This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചിങ് രാജവംശം (1644-1912)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:37, 19 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിങ് രാജവംശം (1644-1912)

ചൈനയിലെ അവസാനത്തെ രാജവംശം. ചിങ് എന്ന വാക്കിനര്‍ഥം പരിശുദ്ധം എന്നാണ്. താ ചിങ് (Ta Ching) എന്നും പറയും. 1644 മുതല്‍ 1912 വരെ ഈ വംശം ചൈന ഭരിച്ചു. പത്ത് ചക്രവര്‍ത്തിമാരാണ് ഈ വംശത്തില്‍ ചൈന ഭരിച്ചത്. മിങ് രാജവംശത്തിന്റെ (1368-1644) അവസാനകാലഘട്ടത്തില്‍ ചൈനയിലെ രാഷ്ട്രീയ സ്ഥിതി അവതാളത്തിലായി. ഈ സമയത്ത് തെ. മഞ്ചൂറിയയിലെ ഷെന്‍-യാങില്‍ (Shen-Yang) ജൂ ചെന്‍ (Ju Chen) ഗോത്രവര്‍ഗത്തിന്റെ തലവനായ നൂര്‍ഹാച്ചു (Nurhachu 1559-1625) തന്റെ കീഴിലുള്ള വര്‍ഗങ്ങളെ സംഘടിപ്പിച്ച് 1616-ല്‍ ചൈനീസ് പട്ടാളത്തെ പരാജയപ്പെടുത്തി പല അതിര്‍ത്തി പട്ടണങ്ങളും കൈവശപ്പെടുത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ മിങ് ജനറലായ യുവാന്‍-ചുങ്ഹ്വവാന്‍ ഇദ്ദേഹത്തെ തോല്പിച്ചു. ഈ യുദ്ധത്തില്‍ നൂര്‍ഹാച്ചു മരിച്ചു. ഇദ്ദേഹത്തിന്റെ പുത്രന്‍ അബഹായ് (Abahai) നേതൃത്വമേറ്റെടുത്ത് ഒരു ജൂ ചെന്‍ സൈന്യത്തെ വാര്‍ത്തെടുത്തു. 1636-ല്‍ ഇദ്ദേഹം സ്വയം ചക്രവര്‍ത്തിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ചിങ് എന്ന വംശസ്ഥാനം സ്വീകരിച്ചു. ജൂ ചെന്‍ എന്നുള്ളതിന് മാഞ്ചു എന്ന പേര് സ്വീകരിച്ചു. ഈ രാജവംശം ചിങ് അഥവാ മാഞ്ചു എന്നറിയപ്പെടുന്നു. ഇദ്ദേഹം കൊറിയയെ സാമന്തരാജ്യമാക്കുകയും മംഗോളിയ പിടിച്ചടക്കുകയും ചെയ്തു. വ. മാഞ്ചുനദി മുതല്‍ അമര്‍നദിവരെ മാഞ്ചു വംശക്കാരുടെ അധീനതയിലായി. 1644-ല്‍ ചൈനയിലെ വിപ്ലവനേതാവായ ലിത്സു ചെങ് (Litzu Cheng) പീക്കിങ് പിടിച്ചെടുത്തു. മിങ്ജനറല്‍ മാഞ്ചു വംശത്തിന്റെ സഹായം അഭ്യര്‍ഥിച്ചു. മാഞ്ചു സൈനികര്‍ വിപ്ലവ നേതാവിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു. അബഹായുടെ പുത്രന്‍ ഫുലിന്‍, ഷുന്‍ ചി (Shun Chih) എന്ന നാമധേയത്തില്‍ ആദ്യത്തെ ചിങ് ചക്രവര്‍ത്തിയായി (1644).

മിങ് വംശരീതിയിലുള്ള ഭരണം ഏര്‍പ്പെടുത്തി ഇവര്‍ ജനപിന്തുണ പിടിച്ചുപറ്റി. കീഴടങ്ങിയ സൈനികര്‍ക്ക് പ്രഭുബിരുദം നല്കി. ചൈനീസ് സൈനികരുടെ ചെറുത്തുനില്പ് 40 കൊല്ലത്തോളം നീണ്ടുനിന്നു. 1683-ല്‍ ലോയലിസ്റ്റുകളെ ഫോര്‍മോസയില്‍ വച്ച് കീഴ്പ്പെടുത്തി. ഷുന്‍ ചി-ക്കുശേഷം ചക്രവര്‍ത്തിയായ കാങ്-സി (Kang-hsi, 1661-1722) മാഞ്ചു ഭരണം ശക്തമാക്കുന്നതിനും അതിര്‍ത്തി ഭദ്രമാക്കുന്നതിനുംവേണ്ടി യത്നിച്ചു. ഔട്ടര്‍മംഗോളിയ സാമന്തരാജ്യമാക്കി. ചിങ് വംശത്തെ ചൈനയിലേക്കു ക്ഷണിച്ച ജനറലിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരയുദ്ധം (1674-81) അടിച്ചമര്‍ത്തി. 1661-ല്‍ തയ്വാന്‍ (ഫോര്‍മോസ) പിടിച്ചെടുത്തു. ചെങ്-ചെങ് കുങിനെ പരാജയപ്പെടുത്തി ആ പ്രദേശം ആദ്യമായി ചൈനയോടു ചേര്‍ത്തു (1683). 1689-ലെ നെര്‍ച്ചിന്‍സ്ക് (Nerchinsk) ഉടമ്പടിപ്രകാരം റഷ്യയുമായുള്ള അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ചു. 1720-ല്‍ തിബറ്റില്‍ ചിങ്ഭരണം ഏര്‍പ്പെടുത്തി. അക്കൊല്ലം തന്നെ 7-ാമത്തെ ദലയ്ലാമയെ അവരോധിച്ചു.

1723 മുതല്‍ 1735 വരെ യുങ് ചെങ് (Yung Cheng) ചക്രവര്‍ത്തിയായി. തുടര്‍ന്നുവന്ന ചീന്‍ ലുങ് (Chein Lung, 1736-96) ചിങ്ഭരണം സുശക്തമാക്കി. സുങ്കറിയ (Dzungaria) പിടിച്ചടക്കി. ബര്‍മയും (ഇപ്പോഴത്തെ മ്യാന്മര്‍) വിയറ്റ്നാമും അധീനതയിലാക്കി. നേപ്പാള്‍ സാമന്തരാജ്യമാക്കി. ഖജനാവ് പൂര്‍ണമായതിനാല്‍ എല്ലാ നികുതികളും നിര്‍ത്തലാക്കി. ഇത് ജനസംഖ്യാവര്‍ധനവിന് കാരണമായി. ഇദ്ദേഹത്തിന്റെ അവസാനകാലത്ത് ഭരണം ക്ഷയിക്കാന്‍ തുടങ്ങി.

ചീന്‍ ലുങിന്റെ പിന്‍ഗാമിയായ ചിയാ ചിങിന്റെ (Chia Ching, 1796-1820) ഭരണകാലത്താണ് വൈറ്റ് ലോട്ടസ് സൊസൈറ്റി നയിച്ച വിപ്ലവം ഉണ്ടായത്. ഈ വിപ്ലവം 1804-ല്‍ അവസാനിച്ചു. തുടര്‍ന്നു വന്ന താവോ കുവാങിന്റെ (Tao Kuang, 1821-51) കാലത്തെ പ്രധാന സംഭവം കറുപ്പുയുദ്ധമാണ് (Opium War, 1839-42) പ്രകൃതിക്ഷോഭംമൂലം (1832) മധ്യ വടക്കന്‍ ചൈനയില്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായി. ഫോര്‍മോസയിലും ഹേയ്നാനിലും ഉണ്ടായ കലാപങ്ങള്‍ അടിച്ചമര്‍ത്തി. നാന്‍കിങ് (Nanking) ഉടമ്പടി പ്രകാരം (1842) പാശ്ചാത്യവ്യാപാരത്തിന് ചൈനയിലെ 5 തുറമുഖങ്ങള്‍ തുറന്നുകൊടുക്കേണ്ടിവന്നു. ഹോങ്കോങ് ദ്വീപ് ബ്രിട്ടന് വിട്ടുകൊടുത്തു.

താവോവിന്റെ പുത്രന്‍ സീന്‍ ഫെങ്ങി(Hsien Feng, 1851-62)ന് ഭരണത്തില്‍ താത്പര്യമില്ലായിരുന്നു. തായ്പിങ് കലാപം (1851-64) ഈ കാലഘട്ടത്തിലാണ് പൊട്ടിപ്പുറപ്പെട്ടത്. 1853-ല്‍ നാന്‍കിങ് പിടിച്ചെടുത്തു. തുടര്‍ന്നുവന്ന തുങ് ചി (Tung Chi, 1862-75) ശിശുവായതിനാല്‍ ഭരണം നടത്തിയത് രണ്ടാനമ്മയായ സു സി (Tzu Hsi, 1861-1908) ആയിരുന്നു. തുങ് ചി 13-ാമാത്തെ വയസ്സില്‍ 1875-ല്‍ മരിച്ചു. ഇതിനെത്തുടര്‍ന്ന് ചക്രവര്‍ത്തിനി മൂന്നുവയസ്സായ സഹോദരീ പുത്രനെ ഹുവാങ് സു (Huang Hsu, 1875-1908) എന്ന പേരില്‍ ചക്രവര്‍ത്തിയായി അവരോധിച്ചു. റാണി ഭരണം തുടര്‍ന്നു. അധികാരക്കൈമാറ്റത്തിന് സമ്മതിക്കാതെ 1898-ല്‍ ചക്രവര്‍ത്തിയെ വീട്ടുതടങ്കലിലാക്കി. 1908-ല്‍ ചക്രവര്‍ത്തിയുടെയും റാണിയുടെയും മരണത്തെത്തുടര്‍ന്ന് ഹുവാങ് സുവിന്റെ രണ്ടുവയസ്സായ അനന്തരവന്‍ പിയു, സ്വാന്‍ തുങ് (Hsuan Tung, ഭ.കാ. 1909-12) എന്ന പേരില്‍ ചക്രവര്‍ത്തിയായി. ഇദ്ദേഹത്തിന്റെ പിതാവ് ചുന്‍ റീജന്റായി. ഈ കാലഘട്ടത്തില്‍ പ്രവിശ്യാസഭയും (1909) ദേശീയസഭയും (1910) വിളിച്ചുകൂട്ടി. വിദേശശക്തികളുമായുള്ള ഏറ്റുമുട്ടല്‍ ഭരണത്തെയും സാമ്രാജ്യത്തെയും തകര്‍ച്ചയിലാക്കി. 1911 ഏ. 5-ന് വിപ്ലവം തുടങ്ങി. 1912 ഫെ. 12-നു ചക്രവര്‍ത്തി ഒരു പ്രഖ്യാപനത്തിലൂടെ സ്ഥാന ത്യാഗം ചെയ്തു. ചൈന റിപ്പബ്ലിക്കായി. 1912 മാ. -ല്‍ താത്കാലിക ഭരണഘടന രൂപവത്കരിച്ചു. ചക്രവര്‍ത്തിക്ക് മരണം വരെ പെന്‍ഷനും സ്ഥാനവും നിലനിര്‍ത്തി.

ചിങ്വംശ ഭരണകാലത്ത് കളിമണ്‍കല, ചിത്രരചന, അച്ചടി എന്നിവയും പട്ടുനൂല്‍, തേയില എന്നീ വ്യവസായങ്ങളും അഭിവൃദ്ധിപ്പെട്ടു. ഭാഷാ ശാസ്ത്രം, തത്ത്വശാസ്ത്രം എന്നിവ പുരോഗതി കൈവരിച്ചു. നോ: ചൈന

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍