This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നായ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:57, 28 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചെന്നായ്

Wolf

ശ്വാന വംശത്തില്‍പ്പെട്ട ഒരു സസ്തനി. നായ്കള്‍ ഉള്‍പ്പെടുന്ന കാനിസ് (Canis) ജീനസ്സില്‍ തന്നെയാണ് ചെന്നായയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രനാമം: കാനിസ് ലൂപ്പസ്. അല്‍സേഷന്‍ നായയുടെ രൂപമാണ് ഇവയ്ക്കുള്ളത്. വാലടക്കം 150 സെ.മീ. നീളം വരും. ഉടലിന്റെ മാത്രം നീളം 60-70 സെ.മീ. പൂര്‍ണവളര്‍ച്ചയെത്തിയ ഇന്ത്യന്‍ ചെന്നായ്ക്ക് 20-25 കി.ഗ്രാം ഭാരമുണ്ടാവും. ചില വിദേശയിനങ്ങള്‍ക്ക് 75 കി.ഗ്രാം വരെ തൂക്കം ഉണ്ടാവാറുണ്ട്. തല താരതമ്യേന വലുതാണ്. നീണ്ടു കൂര്‍ത്ത പല്ലുകളാണ് ഇവയ്ക്കുള്ളത്. ചെന്നായ്ക്ക് പൊതുവേ മങ്ങിയ ചാരനിറമാണ്. തവിട്ടു നിറമുള്ളതും മങ്ങിയ വെള്ളനിറമുള്ളതും ആയ ഇനങ്ങളുമുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ച് ഇവയുടെ ശരീരനിറത്തില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ട്. വാല്‍നീണ്ടതും നിറയെ രോമങ്ങളുള്ളതുമാണ്.

ചെന്നായ് പറ്റം ചേര്‍ന്നാണ് ഇര തേടാറുള്ളത്. മുയല്‍, മാന്‍, കാട്ടുപന്നി എന്നിവയാണ് ഇവയുടെ പ്രധാന ഇരകള്‍. കന്നുകാലികളെയും ചിലപ്പോള്‍ മനുഷ്യരെവരെയും ഇവ ആക്രമിക്കാറുണ്ട്. ഇരകളെ ബഹുദൂരം ഓടിച്ചുക്ഷീണിപ്പിച്ചാണിവ പിടികൂടാറുള്ളത്. മണിക്കൂറില്‍ 30-35 കി.മീ. വേഗത്തില്‍ വരെ ഓടാന്‍ ഇവയ്ക്കു കഴിയും. കാട്ടിലാണ് ഇവ സ്ഥിരതാവളമാക്കുന്നതെങ്കിലും നാട്ടിന്‍പുറങ്ങളിലേക്കു കടന്നുകയറി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്ന സ്വഭാവവും ചെന്നായ്ക്കുണ്ട്. ശരീരതൂക്കത്തോളം അളവില്‍ ആഹാരം കഴിക്കാനും കഴിയും. ഒരു പ്രാവശ്യം ആഹാരം കഴിച്ചാല്‍ പിന്നെ ഒരാഴ്ചയോളം ഭക്ഷണം ലഭിച്ചില്ലെങ്കിലും ഇവയ്ക്കു പ്രശ്നമില്ല.

ചെന്നായ് ഏക പത്നീവ്രതക്കാരനാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഇവ ഇണചേരാറുള്ളത്. ഗര്‍ഭകാലം രണ്ടുമാസമാണ്. ഒരു പ്രസവത്തില്‍ മൂന്നു മുതല്‍ ഒമ്പതുവരെ കുട്ടികള്‍ ഉണ്ടാകാറുണ്ട്. കുട്ടിയുടെ ഉടലാകെ ചാരനിറത്തിലുള്ള രോമങ്ങളാല്‍ ആവൃതമായിരിക്കും. പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞു മാത്രമേ കുട്ടികളുടെ കണ്ണുകള്‍ തുറക്കുകയുള്ളൂ. വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേ കുട്ടികള്‍ മാതാവിന്റെ മുല കുടിക്കാറുള്ളൂ. അതിനുശേഷം ഭാഗികമായി ദഹിച്ച ആഹാരം പെണ്‍ചെന്നായ് തികട്ടി ഛര്‍ദിച്ച് കുട്ടികള്‍ക്കു നല്കുകയാണ് പതിവ്. കുട്ടികളുടെ പരിരക്ഷയ്ക്കുവേണ്ടി മാളത്തില്‍ത്തന്നെ കഴിഞ്ഞുകൂടുന്ന പെണ്‍ചെന്നായ്ക്ക് ആണ്‍ ചെന്നായാണ് ഇര തേടി എത്തിച്ചു കൊടുക്കുന്നത്. ചെന്നായ് കുട്ടികള്‍ രണ്ടുമാസം പ്രായമാകുന്നതോടെ സ്വയം ഇര തേടാനാരംഭിക്കുന്നു.

ആര്‍ട്ടിക് പ്രദേശങ്ങള്‍ മുതല്‍ മധ്യരേഖാ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ധഗോളത്തിലെത്തിലെല്ലായിടത്തും ചെന്നായിനങ്ങള്‍ വ്യാപകമായി കാണപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഏതാനും ഇനം ചെന്നായ്ക്കള്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഇവ കാണാറില്ലെന്നാണ് കരുതപ്പെടുന്നത്. മൂന്നാറിനു സമീപമുള്ള ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ ഇവയെ കണ്ടതായി പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ രേഖകളില്ല. യൂറോപ്പില്‍ നിന്നും ഇന്ത്യയിലേക്കു കുടിയേറിയ ഒരു ശ്വാന വര്‍ഗമാണിതെന്നും വിശ്വസിക്കപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍