This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗ്രേഷ്യസ്, കര്‍ദിനാള്‍ വലേറിയന്‍ (1900 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:28, 18 ജനുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗ്രേഷ്യസ്, കര്‍ദിനാള്‍ വലേറിയന്‍ (1900 - 78)

Gracius, Cardinal valerian

കര്‍ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസ്

റോമന്‍ കത്തോലിക്കാസഭയുടെ കര്‍ദിനാള്‍ സംഘത്തില്‍ അംഗത്വംനേടിയ ആദ്യത്തെ ഭാരതീയന്‍. പണ്ഡിതനായ വാഗ്മി, ചിന്തകന്‍, ഭരണതന്ത്രജ്ഞന്‍, സാമൂഹിക സേവകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നീ നിലകളിലും ഇദ്ദേഹം പ്രശസ്തനാണ്. ഗോവയില്‍നിന്നും കറാച്ചിയിലേക്കു കുടിയേറിപ്പാര്‍ത്ത ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിലെ അംഗമായി 1900 ഒ. 23-ന് ഗ്രേഷ്യസ് ജനിച്ചു. 1918-ല്‍ മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. പിന്നീട് ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയില്‍ വൈദിക പഠനം നടത്തി ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു. 1926 ഒ. 3-നു ഗ്രേഷ്യസ് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 'ദൈവശാസ്ത്ര വിശാരദന്‍' എന്ന പോസ്റ്റ്ഡോക്ടറല്‍ ബിരുദം നേടി. 1946 ഏ. 11-നു ഗ്രേഷ്യസിനെ മുംബൈ അതിരൂപതയിലെ സഹായ മെത്രാനായി നിയമിച്ചു. 1950 ഡി.-ല്‍ ഇദ്ദേഹം മുംബൈ ആര്‍ച്ച്ബിഷപ്പായി നിയമിക്കപ്പെട്ടു; 1953 ജനു. 12-നു കര്‍ദിനാള്‍ പദവി ലഭിച്ചു. 1966 ജനു.-യില്‍ ഇന്ത്യാ ഗവണ്‍മെന്റ് 'പദ്മവിഭൂഷണ്‍' ബഹുമതി നല്കി ഇദ്ദേഹത്തെ ആദരിച്ചു. 1969-ല്‍ മഹാരാഷ്ട്രാ ഗവണ്‍മെന്റ് 'ജസ്റ്റീസ് ഒഫ് പീസ്' എന്ന ബഹുമതിയും ഇദ്ദേഹത്തിനു സമ്മാനിച്ചു. 1978 സെപ്. 11-നു ഗ്രേഷ്യസ് അന്തരിച്ചു.

ഭാരതത്തിന്റെ ആത്മീയ ചൈതന്യം ഗ്രേഷ്യസിന്റെ ചിന്തകളിലും പ്രവര്‍ത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. 1964-ല്‍ മുംബൈയില്‍ നടന്ന അഖിലലോക ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ മുഖ്യ ആതിഥേയനും സംഘാടകനും ഇദ്ദേഹം ആയിരുന്നു. ഇരുപതു വര്‍ഷക്കാലം ഗ്രേഷ്യസ് അഖിലേന്ത്യാ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു.

സാഹിത്യ കൃതികള്‍ ഉള്‍പ്പെടെ ധാരാളം ഗ്രന്ഥങ്ങള്‍ ഗ്രേഷ്യസ് രചിച്ചിരുന്നു; ആധുനിക ലോകത്തിലെ സാമൂഹികവും മതപരവുമായ എല്ലാ പ്രവണതകളെയും അപഗ്രഥിച്ചുകൊണ്ടുള്ളവയായിരുന്നു ഇദ്ദേഹത്തിന്റെ കൃതികള്‍. ഫീച്ചേഴ്സ് ഒഫ് ക്രിസ്റ്റ്യന്‍ ലൈഫ്, ഹെവന്‍ ആന്‍ഡ് ഹോം, ദ വത്തിക്കാന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ പോളിസി എന്നിവ ഇദ്ദേഹത്തിന്റെ ചില പ്രസിദ്ധ കൃതികളാണ്. മെസഞ്ചര്‍ ഒഫ് ദ സേക്രട്ട് ഹാര്‍ട്ട്, ക്ളെര്‍ജി മന്ത്ലി, കാര്‍ത്തലിക് ആക്ഷന്‍ എക്സാമിനര്‍ എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ ആയും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

(പ്രൊഫ. നേശന്‍ റ്റി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍