This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിങ്ങത്താന്മാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിങ്ങത്താന്മാര്‍
കേരളത്തിലെ ഒരു ആദിവാസിവിഭാഗം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ മാത്രമാണ് ഇവരെ കണ്ടുവരുന്നത്. ചിങ്ങത്താന്മാര്‍ എന്ന പേരു നല്കിയത് ചിറയ്ക്കല്‍ രാജാവായിരുന്ന കോലത്തിരിയായിരുന്നു എന്നാണ് ഐതിഹ്യം. പൊക്കം കുറഞ്ഞ ഇവരുടെ നിറം ഇരുണ്ടതാണ്. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഈ ആദിവാസി വിഭാഗം മോതിരവും കമ്മലും ധരിക്കുന്നു. സ്ത്രീകള്‍ മൂക്കുത്തി, മാല, വള എന്നിവയും അണിയുന്നു. സ്ത്രീകളുടെ വേഷം മുണ്ടും ബ്ളൌസുമാണ്. തമിഴ്-കന്നട വാക്കുകള്‍ കലര്‍ന്ന മലയാളമാണ് ചിങ്ങത്താന്മാരുടെ ഭാഷ. മാംസഭുക്കുകളാണെങ്കിലും കാള, പോത്ത്, എന്നിവയുടെ ഇറച്ചി വര്‍ജ്യമാണ്. ചുമരില്ലാത്ത കുടിലുകളില്‍ താമസിക്കുന്ന ഇവരുടെ കുലത്തൊഴില്‍ തേന്‍ശേഖരണമാണ്. മന്ത്രവാദത്തില്‍ വിശ്വസിക്കുന്ന ചിങ്ങത്താന്മാര്‍ തങ്ങളുടെ ആവാസസ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും ആഭിചാരനൃത്തം ചെയ്യാറുണ്ട്. കാമുകീകാമുകന്മാരുടെ ഒളിച്ചോട്ടം ഇവര്‍ക്കിടയില്‍ പതിവാണ്. ബഹുഭര്‍ത്തൃത്വം നിഷിദ്ധമാണെങ്കിലും ബഹുഭാര്യത്വം അനുവദനീയമാണ്. വിവാഹമോചനവും പുനര്‍വിവാഹവും സാധാരണയായി കണ്ടുവരുന്നു. മക്കത്തായമാണ് ചിങ്ങത്താന്മാരുടെ ദായക്രമം. ഭദ്രകാളിയാണ് ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. ഇവര്‍ക്കു ഗോത്രത്തലവന്മാരോ മൂപ്പന്മാരോ ഇല്ല. എന്നാല്‍ ഓരോ കുടുംബത്തിനും നാഥനായി ഒരു കാരണവരുണ്ടായിരിക്കും. മരിച്ചവരെ വീടുകളില്‍നിന്നും വളരെ അകലെയായി ആഴമുള്ള കല്ലറകളില്‍ അടക്കം ചെയ്യുന്നു.