This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചീവീട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചീവീട്
ഷട്പദവര്ഗത്തിലെ ഹോമോപ്റ്റെറ (Homoptera) ഗോത്രത്തില്‍പ്പെട്ട ഒരു ജീവി. ഇംഗ്ലീഷില്‍ സിക്കാഡ (Cicada) എന്നറിയപ്പെടുന്നു. ശാസ്ത്രനാമം: മാഗിസിക്കാഡ സെപ്റ്റെന്ഡീസിയം (Magicicada septendecium). ഇംഗ്ലീഷില്‍ ക്രിക്കെറ്റ് (cricket) എന്ന പേരിലറിയപ്പെടുന്ന ചില ഷട്പദയിനങ്ങളും ചീവീടുകളായി അറിയപ്പെടുന്നുണ്ട്. ലോകത്തെമ്പാടുമായി നിരവധി സ്പീഷീസുകളുണ്ട്.
ചെറിയ ശരീരമുള്ള ഈ ഷട്പദത്തിനു ചര്മസദൃശമായ രണ്ടുജോടി ചിറകുകളുണ്ട്. വിശ്രമാവസ്ഥയിലായിരിക്കുമ്പോള്‍ ഈ ചിറകുകള് ശരീരത്തെ മൊത്തത്തില്‍ പൊതിഞ്ഞിരിക്കും. വേധനചൂഷണ (piercing and sucking) മുഖാംഗങ്ങളാണ് ഇവയ്ക്കുള്ളത്. തലയുടെ അടിയിലായി അല്പം പിന്നോട്ടു മാറിയാണ് വായ സ്ഥിതിചെയ്യുന്നത്. തലയില്‍ നീണ്ട സ്പര്‍ശിനികള്‍ ഉണ്ട്. പിന്കാലുകള് ചാടാനുള്ള അനുകൂലനമുള്ളവയും മുന്‍കാലുകളെക്കാള്‍ നീളമേറിയവയുമാണ്. ചീവീടുകള്‍ ചെടികള്‍ തുരന്ന് അവയുടെ ചാറ് വലിച്ചു കുടിക്കുകയാണ് പതിവ്.
പെണ്ചീവീടുകള് സസ്യഭാഗങ്ങള്‍ തുരന്നുണ്ടാക്കുന്ന ദ്വാരങ്ങളിലോ മണ്ണിനടിയിലോ മുട്ടകള്‍ നിക്ഷേപിക്കുന്നു. കൂര്‍ത്തിരിക്കുന്ന അണ്ഡ-നിക്ഷേപി (ovipositor) വഴിയാണു മുട്ടകള്‍ നിക്ഷേപിക്കുന്നത്. മുട്ട വിരിഞ്ഞു വിട്ടിലുകളുടെ രൂപത്തിലുള്ള കുഞ്ഞുങ്ങള്‍ പുറത്തു വരുന്നു. ഇവയ്ക്കു വൈക്കോല്‍ നിറമാണുള്ളത്. ഇവ പരിവര്‍ധന വിധേയമായി പ്രൌഢാവസ്ഥ പ്രാപിക്കുവാന്‍ വളരെ സമയം എടുക്കുന്നു.
ആകാരത്തില്‍ ചെറിയവയെങ്കിലും ചീവീടുകള്‍ തുളച്ചു കയറുന്ന ശബ്ദം ഉണ്ടാക്കുന്നു. ഇവയില്‍ ആണ്‍ജീവികള്‍ മാത്രമേ ഇപ്രകാരം ശബ്ദമുണ്ടാക്കാറുള്ളു. പെണ്‍ജീവികള്‍ നിശ്ശബ്ദജീവിതം നയിക്കുന്നവയാണ്. ശരീരത്തിന്റെ അടിഭാഗത്തു പശ്ച്വവക്ഷ (meta thorax)ത്തിലും ഉദരഭാഗത്തുമായി ഒരു കമ്പനാംഗം (vibrating organ)ആണ്ചീവീടുകളില് കാണപ്പെടുന്നു. ഈ ഭാഗത്തിന്റെ ഘര്‍ഷണത്തിലൂടെയാണ് ഇവ ശബ്ദമുണ്ടാക്കുന്നത്.