This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്വാനൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:51, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗ്വാനൈന്‍

2-അമിനോ-6-ഹൈഡ്രോക്സിപ്യൂരിന്‍ എന്ന രാസനാമമുള്ള ജൈവയൗഗികം. ചില മത്സ്യങ്ങളുടെ ചെതുമ്പല്‍, കന്നുകാലികളുടെ ആഗ്നേയഗ്രന്ഥി തുടങ്ങിയവയില്‍നിന്ന് ഇത് വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആദ്യമായി ഇത് വേര്‍തിരിച്ചെടുത്തത് ഗ്വാനോയില്‍ നിന്നായതുകൊണ്ടാണ് ഗ്വാനൈന്‍ എന്ന പേരുണ്ടായത്. സംരചനാ ഫോര്‍മുല:

ഗ്വാനൈന്‍ ഒരു പ്യൂരിന്‍ ക്ഷാരമാണ്. ജന്തുശരീരത്തില്‍ ജീനുകളുടെ നിര്‍മിതിക്കുപയോഗിക്കുന്ന ന്യൂക്ലിക് അമ്ലങ്ങളുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിനുകള്‍. റൈബോന്യൂക്ലിക് അമ്ലത്തിലടങ്ങിയിരിക്കുന്ന ഗ്വാനിലിക് അമ്ലം, ഡിഓക്സിറൈബോന്യൂക്ലിക് അമ്ലത്തിലടങ്ങിയിരിക്കുന്ന ഡിഓക്സി ഗ്വാനിലിക്ക് അമ്ലം തുടങ്ങിയ ന്യൂക്ലിയോടൈഡുകള്‍ ഗ്വാനൈന്റെ പ്രധാന വ്യുത്പന്നങ്ങളാണ്.

ഗ്വാനൈനില്‍ നൈട്രസ് അമ്ലം ചേര്‍ക്കുമ്പോള്‍ ക്സാന്തീന്‍ ഉത്പാദിപ്പിക്കപ്പെടുന്നു എന്ന വസ്തുത ഗ്വാനൈനിന്റെ ഘടന നിര്‍ണയിക്കാന്‍ സഹായകമായി. ഫിഷര്‍ എന്ന ശാസ്ത്രജ്ഞന്‍ 2,6,8-ട്രൈക്ലോറോപ്യൂരിന്‍ എന്ന യൗഗികത്തില്‍നിന്ന് ഗ്വാനൈന്‍ നിര്‍മിച്ചു (1897). ആദ്യമായി ഗ്വാനൈന്‍ സംശ്ലേഷണം ചെയ്ത (1900) ട്രോബ് എന്ന ശാസ്ത്രജ്ഞന്‍ ഉപയോഗിച്ച സംശ്ലേഷണപ്രക്രിയ താഴെ ചേര്‍ക്കുന്നു.

മനുഷ്യരിലും ഉയര്‍ന്നതരം വാനര ഇനങ്ങളിലും ഗ്വാനിന്‍ വിഘടിച്ച് യൂറിക് അമ്ലമായി മൂത്രത്തിലൂടെ പുറത്തുപോകുന്നു. ജന്തുക്കളില്‍ ചിലന്തിവര്‍ഗം മാത്രം ഉപയോഗശൂന്യമായ നൈട്രജനെ ഗ്വാനൈനിന്റെ രൂപത്തില്‍ പുറത്തുകളയുന്നു. പരല്‍ രൂപത്തിലുള്ള ഗ്വാനൈനിന്റെ സാന്നിധ്യമാണ് ചിലതരം മത്സ്യങ്ങളുടെ ചെതുമ്പലിന്റെ മനോഹാരിതയ്ക്ക് കാരണം.

(ഡോ. എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍