This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചികമത്സു മൊണ്‍സേമോണ്‍ (1653-1725)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:22, 19 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചികമത്സു മൊണ്‍സേമോണ്‍ (1653-1725)

Chikamatsu Monzaemon

ജാപ്പനീസ് നാടകകൃത്ത്. ബുന്‍രകു എന്നറിയപ്പെടുന്ന പാവനാടകവേദിക്കും കബുക്കി തിയെറ്ററിനുമായി 120-ലേറെ നാടകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം ജപ്പാനിലെ ഷെയ്ക്സ്പിയര്‍ എന്ന പേരിലാണറിയപ്പെടുന്നത്.

1653-ല്‍ എകിസെന്‍ പ്രവിശ്യയിലെ ഒരു സാമുറായ് കുടുംബത്തില്‍ ജനിച്ചു. സുഗിമോറി നോബുമോറി എന്നാണ് യഥാര്‍ഥ നാമധേയം. ചികിമത്സു മൊണ്‍സേമോണ്‍ എന്നത് ഇദ്ദേഹത്തിന്റെ തൂലികാ നാമമാണ്.

ആദ്യരചന യോത്സുഗിസോഗ (1683) എന്ന പാവനാടകമാണ്. 1685-ല്‍ റ്റാക്കെമോട്ടോ ഗിഡയൂ എന്ന ജോറൂറി ഗായകനുമായി അടുപ്പത്തിലായതോടെയാണ് ചികമത്സു നാടകലോകത്ത് ശ്രദ്ധേയനായത്. ഗിഡയു ആണ് ബുന്‍രകൂവിന്റെ മുഖ്യ പുരസ്കര്‍ത്താവ്. ഒസാക്കയില്‍ അതിന്റെ പ്രചരണാര്‍ഥം റ്റാക്കെമോട്ടോസ എന്ന തിയെറ്റര്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1684 മുതല്‍ ചികമത്സു കബൂക്കിക്കു വേണ്ടിയും നാടകങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. 1690-കളില്‍ പാവനാടകവേദി തകര്‍ന്നുതുടങ്ങിയപ്പോള്‍ ഇദ്ദേഹം മുഴുവന്‍ സമയം കബൂക്കി രചയിതാവായി. അക്കാലത്ത് സകതടോജൂറോ I എന്ന നടനുവേണ്ടിയാണ് മിക്കവാറും രചനകള്‍ നടത്തിയത്. 1703-ല്‍ ഗിഡയുമായുള്ള ബന്ധം പുന:സ്ഥാപിച്ചുകൊണ്ട് ഇദ്ദേഹം പാവനാടക വേദിയിലേക്കുതന്നെ മടങ്ങി. പിന്നീട് മരണം വരെ ഒസാക്കയില്‍ താമസിച്ചുകൊണ്ട് ബുന്‍രകുവിന്റെ പരിഷ്കരണത്തിനായി ശ്രമിച്ചുകൊണ്ടിരുന്നു.

ചരിത്രകഥകളെയും യുദ്ധപുരാവൃത്തങ്ങളെയും ഇതിവൃത്തമാക്കുന്ന യിദയ്മോണോ (jidaimono) നാടകങ്ങളും ഗാര്‍ഹികമായ ഇതിവൃത്തങ്ങള്‍ ആസ്പദമാക്കിയുള്ള സിവാമോണോ (sewamono) നാടകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. ആദ്യവിഭാഗത്തില്‍പ്പെട്ട നാടകങ്ങള്‍ക്ക് ഉദാഹരണമാണ് ബാറ്റില്‍സ് ഒഫ് കോക്സിങ് (1715). ഫോര്‍മോസാ ദ്വീപില്‍നിന്നും ഡച്ചുകാരെ തുരത്തിയ ചരിത്രകഥാപാത്രത്തിന്റെ കല്പനാപരമായ പുനഃസൃഷ്ടിയാണ് ഇതിലുള്ളത്. ഇതിലെ നായകന്‍ ഒരു ചൈനാക്കാരിയില്‍ ജപ്പാന്‍കാരനു ജനിച്ച മീന്‍പിടിത്തം തൊഴിലാക്കിയ ഒരാളാണ്. അദ്ദേഹം മാന്‍ഖസിനാല്‍ ആക്രമിക്കപ്പെട്ട മിങ് രാജവംശത്തെ പുന:പ്രതിഷ്ഠിക്കാനായി ചൈനയിലേക്കു പോകുന്നതാണ് ഇതിവൃത്തം. കടുവയുമായുള്ള മല്‍പ്പിടിത്തം, ചോരപ്പുഴകളൊഴുകുന്ന യുദ്ധഭൂമികള്‍ തുടങ്ങിയ ദൃശ്യപ്പൊലിമയുള്ള ഭാഗങ്ങളും പരുക്കന്‍ ഹാസ്യവുംകൊണ്ട് ചടുലമായ ഈ നാടകം പെട്ടെന്നു ജനപ്രീതി നേടി. ഇത് 17 മാസം തുടര്‍ച്ചയായി കളിക്കുകയുണ്ടായി. തുടര്‍ന്ന് ചികമത്സു 50-ലധികം ചരിത്രനാടകങ്ങള്‍ എഴുതി. എങ്കിലും അവയൊന്നുംതന്നെ ബാറ്റില്‍സ് ഒഫ് കോക്സിങ് പോലെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചില്ല.

ജാപ്പനീസ് പാവനാടകവേദി ഔന്നത്യങ്ങളിലേക്കെത്തിയതും നവീകരിക്കപ്പെട്ടതും ചികമത്സുവിന്റെ സിവാമോണോ നാടകങ്ങളിലൂടെയാണ്. ആദ്യകാല നാടകങ്ങളില്‍ യുദ്ധകഥകളായിരുന്നു പ്രബലമായിരുന്നത്. ഏതാപത്തിലും അതിസാഹസികതയിലൂടെ അദ്ഭുതകരമായി രക്ഷപ്പെടുന്ന കല്പിതകഥാപാത്രങ്ങളായിരുന്നു അവയുടെ കേന്ദ്രബിന്ദു. ചികമത്സു ആ സ്ഥാനത്ത് സമകാലിക ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത കഥാപാത്രങ്ങളെയും സംഭവങ്ങളെയും പ്രതിഷ്ഠിച്ചു. 1686-ലെ ഷുസ്സെ കഗെകിയോ എന്ന നാടകത്തിലൂടെയാണ് ഈ പ്രവണത ആരംഭിച്ചത്. അത് പിന്നീട് പ്രണയസാഫല്യത്തിനായുള്ള ഇരട്ട ആത്മഹത്യകള്‍ കേന്ദ്രവിഷയമാക്കിയ നാടകങ്ങളിലൂടെ വളര്‍ന്നു. ശാശ്വതമായ സഹജീവിതം പരലോകത്തു വച്ചുമാത്രമേ ഉണ്ടാകൂ എന്ന നിനവോടെയുള്ള കമിതാക്കളുടെ ആത്മഹത്യയ്ക്ക് 18-ാം ശ.-ത്തില്‍ പ്രചാരമേറിയിരുന്നു. അതിനെ ദിവ്യമരണമായി കണക്കാക്കുകയും ചെയ്തിരുന്നു. ചികമത്സു ഇതിനു പിന്നിലുള്ള മനുഷ്യബന്ധങ്ങളുടെയും ചുമതലകളുടെയും വിലക്കുകളുടെയും സംഘര്‍ഷത്തെ തിരിച്ചറിയുകയും അതിനെ ഇതിവൃത്തമാക്കുകയും ചെയ്തു. ആദ്യനാടകം ഒരു യഥാര്‍ഥ സംഭവത്തെത്തന്നെ ആസ്പദമാക്കി എന്നത് ശ്രദ്ധേയമാണ് (ജാപ്പനീസ് സാഹിത്യത്തില്‍ സെകകു എന്ന നോവലിസ്റ്റ് മാത്രമാണ് അത്തരമൊരു പരീക്ഷണം മുമ്പു നടത്തിയിരുന്നത്). ഒസാക്കയിലെ ഒരു കടയില്‍ പണിയെടുത്തിരുന്ന ഗുമസ്തനും ഒരു അഭിസാരികയും തമ്മിലുണ്ടായ പ്രണയം 'ദിവ്യമരണ'ത്തില്‍ കലാശിച്ചപ്പോള്‍ ചികമത്സു മൂന്നാഴ്ചയ്ക്കകം അത് നാടകമാക്കി (ലവ് സൂയിസൈഡ് അറ്റ് സൊണെസക്കി, 1703). നാടകത്തില്‍ സൊണെസക്കിയിലെ ദേവാലയത്തില്‍വച്ചാണ് ആ കമിതാക്കള്‍ മരണം വരിക്കുന്നത്. ഈ മാതൃക പിന്തുടര്‍ന്ന് പിന്നീട് 20-ലധികം നാടകങ്ങള്‍ ഇദ്ദേഹം തന്നെ രചിക്കുകയുണ്ടായി. അവയില്‍ പ്രസിദ്ധമായത് ലവ് സൂയിസൈഡ് ഒഫ് അമിജിമ (1720) ആണ്. ഇതില്‍ കൊട്ടാരവേശ്യയുമായി പ്രണയത്തിലായ ഒരാള്‍ തന്റെ ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിക്കുന്നു. അവസാനം കാമുകിയുമൊത്ത് ഗ്രാമാന്തരത്തിലെത്തി വിജന ഭൂമിയില്‍വച്ച് ദിവ്യമരണം വരിക്കുന്നു. ഇത്തരം നാടകങ്ങളുടെ മറ്റൊരു പ്രത്യേകത അവയെല്ലാം ജപ്പാനില്‍ നിലനിന്നിരുന്ന സവിശേഷമായ വ്യഭിചാരവൃത്തിയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതാണ്. പ്രണയത്തിന്റെ പേരിലുള്ള ജീവത്യാഗത്തെ മഹത്ത്വവത്കരിക്കുക വഴി അതിന് ആക്കം കൂട്ടുന്നു എന്നാരോപിച്ച് ഗവണ്‍മെന്റ് ലവ് സൂയിസൈഡ് നാടകങ്ങളെ നിരോധിക്കുകയുണ്ടായി.

സിവാമോണോടൈപ്പ് നാടകങ്ങളിലാണ് ചികമത്സുവിന്റെ തനതായ ശൈലി കാണുന്നത്. അത് വാസ്തവികതയുടെയും കല്പനയുടെയും സവിശേഷമായൊരു ചേരുവയാണ്. ദുരന്തനാടകമെന്നോ ഹാസ്യനാടകമെന്നോ ഉള്ള വ്യത്യാസമില്ലാതെ അത് ലാവണ്യാനുഭൂതി പകരുന്നു. അതിലെ ഗദ്യവും പദ്യവും അലങ്കാരസമൃദ്ധമെങ്കിലും നിശിതമാണ്. ദ്വയാര്‍ഥം, ഗൂഢാര്‍ഥം എന്നിവയിലൂടെയും അല്ലാതെയുമുള്ള നര്‍മം, ഹൃദയഹാരിയായ ഗാനങ്ങള്‍, ആനുകാലിക പരാമര്‍ശങ്ങള്‍ തുടങ്ങിയ ജനപ്രിയഘടകങ്ങളും അവയിലുണ്ട്. പ്രധാന നാടകങ്ങള്‍ ദ ഫെയര്‍ ലേഡീസ് അറ്റ് എ ഗെയിം ഒഫ് പൊയം കാര്‍ഡ്സ് (1714), ദ കൊറിയന്‍ ഒഫ് ഹെഡ്സ് (1715), ദ ഓര്‍ഡ് അല്‍മനാക് ഒഫ് ദയ്ക്കോജി (1715), ദ സോഗ റിവഞ്ച് (1718) എന്നിവയാണ്.

ഇംഗ്ലീഷ് നാടകത്തിലെ എലിസബത്തന്‍ കാലഘട്ടത്തിനു സദൃശമായ ജാപ്പനീസ് നാടകകാലഘട്ടമാണ് ജെന്‍റോക്കു (1688-1703). ചികമത്സു ഈ കാലഘട്ടത്തിലെ സമുന്നതനായ നാടകകൃത്തും നവീനശൈലിയുടെ പ്രയോക്താവുമാണ്.

ഇദ്ദേഹത്തിന്റെ കുടുംബജീവിതത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഭാര്യ 1734-ല്‍ മരിച്ചതായുള്ള രേഖകളുണ്ട്. രണ്ടുമക്കള്‍ ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം 1725 ജനു. 6-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍