This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിത്രകൂടം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിത്രകൂടം
chitrakut
മധ്യപ്രദേശിലെ പുരാണപ്രസിദ്ധമായ ഒരു വിനോദസഞ്ചാരകേന്ദ്രം. ബുന്ദേല്‍ഖണ്ഡ് ജില്ലയിലെ ബണ്ഡാപട്ടണത്തിന് ഉദ്ദേശം 80 കി.മീ. തെ. കിഴക്കായി പിസാനി നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട ഒരു കുന്നില്‍പ്രദേശമാണിത്.
ചിത്രകൂടമലയ്ക്കു ചുറ്റുമുള്ള മുഴുവന്‍ പ്രദേശവും ശ്രീരാമന്റെ ഭരണകാലത്ത് രാമരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നതാണെന്നാണ് സങ്കല്പം. ഇവിടത്തെ ഓരോ പ്രധാന സ്ഥലത്തെയും ചുറ്റിപ്പറ്റി ശ്രീരാമനുമായി ബന്ധപ്പെടുത്തിയുള്ള ഓരോ ഐതിഹ്യമുണ്ട്. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലമായ ഇവിടെ അനേകം ക്ഷേത്രങ്ങളും ശ്രീരാമന്റെയും ലക്ഷ്മണന്റെയും ധാരാളം പ്രതിഷ്ഠകളും കാണാം. വര്‍ഷന്തോറും ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു. ഈ മലയ്ക്ക് ചുറ്റുമായി നിര്‍മിച്ചിട്ടുള്ള നടപ്പാതയിലൂടെ നഗ്നപാദരായ ഭക്തര്‍ ശ്രീരാമനാമോച്ചാരണത്തോടെ പ്രദക്ഷിണംവയ്ക്കുക പതിവാണ്. സീതയും ലക്ഷ്മണനുമൊത്ത് ശ്രീരാമന്‍ വനവാസകാലത്തു താമസിച്ചിരുന്നത് ഇവിടെയാണെന്നാണു വിശ്വാസം.
രാമായണകര്‍ത്താവായ വാല്മീകിമഹര്‍ഷിയുടെ താമസവും ചിത്രകൂടത്തിലായിരുന്നു. പിസാനി നദീതീരത്ത് നദിയിലേക്കിറങ്ങിച്ചെല്ലാന്‍ പാകത്തില്‍ ഹൈന്ദവകര്‍മങ്ങള്‍ നടത്തുന്നതിനനുയോജ്യമായ പടവുകള്‍ നിര്‍മിച്ചിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രമായ ഇവിടെ ഇപ്പോള്‍ ഗതാഗത സൌകര്യങ്ങളും ഏറെയാണ്; തീവണ്ടി ഗതാഗതം സുഗമമായിരിക്കുന്നു. കാര്‍ഷികവിളകളുടെ ഒരു വിപണനകേന്ദ്രം കൂടിയാണിവിടം. മധ്യപ്രദേശിലെ 'ചിത്രകൂട ഗ്രാമോദയ സര്‍വകലാശാല' ഇവിടെ പ്രവര്‍ത്തിക്കുന്നു.
2. കേരളത്തില്‍ സര്‍പ്പക്കാവുകളില്‍ നാഗപ്രതിഷ്ഠയോടു ചേര്‍ന്ന് വെട്ടുകല്ലില്‍ നിര്‍മിച്ചിട്ടുള്ളതും കൂടുപോലെയുള്ളതുമായ സര്‍പ്പഗൃഹത്തെ ചിത്രകൂടം എന്നു പറയുന്നു.
സര്‍പ്പങ്ങള്‍ ഈ കൂടത്തില്‍ വസിക്കുന്നതായാണ് ഹൈന്ദവ സങ്കല്പം. ചിത്രകൂടം ജനങ്ങള്‍ ഭക്ത്യാദരപൂര്‍വം ആരാധിക്കുന്നു. വടക്കന്‍ കേരളത്തിലെ പുരാതനതറവാടുകളിലെല്ലാം തന്നെ ചിത്ര കൂടവും സര്‍പ്പക്കാവും കണ്ടെത്താം.
(ജെ.കെ. അനിത)