This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാക്കോ, ചെമ്മനം (1926 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:08, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാക്കോ, ചെമ്മനം (1926 - )

ചെമ്മനം ചാക്കോ

മലയാള സാഹിത്യകാരന്‍. ആക്ഷേപഹാസ്യ കവിതാശാഖയ്ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്കിയിട്ടുള്ള ചാക്കോ 1926 മാ. 7-ന് വൈക്കം താലൂക്കിലെ മുളക്കുളത്ത് ചെമ്മനം വീട്ടില്‍ ഫാദര്‍ യോഹന്നാന്റെയും സാറാമ്മയുടെയും മകനായി ജനിച്ചു. ആലുവ യു.സി. കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു കലാശാലാവിദ്യാഭ്യാസം. മലയാളഭാഷയും സാഹിത്യവും ഐച്ഛികമായെടുത്ത് ഓണേഴ്സ് ബിരുദം നേടി. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപകന്‍; കേരള സര്‍വകലാശാലയില്‍ ലെക്സിക്കന്‍ അസിസ്റ്റന്റ്; പാളയംകോട്ട സെന്റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കേരള സര്‍വകലാശാലാ മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ ലക്ചറര്‍; കേരള സര്‍വകലാശാലാ പ്രസിദ്ധീകരണ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യ കവിതാസമാഹാരമായ വിളംബരം 1947-ല്‍ പ്രസിദ്ധീകരിച്ചു. കനകാക്ഷരങ്ങള്‍, നെല്ല്, ഇന്ന്, പുത്തരി, അസ്ത്രം, ആഗ്നേയാസ്ത്രം, ദുഃഖത്തിന്റെ ചിരി,   ജൈത്രയാത്ര, ചെമ്മനം കവിതകള്‍, അമ്പുംവില്ലും എന്നിവയാണ് പ്രധാന ഉപഹാസക കവിതാസമാഹാരങ്ങള്‍. സമൂഹജീവിതവൈകൃതങ്ങളുടെ നേരെ ശക്തമായി പ്രതികരിക്കുന്ന കവിതകളാണ് ഈ കൃതികളിലുള്ളത്. സമൂഹനന്മയെ ലക്ഷ്യംവച്ചുകൊണ്ടുള്ള ചെമ്മനം കവിതകള്‍ സോദ്ദേശ്യഹാസ്യപ്രധാനങ്ങളാണെന്നു പറയാം. ചക്കരമാമ്പഴം (ബാലസാഹിത്യം), അറിവിന്റെ കനികള്‍, ഭാഷാതിലകം (ലേഖനങ്ങള്‍), വള്ളത്തോള്‍-കവിയും വ്യക്തിയും (ജീവചരിത്രം), കുടുംബ സംവിധാനം (വിവര്‍ത്തനം), കിഞ്ചനവര്‍ത്തമാനം എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. 1977-ല്‍ കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ചെമ്മനത്തിനു ലഭിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍