This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഞ്ചരക്കണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:39, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഞ്ചരക്കണ്ടി

കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത്. അഞ്ചുദേശം ഉള്‍പെട്ട ഒരു ഗ്രാമപ്രദേശമാണ് അഞ്ചരക്കണ്ടി; ഇതിലേ ഒഴുകുന്ന നദിക്ക് അഞ്ചരക്കണ്ടിപ്പുഴയെന്ന് പറയുന്നു.

അഞ്ചുതറക്കണ്ടി (അഞ്ചുദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശം) ലോപിച്ച് അഞ്ചരക്കണ്ടി ആയതാണെന്നു കരുതപ്പെട്ടുവരുന്നു. അഞ്ചരക്കണ്ടിപ്പുഴ സമുദ്രത്തില്‍ പതിക്കുന്ന നദീമുഖത്താണ് ധര്‍മടം അഥവാ ധര്‍മപട്ടണം എന്ന സ്ഥലം. നദീതീരപ്രദേശങ്ങളും ധര്‍മപട്ടണവും ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്ത് കേരളചരിത്രത്തില്‍ മര്‍മപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. ഈ പ്രദേശത്തുനിന്ന് കുരുമുളക് സംഭരിക്കുവാനും കയറ്റുമതി ചെയ്യുവാനുമായി ഇംഗ്ളീഷുകാര്‍ അഞ്ചരക്കണ്ടിപ്പുഴയ്ക്ക് കിഴക്കുള്ള വേങ്ങാട് എന്ന ദേശത്ത് വ്യാപാരശാല സ്ഥാപിക്കുകയും ധര്‍മപട്ടണത്ത് കോട്ടകെട്ടി കമ്പനിസേനയെ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

അഞ്ചരക്കണ്ടി ദേശത്ത് ഈസ്റ്റിന്ത്യാകമ്പനിക്കാര്‍ കാപ്പി, കുരുമുളക്, ജാതിക്ക, ഇലവര്‍ങം (കറുവാപ്പട്ട എടുക്കുന്ന മരം) ആദിയായവ കൃഷിചെയ്യുവാനുള്ള തോട്ടം സ്ഥാപിച്ചു. കറുവാപ്പട്ടയില്‍ നിന്ന് തൈലം വാറ്റിയെടുക്കുന്നതിനുള്ള സ്വേദനശാല (Distillery)യും അവിടെ സ്ഥാപിച്ചിട്ടുണ്ട്. കറുവാപ്പട്ട തൈലങ്ങളില്‍ ഏറ്റവും മികച്ചത് ഇതാണെന്നു കരുതപ്പെടുന്നു. ഇതില്‍ 91 ശ.മാ. യൂജിനോള്‍ (Euginol) അംശം അടങ്ങിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍, സോപ്പ്, ഔഷധം എന്നിവയ്ക്ക് ഈ തൈലം ഉപയോഗിച്ചുവരുന്നു.

അഞ്ചരക്കണ്ടി, രണ്ടുതറ ദേശത്തിന്റെ ഭാഗമായിരുന്നു എന്നു കരുതപ്പെടുന്നു. രണ്ടുതറയിലെ ഭരണാധികാരികള്‍ കോലത്തിരി രാജാവിന്റെ അധികാരത്തിന്‍കീഴിലായിരുന്ന അച്ചന്‍മാര്‍ എന്ന പേരിലറിയപ്പെട്ടിരുന്ന നമ്പ്യാരന്‍മാരായിരുന്നു. രണ്ടുതറ ഇംഗ്ളീഷുകാര്‍ക്ക് കോലത്തിരി ആദ്യം പണയപ്പെടുത്തുകയും പിന്നീട് വിലയ്ക്കു കൊടുക്കുകയും ചെയ്തു. അങ്ങനെ ഈ പ്രദേശം ഇംഗ്ളീഷുകാരുടെ അധീനതയിലായി. പഴശ്ശിരാജാവും ഇംഗ്ളീഷുകാരും തമ്മില്‍ നടന്ന യുദ്ധത്തില്‍ രാജാവ് ഈ തോട്ടം പിടിച്ചെടുത്തു. അവിടത്തെ അച്ചന്‍മാരും പഴശ്ശിരാജാവിന്റെ പക്ഷക്കാരായിരുന്നു. ഇംഗ്ളീഷു സൈന്യവും രാജാവിന്റെസേനയും തമ്മില്‍ അഞ്ചരക്കണ്ടിക്കു സമീപംവച്ചു നടന്ന യുദ്ധത്തില്‍ (1803) തോട്ടത്തിനു സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. വൈസ്രോയിയായിരുന്ന വെല്ലസ്ളിപ്രഭു അഞ്ചരക്കണ്ടിയിലെ തോട്ടം സന്ദര്‍ശിച്ചിരുന്നു.

ഇവിടെയുള്ള സിയാറത്തുങ്കര പള്ളിയിലെ 'നേര്‍ച്ച' ഹിന്ദു-മുസ്ളിം മൈത്രിയുടെ പ്രതീകമായ ഒരു ചടങ്ങാണ്. അഞ്ചരക്കണ്ടിയില്‍, തോട്ടവുമായി ബന്ധപ്പെടാത്തവരുടെ തൊഴില്‍ നെയ്ത്ത്, കൃഷി മുതലായവയാണ്.

(കെ.വി. നാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍