This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാര്‍ണക്കൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:59, 20 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാര്‍ണക്കൈറ്റ്

Charnokite

ഒരിനം ഗ്രാനൈറ്റ് ശില. ചാര്‍ണക്കൈറ്റിനെ ക്വാര്‍ട്സ് പെര്‍തൈറ്റ്, ഹൈപര്‍സ്തീന്‍ ഗ്രാനൈറ്റ് എന്നും നിര്‍വചിക്കാറുണ്ട്. ഗ്രാനൈറ്റ് ശിലയിലടങ്ങിയിരിക്കുന്ന അവശ്യധാതുക്കള്‍ വ്യത്യാസപ്പെടുന്നതിനനുസൃതമായി ഇവയ്ക്ക് വിവിധ പേരുകള്‍ നല്കിയിരിക്കുന്നു. പൈറോക്സിന്‍ ഗണത്തില്‍പ്പെട്ട ഹൈപര്‍സ്തീന്‍ ധാതു അടങ്ങിയ ഗ്രാനൈറ്റ് ശിലയാണ് ചാര്‍ണക്കൈറ്റ്. കൊല്‍ക്കത്താ നഗരത്തിന്റെ സ്ഥാപകനായ ജോബ് ചാര്‍ണക്ക് എന്ന ബ്രിട്ടീഷുകാരന്റെ സമാധി സ്മാരകശില നിര്‍മിച്ചിരിക്കുന്നത് ചാര്‍ണക്കൈറ്റ് കൊണ്ടാണ്. ചാര്‍ണക്കിന്റെ ഓര്‍മയ്ക്കായി ഈ ശിലയ്ക്ക് റ്റി.എച്ച്. ഹോളണ്ട് എന്ന ഭൂഗര്‍ഭ ശാസ്ത്രജ്ഞനാണ് ഈ പേര് നല്കിയത് (1900). ചെന്നൈയിലും സമീപപ്രദേശങ്ങളിലും സുലഭമായി കാണുന്ന ഇത്തരം ശില ഇന്ത്യയിലെ മറ്റ് ഉയര്‍ന്ന ഭൂപ്രദേശങ്ങളിലും ധാരാളമായുണ്ട്. ചാര്‍ണക്കൈറ്റ് ശിലകള്‍ക്ക് പെനിന്‍സുലാര്‍ നൈസിനെക്കാള്‍ താരതമ്യേന പ്രായം വളരെ കുറവാകുന്നു.

ആല്‍ക്കലി ഫെല്‍സ്പാറിന്റെയും ക്വാര്‍ട്സിന്റെയും വന്‍തരികളടങ്ങിയ ചാര്‍ണക്കൈറ്റിനെ ഗ്രാനൈറ്റ് ശിലാഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പൂര്‍ണമായും പരലുകളാല്‍ നിര്‍മിതമായിരിക്കുന്ന ചാര്‍ണക്കൈറ്റില്‍ 40 ശ.മാ. ക്വാര്‍ട്സും, 48 ശ.മാ. മൈക്രോക്ളൈനും, 6 ശ.മാ. ഓലിഗോക്ളേസും, 3 ശ.മാ. ഹൈപര്‍സ്തീനും അടങ്ങിയിരിക്കുന്നു. ചാര്‍ണക്കൈറ്റിലെ ഒരു പ്രധാന അവശ്യധാതുവായ ക്വാര്‍ട്സിന് നീലനിറമാണ്. ശിലയുടെ നിറം അതിലടങ്ങിയിരിക്കുന്ന ഫെല്‍സ്പാറിന്റെയും ഇരുണ്ട നിറത്തിലുള്ള മറ്റു ധാതുക്കളുടെയും അളവിനെ ആശ്രയിച്ചിരിക്കുന്നു. ചാര്‍ണക്കൈറ്റിന് പൊതുവേ കൊഴുപ്പിന്റെ നിറമാണുള്ളത്. ഈ ശിലയിലെ പ്രധാനപ്പെട്ട ഒരു ധാതുവാണ് പൈറോക്സിന്‍ ഗണത്തില്‍പ്പെട്ട ഹൈപര്‍സ്തീന്‍. ഈ ധാതു പ്ളിയോക്രോയിസം എന്ന പ്രക്രിയ പ്രദര്‍ശിപ്പിക്കുന്നു. പ്രസരിത പ്രകാശത്തിന്റെ വിവേചനാപരമായ ആഗിരണംമൂലം ധാതുക്കള്‍ വ്യത്യസ്ത ക്രിസ്റ്റലോഗ്രാഫിക് ദിശകളില്‍ വ്യത്യസ്ത നിറങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സ്വഭാവമാണ് പ്ളിയോക്രോയിസം (നോ: പ്ളിയോക്രോയിസം). പരലുകള്‍ക്ക് സമഭൂജാകൃതിയാണുള്ളത്. അവശ്യധാതുക്കളില്‍ അടുത്ത പ്രാധാന്യമുള്ളത് ഫെല്‍സ്പാതിക് ഘടകങ്ങള്‍ക്കാണ്. ഇവയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പൊട്ടാഷ്-ഫെല്‍സ്പാറിനോടൊപ്പം കുറഞ്ഞ അളവില്‍ ആല്‍ബൈറ്റും ഓലിഗോക്ളേസും കാണപ്പെടുന്നു. എന്നാല്‍ ഗാര്‍നറ്റ്, ബയോറ്റൈറ്റ്, ഇരുമ്പിന്റെയും ടൈറ്റാനിയത്തിന്റെയും ഓക്സൈഡുകള്‍, സ്ഫീന്‍ അപറ്റൈറ്റ് സിര്‍കണ്‍, കൊറന്‍ഡം മുതലായവ ചാര്‍ണക്കൈറ്റ് ശിലയിലെ അവശ്യ ഘടകങ്ങളല്ലെങ്കിലും സഹായകധാതുക്കളായി വര്‍ത്തിക്കുന്നവയാണ്.

ചാര്‍ണക്കൈറ്റ് ശിലയുടെ ജനനത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നിഗമനങ്ങളാണ് ഭൂഗര്‍ഭശാസ്ത്രജ്ഞര്‍ക്കിടയിലുള്ളത്. ഇവ ആഗ്നേയശിലകളുടെയും കായാന്തര ശിലകളുടെയും സ്വഭാവങ്ങള്‍ പൊതുവായി പ്രദര്‍ശിപ്പിക്കുന്നതാണ് ഇതിനു കാരണം. ചിലയിടങ്ങളില്‍ ഇവ ധാത്വംശത്തെ പൊതിഞ്ഞിരിക്കുന്ന ശിലയില്‍ നുഴഞ്ഞുകയറിയ അവസ്ഥയിലും, ഒപ്പം വിഭിന്ന ധാതവ പ്രകൃതമുള്ള പാളികള്‍ ഇടവിട്ടിടവിട്ട് ചേര്‍ന്നിരിക്കുന്ന അവസ്ഥയിലും കാണപ്പെടുന്നു. മാഗ്മ ഘനീഭവിച്ചുണ്ടായതാണ് ചാര്‍ണക്കൈറ്റ് എന്നഭിപ്രായമുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരുണ്ട് (T.H.Holland, R.A. Howie, W.A. Grover). മുന്‍പുണ്ടായിരുന്ന അവസാദശിലകള്‍ക്ക് ഭൂമിയുടെ അഗാധതലങ്ങളില്‍വച്ച് ഉന്നതോഷ്മാവിലും മര്‍ദത്തിലും രൂപാന്തരണം സംഭവിച്ചതിന്റെ ഫലമായി ഉരുത്തിരിഞ്ഞതാണ് ചാര്‍ണക്കൈറ്റ് ശിലകള്‍ എന്ന് അഭിപ്രായപ്പെടുന്ന മറ്റൊരുകൂട്ടം ശാസ്ത്രജ്ഞരുമുണ്ട് (P.K. Ghosh, H. Ramberg, F.J. Garner). എന്നാല്‍ 'ചാര്‍ണക്കൈറ്റീകരണം' എന്ന പ്രക്രിയ മുഖേനയാണ് ചാര്‍ണക്കൈറ്റ്ശില രൂപംകൊള്ളുന്നതെന്ന് പാര്‍ക്ക്, ഡാഷ് എന്നിവര്‍ സമര്‍ഥിക്കുന്നു (1984). ഇതിന്‍പ്രകാരം രൂപാന്തരണം സംഭവിച്ച ആതിഥേയശിലയില്‍ നിന്നാണ് ചാര്‍ണക്കൈറ്റ് രൂപം കൊള്ളുന്നത്. ഇങ്ങനെയുണ്ടാകുന്ന ചാര്‍ണക്കൈറ്റ്ശിലകള്‍ അവയെ ഉള്‍ക്കൊള്ളുന്ന ആതിഥേയ ശിലകളില്‍ വലുതോ ക്രമരഹിതമോ ആയ തുണ്ടുകളായി കാണപ്പെടുന്നു.

ചാര്‍ണക്കൈറ്റിനെപ്പോലെയുള്ള പൈറോക്സിന്‍-ആഗ്നേയശിലകളുടെ പ്രത്യേക സവിശേഷതകള്‍ അന്തര്‍ഭൌമാഗ്നിജന്യമായ രൂപാന്തരണം (plutonic metamorphism) മുഖേന ലഭിച്ചതാണെന്ന് കരുതാം. ഉന്നതോഷ്മാവിലും ഏകതാനമായ മര്‍ദത്തിലും ശിലകള്‍ക്കുണ്ടാകുന്ന മാറ്റമാണ് അന്തര്‍ഭൌമാഗ്നിജന്യമായ രൂപാന്തരണം. അതിനാല്‍ ചാര്‍ണക്കൈറ്റ് ഒരു അന്തര്‍ഭൌമാഗ്നേയശിലയാകുന്നു (plutonic rock). അന്തര്‍ഭൌമാഗ്നേയശിലകളിലെ ഒരു പ്രധാന ധാതുവായ പൈറോക്സിന്‍ ചാര്‍ണക്കൈറ്റ് ശിലകളിലും കാണപ്പെടുന്നുണ്ട്.

പൈറോക്സിന്‍, പ്രത്യേകിച്ച് ഹൈപര്‍സ്തീന്‍, ധാരാളമടങ്ങിയ ചാര്‍ണക്കൈറ്റ്, ക്വാര്‍ട്സ്-നോറൈറ്റ്, നോറൈറ്റ്, പൈറോക്സിനൈറ്റ് തുടങ്ങിയ ശിലകളുടെ ഗണമാണ് ചാര്‍ണക്കൈറ്റ് സീരീസ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും സമീപ പ്രദേശങ്ങളിലും കാണപ്പെടുന്ന ചാര്‍ണക്കൈറ്റ് സീരീസില്‍ ഉള്‍പ്പെട്ട ശിലകളെ ആഗ്നേയശിലകളുടെ ശ്രേണിയില്‍പ്പെടുത്തിയിരിക്കുന്നു.

ചാര്‍ണക്കൈറ്റ് സീരീസില്‍ വരുന്ന ശിലകളുടെ വിചിത്ര സ്വഭാവങ്ങള്‍ രണ്ടുരീതിയില്‍ വിശദീകരിക്കാവുന്നതാണ്: ഒന്നുകില്‍ ഇത്തരം ശിലകള്‍ ഉന്നതോഷ്മാവിലും ഏകതാനമായ മര്‍ദത്തിലും ആഗ്നേയശിലകള്‍ രൂപംകൊള്ളുന്ന രീതിയില്‍ പ്രാഥമിക ക്രിസ്റ്റലീകരണം വഴി ഉണ്ടായതാകാം; അല്ലെങ്കില്‍ വിചിത്രസ്വഭാവമുള്ള അന്തര്‍ഭൌമാഗ്നേയ ശിലയ്ക്ക് അന്തര്‍ഭൌമാഗ്നിജന്യമായ രൂപാന്തരണ പ്രക്രിയയുടെ അവസ്ഥയില്‍ വളരെ പതുക്കെ പുനഃക്രിസ്റ്റലീകരണം സംഭവിച്ചതായിരിക്കാം. പുനഃക്രിസ്റ്റലീകരണം സംഭവിച്ചു എന്നതിന്റെ തെളിവാണ് ഇത്തരം ശിലകളില്‍ കാണുന്ന വിവിധയിനം രണ്ടാംതരം ഘടനാവിശേഷങ്ങള്‍. മാത്രമല്ല ഇത്തരം ശിലകള്‍ സാധാരണയായി കാണപ്പെടുന്നത് ഗ്രാനുലൈറ്റ് എന്ന ശിലയോടൊപ്പമാണ്. ഗ്രാനുലൈറ്റില്‍ കായാന്തരം മുഖേന രൂപംകൊണ്ടിട്ടുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ മുക്കാല്‍ഭാഗവും ഗ്രാനൈറ്റ് ശിലകളാണ്. ഹൈപര്‍സ്തീന്‍ ഗ്രാനൈറ്റ് അഥവാ ചാര്‍ണക്കൈറ്റിന്റെ നിക്ഷേപം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ശ്രിലങ്ക, ആഫ്രിക്ക, ഉഗാണ്ട, മധ്യസഹാറ, മഡഗാസ്കര്‍ എന്നിവിടങ്ങളിലും സുലഭമാണ്. ഇന്ത്യയില്‍ ചാര്‍ണക്കൈറ്റ് നിക്ഷേപസമൃദ്ധമായ സംസ്ഥാനം തമിഴ്നാടാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍