This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിത്ര, കെ.എസ്. (1963 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:09, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്ര, കെ.എസ്. (1963 - )

കെ.എസ്. ചിത്ര

ചലച്ചിത്ര പിന്നണി ഗായിക. തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കൃഷ്ണന്‍നായരുടെയും ശാന്തകുമാരിയുടെയും മകളായി 1963 ജൂലായ് 27-ന് ജനിച്ചു. സംഗീത പാരമ്പര്യമുള്ള കുടുംബമാണ് ചിത്രയുടേത്. സഹോദരി കെ.എസ്. ബീനയും അറിയപ്പെടുന്ന ഗായികയാണ്. സംഗീതജ്ഞനായ പിതാവില്‍ നിന്നുമാണ് ചെറുപ്പത്തില്‍ ചിത്ര സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. കേരള സര്‍വകലാശാലയുടെ കീഴില്‍ 3-ാം റാങ്കോടെയാണ് സംഗീതത്തില്‍ ബിരുദം നേടിയത്. തുടര്‍ന്ന് നാഷണല്‍ റ്റാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പോടെ പ്രശസ്ത സംഗീതാധ്യാപിക പ്രൊഫ. കെ. ഓമനക്കുട്ടിയുടെ ശിക്ഷണത്തില്‍ ബിരുദാനന്തരപഠനവും പൂര്‍ത്തിയാക്കി.

പ്രൊഫ. ഓമനക്കുട്ടിയുടെ സഹോദരനും സംഗീത സംവിധായകനുമായ എം.ജി. രാധാകൃഷ്ണനാണ് ചിത്രയുടെ ശബ്ദം ചലച്ചിത്രലോകത്തിനു പരിചയപ്പെടുത്തിയത്. 'അട്ടഹാസം' എന്ന സിനിമയിലെ ഗാനമാണ് ചിത്ര ആദ്യമായി ആലപിച്ചത്. 'സ്നേഹപൂര്‍വം മീര', 'ഞാന്‍ ഏകനാണ്' തുടങ്ങിയവയാണ് ചിത്ര പാടിയ ആദ്യകാല ചിത്രങ്ങള്‍. ഞാന്‍ ഏകനാണ് എന്ന ചിത്രത്തിലെ (1982) 'രജനീ... പറയൂ...' എന്ന ഗാനം ചിത്രയുടെ സംഗീത ജീവിതത്തിലെ വഴിത്തിരിവായി കരുതപ്പെടുന്നു. അതേ ചിത്രത്തില്‍ ഗാനഗന്ധര്‍വന്‍ യേശുദാസുമൊത്ത് 'പ്രണയവസന്തം തളിരണിയുമ്പോള്‍' എന്ന ഗാനവും ആലപിച്ചിരുന്നു.

സംഗീതത്തില്‍ ഉന്നത വിജയം നേടിയിട്ടുള്ള ചിത്രയ്ക്കു സംഗീത അധ്യാപികയാകുവാനായിരുന്നു താത്പര്യം. എന്നാല്‍ ഏതാനും ഗാനങ്ങള്‍കൊണ്ടുതന്നെ ആലാപനരംഗത്ത് സാന്നിധ്യമുറപ്പിക്കുവാനായപ്പോള്‍ സിനിമാഗാനാലാപനം ജീവിതമാര്‍ഗമായി സ്വീകരിച്ചു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ചിത്രയുടെ ശ്രുതിമധുരമായ ശബ്ദം മലയാള ചലച്ചിത്രഗാനരംഗത്തെ അവിഭാജ്യഘടകമായി മാറി.

ഇളയരാജയാണ് ചിത്രയ്ക്ക് തമിഴ് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിക്കാന്‍ അവസരമൊരുക്കിയത്. 'നീ താനാ അന്തകുയില്‍' ആയിരുന്നു ആദ്യ തമിഴ്ചിത്രം. എന്നാല്‍ 'സിന്ധുഭൈരവി'യാണ് ചിത്രയെ തമിഴില്‍ അറിയപ്പെടുന്ന ഗായികയാക്കിയത്. ഇതേ ഗാനത്തിന് 1986-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിക്കുകയുണ്ടായി. പിന്നീട് തമിഴിലെ പ്രസിദ്ധ സംഗീത സംവിധായകര്‍ക്കുവേണ്ടിയും നിരവധി ഗാനങ്ങള്‍ പാടി. തമിഴിനൊപ്പം കന്നഡയിലും തെലുഗുവിലും ചിത്ര തന്റെ സാന്നിധ്യം ഉറപ്പിച്ചു. പ്രസിദ്ധ സംഗീത സംവിധായക കൂട്ടുകെട്ട് ആനന്ദ്-മിലേന്താണ് ചിത്രയെ ഹിന്ദി സിനിമാഗാനാലാപനരംഗത്ത് അവതരിപ്പിച്ചത്. 'സാഥിയാ യേ തൂനേ ക്യാകിയാ' ആണ് ആദ്യ ഹിന്ദിഗാനം. ഒഡിയ സിനിമയിലും ബംഗാളി സിനിമയിലും ചിത്ര ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 2008 വരെ ഏഴു ഭാഷകളിലായി പതിനേഴായിരത്തിലേറെ സിനിമാഗാനങ്ങള്‍ക്ക് ചിത്രയുടെ സ്വരസാന്നിധ്യമുണ്ട്. ഇന്ത്യന്‍ സിനിമാരംഗത്തു നിലനിന്നിരുന്ന ഉത്തര-ദക്ഷിണ അകലങ്ങളെ ഭേദിക്കാന്‍ ചിത്രയുടെ ശബ്ദത്തിന് ഏറെ പെട്ടെന്നു സാധിച്ചു.

തമിഴ് സിനിമയായ 'സിന്ധുഭൈരവി'യിലൂടെ 1986-ലും 'നഖക്ഷതങ്ങള്‍', 'വൈശാലി' എന്നീ മലയാള ചിത്രങ്ങളിലൂടെ 1987-ലും 1989-ലും 'മിന്‍സാരകനവി'ലൂടെ 1996-ലും ഹിന്ദി ചിത്രമായ വിരാസത്തിലൂടെ 1997-ലും തമിഴ് ചിത്രമായ 'ഓട്ടോഗ്രാഫി'ലൂടെ 2002-ലും മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡുകള്‍ ചിത്രയ്ക്കു ലഭിച്ചു.

1985 മുതല്‍ 94 വരെ പത്തു തവണ തുടര്‍ച്ചയായി പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡും ചിത്രയ്ക്കു ലഭിക്കുകയുണ്ടായി. മികച്ച ഗായികയ്ക്കുള്ള തമിഴ്നാട് അവാര്‍ഡും, പതിനഞ്ചു തവണ കേരള സംസ്ഥാന അവാര്‍ഡും ഏഴു തവണ ആന്ധ്രാ സംസ്ഥാന അവാര്‍ഡും നാലു തവണ തമിഴ് സംസ്ഥാന അവാര്‍ഡും രണ്ടു തവണ കര്‍ണാടക സംസ്ഥാന അവാര്‍ഡും ഒരു തവണ ഒഡിയ സംസ്ഥാന അവാര്‍ഡും ചിത്രയ്ക്കു ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നിന്നും അവാര്‍ഡു ലഭ്യമാകുന്ന ഏക പിന്നണി ഗായിക എന്ന ബഹുമതിയും ചിത്രയ്ക്കുമാത്രം സ്വന്തമാണ്.

1997-ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പട്ടവും, 2004-ല്‍ ആയുഷ്കാല സംഭാവനകള്‍ക്കുള്ള യേശുദാസ് അവാര്‍ഡും, 2002-ല്‍ ദക്ഷിണേന്ത്യന്‍ നടികര്‍ സംഘത്തിന്റെ കലൈശെല്‍വം ബഹുമതിയും ലഭിച്ചു. ലണ്ടനിലെ ലോക മലയാളി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ആയുഷ്കാല നേട്ടങ്ങള്‍ക്കുള്ള പുരസ്കാരം 2003-ല്‍ ചിത്രയ്ക്കു നേടാനായി. എം.ടി.വി. വീഡിയോ മ്യൂസിക് അവാര്‍ഡ്, വീഡിയോകോണ്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ചിത്രയ്ക്കു ലഭിച്ചിട്ടുണ്ട്. പ്രശസ്ത ഗസല്‍ ഗായകന്‍ ഗുലാം അലിയുടേയും പ്രശസ്ത പിന്നണി ഗായിക ആശാബോണ്‍സ്ലേയുടെയും ഒപ്പമാണ് ചിത്രയുടെ ആദ്യ ഹിന്ദി ഗസല്‍ ആല്‍ബം പുറത്തുവരുന്നത്. അന്തരിച്ച എം.എസ്. സുബ്ബലക്ഷ്മിയോടുള്ള ആദരാഞ്ജലിയായി ഒരു സംഗീത ആല്‍ബവും സമീപകാലത്ത് അവതരിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങള്‍ക്കും പുറമേ ഒട്ടനവധി വിദേശ രാജ്യങ്ങളിലും ചിത്ര സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ വാനമ്പാടി എന്നറിയപ്പെടുന്ന ചിത്രയുടെ ചലച്ചിത്ര ഗാനലോകത്തെ സംഭാവനകള്‍ മാനിച്ച് കേന്ദ്രസര്‍ക്കാര്‍ 1996-ല്‍ ഇവരെ പത്മശ്രീ നല്കി ആദരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍