This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചിതരി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചിതരി
മധ്യേന്ത്യയിലെ ഒരു ജനവിഭാഗം. ചിതെര്, ചിത്രകാര്‍, മഹാറാണ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നു. വിശ്വകര്‍മാവിന്റെ സന്തതി പരമ്പരകളാണ് തങ്ങളെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. രജപുത്രരുടെ പിന്മുറക്കാരാണെന്നും ഒരു വാദമുണ്ട്. രജപുത്രരുടെ പ്രദേശങ്ങള്‍ അക്ബര്‍ ആക്രമിച്ചു കീഴടക്കിയപ്പോള്‍ തൊഴില്‍രഹിതരായിത്തീര്‍ന്ന ഇക്കൂട്ടരെ തന്റെ കുതിരപ്പടയ്ക്കാവശ്യമായ ജീനിയും കടിഞ്ഞാണും സൈന്യത്തിനാവശ്യമായ വാളുറകളും നിര്‍മിക്കാന്‍ അദ്ദേഹം നിയോഗിച്ചുവെന്നും പറയപ്പെടുന്നു. ജബല്‍പൂരിന് സമീപമുള്ള ഗാര്ഹ എന്ന സ്ഥലമാണ് തങ്ങളുടെ പൂര്‍വികരുടെ നാട് എന്ന് മണ്ഡലപ്രദേശത്തെ ചിത്രകാര്സമൂഹം അവകാശപ്പെടുന്നുണ്ട്. സതി അനുഷ്ഠിച്ച ഒരു ചിത്രകാര്‍ സ്ത്രീയുടെ ശവകുടീരം ഇപ്പോഴും അവിടെയുണ്ടെന്നു പറയപ്പെടുന്നു.
അനിരുദ്ധന്റെ പത്നി ഉഷയുടെ തോഴി ചിത്രലേഖയുടെ പിന്മുറക്കാരാണ് തങ്ങളെന്നും ചിത്രലേഖയുടെ പിന്മുറക്കാര്ക്ക് ഒരു കാലത്തും ഒന്നിനും മുട്ടുണ്ടാകുകയില്ലെന്ന് ശ്രീകൃഷ്ണന് വരം കൊടുത്തുവെന്നും തന്മൂലം ക്ഷാമകാലത്തുപോലും ചിതരികള്ക്ക് ആഹാരസാധനങ്ങള്‍ക്കു മുട്ടുണ്ടാകുന്നില്ല എന്നും ഇവര്‍ പറയുന്നു.
നാഗ്പൂരിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന ചിതരികളുടെ പ്രധാനതൊഴില്‍ ചുവരുകളില്‍ ചിത്രം വരയ്ക്കുക, ദേവതകളുടെ ചിത്രങ്ങള്‍ രചിക്കുക, രാമലീല ആഘോഷകാലത്ത് ശ്രീരാമന്റെ കഥ അവതരിപ്പിക്കുന്ന നടന്മാര്ക്ക് വേണ്ട മുഖംമൂടികള്‍ കളിമണ്ണും കടലാസുംകൊണ്ട് നിര്‍മിക്കുക, മുഹറഘോഷയാത്രയില് ഉപയോഗിക്കാന്‍ ഹുസൈന്റെ ശവപ്പെട്ടിയുടെ മാതൃകയില്‍ ടാസിയകള് നിര്‍മിക്കുക, വിവാഹാവസരങ്ങളില് വധൂവരന്മാര് ധരിക്കുന്ന കിരീടങ്ങളും കൃത്രിമ പൂക്കളും നിര്‍മിക്കുക തുടങ്ങിയവയാണ്. കടലാസ് വിശറി, ചീനവിളക്കുകള്, കളിമണ്‍പാവകള്‍ എന്നിവ നിര്‍മിക്കുന്നതില്‍ ഇവര്‍ക്ക് വളരെ വൈദഗ്ധ്യമുണ്ട്.
ഇവരുടെ വിവാഹാചാരങ്ങള്‍ വളരെ ലളിതമാണ്. വിവാഹഘോഷയാത്രയില്‍ സ്ത്രീകള്‍ പങ്കെടുക്കാറില്ല. വിധവാവിവാഹം അനുവദനീയമാണെങ്കിലും അതിനു ചില നിബന്ധനകളുണ്ട്. അന്തരിച്ച ഭര്‍ത്താവിന്റെ ഇളയസഹോദരനു മാത്രമേ വിധവയെ വിവാഹം കഴിക്കാനാവൂ. ഇളയസഹോദരന് ഇല്ലെങ്കില്‍ അവര്‍ വിധവയായി തുടരണം. അന്തരിച്ച ഭര്‍ത്താവിന്റെ ഇളയസഹോദരന് പരേതനായ ജ്യേഷ്ഠന്റെ ഭാര്യയെ വിവാഹം കഴിക്കുകയാണെങ്കില്‍ ജ്യേഷ്ഠന്റെ സ്വത്തിന്റെ പകുതി അദ്ദേഹത്തിന്റെ കുട്ടികള്‍ക്ക് വീതിച്ചുകൊടുക്കണമെന്നാണ് മണ്ഡലയിലെ നിയമം. വിധവ മറ്റൊരാളെ വിവാഹം കഴിക്കുകയാണെങ്കില്‍ പരേതനായ ഭര്‍ത്താവിന്റെ സ്വത്തിന്റെ പൂര്‍ണാവകാശം ആ സ്ത്രീക്കാണ്. വിവാഹബന്ധം വേര്‍പെടുത്തുന്ന ആളിന് ഭാര്യാപിതാവ് വിവാഹച്ചെലവ് മടക്കിക്കൊടുക്കണം. വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അയാള്‍ നല്കുന്ന പണത്തില്‍ നിന്ന് ഈ തുക വസൂലാക്കാന്‍ ഭാര്യാപിതാവിന് അവകാശമുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീ ഒരു ഗ്രഹണകാലം മുഴുവന്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന ഒരു ആചാരമുണ്ട്. ആവശ്യമില്ലാതെ സഞ്ചരിച്ചാല്‍ ജനിക്കുന്ന കുട്ടിക്ക് എന്തെങ്കിലും വൈകല്യം സംഭവിക്കുമെന്നാണ് വിശ്വാസം.
ഗര്‍ഭിണികള്‍ക്ക് എന്തെങ്കിലും സാധനങ്ങളോട് ആഗ്രഹം തോന്നിയാല്‍ അവര്‍ക്ക് അതു നല്കാന് ഇക്കൂട്ടര്‍ പ്രത്യേകം ശ്രദ്ധിക്കും. അങ്ങനെ കൊടുക്കാതിരുന്നാല്‍ കുട്ടിക്ക് പ്രതികൂലഫലങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. ഗര്‍ഭകാലത്ത് മണ്ണു തിന്നുന്നതിന് ഒരു ആഘോഷം തന്നെയുണ്ട്. ഭിത്തി ചുരണ്ടിയ മണ്ണോ, കളിമണ്‍പാത്രങ്ങളുടെ ഉടഞ്ഞ കഷണങ്ങളോ കറുത്ത കളിമണ്ണോ, ചുട്ട ചാണകമോ ഇവര്‍ ഈ അവസരത്തില്‍ ഭക്ഷിക്കും.
ഭര്ത്തൃഗൃഹത്തില്വച്ചുവേണം ആദ്യത്തെ പ്രസവം നടക്കേണ്ടത് എന്ന ഒരു ആചാരവും ചിതരികള്ക്കുണ്ട്. പിതാവിന്റെ ഗൃഹത്തില്‍ വച്ചു പ്രസവവേദന ഉണ്ടാകുകയാണെങ്കില്‍ ഈ ആചാരം ലംഘിക്കാതിരിക്കാന്‍വേണ്ടി ആ സ്ത്രീയെ അടുത്ത ഏതെങ്കിലും വീട്ടിലേക്കുമാറ്റും. നവജാതശിശുവിന്റെ തല മുണ്ഡനം ചെയ്യാറില്ല. എന്നാല്‍ മൂന്നുവയസ്സു തികയുന്നതിനുമുന്‍പ് ആണ്കുട്ടിയായാലും പെണ്‍കുട്ടിയായാലും അതു ചെയ്യണമെന്നുണ്ട്. ആണ്‍കുട്ടികളുടെ കാതും പെണ്‍കുട്ടികളുടെ കാതും മൂക്കും കുത്തുന്നത് ഇവരുടെ ആചാരമാണ്. ചിതരി വര്‍ഗത്തിലേക്കുള്ള ഔപചാരികമായ പ്രവേശനത്തെയാണ് ഇതു സൂചിപ്പിക്കുന്നത്.
കരിങ്കണ്ണില്‍ നിന്ന് കുട്ടികളെ രക്ഷിക്കുന്നതിനുവേണ്ടി ഇവര്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. ഇഷ്ടദേവതയായ ബജര്ബട്ടുവിന്റെ നാമധേയത്തില്‍ ഒരു രുദ്രാക്ഷക്കായ് കഴുത്തില്‍ കെട്ടും. ഏതെങ്കിലും രീതിയില്‍ കരിങ്കണ്ണുണ്ടായാല് ആ കായ് പൊട്ടുമെന്നും ബാധയില്‍ നിന്നും കുട്ടി രക്ഷപ്പെടുമെന്നുമാണ് വിശ്വാസം. ഒരു നുള്ള് ഉപ്പും മുളകും കടുകുംകൂടി കൈയില്‍ എടുത്ത് കുട്ടിയെ കണ്ണെറിഞ്ഞയാള് പൊട്ടി നശിച്ചുപോകട്ടെ എന്നര്‍ഥമുള്ള ഒരു മന്ത്രവുംചൊല്ലി കുട്ടിക്കുചുറ്റും ഉഴിഞ്ഞ് അത് അടുപ്പില്‍ ഇടുന്ന ഒരു ആചാരമുണ്ട്.
പുലിനഖം ഏലസ് രൂപത്തില്‍ കുട്ടിയുടെ കഴുത്തില്‍ ധരിപ്പിക്കുന്ന പതിവുണ്ട്. കുട്ടിക്കു ഭാഗ്യദോഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അനുഗ്രഹിക്കുന്ന വ്യക്തി ഈ കുട്ടിക്കുണ്ടാകുന്ന എല്ലാ ഭാഗ്യദോഷങ്ങളും ഞാന്‍ സ്വീകരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് തന്റെ കൈകള്‍ കുട്ടിക്കു ചുറ്റും കറക്കി ഞൊട്ട വീഴുന്നതുവരെ തന്റെ വിരല്‍ മടങ്ങുന്ന ഭാഗം തലയുടെ രണ്ടുവശത്തും അമര്‍ത്തും. ഞൊട്ടവീണാല് കുട്ടിക്കുണ്ടാകുന്ന ആപത്ത് ഒഴിഞ്ഞുവെന്നാണ് വിശ്വാസം.
കുട്ടി കോട്ടുവായ് ഇടുന്നുവെങ്കില്‍ ഒരു കൈകൊണ്ട് കുട്ടിയുടെ വായ് അടയ്ക്കും. ദുര്‍ദേവതകള്‍ വായിലൂടെ കുട്ടിയില്‍ പ്രവേശിക്കുന്നതും കുട്ടിയുടെ ആത്മാവ് വെളിയിലേക്കു പോകുന്നതും തടയുകയാണ് ഇതിന്റെ ഉദ്ദേശ്യം. ചിതരികള്ക്ക് അര്‍ഥഗര്‍ഭമായ നിരവധി താരാട്ടുപാട്ടുകളുണ്ട്.