This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അച്ഛന്‍ (പരമേശ്വരന്‍) നമ്പൂതിരി, വെണ്‍മണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:17, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അച്ഛന്‍ (പരമേശ്വരന്‍) നമ്പൂതിരി, വെണ്‍മണി (1817 - 91)

ലളിതമലയാളത്തിന് ഭാഷാകവിതയില്‍ സ്ഥാനം നല്കാന്‍ സഹായിച്ച വെണ്‍മണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവി. എറണാകുളം ജില്ലയില്‍ ചൊവ്വരനിന്നും 9 കി.മീ. കിഴക്കുള്ള വെള്ളാരപ്പിള്ളി എന്ന സ്ഥലത്ത് പെരിയാറിന്റെ തീരത്തുള്ള വെണ്‍മണി മനയ്ക്കല്‍ 1817-ല്‍ ജനിച്ചു. പരമേശ്വരന്‍ എന്നാണ് ശരിയായ പേര്. 1838-ല്‍ കുടമാളൂര്‍ പൊല്പാക്കരമനയ്ക്കല്‍നിന്നു വിവാഹം കഴിച്ചു. ആദ്യമുണ്ടായ രണ്ടുകുട്ടികള്‍ മരിച്ചുപോയി. 1844-ല്‍ ജനിച്ച മൂന്നാമത്തെ സന്താനമാണ് പില്ക്കാലത്ത് വെണ്‍മണിമഹന്‍ എന്നു പ്രസിദ്ധിയാര്‍ജിച്ച കദംബന്‍. കൊടുങ്ങല്ലൂര്‍ കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയേയും വെണ്‍മണി അച്ഛന്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായ പുത്രനാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 1880-നോടടുപ്പിച്ചാരംഭിച്ച 'കൊടുങ്ങല്ലൂര്‍ക്കളരി'യിലെ ഭാഷാമേധാവി വെണ്‍മണി അച്ഛനായിരുന്നു; സംസ്കൃതാചാര്യന്‍ കുംഭകോണം കൃഷ്ണശാസ്ത്രികളും. ഭാഷാകവിതയിലും സംസ്കൃതത്തിലും പരിശീലനം നല്കുക, കവിതാമത്സരങ്ങളും സമസ്യാപൂരണങ്ങളും ഏര്‍പ്പെടുത്തുക തുടങ്ങിയവയായിരുന്നു കൊടുങ്ങല്ലൂര്‍ക്കളരിയുടെ ഉദ്ദേശ്യം. ഈ സ്ഥാപനം പത്തുകൊല്ലത്തോളം അവിഘ്നം പ്രവര്‍ത്തിച്ചു. 1890 ആയപ്പോഴേക്കും വെണ്‍മണി അച്ഛന് വാതരോഗം പിടിപെട്ടു. വയസ്കര മൂസ്സിന്റെ ചികിത്സ ഫലവത്തായില്ല. 1891-ല്‍ ഇദ്ദേഹം നിര്യാതനായി.

വെണ്‍മണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളും ചേര്‍ന്നു രചിച്ച കൃതിയാണ് കവികളെ പഴങ്ങളോടുപമിക്കുന്ന കവിപക്വാവലി. നളചരിതം വഞ്ചിപ്പാട്ട്, പറയന്‍ഗണപതി എന്നിവയാണ് അച്ഛന്റെ ഭാഷാകൃതികള്‍. പലതും തുടങ്ങിവച്ചെങ്കിലും ഒന്നും മുഴുമിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. രാമേശ്വരം യാത്രയെക്കുറിച്ച് ആറുശ്ളോകങ്ങള്‍, ഒരു ഹര്‍ജി, ഒറ്റപ്പെട്ട ഏതാനും കീര്‍ത്തനങ്ങള്‍, ശൃംഗാരശ്ളോകങ്ങള്‍, അടിയറശ്ളോകങ്ങള്‍ എന്നിങ്ങനെ തൊണ്ണൂറോളം ശ്ളോകങ്ങള്‍ മാത്രമേ വെണ്‍മണി അച്ഛന്റേതായി ലഭിച്ചിട്ടുളളു. ഇദ്ദേഹത്തിന്റെ 'ഓമനക്കുട്ടന്‍ ഗോവിന്ദന്‍' എന്നുതുടങ്ങുന്ന പാട്ടിന് കേരളത്തിലെ ഗാനസാഹിത്യത്തില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഇവയിലെല്ലാം കാണുന്ന ശബ്ദപ്രയോഗസാരള്യവും ഭാഷാപദങ്ങളുടെ പ്രാചുര്യവും മലയാളകവിതയില്‍ പുതിയൊരു വഴിത്താരയുടെ തുടക്കം കുറിച്ചു. നോ: കൊടുങ്ങല്ലൂര്‍ക്കളരി; വെണ്‍മണിപ്രസ്ഥാനം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍