This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രോസ്, അന്റോയ്ന്‍ ഴാങ് ബാരോണ്‍ (1771 - 1835)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:30, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗ്രോസ്, അന്റോയ്ന്‍ ഴാങ് ബാരോണ്‍ (1771 - 1835)

Gros, Antoine jean Baron

അന്റോയ്ന്‍ ഴാങ് ബാരോണ്‍ ഗ്രോസ്

ഫ്രഞ്ച് ചിത്രകാരന്‍. ഫ്രാന്‍സിലെ കാല്പനിക ചിത്രകാരന്മാരില്‍ പ്രഥമഗണനീയനായ ഗ്രോസ് 1771 മാ. 16-ന് പാരിസില്‍ ജനിച്ചു. നിയോക്ളാസ്സിക് പ്രസ്ഥാന നായകന്മാരിലൊരാളായ ജാക്വസ് ലൂയി ഡേവിഡിന്റെ സ്റ്റുഡിയോയില്‍ പതിനാലാമത്തെ വയസ്സില്‍ ചിത്രകലാഭ്യാസം തുടങ്ങി. 1787-ല്‍ റോയല്‍ അക്കാദമിയില്‍ ചേര്‍ന്ന് ഉപരിപഠനം നടത്തി. ഫ്രഞ്ചു വിപ്ലവത്തെത്തുടര്‍ന്ന് 1793-ല്‍ അക്കാദമിയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഗ്രോസ് ഇറ്റലിയിലേക്കു പോയി. അവിടെവച്ച് 1796-ല്‍ ജോസഫൈന്‍ ബോണപ്പാര്‍ട്ടുമായി പരിചയപ്പെടുകയും, അവര്‍ മുഖേന നെപ്പോളിയന്റെ സൗഹൃദം സമ്പാദിക്കുകയും, ക്രമേണ അദ്ദേഹത്തിന്റെ സഹചാരിയായിത്തീരുകയും ചെയ്തു. 1800-ല്‍ ഗ്രോസ് പാരിസില്‍ മടങ്ങിയെത്തി ചിത്രമെഴുത്തിലും പ്രദര്‍ശനത്തിലുമേര്‍പ്പെട്ടു. നെപ്പോളിയന്‍ വിസിറ്റിങ് ദ പെസ്റ്റ് ഹൗസ് അറ്റ് ജാഫ (1804), നെപ്പോളിയന്‍ അറ്റ് ഈ ലൗ (1808) എന്നിവ വിശ്വപ്രസിദ്ധി നേടിയ രചനകളാണ്. നെപ്പോളിയന്റെ വീരസാഹസികതയും ദീനാനുകമ്പയും പ്രതിഫലിപ്പിക്കുന്നവയാണ് ഇവ. പ്ലേഗു രോഗബാധിതനായ പട്ടാളക്കാരുടെയിടയില്‍ അവരിലൊരാളെ തലോടിക്കൊണ്ട് നില്ക്കുന്ന നെപ്പോളിയന്റെ ചിത്രം ആവേശജനകമാണ്. രചനാസങ്കേതങ്ങളില്‍ പൂര്‍വികന്മാരില്‍നിന്നും തികച്ചും വ്യത്യസ്തമായ സമീപനം സ്വീകരിച്ച ഗ്രോസ് കാല്പനികതയുടെ വരവേല്പിന് കളമൊരുക്കി.

നെപ്പോളിയന്റെ പതനശേഷവും ഗ്രോസ് ചിത്രരചന തുടര്‍ന്നു. പുനഃസ്ഥാപിക്കപ്പെട്ട രാജാധിപത്യത്തിന്‍ കീഴിലും ഗ്രോസിന് സംരക്ഷണം ലഭിച്ചു. ലൂയി XVIII-നു വേണ്ടി ഇദ്ദേഹം വരച്ച ചിത്രമാണ് ലിവിങ് ദ തൂയിലെറീസ് (1817). പാരിസിലെ പാന്തിയോണില്‍ ഫ്രഞ്ച് ചരിത്രസംഭവങ്ങള്‍ ആലേഖനം ചെയ്തതിന് 1824-ല്‍ ചാള്‍സ് X ബാരോണ്‍ പദവി നല്കി ആദരിച്ചു. ഒട്ടനവധി പോര്‍ട്രയിറ്റുകളും ഗ്രോസ് രചിച്ചിട്ടുണ്ട്.

പൊതുജീവിതത്തില്‍ ഉന്നതമായ സ്ഥാനമാനങ്ങള്‍ ലഭിച്ചുവെങ്കിലും അവസാനനാളുകളില്‍ ഗ്രോസിന്റെ ജീവിതം സംഘര്‍ഷഭരിതവും ദുരിതപൂര്‍ണവുമായിരുന്നു. ഗുരുനാഥനായ ഡേവിഡ് നാടുകടത്തപ്പെട്ടപ്പോള്‍ (1816) അദ്ദേഹത്തിന്റെ നിയോ ക്ലാസ്സിക് ശൈലിയുടെ പ്രചാരണത്തിന്റെ സാരഥ്യം ഏറ്റെടുത്തതാണ്, ആത്മപീഡനത്തിനു മുഖ്യമായും വഴിയൊരുക്കിയത്. ഉള്ളില്‍ കാല്പനികനായിരുന്നിട്ടും നിയോക്ലാസ്സിക് പ്രവണതയ്ക്കുവേണ്ടി വളരെനാള്‍ വാദിക്കേണ്ടിവന്നത്, ഗ്രോസ് മാനസികമായ അടിമത്തമായി കണക്കാക്കുകയും, അതില്‍ വേദനിക്കുകയും ചെയ്തു. കടുത്ത വിമര്‍ശനങ്ങളും അടക്കാനാകാത്ത ആത്മസംഘര്‍ഷങ്ങളുംമൂലം 1835 ജൂണ്‍ 26-നു മ്യൂഡണില്‍ ഗ്രോസ് ആത്മഹത്യ ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍