This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചെമ്പരത്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചെമ്പരത്തി
മാല്‍വേസി (Malvaceae) സസ്യകുടുംബത്തില്‍പ്പെട്ട ഒരു കുറ്റിച്ചെടി. ശാസ്ത്രനാമം: ഹിബിസ്കസ് റോസ സൈനന്‍സിസ് (Hibiscus rosa sinensis). ചൈനയാണ് ചെമ്പരത്തിയുടെ ജന്മദേശമെന്നു കരുതപ്പെടുന്നു. ചൈനാറോസ് എന്നും ചെമ്പരത്തിക്കു പേരുണ്ട്. ലോകത്തില്‍ എല്ലായിടങ്ങളിലും വളരുന്ന ചെമ്പരത്തിക്ക് ഏതു കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയും.
ഏകദേശം മൂന്നു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ കുറ്റിച്ചെടിയെ വെട്ടി പൊക്കം ക്രമീകരിച്ചു നിര്‍ത്തുന്നു. ഇലകള്‍ ഏകാന്തരന്യാസത്തിലാണ്. സരളമായ ഇലകളുടെ അരികുകള്‍ ദന്തുരമായിരിക്കും. പത്രവൃന്തത്തിന്റെ ചുവടുഭാഗത്തായി ലോമസദൃശമായ രണ്ട് അനുപര്‍ണങ്ങളുണ്ട്. ഇലകളിലെ കലകളില്‍ മ്യൂസിലേജ് ഉണ്ട്.
ചെമ്പരത്തി എല്ലാക്കാലവും പുഷ്പിക്കും. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് ഒറ്റയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പുഷ്പവൃന്തം നീളം കൂടിയതാണ്. പുഷ്പങ്ങള്‍ ദ്വിലിംഗിയും അധോജനിയും സമമിതവുമാണ്. ബാഹ്യദളപുടത്തിന്റെ ചുവടുഭാഗത്ത് ഇതിനു ചുറ്റുമായി ലോമസദൃശമായ ആറോ ഏഴോ സഹപത്രകങ്ങള്‍ (epicalyx) കാണുന്നു. അഞ്ച് ബാഹ്യദളങ്ങളുടെയും ചുവടുഭാഗം യോജിച്ചു കപ്പിന്റെ ആകൃതി ആയിത്തീര്‍ന്നിരിക്കുന്നു. കടും ചുവപ്പു നിറത്തിലുള്ള അഞ്ചു ദളങ്ങളുണ്ട്. ഓരോ ദളത്തിനും വീതി കുറഞ്ഞ നഖരവും (claw) പരന്നു വിരിഞ്ഞ ഫലകവും (limb) ഉണ്ടായിരിക്കും. ദളഫലകങ്ങളില്‍ ചുളിവുകള്‍ (plicate) കാണപ്പെടുന്നു. അനേകം കേസരങ്ങളുണ്ട്. കേസരതന്തുക്കള്‍ യോജിച്ച് കേസരനാളമുണ്ടാകുന്നു. കേസരനാളത്തിന്റെ മുകളറ്റത്തു മാത്രമേ പരാഗകോശങ്ങളുള്ളു. കേസരങ്ങള്‍ക്കു വൃക്കയുടെ ആകൃതിയിലുള്ള ഒരു പരാഗകോശപാളി (anther lobe) മാത്രമേയുള്ളൂ. ഒരു ചെറിയ തന്തു പരാഗകോശത്തെ കേസരനാളവുമായി ബന്ധിക്കുന്നു. കേസരനാളം ദളങ്ങളുടെ ആധാരഭാഗവുമായിട്ടാണ് സംയോജിച്ചിരിക്കുന്നത്. അണ്ഡാശയം അധോജനിയും അഞ്ചു ജനിപര്‍ണങ്ങളുള്ളതുമാണ്. ചരടുപോലുള്ള വര്‍ത്തിക കേസരനാളത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നു. വര്‍ത്തികാഗ്രം അഞ്ചായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോന്നിന്റെയും അഗ്രം ഉരുണ്ടിരിക്കും. സ്വപരാഗണം വിരളമായതിനാല്‍ കായ്കളുണ്ടാകാറില്ല. കൃത്രിമ പരപരാഗണം നടത്തി കായ്കളുത്പാദിപ്പിക്കാം. കാണ്ഡം മുറിച്ചുനട്ടാണ് സസ്യപ്രജനനം നടത്തുന്നത്.
ചെമ്പരത്തിക്കു ധാരാളം ഇനങ്ങളുണ്ട്. ഇവ പൂന്തോട്ടങ്ങളില്‍ നട്ടുവളര്‍ത്തുന്നു. സാധാരണ ചുവപ്പു പുഷ്പങ്ങളുണ്ടാകുന്നവയാണെങ്കിലും വെള്ള, മഞ്ഞ, ഇളം റോസ്, കടും റോസ്, ഓറഞ്ച്, കാവി, കടും ചുവപ്പ് എന്നിങ്ങനെ പല നിറത്തിലുള്ള പുഷ്പങ്ങളുണ്ടാകുന്നവയുമുണ്ട്. ദളങ്ങള്‍ ഒരു നിരയിലുള്ളവയും അഞ്ചോ ആറോ നിരകളുള്ളവയും വിരളമല്ല.
ഇലകളും പുഷ്പങ്ങളും ഔഷധനിര്‍മാണത്തിന് ഉപയോഗിക്കുന്നു. ഇല അരച്ചു പുരട്ടിയാല്‍ കുരുവിന് ശമനം കിട്ടും. ഇതു താളിയായും ഉപയോഗിക്കുന്നു. പൂമൊട്ടുകള്‍ അര്‍ശസ്സിനും വസൂരിരോഗത്തിനും ഔഷധമാണ്. ചെമ്പരത്തിപ്പൂവ് പശുവിന്‍ നെയ്യില്‍ വറുത്ത് രക്തസ്രാവത്തിന് ഔഷധമായി നല്‍കാറുണ്ട്. ഇതിന്റെ പൂവ് ഇടിച്ചു പിഴിഞ്ഞ നീരില്‍ സമം ഒലിവെണ്ണയും ചേര്‍ത്ത് വെള്ളം വറ്റുന്നതുവരെ കാച്ചിത്തേച്ചാല്‍ സമൃദ്ധമായ തലമുടിയുണ്ടാകും. ചിലയിനം ചെമ്പരത്തിയുടെ പുഷ്പങ്ങള്‍ കറിവയ്ക്കാനുപയോഗിക്കുന്നു. അമ്പലങ്ങളില്‍ പൂജയ്ക്കും പൂമാലയുണ്ടാക്കാനും ഇതിന്റെ പുഷ്പങ്ങള്‍ ഉപയോഗിക്കാറുണ്ട്. മുമ്പ് വധിക്കാന്‍ കൊണ്ടുപോകുന്നവരെ ചെമ്പരത്തിപ്പൂമാല അണിയിക്കുന്ന പതിവുണ്ടായിരുന്നു.