This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരിറ്റി,സിസ്റ്റേഴ്സ് ഒഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:29, 21 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാരിറ്റി, സിസ്റ്റേഴ്സ് ഒഫ്

സന്ന്യാസിനീ സമൂഹങ്ങള്‍. കത്തോലിക്കാസഭയില്‍ 'സിസ്റ്റേഴ്സ് ഒഫ് ക്രിസ്ത്യന്‍ ചാരിറ്റി' എന്ന പേരില്‍ നിരവധി സന്ന്യാസിനീ സമൂഹങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ പ്രമുഖങ്ങളായവ ചുവടെ ചേര്‍ക്കുന്നു.

അയര്‍ലണ്ടിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി. അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിന്‍ നഗരം കേന്ദ്രമാക്കി 1815-ല്‍ മേരി ഐക്കന്‍ ഹെഡ് (Mary Aikenhead) എന്ന കന്യാസ്ത്രീ സ്ഥാപിച്ച സന്ന്യാസിനീ സമൂഹം. 1834-ല്‍ ഈ സമൂഹത്തിന് മാര്‍പ്പാപ്പയില്‍നിന്നുള്ള അംഗീകാരം ലഭിച്ചു. ദാരിദ്ര്യം, ചാരിത്ര്യം, അനുസരണം എന്നിവയായിരുന്നു അവരുടെ പ്രധാന വ്രതവാഗ്ദാനങ്ങള്‍. അശരണരായ ദരിദ്രരെ സേവിച്ചുകൊള്ളാമെന്ന വ്രതവാഗ്ദാനവും അവര്‍ക്കുണ്ട്. ആറുവര്‍ഷത്തെ കാലാവധിക്കു തെരഞ്ഞെടുക്കപ്പെടുന്ന ഒരു സുപ്പീരിയര്‍ ജനറലിന്റെ നിയന്ത്രണത്തിന്‍കീഴിലാണ് സമൂഹം പ്രവര്‍ത്തിക്കുന്നത്. ഡബ്ലിന്‍ നഗരത്തില്‍ സുപ്പീരിയര്‍ ജനറലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നു. പ്രാദേശിക കോണ്‍വെന്റുകളിലെ സുപ്പീരിയര്‍മാരെ സുപ്പീരിയര്‍ ജനറല്‍ നിയമിക്കുന്നു. അവരുടെ കാലാവധി മൂന്നുവര്‍ഷമാണ്. ദരിദ്രര്‍, രോഗികള്‍ തുടങ്ങിയവരെ സംരക്ഷിക്കുകയെന്നതായിരുന്നു സമൂഹത്തിന്റെ ആദ്യകാല പ്രവര്‍ത്തനപരിപാടി. അതിനുവേണ്ടി അനേകം ആശുപത്രികളും ഇവര്‍ സ്ഥാപിച്ചു. കാലക്രമത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവരുടെ നിയന്ത്രണത്തിന്‍കീഴില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ആദ്യകാലങ്ങളില്‍ അയര്‍ലണ്ടിനുള്ളില്‍മാത്രം ഒതുങ്ങിനിന്നിരുന്ന അവരുടെ പ്രവര്‍ത്തനപരിപാടി പില്ക്കാലത്ത് ഇംഗ്ലണ്ട്, സ്കോട്ട്ലന്‍ഡ്, യു.എസ്., സാംബിയ, നൈജീരിയ, ആസ്റ്റ്രേലിയ തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു.

നെവേഴ്സിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി ആന്‍ഡ് ക്രിസ്റ്റ്യന്‍ ഇന്‍സ്ട്രക്ഷന്‍ (Sisters of Charity and Christian Instruction of Nevers). ഫ്രാന്‍സിലെ നെവേഴ്സ് കേന്ദ്രമാക്കി 1680-ല്‍ രൂപംകൊണ്ട ഈ സന്ന്യാസിനീ സമൂഹത്തിന് 1852-ല്‍ മാര്‍പ്പാപ്പ അംഗീകാരം നല്കി. രോഗികളെ ശുശ്രൂഷിക്കുക, മതപഠനം നടത്തുക എന്നിവയായിരുന്നു ഇവരുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. 1789-ല്‍ ഈ സന്ന്യാസിനീ സമൂഹത്തിന്റെ വകയായി 120 കോണ്‍വെന്റുകള്‍ ഫ്രാന്‍സിലുണ്ടായിരുന്നു. അവയെല്ലാം ഫ്രഞ്ചുവിപ്ളവകാലത്തു വിപ്ളവകാരികള്‍ അടച്ചുപൂട്ടി. എന്നാല്‍ പില്ക്കാലത്ത് ഈ കോണ്‍വെന്റുകള്‍ സജീവമാംവിധം പ്രവര്‍ത്തിച്ചുതുടങ്ങി. കാലക്രമത്തില്‍ ഇവരുടെ പ്രവര്‍ത്തനം ഇറ്റലി, സ്വിറ്റ്സര്‍ലണ്ട്, സ്പെയിന്‍, ഇംഗ്ലണ്ട്, ടുണീഷ്യ, ജപ്പാന്‍, ഐവറികോസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഇപ്പോള്‍ ഈ സന്ന്യാസിനികള്‍ വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹികസേവനം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.

സിന്‍സിനാത്തിയിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Cincinnati). യു.എസ്സിലെ സിന്‍സിനാത്തി കേന്ദ്രമാക്കി 1852-ല്‍ സ്ഥാപിതമായ ഒരു സന്ന്യാസിനീ സമൂഹം. 1869-ല്‍ സമൂഹത്തിന്റെ ആസ്ഥാനം ഒഹായോയിലേക്കുമാറ്റി. ആശുപത്രികള്‍, അനാഥമന്ദിരങ്ങള്‍ എന്നിവ നടത്തുകയായിരുന്നു ഇവരുടെ മുഖ്യകര്‍മപരിപാടി. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റ സൈനികരെ ശുശ്രൂഷിക്കുന്നതിനുവേണ്ടി 1861-ല്‍ സെന്റ് ജോണ്‍സ് ആശുപത്രി സ്ഥാപിച്ചു. ഈ സമൂഹത്തിലെ കന്യാസ്ത്രീകള്‍ നഴ്സുമാരായി ഒഹായോ, കെന്റക്കി, ടെന്നസ്സി, മേരിലന്‍ഡ്, വിര്‍ജീനിയ തുടങ്ങിയ സ്റ്റേറ്റുകളിലെ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചു. ആധുനികകാലത്ത് ഈ സന്ന്യാസിനിമാര്‍ വിദ്യാഭ്യാസരംഗത്തും സജീവമാംവിധം പ്രവര്‍ത്തിക്കുന്നു. ആശുപത്രികള്‍, അനാഥാലയങ്ങള്‍ എന്നിവയും ഇവര്‍ കാര്യക്ഷമമാംവിധം നടത്തുന്നു. ഇറ്റലി, പെറു എന്നീ രാജ്യങ്ങളിലും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്.

സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി ഒഫ് കോണ്‍വെന്റ്സ്റ്റേഷന്‍. 1859-ല്‍ ന്യൂയോര്‍ക്ക് കേന്ദ്രമാക്കി മേരി സേവ്യര്‍ എന്ന കന്യാസ്ത്രീ ആരംഭിച്ച സമൂഹം. അനാഥശാലകള്‍ നടത്തുകയെന്നതായിരുന്നു അവരുടെ ആദ്യകാലപ്രവര്‍ത്തനപരിപാടി. പില്ക്കാലത്ത് പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള വിദ്യാലയങ്ങളും ഇവര്‍ ആരംഭിച്ചു. ന്യൂയോര്‍ക്ക്, ന്യൂജെഴ്സി, മസാച്ചുസെറ്റ്സ്, കണെക്റ്റിക്കട്ട്, ഫ്ലോറിഡ എന്നീ സ്റ്റേറ്റുകളിലേക്ക് ഇവരുടെ പ്രവര്‍ത്തനപരിപാടി വ്യാപിച്ചു. 1924-ല്‍ അവരുടെ പ്രവര്‍ത്തനം ചൈനയിലേക്കും വ്യാപിക്കുകയുണ്ടായി.

ഗ്രീന്‍സ്ബര്‍ഗിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Greensburg). യു.എസ്സില്‍ ഗ്രീന്‍സ്ബര്‍ഗ് കേന്ദ്രമാക്കി 1870 ആഗ. 7-നു നിലവില്‍വന്ന സന്ന്യാസിനീ സമൂഹം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കാലക്രമത്തില്‍ അല്‍ത്തൂണ, പെന്‍സില്‍വേനിയ, മേരിലന്‍ഡ്, അരിസോണ, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. അതോടൊപ്പംതന്നെ അനേകം അനാഥാലയങ്ങളും ആശുപത്രികളും ഇവര്‍ ആരംഭിച്ചു. 1942-ല്‍ പിറ്റ്സ്ബര്‍ഗ് കേന്ദ്രമാക്കി ഇവര്‍ ആരംഭിച്ച അന്ധ-ബധിരക്ഷേമസ്ഥാപനം, കറുത്തവരുടെ ജീവിതനില മെച്ചപ്പെടുത്തുന്നതിനുവേണ്ടി ആരംഭിച്ച 'ഹൗസ് ഒഫ് മേരി' (House of Mary) തുടങ്ങിയ സ്ഥാപനങ്ങള്‍ വളരെ പ്രസിദ്ധി ആര്‍ജിച്ചവയാണ്. 1960 മുതല്‍ ഈ സന്ന്യാസിനികള്‍ ദക്ഷിണകൊറിയയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഹാലിഫാക്സിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Halifax). കാനഡയില്‍ ഹാലിഫാക്സ് കേന്ദ്രമാക്കി 1849-ല്‍ സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സമൂഹം. അനാഥക്കുട്ടികളെയും വൃദ്ധരെയും സംരക്ഷിക്കുന്നതിനുള്ള സ്ഥാപനങ്ങളാണ് അവര്‍ ആദ്യകാലങ്ങളില്‍ നടത്തിയിരുന്നത്. പില്ക്കാലത്തു വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ഇവര്‍ വ്യാപൃതരായി. 1960-ല്‍ കാനഡയിലെ പതിനൊന്ന് രൂപതകളിലായി ഈ വിഭാഗത്തില്‍പ്പെട്ട 1600-ഓളം കന്യാസ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. നോവോസ്കോഷ്യ, ന്യൂബ്രണ്‍സ്വിക്ക്, ക്യൂബെക്ക്, ആല്‍ബെര്‍ത്ത തുടങ്ങിയ സ്ഥലങ്ങളില്‍ ഇക്കൂട്ടര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ പ്രസിദ്ധങ്ങളാണ്.

ഈശോയുടെയും മറിയത്തിന്റെയും സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Jesus and Mary). ബല്‍ജിയത്തിലെ ഘെന്റ് കേന്ദ്രമാക്കി 1803-ല്‍ പ്രവര്‍ത്തനമാരംഭിച്ച സന്ന്യാസിനീ സമൂഹം. 1816-ല്‍ ഈ സമൂഹത്തിന് മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ചു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ എന്നീ രംഗങ്ങളിലായിരുന്നു ഇവര്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. ആറു വര്‍ഷത്തെ കാലാവധിക്കു തെരഞ്ഞെടുക്കപ്പെടുന്ന സുപ്പീരിയര്‍ ജനറല്‍ ആണ് സമൂഹത്തെ മൊത്തത്തില്‍ നിയന്ത്രിക്കുന്നത്. ബെല്‍ജിയത്തിനുള്ളില്‍ നിരവധി കോണ്‍വെന്റുകള്‍ ഇവര്‍ സ്ഥാപിച്ചു. 1888-ല്‍ ഇംഗ്ളണ്ടിലും 1892-ല്‍ കോങ്ഗോയിലും 1896-ല്‍ ഇന്ത്യയിലും 1908-ല്‍ നെതര്‍ലന്‍ഡിലും 1946-ല്‍ അയര്‍ലണ്ടിലും 1962-ല്‍ ആസ്റ്റ്രേലിയയിലും ഈ സമൂഹത്തിന്റെ ശാഖകള്‍ സ്ഥാപിതമായി. വിദ്യാഭ്യാസത്തിനു പുറമേ, സാമൂഹികസേവനവും അവരുടെ പ്രവര്‍ത്തനരംഗമാണ്. അന്ധര്‍, ബധിരര്‍, മറ്റു വികലാംഗര്‍, മനോരോഗികള്‍ തുടങ്ങിയവരെ ഇവര്‍ സംരക്ഷിച്ചുവരുന്നു.

ലീവെന്‍വര്‍ത്തിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Leavenworth). യു.എസ്സിലെ കാന്‍സ് (Kans) കേന്ദ്രമാക്കി സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സമൂഹം. ഇവര്‍ പ്രവര്‍ത്തനമാരംഭിച്ച കാലത്ത് കാന്‍സ് പ്രദേശം സംഘട്ടനങ്ങളുടെയും അക്രമങ്ങളുടെയും കൊള്ളയുടെയും കേന്ദ്രമെന്നനിലയില്‍ കുപ്രസിദ്ധമായിരുന്നു. സാമൂഹികവിരുദ്ധരായ ആക്രമികളുടെയിടയില്‍ സേവനത്തിന്റെ സന്ദേശവുമായി കടന്നുവന്ന ഈ കന്യാസ്ത്രീകള്‍ ജനഹൃദയങ്ങളില്‍ വലിയ അനുകമ്പ പിടിച്ചുപറ്റി. 1863-ല്‍ ഇവര്‍ കാന്‍സില്‍ ഒരു ആശുപത്രി സ്ഥാപിച്ചു. തുടര്‍ന്ന് കൊളറോഡ, മൊണ്ടാന, ന്യൂമെക്സിക്കോ, മിസ്സൌറി, ഇല്ലിനോയി, വ്യോമിങ്, കാലിഫോര്‍ണിയ തുടങ്ങിയ സ്റ്റേറ്റുകളിലും ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു. ഇവിടങ്ങളില്ലെല്ലാം സ്കൂളുകള്‍, ആശുപത്രികള്‍, അനാഥമന്ദിരങ്ങള്‍, ശിശുസംരക്ഷണകേന്ദ്രങ്ങള്‍ തുടങ്ങിയവ ഇവര്‍ സ്ഥാപിച്ചു. മഹാമാരികള്‍ പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളില്‍ ഈ സന്ന്യാസിനിമാര്‍ പ്രത്യേകതരത്തിലുള്ള ശുശ്രൂഷാപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാറുണ്ട്. വികലാംഗരെയും മന്ദബുദ്ധികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങളും ഇവര്‍ നടത്തിവരുന്നു.

ലൊവേരെയിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Lovere). 'ഉണ്ണിമേരിയുടെ സഹോദരിമാര്‍' (Sisters of Infant Mary) എന്ന പേരില്‍ പൊതുവേ അറിയപ്പെടുന്ന ഈ സന്ന്യാസിനീ സമൂഹം 1832 ന. 21-ന് ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍ രൂപംകൊണ്ടു. 1840 ജൂണ്‍ 9-നു ഗ്രിഗറി XI-ാമന്‍ മാര്‍പ്പാപ്പ ഈ സമൂഹത്തിന് അംഗീകാരം നല്കി. മിലാന്‍ ആയിരുന്നു സമൂഹത്തിന്റെ കേന്ദ്രസ്ഥാനം. സമൂഹത്തിന്റെ മേധാവിയായ സുപ്പീരിയര്‍ ജനറലിനെ ആറുവര്‍ഷത്തെ കാലാവധിക്കു തെരഞ്ഞെടുക്കുന്നു. മിക്കവാറും എല്ലാവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ഈ സന്ന്യാസിനിമാര്‍ ഇടപെടുന്നു. ആശുപത്രികള്‍, വൃദ്ധമന്ദിരങ്ങള്‍, മാനസികാരോഗ്യകേന്ദ്രങ്ങള്‍, രോഗപ്രതിരോധ കുത്തിവയ്പുകേന്ദ്രങ്ങള്‍, അനാഥമന്ദിരങ്ങള്‍, ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെടുന്ന ശിശുക്കളെ സംരക്ഷിക്കാനുള്ള കേന്ദ്രങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങി അനേകം സ്ഥാപനങ്ങള്‍ ഇവരുടെ മേല്‍നോട്ടത്തില്‍ നടത്തുന്നു. മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും അവരുടെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്.

നസറേത്തിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Nazareth). യു.എസ്സിലെ കെന്റക്കിയിലുള്ള ബാഡ്സ്ടണ്‍ (Bardston) കേന്ദ്രമാക്കി 1812-ല്‍ സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സമൂഹം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ആദ്യം ഇവര്‍ വ്യാപൃതരായിരുന്നു. 1814-ല്‍ത്തന്നെ അവര്‍ നസറേത്ത് അക്കാദമി എന്ന സ്ഥാപനം ആരംഭിച്ചു. 1820-ല്‍ സ്ഥാപിക്കപ്പെട്ട സെന്റ് വിന്‍സെന്റ് അക്കാദമി, 1831-ല്‍ ആരംഭിച്ച പ്രസന്റേഷന്‍ അക്കാദമി, 1832-ല്‍ സ്ഥാപിക്കപ്പെട്ട സെന്റ് വിന്‍സെന്റ് അനാഥമന്ദിരം തുടങ്ങിയ പ്രസിദ്ധങ്ങളായ സ്ഥാപനങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലുണ്ട്. അമേരിക്കന്‍ ആഭ്യന്തരസമരകാലത്ത് മുറിവേറ്റ സൈനികരെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ ഇവര്‍ വളരെയേറെ ശുഷ്കാന്തി കാണിച്ചു. ഒന്നാംലോകയുദ്ധകാലത്തും ഈ കന്യാസ്ത്രീകള്‍ വളരെ പ്രശസ്തമാംവിധം ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി. അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്നുള്ള കാലഘട്ടത്തില്‍ തെക്കന്‍ സ്റ്റേറ്റുകളിലെ കറുത്തവര്‍ക്കുമാത്രമായി ഈ സന്ന്യാസിനികള്‍ ആരംഭിച്ച സ്കൂളുകള്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. 1947 മുതല്‍ ഇന്ത്യയില്‍ പാറ്റ്നയിലും മറ്റുചില കേന്ദ്രങ്ങളിലും ഇവരുടെ ആശുപത്രികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

ന്യൂയോര്‍ക്കിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of New York). ന്യൂയോര്‍ക്ക് കേന്ദ്രമാക്കി 1846-ല്‍ രൂപംകൊണ്ട സന്ന്യാസിനീ സമൂഹം. ന്യൂയോര്‍ക്ക് നഗരത്തിലെ വിദ്യാഭ്യാസ-സാമൂഹ്യസേവനരംഗങ്ങളില്‍ ഇവര്‍ ഗണ്യമായ പങ്കുവഹിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ ഇവര്‍ നടത്തുന്ന പല വിദ്യാഭ്യാസസ്ഥാപനങ്ങളും ഉണ്ട്. 1875 ആയപ്പോഴേക്കും ഇവരുടെ പ്രവര്‍ത്തനമേഖല പെന്‍സില്‍വേനിയ, റോഡ് ഐലന്‍ഡ് (Rhode Island), കണെക്റ്റിക്കട്ട്, ബഹാമാദ്വീപുകള്‍ എന്നീ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടരീതിയില്‍ കാണപ്പെടുന്ന ശിശുക്കളെ സംരക്ഷിക്കുകയെന്നത് ഇവരുടെ ഒരു പ്രധാന പ്രവര്‍ത്തന പരിപാടിയാണ്.

കാരുണ്യമാതാവിന്റെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of our Lady Mother of Mercy). ഹോളണ്ടിലെ ടില്‍ബര്‍ഗ് (Tilburg) കേന്ദ്രമാക്കി 1832-ല്‍ രൂപംകൊണ്ട സന്ന്യാസിനീ സമൂഹം. ദരിദ്രരായ രോഗികളെയും വൃദ്ധരെയും സംരക്ഷിക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന പ്രവര്‍ത്തനരംഗം. കാലക്രമത്തില്‍ ഈ സമൂഹത്തിന്റെ ശാഖകള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും വ്യാപിച്ചു.

വിശുദ്ധ ജോണ്‍ ആന്റിഡയുടെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of St. John Antida). ഫ്രാന്‍സിലെ ബെസാങ്കൊണ്‍ (Besancon) കേന്ദ്രമാക്കി 1799 ഏ.-ല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ സന്ന്യാസിനീ സമൂഹം. ഇവരുടെ പരോപകാര പ്രവര്‍ത്തനങ്ങള്‍ വളരെ ആകര്‍ഷകമായിരുന്നതിനാല്‍ ഈ സമൂഹം ഫ്രാന്‍സില്‍ അതിവേഗം വളര്‍ച്ച കൈവരിച്ചു. 1809-ല്‍ ഇറ്റലിയിലും 1932-ല്‍ യു.എസ്സിലും അതിനുശേഷം ഏഷ്യയിലും ആഫ്രിക്കയിലും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചു. റോം ആണ് ഇപ്പോള്‍ ഈ സമൂഹത്തിന്റെ ആസ്ഥാനം.

വിശുദ്ധ ലൂയിയുടെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of St.Louis). 1803-ല്‍ ഫ്രാന്‍സിലെ ലൂയി എലിസബത്ത് എന്ന പ്രഭ്വി സ്ഥാപിച്ച സന്ന്യാസിനീ സമൂഹം. ഫ്രഞ്ചു വിപ്ളവകാലത്ത് ലൂയി എലിസബത്ത് തടവുകാരിയാക്കപ്പെടുകയും ഇവരുടെ ഭര്‍ത്താവ് വധിക്കപ്പെടുകയും ചെയ്തു. ഫ്രഞ്ചുവിപ്ളവത്തെത്തുടര്‍ന്ന് ഭവനരഹിതരും അനാഥരും ആയിത്തീര്‍ന്ന പെണ്‍കുട്ടികളെ സംരക്ഷിക്കുകയെന്നതായിരുന്നു ഈ സന്ന്യാസിനീ സമൂഹത്തിന്റെ മുഖ്യലക്ഷ്യം. പ്രാര്‍ഥന, പ്രായശ്ചിത്തം, ധ്യാനം എന്നിവയെപ്പോലെതന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രാധാന്യം നല്കണമെന്ന് ഈ സമൂഹം തീരുമാനിച്ചു. ഇന്ന് അനാഥാലയങ്ങള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങി പലവിധത്തിലുള്ള അനേകം സ്ഥാപനങ്ങള്‍ ഫ്രാന്‍സ്, ഇംഗ്ളണ്ട്, കാനഡ, യു.എസ്., ഹെയ്ത്തി (Haiti), മഡഗാസ്കര്‍ എന്നീ പ്രദേശങ്ങളിലായി ഈ സന്ന്യാസിനീ സമൂഹത്തിനുണ്ട്.

പരിശുദ്ധ കന്യാമറിയത്തിന്റെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Blessed Virgin Mary). യു.എസ്സിലെ ഫിലാഡെല്‍ഫിയാ കേന്ദ്രമാക്കി 1833 ന. 1-ന് സ്ഥാപിക്കപ്പെട്ട സന്ന്യാസിനീ സമൂഹം. 1885 ഏ. 25-ന് ഈ സമൂഹത്തിന്റെ നിയമസംഹിതയെ ലിയോ XIII-ാമന്‍ മാര്‍പ്പാപ്പ അംഗീകരിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് ആദ്യം ഇവര്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അയര്‍ലണ്ടുകാരായ അഞ്ചു കന്യാസ്ത്രീകളായിരുന്നു ഈ സമൂഹത്തിലെ ആദ്യകാല പ്രവര്‍ത്തകര്‍. 1843-ല്‍ ഈ സമൂഹത്തിന്റെ ആസ്ഥാനം ഫിലാഡെല്‍ഫിയയില്‍ നിന്ന് ദുബൂക്ക് (Dubuque) എന്ന സ്ഥലത്തേക്കു മാറ്റി. കാലക്രമത്തില്‍ രണ്ട് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചു.

ഐവീരിയയിലെ അമലോദ്ഭവത്തിന്റെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Immaculate Conception of Ivrea). ഇറ്റലിയിലെ പീട്മണ്ഡ് കേന്ദ്രമാക്കി 1828-ല്‍ രൂപംകൊണ്ട സന്ന്യാസീ സമൂഹം. വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്‍ത്തനങ്ങളായിരുന്നു മുഖ്യലക്ഷ്യം. റോം ആണ് സമൂഹത്തിന്റെ കേന്ദ്ര ആസ്ഥാനം. ഇറ്റലി, ടര്‍ക്കി, ലബനണ്‍, ജോര്‍ദാന്‍, ലിബിയാ, ടാങ്കനീക്ക, അര്‍ജന്റീന, സ്വിറ്റ്സര്‍ലണ്ട്, ഇംഗ്ളണ്ട്, യു.എസ്. എന്നീ രാജ്യങ്ങളില്‍ ഈ സമൂഹത്തിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

സാംസിലെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of Zams, Austria). ആസ്റ്റ്രിയയിലെ സാംസ് (Zams) എന്ന സ്ഥലത്ത് 1821-ല്‍ പ്രവര്‍ത്തനമാരംഭിച്ച സന്ന്യാസിനീ സമൂഹം. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി (Sisters of Charity of St. Vincent de Paul) എന്നും ഈ സമൂഹം അറിയപ്പെടുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതിവേഗത്തില്‍ ഈ സമൂഹം ആസ്റ്റ്രിയ-ഹംഗറി പ്രദേശത്തു വ്യാപിച്ചു. 1927-ല്‍ യു.എസ്സിലെ കിര്‍ക്ക്വുഡ് (Kirkwood) എന്ന സ്ഥലത്തും ഇവരുടെ ശാഖ സ്ഥാപിതമായി.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍