാലെസ്, മസ്തിഷ്കത്തിലെ ട്യൂമര്‍, ശിരസ്സില്‍ ഏല്ക്കുന്ന ആഘാതങ്ങള്‍ തുടങ്ങിയവ തലയോട്ടിയില്‍ സമ്മര്‍ദം ഉണ്ടാക്കുന്ന ഘടകങ്ങളാണ്. ചെന്നിക്കുത്താണ് ഛര്‍ദിയുണ്ടാക്കുന്ന മറ്റൊരവസ്ഥ (നോ. ചെന്നിക്കുത്ത്). ആന്തരകര്‍ണത്തിലെ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടുന്ന ഏതു കാരണവും ഛര്‍ദിക്കു പ്രേരണ നല്കും. ചലനരോഗം ഒരുദാഹരണമാണ് (നോ. ചലനരോഗം). അന്തഃസ്രാവീവ്യൂഹത്തിന്റെ തകരാറ് മറ്റൊരു കാരണമാണ്. ഉദാ. അഡിസണ്‍ രോഗം. ഗര്‍ഭാരംഭത്തില്‍ അനുഭവപ്പെടുന്ന ഓക്കാനത്തിനും ഛര്‍ദിക്കും കാരണം ഹോര്‍മോണ്‍ ഉത്പാദനത്തിലെ പ്രശ്നങ്ങളാണ്. നോ. ഗര്‍ഭം

ഉപാപചയ തകരാറുകൊണ്ടും ഛര്‍ദിയുണ്ടാകാം. കീറ്റോണുകളും അമ്ളങ്ങളും അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന കീറ്റോ അസിഡോസിസ് എന്ന അവസ്ഥ ഇത്തരത്തില്‍ ഒന്നാണ്. പ്രമേഹം വേണ്ടവിധം ചികിത്സിക്കാതിരുന്നാല്‍ ഈ അവസ്ഥയുണ്ടാകും. അന്നനാളി, ആമാശയം, ഗ്രഹണി എന്നീ അവയവങ്ങളുടെ അന്തര്‍ഭാഗത്ത് രക്തവാര്‍ച്ചയുണ്ടായാലും മൂക്കില്‍ നിന്നും വരുന്ന രക്തം വിഴുങ്ങിപ്പോയാലും രക്തം ഛര്‍ദിക്കാറുണ്ട്. മനഃശാസ്ത്രപരമായ കാരണങ്ങളാലും ഛര്‍ദിയുണ്ടാകാം. ആഹാരം കഴിക്കാന്‍ വൈമുഖ്യം ലക്ഷണമായുള്ള ഒരു തരം മനോരോഗം (അനൊറെക്സിയാ നെര്‍വോസാ) ഉള്ളപ്പോഴും ഛര്‍ദിയുണ്ടാകുന്നു. മനസ്സിന് വൈഷമ്യമുണ്ടാക്കുന്ന കാഴ്ചകള്‍, സന്ദര്‍ഭങ്ങള്‍, സ്മരണകള്‍ എന്നിവയും ഛര്‍ദിക്കു പ്രേരണയുണ്ടാക്കാം.

തുടര്‍ച്ചയായി ഛര്‍ദിയുണ്ടായാല്‍ വിശദമായ പരിശോധന ആവശ്യമാണ്. സാധാരണ അവസ്ഥകളില്‍ ഛര്‍ദിപ്രതിരോധകങ്ങള്‍ നിര്‍ദേശിക്കാറാണ് പതിവ്. നോ. ഓക്കാനം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍