This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചാരണ (സാരണ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:59, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ചാരണ (സാരണ)

ഫൈക്കോയിഡെ സസ്യകുലത്തിലെ ഒരു ഓഷധി. ശാ.നാ.: ട്രയാന്തിമാ പെന്റാന്‍ഡ്ര (Trianthema pentandra). പഞ്ചാബ്, സിന്ധ്, കൊങ്കണ്‍തീരം, ഡെക്കാന്‍, ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ ചെടി വളരുന്നുണ്ട്. വളരെയധികം ശാഖകളുള്ള ഈ ചെടി 8-45 സെ.മീറ്ററോളം ഉയരത്തില്‍ വളരുന്നു. കാണ്ഡവും ശാഖകളും ലോമാവൃത(papillose)മാണ്. കാണ്ഡം കോണികവും പൊഴികളുള്ളതുമാണ്. ഇലകള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇവയ്ക്ക് 1.5-3.5 സെ.മീ. നീളവും 1.5 സെ.മീറ്ററോളം വീതിയുണ്ടായിരിക്കും. അണ്ഡാകൃതിയിലുള്ള ഇലകള്‍ മുഴുവന്‍ ലോമാവൃതമായിരിക്കും. ഇലകളുടെ അഗ്രത്തിന് വൃത്താകൃതിയാണ്. ഇലയുടെ ഞെടുപ്പിനോടുചേരുന്നഭാഗം വീതി കുറഞ്ഞിരിക്കുന്നു. ഇല ഞെടുപ്പ് 6-13 മി.മീ. നീളമുള്ളതും ചുവടുഭാഗം വീര്‍ത്ത് ചെറിയ പോളപോലെയിരിക്കുന്നതുമാണ്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്ന് ചെറിയ ചെറിയ കൂട്ടങ്ങളായി പുഷ്പങ്ങളുണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് 2.5-3 മി.മീ. നീളമുള്ള അഞ്ചു ബാഹ്യദളങ്ങളുണ്ട്. ബാഹ്യദളങ്ങളുടെ അകവശം നിറമുള്ളതാണ്. ഓരോ ബാഹ്യദളത്തിന്റെയും അഗ്രത്തിനു തൊട്ടുപിന്നിലായി ഒരു സൂച്യാഗ്രഘടന ഉണ്ട്. ദളങ്ങള്‍ ഇല്ല. അഞ്ചു കേസരങ്ങള്‍ ഉണ്ട്. രണ്ടു വര്‍ത്തികയും. നാലു മി.മീ. മാത്രം നീളമുള്ളതും രണ്ടായി പൊട്ടിപ്പിളരുന്നതുമായ കാപ്സ്യൂള്‍ ആണ് ഫലം. പൊട്ടിപ്പിളരുന്ന കായുടെ ഒരു പകുതിയില്‍ ഒരു വിത്തും മറ്റേ പകുതിയില്‍ രണ്ടു വിത്തുകളും കാണുന്നു. വിത്തുകള്‍ക്ക് 2 മി.മീ. വ്യാസമുണ്ട്.

നല്ല മണമുള്ളതിനാല്‍ ചാരണകൊണ്ട് ചട്നിയും ചമ്മന്തിയും ഉണ്ടാക്കുന്നു. വേര് വിരേചനകരമാണ്. വേര് ഉപയോഗിച്ച് കഷായം വച്ചുകുടിച്ചാല്‍ പനിക്കും തലവേദനയ്ക്കും ശമനം കിട്ടും. കാഴ്ചശക്തി വര്‍ധിക്കാന്‍ ഈ ചെടിയുടെ നീര് നല്ലതാണ്. പാമ്പിന്‍ വിഷത്തിനും ഒരു ഔഷധമായി ഈ ചെടി ഉപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍